വെറും ഒമ്പതാമത്തെ വയസ്സില്‍ വൈവാഹിക ജീവിതം ആരംഭിച്ച, പത്താമത്തെ വയസ്സില്‍ വിവാഹമോചനം നേടിയ, ഭര്‍തൃവീട്ടിലെ ഓരോ കൈകളില്‍ നിന്നും രക്തം ഉറയുന്ന പീഡനങ്ങള്‍ ഏറ്റുവാങ്ങിയ, ഭര്‍ത്താവ് എന്ന 30കാരനില്‍ നിന്നും ഓര്‍ക്കുമ്പോള്‍ ഓക്കാനം വരുന്ന, ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്ന വേദന സമ്മാനിക്കുന്ന ക്രൂര രതി വൈകൃതങ്ങള്‍ അനുഭവിക്കേണ്ടി വന്ന ലോകത്തില്‍ വിവാഹം മോചനം നേടിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ എന്ന വിഖ്യാതിക്കപ്പുറം മനക്കരുത്തിന്റെ, ആത്മ ധൈര്യത്തിന്റെ അന്താരാഷ്ട്ര ബിംബമായി ദി ന്യൂ യോർക്കർ വിശേഷിപ്പിച്ച യമൻ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായത്തിനു തുടക്കം കുറിച്ച നുജൂദ് അലി
കഴിവുകളുള്ള സാഹസികത ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയല്ല. യമനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവൾ പക്ഷെ ഏഴ് വർഷങ്ങൾക്ക് മുമ്പ് വാർത്തകളിൽ നിറഞ്ഞു. പത്താം വയസിൽ വിവാഹ മോചനം നേടുന്ന ആദ്യ പെണ്‍കുട്ടിയെന്ന നിലയിൽ. ശൈശവ വിവാഹം എത്ര ക്രൂരവും നീചവുമെന്നു നുജൂദിനെക്കാൾ ശക്തമായി ലോകത്തോട് വിളിച്ചു പറയാൻ മറ്റൊരാൾക്കാവില്ല.
ജീവിതമെന്തെന്നു അറിഞ്ഞു തുടങ്ങും മുൻപേ തന്നെക്കാൾ മൂന്നിരട്ടി പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാൻ നിർബന്ധിതയാവുകയും പിന്നീട് നരക തുല്യമായ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തെങ്കിലും വിധിയോടു പോരാടാൻ, ദുരിത പൂർണ്ണമായ ജീവിതത്തിൽ നിന്ന് രക്ഷ നേടാൻ തീരുമാനിച്ചതോടുകൂടി അവളുടെ ജീവിതം അസ്വാഭാവികതകളിലേക്ക് വഴി മാറുകയായിരുന്നു. സ്വന്തം കുടുംബത്തെയും സമൂഹത്തെയും എതിർത്ത് കൊണ്ട് വിവാഹ മോചനം എന്ന തീരുമാനത്തിൽ അവളുറച്ചു നിന്നു. എല്ലാ വാതിലും കൊട്ടിയടക്കപ്പെട്ടപ്പോൾ രണ്ടാനമ്മയുടെ ഉപദേശത്തിന്റെ പുറത്ത് നിയമ സഹായം തേടിയ ആ പെണ്‍കുട്ടിക്ക് പക്ഷെ നിരാശയാകേണ്ടി വന്നില്ല.
നുജൂദിന്റെ കഥയറിഞ്ഞപ്പോൾ അവളുടെ ആവശ്യം തിരിച്ചറിഞ്ഞപ്പോൾ ആ കോടതിയിലെ ജഡ്ജിമാർ ഏറ്റവും സങ്കീർണ്ണവും അസാധാരണവുമായ കേസെന്ന് വിശേഷിപ്പിച്ചെങ്കിൽപ്പോലും നരകയാതയിലേക്ക് വീണ്ടുമവളെ വലിച്ചെറിയാൻ ആ കോടതിയിലെ ജഡ്ജിമാരായ മുഹമ്മദ് അൽ ഖാസി,അബ്ദുള്ള , അബദിൽ വഹീദ് എന്നിവർ ഒരുക്കമല്ലായിരുന്നു.
യമനിലെ പെണ്‍കുട്ടികളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തകയും അഡ്വക്കേറ്റുമായ ഷാദ നാസറിന്റെ കടന്നു വരവ് അവളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. നുജൂദിന്റെ കഥ ലോക മാധ്യമങ്ങളേറ്റെടുത്തതോടെ വീട്ടുകാരിൽ നിന്നില്ലെങ്കിൽ പോലും ലോകത്തിന്റെ പല കോണിൽ നിന്നും അവൾക്കു പിന്തുണയും സഹായവും ലഭിച്ചു.
കോടതിക്ക് മുന്പില് അസ്ഥിയുരുകുന്ന യാതനകളുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടി വിവാഹമോചനം നേടിയ നുജൂദ് അക്ഷരാര്‍ത്ഥത്തില്‍ പൊരുതുകയായിരുന്നു പിന്നീട്. അറേബ്യ ഉപഭൂഖണ്ഡത്തിലെ ഒരു രാജ്യത്തില്‍ പരമ്പരാഗതമായി നിലനിന്നിരുന്ന “സുഖകരമായ ദാമ്പത്യം ഉറപ്പുവരുത്താന്‍ ഒമ്പതു വയസുകാരിയെ കെട്ടുക” എന്ന വികല വിശ്വാസത്തിനെതിരെ പുതിയ നിയമം നിലവില്‍വരുത്താന്‍ വെറും 10 വസ്സുകാരിയുടെ പോരാട്ടത്തിനു കഴിഞ്ഞു.. പിന്നീട് വിവാഹപ്രായം ’17 വയസ്സ്’ വേണം എന്ന നിര്‍ബ്ബന്ധിത നിയമം യെമനില്‍ നിലവില്‍ വന്നു..
നുജൂദിന്റെ ജീവിതം തീർച്ചയായും ഒറ്റപ്പെട്ട സംഭവമല്ല. കുടുംബത്തിന്റെ അന്തസിന്റെയും മറ്റ് അനാചാരങ്ങളുടെയും പേരിൽ പതിനെട്ട് വയസ്സിനു മുൻപേ വിവാഹിതരാവാൻ നിർബന്ധിതരാവുന്ന എത്രയോ പെണ്‍കുട്ടികൾ ഇന്നീ ലോകത്തുണ്ട് സുഖകരമായ ദാമ്പത്യത്തിനു പെണ്‍കുട്ടികളെ ചെറു പ്രായത്തിലെ വിവാഹം കഴിപ്പിക്കുക എന്ന യമന്റെ പഴമൊഴി നാം അറിഞ്ഞത് നുജൂതിന്റെ ജീവിതത്തിലൂടെയാണ്. ശൈശവവിവാഹം യമനിൽ മാത്രമല്ല നടന്നു വരുന്നത്. ലോകത്തിന്റെ പല കോണിലും നമുക്ക് ഇന്നും ഇത് കാണുവാന്‍ കഴിയും .പക്ഷെ പത്തു വയസിൽ നുജൂദ് കാണിച്ച ധൈര്യവും മനക്കരുത്തും അതിന് ബലിയാടാകുന്ന പെണ്‍കുട്ടികള്‍ക്ക് ഇല്ലാതെ പോകുന്നു.
പ്രിയ സുഹൃത്തുകളെ എന്തിന് നമ്മള് മറ്റു നാടുകള്‍ തെടിപോകുന്നു നമ്മുടെ കേരളത്തിലെ മലബാര്‍ മേഖലയില്‍ നമ്മുടെ നിയമങ്ങൾക്കും മനസാക്ഷിക്കുമതീതമായി ഇത് ഇന്നും തുടരുന്നു എന്ന പരമമായ സത്യം നിങ്ങള്‍ അറിയുക. പക്ഷെ പലപ്പോഴും ഇത് പുറം ലോകമറിയുന്നില്ല. അല്ലെങ്കിൽ അറിയിക്കുനില്ല.
2007-മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമനുസരിച്ച് പതിനെട്ട് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെയും 21 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെയും വിവാഹം ചെയ്തുകൊടുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റക്കരമാണ്. രക്ഷിതാക്കള്‍ മാത്രമല്ല, പതിനെട്ടു വയസ്സിനു മുകളിലുള്ള വരന്, കുട്ടിയുടെ പിതാവ്/രക്ഷിതാവ്, വിവാഹത്തിന് കൂട്ടുനില്ക്കുന്നവര്,എല്ലാവരും ജാമ്യമില്ലാത്ത കുറ്റക്കാരായിരിക്കും. വരനുപുറമെ, വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നവര്‍, അയല്‍വാസികള്‍, വിവാഹ സദ്യകളും മറ്റു സേവനങ്ങളും നല്കുന്നവര്, വിവാഹത്തിന് വഴിയൊരിക്കിയ ഏജന്റുമാര്‍/ഇടനിലക്കാര്‍ തുടങ്ങിയവരൊക്കെ രണ്ട് വര്‍ഷം വരെ കഠിനതടവിനും ഒരുലക്ഷം രൂപവരെ പിഴയടക്കാനും (ഒന്നോ അല്ലെങ്കില്‍ ഒന്നിച്ചോ) ശിക്ഷ അനുഭവിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: