ജനാധിപത്യത്തിലെ എറ്റവും അത്ഭുതകരമായ ഒരു പ്രക്രിയയാണ് തെരഞ്ഞെടുപ്പും അനുബന്ധ പ്രവര്‍ത്തികളും …അത് നിരീക്ഷിക്കുക അത്യന്തം കൗതുകകരവും വിജ്ഞാനപ്രദവും. എന്തെന്നാല്‍ ഓരോ തിരഞ്ഞെടുപ്പിനേയും നിരീക്ഷിക്കുമ്പോള്‍ നമ്മള് കടന്നു പോകുന്നത് ഒരു വലിയ ജനതയുടെ ഹ്രദയസ്പന്ദനങ്ങളിലൂടേയും ചരിത്രസ്മ്രതികളിലൂടേയുമാണ്.
1984 മുതലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഗൗരവമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഞാനന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്ഥിയായിരുന്നങ്കിലും ,ആ കാലഘട്ടത്തിന്റെ സംഭവബഹുലതയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എറണാകുളം ,സംസ്ഥാന കാര്യാലയത്തിലെ താമസവും , മുതിര്‍ന്ന കാര്യകര്‍ത്താക്കളുമായുള്ള സഹവാസവും ആ ഇളം പ്രായത്തില്‍ തന്നെ വ്യക്തമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടാന്‍ സഹായിച്ചിരുന്നു.
ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് , ഇന്ദിരാഗാന്ധി വധം , ഭോപാല്‍ ദുരന്തം തുടങ്ങിയ ചരിത്രത്തെ എറ്റവും സ്വാധീനിച്ച ദുരന്തങ്ങള്‍ സംഭവിച്ചത് അന്നാണ്. അപ്പോഴാണ് 1984 ലെ ലോകസഭാ തെരഞ്ഞെടുപ്പും, രാജീവ് ഗാന്ധി 415 സീറ്റുകളോടെ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ഉദിച്ചുയര്‍ന്നതും, സാക്ഷാല്‍ അടല്‍ ബിഹാരി വാജ്പേയി വരെ പരാജയപ്പെട്ട് , കേവലം രണ്ടു സീറ്റുമായി ആഖജ തകര്‍ന്നടിഞ്ഞതുമെല്ലാം അന്നായിരുന്നു. ആകാശവാണിയിലൂടെ തെരഞ്ഞെടുപ്പ് ഫലം കേട്ടുകൊണ്ടിരുന്ന പരമേശ്വര്‍ജിയുടെ മുഖത്തെ നിസ്സംഗഭാവമായിരുന്നു അന്നുമിന്നും എന്നെ എറ്റവും അത്ഭുതപ്പെടുത്തിയ ഒരു സംഭവം. ഒരു യഥാര്‍ഥ കര്‍മ്മയോഗിയുടെ വൈരാഗ്യം.
ഗംഗയിലൂടെ ഒരുപാട് വെള്ളം ഒഴുകിയപ്പോയ നാളുകളില്‍ , 1989 ,1991 , 1996 ,1998, 1999 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഭാരതരാഷ്ട്രീയത്തെ കീഴ്മേല്‍ മറിച്ചു. കോണ്‍ഗ്രസ്സിന്റെ അപ്രമാദിത്വം എന്നന്നേക്കുമായി അവസാനിച്ചു. തമിഴ് നാട്ടിലും, യുപിയിലും, ബീഹാറിലുമെല്ലാം,ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രാദേശിക രാഷ്ട്രീയം അരങ്ങു തകര്‍ത്തു. ബിജെപി ഒരു യഥാര്‍ത്ഥ ദേശീയ ബദലായി വളര്‍ന്നു. ഭാരതത്തില്‍, ഏകകക്ഷി ഭരണം അവസാനിച്ചു എന്ന് രാഷ്ട്രീയ ബുദ്ധിജീവികള്‍ വിലയിരുത്തി.
1999 ലെ എന്‍ഡിഎ സര്‍ക്കാര്‍, കൂട്ടുകക്ഷി ഭരണത്തിനു പുതിയ നിര്‍വചനം തന്നെ നല്കി. അതേ വ്യാകരണ തന്ത്രങ്ങളിലൂടെ 2004 ലും, 2009 ലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ ,ബിജെപിയെ മലര്‍ത്തിയടിച്ചു.
2009 ല്‍ ക്കൂടി പരാജയപ്പെട്ടതോടെ , ബിജെപി ഭാരത രാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയാണ് എന്ന ധാരണ പരക്കെ പ്രചരിച്ചു. വാജ്പേയി കളം വിട്ടതും , അദ്വാനിക്ക് പ്രായം കൂടിവരുന്നതും , സമര്‍ഥനായ പ്രമോദ് മഹാജന്റെ ആകസ്മിക ദുരന്തവും, ജനകീയരായ പുതുതലമുറ നേതാക്കളുടെ അഭാവുമെല്ലാം ഈ ധാരണയിലേക്ക് എണ്ണ പകര്‍ന്നു. ഇനിയൊന്നും ചിന്തിക്കാനില്ല എന്ന അമിത ആത്മവിശ്വാസം കോണ്‍ഗ്രസ്സിനെ തികഞ്ഞ അഹങ്കാരത്തിലെക്ക് തള്ളിവിട്ടപ്പോള്‍, ചെയ്തുകൂട്ടിയ പാപഭാരങ്ങള്‍ വമ്പന്‍ അഴിമതിക്കഥകളായി കളം നിറഞ്ഞു. അപ്പോഴും മന്മോഹന് സിംഗിന് പകരം ആര് എന്നത് ഒരു വലിയ ചോദ്യമായിത്തന്നെ നിന്നു.
അപ്പോഴേക്കും, പടിഞ്ഞാറ് ഭാഗത്ത് നിന്നും ഉദിച്ച ചില പ്രകാശ രശ്മികള്‍ രാജ്യത്തിന്റെ ശ്രദ്ധ നേടിത്തുടങ്ങിയിരുന്നു. രാജ്യം കണ്ട എറ്റവും വലിയ ഒരു ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു സംസ്ഥാനത്തിന്റെ അതിശയകരമായ ഉയര്തെഴുനെല്പിന്റെയും , ആ ജനതയെ ചരിത്രത്തിന്റെ രാജവീഥികളിലേക്ക് കൈപിടിച്ച് നടത്തിയ ഒരു കര്‍മ്മയോഗിയുടെയും വിജയകഥകളായിരുന്നു അത്. ദാരുണമായ ഒരു കലാപത്തിന്റെ തീക്കുണ്ഡത്തില്‍ ദഹിപ്പിച്ച് കളയാന്‍ , പ്രതിയോഗികള്‍ കളിച്ച പതിനെട്ടടവുകളെയും തട്ടിയൊഴിഞ്ഞു , ഭാരതത്തിന്റെ മുഴുവന്‍ പ്രതീക്ഷയുടെ ആകാശത്തേക്ക് നരേന്ദ്ര മോദി ഉദിച്ചുയര്‍ന്നത് 2012 ഓടയാണ്. ഒരു പക്ഷേ ,ലോകചരിത്രത്തില്‍ തന്നെ, ഇത്രയധികം തേജോവധം ചെയ്യപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവ് ഉണ്ടാകില്ല. രാഷ്ട്രീയ പാര്‍ട്ടികളും, വ്യാജ മനുഷ്യാവകാശക്കാരും, മാധ്യമങ്ങളും എല്ലാം ഒരു പതിറ്റാണ്ട് കിണഞ്ഞ് ശ്രമിച്ചിട്ടും ഗുജറാത്ത് ജനത തങ്ങളുടെ രക്ഷകനെ കൈവിട്ടില്ല.
ഗുജറാത്തിന്റെ നവോഥാന നായകന്റെ കര്‍മ്മകുശലത, രാജ്യം ആവശ്യപ്പെട്ടു തുടങ്ങിയപ്പോള്‍ ഭാരതത്തിന്റെ രാഷ്ട്രീയ വ്യാകരണങ്ങള്‍ മാറിമറിഞ്ഞു. എതിര്‍പ്പായും, ആരാധനയായും അപഹസിക്കലുകളായും , ഫേസ്ബുക്ക് ട്രോളുകളായും, ഗുജറാത്തിലെ ചക്കയും മാങ്ങയുമായൊക്കെ നരേന്ദ്ര മോദി എന്ന മനുഷ്യന് ഭാരത ജനതയുടെ മനസ്സില്‍ മഹാമേരു പോലെ വളര്‍ന്നു. മോദി എന്ന പേര് ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു നിമിഷം പോലും ഇല്ലന്നായപ്പോള്, ഈ മനുഷ്യന് അറിയാതെ ശുഭാപ്രതീക്ഷകളുടെ ജീവവായുവായി മാറി. ഈ അന്തരീക്ഷത്തിലാണ്, 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ചിത്രം വ്യക്തമായിരുന്നു. പക്ഷെ ഫലത്തെക്കുറിച്ച് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. സാധാരണ ഗതിയില്‍, പല ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍, ഇടക്ക് വെച്ച് ചില അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഉണ്ടാകാറുണ്ട്. അവ അന്തിമ ഫലത്തെ ബാധിക്കുകയും ചെയ്യും. പക്ഷേ ഒരു എണ്ണയിട്ട യന്ത്രം പോലെ 2014 ലോകസഭാ തെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ്സിന്റെ തോല്‍വിയും, എന്‍ഡിഎയുടെ വിജയവും എല്ലാം ഉറപ്പായിരുന്നങ്കിലും ഒരു തൂക്കുസഭയും അതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങളും പ്രതീക്ഷിക്കപ്പെട്ടിരുന്നു. കടുത്ത ആത്മവിശ്വാസിയായ എന്നെപ്പോലുള്ളവര്‍ പോലും ബിജെപിക്ക് കല്പിച്ച സീറ്റുകള്‍ 210 ആയിരുന്നു. ജയലളിത, മമത എന്നീ മനുഷ്യ ബോംബുകളെ ആശ്രയിക്കാതെ മോദിജിക്ക് കഴിയില്ല എന്നതും ഉറപ്പിച്ച് വിശ്വസിച്ചിരുന്നു.
മെയ് 10 നു അമേത്തിയില്‍ , അവസാനത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ ,ഇത്തവണ ജയിച്ചില്ലങ്കില്‍ ഞാനെന്റെ പഴയ ചായ കെറ്റില്‍ എടുക്കും എന്ന് മോദിജി പ്രഖ്യാപിച്ചു. അപ്പോള്‍ തന്നെ ഞാന്‍ സുഹൃത്ത് ഷാജിയെ വിളിച്ചു. ‘ഷാജീ , ഈ മനുഷ്യന് ഇതെന്തൊക്കയാണ് പറയുന്നത്..’ ഷാജിയും പങ്കുവെച്ചത് ഇതേ വികാരം.
അതിനിടയില്‍, കമ്പനിയില്‍ നിന്നും സുഗ്രീവാജ്ഞയും എയര്‍ ടിക്കറ്റും. മെയ് 12 നു ബോംബെയില്‍ എത്തണം, നാലുദിവസത്തെ ട്രെയിനിംഗ് ..16 നു ,തെരഞ്ഞെടുപ്പ് ഫലം വരുന്ന അന്ന് രാവിലെയാണ് മടക്കം. വിശകലനങ്ങളും, എക്സിറ്റ് പോളുകളും പൊടിപൊടിക്കുന്ന ദിനങ്ങളില്‍ , ഞാന്‍ ട്രെയിനിംഗ് ഹാളിലെ എയര്‍ കണ്ടീഷന്‍ കുളിര്മ്മയിലിരുന്ന് വിയര്‍ത്തു. കാതില്‍ മുഴങ്ങുന്നത്, മോദിജിയുടെ വാക്കുകള്‍ ..’ ജയിച്ചില്ലങ്കില്‍ ഞാന്‍ കെറ്റില്‍ എടുക്കും ‘..
16 നു രാവിലെ 11.30 നാണ് കോഴിക്കോട് വിമാനം. തലേദിവസം തന്നെ, അതിരാവിലെ എയര്‍ പോര്ട്ടിലെത്താനുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു.
എട്ട് മണിക്ക്, ട്രെന്‍ഡുകള്‍ വരുന്നതിനു മുന്‍പ് എത്തണം. എയര്‍ പോര്ട്ടിലെക്കുള്ള വഴിയില്‍, ബിജെപി വിജയം പ്രതീക്ഷിച്ച് പ്രവര്‍ത്തകര്‍ കൂട്ടം കൂടി നില്ക്കുന്നു. 11.30 നുള്ള വിമാനത്തില്‍ കയറാന്‍, 6 മണിക്ക് തന്നെ ചെക്കിന് ചെയ്ത്, ഡിപ്പര്‍ച്ചര്‍ ലോഞ്ചിലെ ഒരു മൂലയില്‍ സ്ഥാനം പിടിച്ചു. 7.30 നു ലാപ്ടോപ്പ് തുറന്ന് നെറ്റില്‍ കയറിയപ്പോള്‍, ഒരു സൂചനകളും വന്നുതുടങ്ങിയിട്ടില്ല. 8.15-8.30 ആയപ്പോഴേക്കും എന്‍ഡിഎ മുന്നെറ്റത്തിന്റെ ഇടിമുഴക്കം തുടങ്ങി. മലവെള്ളപ്പാച്ചില്‍ പോലെ ബിജെപി തരംഗം മോണിട്ടറില്‍ നിറഞ്ഞാടി. ചരിത്രത്തിലെ എറ്റവും വലിയ തകര്‍ച്ചയിലെക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തുന്നു. ഇടതു പക്ഷം, ഒരു പ്രാദേശിക കക്ഷി പോലെ തകര്‍ന്നടിയുന്നു. അമേത്തിയില്‍ സ്മൃതി ഇറാനിയും, തിരുവനതപുരത്ത് ഓ രാജഗോപാലും മുന്നേറുന്നു.
തോളില്‍ ഒരു തണുത്ത സ്പര്‍ശം …നീല യൂണിഫോമിട്ട ഒരു തരുണീമണിയുടെ കളമൊഴി ..’സര് ആര് യു ഗോയിംഗ് ടു കാലിക്കട്ട് …ഫ്ലൈറ്റ് ഈസ് റെഡി ഫോര്‍ ഡിപ്പാര്‍ച്ചര്‍ ‘..ഒന്ന് ഞെട്ടി, വാച്ചില്‍ നോക്കിയപ്പോള്‍ സമയം 11.15 …അവര്‍ കുറെ സമയമായി എന്റെ പേര് വിളിച്ച് പറയുന്നു.
ലാപ്ടോപ്പില്‍ ഊളിയിട്ടിരിക്കുന്ന എന്നെ ശ്രദ്ധിച്ചപ്പോള്‍ സംശയം തോന്നി. വിമാനത്തില്‍ കയറിയപ്പോള്‍ യാത്രക്കാരുടെ രൂക്ഷമായ നോട്ടം. ഒന്നും ശ്രദ്ധിക്കാതെ ഞാന്‍ മൊബൈലില്‍ നോക്കാന്‍ തുടങ്ങി. അടുത്തിരുന്ന മനുഷ്യന് എന്നെ തട്ടിവിളിച്ചു. ‘ഡോ അതോന്നടച്ച് വെക്ക്. മൊബൈല്‍ ഒഫ് ചെയ്യാന്‍ പറഞ്ഞത് കേട്ടില്ലേ ‘..പൗരബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ അരസികനെ ഞാന്‍ മനസാ ശപിച്ചു.
ഒന്നര മണിക്കൂറിനു ശേഷം , കരിപ്പൂരിന്റെ റണ്‍വേ തൊട്ടപ്പൊഴെക്കും , ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടിയിരിക്കുന്നു എന്ന വാര്‍ത്ത ഒരു ഞെട്ടലോടയാണ് കേട്ടത്. കോണ്‍ഗ്രസ് പ്രതിപക്ഷം പോലുമല്ലാതായി, ഇടത് പക്ഷം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെക്കുള്ള യാത്ര തുടങ്ങി.
ഒരുപാട് സന്തോഷങ്ങള്‍ക്കിടയിലെ വീര്‍പ്പുമുട്ടലുകളായി, സ്മൃതി ഇറാനിയും, രാജേട്ടനും, അരുണ്‍ ജറ്റ്ലിയും പരാജയപ്പെട്ടു. 1984 ലെ ആകാശവാണി കേട്ടുകൊണ്ടിരുന്ന പരമേശ്വര്‍ജിയുടെ മുഖഭാവം പെട്ടന്ന് മനസ്സിലേക്ക് കടന്നുവന്നു. സംശയമില്ല , ഇപ്പോഴും അദ്ദേഹത്തിന്റെ ഭാവം ഇതുതന്നെയായിരിക്കും …ഓര്‍മ്മ വന്നത് ഒരു ഗണഗീത വരിയാണ്.
ധീമാനുണ്ടോ സുഖ ദുഖങ്ങളില്‍
ആടുകയഥവാ വാടുകയോ.
ഭാരതചരിത്രം വഴിമാറിയോഴുകിയ ആ മെയ് മാസപ്പുലരി എനിക്കിങ്ങനെയായിരുന്നു. രണ്ട് കൊല്ലത്തിനിപ്പുറം, ഒരു വിശ്വവിജയിയായി , അജാതശത്രുവായി നരേന്ദ്രമോദി എന്ന മനുഷ്യന് , ലോകനേതാക്കളുടെ ഇടയില്‍ കസേര വലിച്ചിട്ടിരിക്കുന്ന കാഴ്ചയിലൂടെയാണ് നാം കടന്നു പോകുന്നത് …ഇത് സ്വപ്നമല്ല , സങ്കല്പവുമല്ല. ഒരിക്കലും കാണാന്‍ കഴിയില്ല എന്നൊരിക്കല്‍ കരുതിയിരുന്ന സ്വപ്നസാക്ഷാല്‍ക്കാരം തന്നയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: