1360 ഏക്കര്‍ സ്ഥലം ഒറ്റയാള്‍ പ്രയത്നത്തിലൂടെ നിബിഡവനമായി മാറ്റിയെടുത്ത ജാദവ് മൊലായ്പായങിന്റെ ചരിത്രം!
അസമിലെ മിഷിങ് ഗോത്ര വംശജനാണ് പില്ക്കാലത്ത് ‘Forest Man of India’ എന്നറിയപ്പെട്ട ജാദവ് മൊലായ്പായങ്. 1963 ല്‍ ജനിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭ്യമല്ല. എന്തായാലും അതുകൊണ്ടൊന്നുമല്ലല്ലോ മറിച്ച് തന്റെ കര്‍മ്മം കൊണ്ടാണല്ലോ അദ്ദേഹം പ്രശസ്തനായത്!
1979 ല്‍ , തന്റെ പതിനാറാമത്തെ വയസ്സില്‍ തന്റെ വീടിന്റെ പരിസരത്ത് അസാധാരണമായി പാമ്പുകള്‍ ചത്തൊടുങ്ങുന്നതും വീടിന്റെ പരിസരത്തുള്ള ചതുപ്പുകളില്‍ സ്ഥിരമായി വന്നിരുന്ന ദേശാടനപക്ഷികളുടെ എണ്ണത്തില്‍ വന്ന കുറവും പായംഗിന്റെ ശ്രദ്ധയില്‍ പെട്ടു . അതിന്റെ കാരണമന്വേഷിച്ച അദ്ദേഹത്തോട് മുതിര്‍ന്നവര്‍ പറഞ്ഞത് സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ സസ്യജാലങ്ങള്‍ നശിച്ചതിനാല്‍ ഭൂമിയിലെ ചൂട് കൂടുന്നത് കൊണ്ടും സ്വന്തം ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നായിരുന്നു. ഇതിനു പരിഹാരം കാണാനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ സ്വന്തമായി വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കാനാണ് അവര്‍ ഉപദേശിച്ചത്!
തന്റെ ഉദ്യമത്തില്‍ നിന്ന് പിന്മാറാന് കൂട്ടാക്കാതിരുന്ന പായങ് ബ്രഹ്മപുത്രാ നദീതീരത്തായി ഒരു സ്ഥലം കണ്ടു പിടിച്ച് അവിടെ വൃക്ഷത്തൈകള്‍ നടാന്‍ ആരംഭിച്ചു. ദിവസേനെ കുറച്ചു തൈകള്‍ വീതം നടുന്നതായിരുന്നു രീതി. ക്രമേണ വര്‍ദ്ധിച്ചു വരുന്ന തന്റെ ‘കൃഷി ഭൂമിയില്‍’ വൃക്ഷത്തൈകള്‍ക്ക് ഒറ്റയ്ക്ക് വെള്ളമെത്തിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തീര്‍ന്നു.
തൈകള്‍ക്ക് മുകളിലായി മുള കൊണ്ടുള്ള പ്ലാറ്റ്ഫൊം നിര്‍മ്മിച്ച് അതില്‍ ചെറിയ തുളയുള്ള മണ്‍കുടങ്ങള്‍ സ്ഥാപിച്ചു drip irrigation രീതിയില്‍ അദ്ദേഹം അതിനു പരിഹാരം കണ്ടു.
അടുത്തവര്‍ഷം , 1980 ല്‍ അസമിലെ ഗോലാഘട്ട് ജില്ലയില്‍ സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയില്‍ അദ്ദേഹം തൊഴിലാളിയായി ചേര്‍ന്നു . 200 ഹെക്ടര്‍ സ്ഥലത്ത് വനവല്‍ക്കരണം നടപ്പാക്കുന്ന പദ്ധതിയായിരുന്നു. അഞ്ചു വര്‍ഷം അദ്ദേഹം അവിടെ പ്രവര്‍ത്തിച്ചു . പദ്ധതി പൂര്‍ത്തിയായതോടെ കൂടെയുള്ളവര്‍ മടങ്ങിപ്പോയിട്ടും , വെച്ച് പിടിപ്പിച്ച മരങ്ങളെ പരിരക്ഷിച്ചും ഏകനായി കൂടുതല്‍ സ്ഥലത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചും അവിടെതന്നെ തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
തന്റെ രണ്ടര പതിറ്റാണ്ടിന്റെ ശ്രമഫലമായി 1360 ഏക്കര്‍ വിസ്തൃതി വരുന്ന ഒരു വനം സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു! ഇന്നവിടം ബംഗാള്‍ കടുവകളും കണ്ടാമൃഗങ്ങളും മാനും മുയലും പിന്നെ അനേകതരം പക്ഷികളും ഉള്‍പ്പെടുന്ന ജീവി വര്‍ഗ്ഗത്തിന് സ്വാഭാവിക ആവാസ കേന്ദ്രമാണ്. നൂറില്‍പരം ആനകള്‍ അടങ്ങുന്ന കാട്ടാനക്കൂട്ടം എല്ലാവര്‍ഷവും അവിടെ വിരുന്നിനെത്തുന്നു.പത്തോളം ആനക്കുട്ടികളും ഇവിടെ പിറന്നു വീണു . കൃഷി നശിപ്പിച്ചിരുന്ന പ്രശ്നക്കാരായ ഒരു കൂട്ടം കാട്ടാനകളെ തേടി 2008 ല്‍ വനപാലകര്‍ ഇവിടെ എത്തിയപ്പോഴാണ് ജാദവ് പായംഗിന്റെ അധ്വാനഫലത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്.
ജാദവ് മൊലായ്പായങിന്റെ ബഹുമാനാര്‍ത്ഥം അദ്ദേഹം വച്ച് പിടിപ്പിച്ച കാടിന് ‘മൊലായ് വനം ‘ എന്ന് ഭാരത സര്‍ക്കാര്‍ പേര് നല്കി. അദ്ദേഹത്തെ ആദരിക്കാനായി 2012 ഏപ്രില്‍ 22 നു ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല സംഘടിപ്പിച്ച പൊതു ചടങ്ങില്‍ വച്ച് JNU വൈസ് ചാന്‍സലര്‍ സുധീര്‍ കുമാര്‍ സോപോറിയാണ് അദ്ദേഹത്തെ ‘Forest Man of India’ എന്ന് വിശേഷിപ്പിച്ചത്. മാഗ്സെസേ അവാര്‍ഡ് ജേതാവ് രാജേന്ദ്രസിങ്ങും സന്നിഹിതനായ ചടങ്ങില്‍ തന്റെ പ്രവര്‍ത്തനത്തെ കുറിച്ച് പുറം ലോകത്തോട് സംവദിച്ചു .ഒക്ടോബര്‍ 2013 ല്‍ Indian Institute of Forest Management അവരുടെ വാര്‍ഷിക ചടങ്ങില്‍ അദ്ദേഹത്തെ ആദരിച്ചു.2015 ല്‍ രാഷ്ട്രം പദ്മശ്രീ പുരസ്കാരം നല്കി പായങിനെ ആദരിച്ചു.
ഭാര്യയും മൂന്നു മക്കളുമടങ്ങിയ തന്റെ കുടുംബത്തോടൊപ്പം ഉപജീവനത്തിനായി കാലിവളര്‍ത്തല്‍ നടത്തി , താന്‍ നട്ടു നനച്ചു വളര്‍ത്തിയ നിബിഡവനത്തെ കണ്‍കുളിര്‍ക്കെ കണ്ട് സംതൃപ്തനാണ് പായംഗ് . ഓരോ കുട്ടിയും വിദ്യാഭ്യാസത്തോടൊപ്പം കുറഞ്ഞത് രണ്ടു വൃക്ഷതൈകളെങ്കിലും നടാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: