പുതിയ വസ്ത്രമോ, പുതിയ ബാഗോ, പുസ്തകങ്ങളോ ഇല്ലെങ്കില്‍ സ്കൂളിലേക്ക് പോകില്ലെന്നു പറയുന്ന കുട്ടികള്‍ മാതൃകയാക്കണം മീര ഖോയ എന്ന ഈ പതിനാറുകാരിയെ. കടുത്ത ഇല്ലായ്മകള്‍ക്കും വല്ലായ്മ്മകള്ക്കും ഇടയില്‍ നിന്നും കഠിന പരിശ്രമം നടത്തി പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയിരിക്കുകയാണ് ജാര്‍ഖണ്ഡ് സ്വദേശിനിയായ ഈ മിടുമിടുക്കി. 54 ശതമാനം മാര്‍ക്കോടെ ഇക്കുറി പത്താം ക്ലാസ് പാസായത്. അഞ്ഞൂറില്‍ 270 മാര്‍ക്ക്. അത് അവള്‍ക്ക് ഒരു വലിയ നേട്ടം തന്നെയാണ്. മീരയെ കുറിച്ച് അറിയാവുന്നവര്‍ പറയും.
ജാര്‍ഖണ്ഡില്‍ നയത്തോളി ഗ്രാമത്തില്‍ ജനിച്ച മീര ജനിച്ചു വീണതെ ദാരിദ്രത്തിന്റെ പടുകുഴിയിലേക്ക്. പിന്നീടുള്ള ജീവിതം നരക തുല്ല്യം. ശൈശവത്തില്‍ തന്നെ അച്ഛന് നഷ്ടപ്പെട്ടുകയും ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമക്കേണ്ടി വരികയും ചെയ്ത മീരയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളി. കളിച്ചു നടക്കേണ്ട പ്രായത്തില്‍ ജീവിതം സ്വന്തം കാലില്‍ കരുപിടിപ്പിക്കാനുള്ള ശ്രമത്തിലായി മീര. ഒമ്പതാം വയസ്സില്‍ കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായി.
കല്ലും മണ്ണും ഇഷ്ടികയും ചുമന്ന് അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ അവള് പോറ്റി. എന്നിട്ടും ദാരിദ്രം മാറാത്തതിനാല്‍ അവള് വീട്ടുജോലിക്കും പോയി തുടങ്ങി. പാതി വഴിയില്‍ പഠനം മുടങ്ങിയെങ്കിലും പഠനത്തോടുള്ള ആവേശം കെട്ടടങ്ങിയില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന അവള്‍ക്ക് എങ്ങനെയെങ്കിലും പഠിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. അതിനായി അടുത്തുള്ള ഒരു സ്വകാര്യ സ്കൂളില്‍ ചേര്‍ന്നു.
ആഴ്ചയില്‍ നാലു ദിവസം ജോലിയും മൂന്ന് ദിവസം പഠിത്തവും എന്നതായിരുന്നു കണക്ക്. രണ്ടും ഒരിക്കലും മുടക്കിയിരുന്നില്ല മീര. വീട്ടിലെ ജോലിയെല്ലാം തീര്ത്ത്് നേരത്തെ തന്നെ ജോലി സ്ഥലത്ത് എത്തും. അവിടെ പത്ത് മണിക്കൂര്‍ ജോലി. ചുമടെടുത്തും കൈപ്പണികള്‍ ചെയ്തും വീട്ടിലെത്തുന്ന മീരയ്ക്ക് വീട്ടിലെ പണികളെല്ലാം ചെയ്ത് കഴിഞ്ഞാല്‍ പിന്നെ പഠനത്തിന് അവശേഷിക്കുന്നത് രണ്ട് മണിക്കൂറാണ്. ആ രണ്ട് മണിക്കൂര്‍ അവള് നല്ലതുപോലെ വിനിയോഗിച്ചു. നാല് ദിവസം സ്കൂളില്‍ പോകും, മൂന്ന് ദിവസം ജോലി ചെയ്യും. തനിക്ക് കിട്ടുന്ന 200 രൂപ പഠനത്തിനും വീട്ടാവശ്യങ്ങള്‍ക്കുമായി അവള് ചിലവഴിച്ചു. പരീക്ഷ കഴിഞ്ഞു അവള് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
പണ്ട് ഡോക്ടറാവാനായിരുന്നു മീരയ്ക്ക് മോഹം. എനിക്ക് വേണമെങ്കില്‍ ഒരു ഡോക്ടറാകാം. എന്നാല്‍ അതിന് ഒരുപാട് പണം വേണം. അതുകൊണ്ട് പഠിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥയാകാനാണ് ഇപ്പോള്‍ തീരുമാനം. പഠിക്കാന്‍ കുറച്ചു കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി നല്ല മാര്‍ക്ക് വാങ്ങാമായിരുന്നു. ഇതു പറയുമ്പോഴും മീരയുടെ തലയില്‍ ഒരു കെട്ട് ഇഷ്ടികയുണ്ടായിരുന്നു.
മീരയുടെ പ്രയത്നങ്ങള്‍ക്ക് കുടുംബവും, സുഹൃത്തുക്കളും, അധ്യാപകരും നല്ല പിന്തുണയാണ് നല്‍കിയത്. മീരയുടെ വിജയത്തിന് പൊന്‍തിളക്കമാണ്. അവളുടെ ആഗ്രഹം പോലെ ജീവിതം തിളങ്ങാനായി എല്ലാവരും അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥനയിലാണ്.
യുണിസെഫിന്റെ കണക്കനുസരിച്ച് പട്ടിണി മൂലം ഏറ്റവും കൂടുതല്‍ കുട്ടികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ജാര്‍ഖണ്ഡ്.ഒരു വര്‍ഷം മുന്‍പ് ഒരു സന്നദ്ധ സംഘടന നടത്തിയ കണക്കെടുപ്പില്‍ പതിനൊന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ഒന്‍പത് ശതമാനം കുട്ടികള്‍ പഠിത്തം ഇവിടെ നിര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: