ലണ്ടനിലെ ബ്രോംപ്ടൺ സെമിത്തേരിയിലെ ഒരു കോണിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു കല്ലറയിൽ ഇങ്ങനെ കൊത്തിവെച്ചിരിക്കുന്നു “കുടഗിലെ മുൻ മഹാരാജാവിന്റെ മകളായിരുന്ന വിക്ടോറിയ ഗൗരമ്മ രാജകുമാരി ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു”.
കുടഗിലെ അവസാന രാജാവായിരുന്ന ചിക്ക വീരരാജേന്ദ്രയുടെ പ്രിയപുത്രി ആയിരുന്നു ഗൗരമ്മ രാജകുമാരി. 1834 ഏപ്രിൽ 24നു ബ്രിട്ടീഷുകാർക്ക് കീഴടങ്ങിയ വീരരാജേന്ദ്ര ബനാറസിൽ രാഷ്ട്രീയ തടവുകാരനാക്കപ്പെട്ടു. അവിടെ വെച്ച് 1841ൽ ഗൗരമ്മ രാജകുമാരി ജനിച്ചു. പിന്നീട്, ഈസ്റ്റ് ഇന്ത്യ കമ്പനി തന്റെ സ്വത്തുക്കൾ വിട്ടു നല്കണമെന്ന് ആവശ്യപ്പെട്ട് 1852 ൽ ലണ്ടനിലെ കോടതിയിൽ കേസ് വാദിക്കാനായി വീരരാജേന്ദ്ര പോയപ്പോൾ, ഗൗരമ്മ രാജകുമാരി, രാജാവ് യാത്ര ചെയ്ത കപ്പലിലെ സഹയാത്രികരായിരുന്ന മേജർ ഡ്രമ്മോണ്ടിന്റെയും ഭാര്യയുടെയും സംരക്ഷണത്തിലായിരുന്നു.
മകളെ ക്രിസ്ത്യാനിയാക്കി പാശ്ചാത്യ വിദ്യാഭ്യാസം നല്കാം എന്ന് ഉറപ്പു നല്കിയത് കൊണ്ടാണ് രാജാവിനു ഗൗരമ്മയോടൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള അനുമതി ലഭിച്ചത്. 1852 ജൂലൈ അഞ്ചാം തീയതി ബക്കിംഗ്ഹാം കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ വിക്ടോറിയാ രാജ്ഞി തലതൊട്ടമ്മ (sponsor) ആയി കാന്റർബറി ആർച്ചുബിഷപ്പിന്റെ കാർമ്മികത്വത്തിൽ വിക്ടോറിയ എന്ന പേര് നല്കി ഗൗരമ്മ രാജകുമാരിയെ മാമ്മോദീസ മുക്കുകയുണ്ടായി.
എന്നാൽ, രാജ്ഞിയുടെ ‘പ്രീതിക്ക് ‘ പാത്രമായി മാമോദീസാ മുക്കപ്പെടുവാൻ ‘ഭാഗ്യം’ ലഭിച്ച ഏക രാജരക്തം ഗൗരമ്മ രാജകുമാരി മാത്രം ആയിരുന്നില്ല. ഇംഗ്ലീഷ് രാജകൊട്ടാരങ്ങളിൽ നിത്യ സന്ദർശകനായിരുന്നു ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട പഞ്ചാബിലെ ദുലീപ് സിംഗ്. വിക്ടോറിയാ രാജ്ഞിക്കാണെങ്കിൽ ക്രിസ്ത്യാനിയാക്കപ്പെട്ട ഗൗരമ്മ രാജകുമാരിയെ ദുലീപ് സിംഗിനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് കലശലായ ആഗ്രഹം. ഈ ഇന്ത്യൻ യുവ മിഥുനങ്ങൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർ ആയതിനാൽ, ഭാരതമെങ്ങും ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുവാൻ അവർക്കുണ്ടാകുന്ന കുട്ടികൾ ക്രിസ്ത്യാനികൾ ആയിരിക്കുന്ന സാഹചര്യം ഉത്പ്രേരകമായി ഭവിക്കും എന്ന് കണക്കു കൂട്ടിയ വിക്ടോറിയാ രാജ്ഞി ഈ രണ്ടു കുട്ടികളുടെയും വിവാഹം നടത്തുവാനുള്ള കോപ്പ് കൂട്ടിത്തുടങ്ങി.
പക്ഷെ, അതിനിടയിൽ, വിരോധാഭാസം എന്ന പോലെ, അമ്പതു വയസ്സ് പ്രായമുള്ള കേണൽ ജോൺ ക്യാമ്പ്ബെല്ലും ആയി ഉള്ള ഗൗരമ്മയുടെ ബന്ധത്തിനു എല്ലാ പ്രോത്സാഹനങ്ങളും നല്കിയതും ദുലീപ് സിംഗ് തന്നെ ആയിരുന്നു. വിക്ടോറിയ ഗൗരമ്മ — കേണൽ ക്യാംപ്ബെൽ ദമ്പതികൾക്ക് പിറന്ന മകൾക്ക്, എഡിത്ത് വിക്ടോറിയ ഗൗരമ്മ ക്യാമ്പ്ബെൽ എന്നാണ് പേര് നല്കിയത്. എന്നാൽ ഗൗരമ്മയുടെ ദൗർഭാഗ്യമെന്നോണം, ക്യാമ്പ്ബെൽ വെറുമൊരു ചൂതാട്ടക്കാരനും ധൂർത്തനുമായിരുന്നു. വീരരാജേന്ദ്ര രാജാവ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള കേസിൽ പരാജയപ്പെട്ടതോടെ, സമ്പത്ത് നഷ്ടപ്പെട്ട ഗൗരമ്മയെ ഭർത്താവ് പിന്നീട് തിരിഞ്ഞു നോക്കുകയുണ്ടായില്ല. 1864ൽ ഇരുപത്തിമൂന്നാം വയസ്സിൽ ക്ഷയരോഗ ബാധിതയായ ഗൗരമ്മ രാജകുമാരിയുടെ അസാധാരണവും ദുരന്തപൂർണവുമായ ജീവിതം അവസാനിക്കുകയും ചെയ്തു.
മഹാരാജാ രണ്ജിത് സിംഗിന്റെ ഇളയ പുത്രനും സിഖ് സാമ്രാജ്യത്തിന്റെ അവസാന രാജാവുമായിരുന്ന ദുലീപ് സിംഗാകട്ടെ, പിന്നീട് അമ്മയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനായി ഭാരതത്തിലേക്കുള്ള മടക്കയാത്രയ്ക്കിടെ കെയ്റോയിൽ വെച്ച് തന്റെ ജീവിതസഖിയെ കണ്ടു മുട്ടി. ബമ്പ മുള്ളർ എന്ന് പേരായ ആ സ്ത്രീ, ഒരു ജർമ്മൻ കച്ചവടക്കാരനു അബിസ്സീനിയക്കാരിയായ സ്ത്രീയിൽ ഉണ്ടായ സന്തതി ആയിരുന്നു. ഒരു ക്രിസ്ത്യൻ സ്കൂളിൽ വളർന്ന അവർ ദുലീപിനെ തന്നെ തിരിച്ചു ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുവാൻ നിർബന്ധിച്ചു. നവദമ്പതികൾ സഫ്ഫോക്കിലെ എൽവേഡോൺ ഹാളിലെ ഒരു വീട്ടിൽ താമസമാരംഭിക്കുകയും, അവരുടെ കുഞ്ഞിനെ പിന്നീട് വിക്ടോറിയ രാജ്ഞി മാമോദീസ മുക്കുകയും ചെയ്തു.
ഇന്ത്യയിലെ വരേണ്യ വർഗത്തെ ആംഗലേയവത്കരിക്കുന്നതിനായി വിക്ടോറിയാ രാജ്ഞി കളിച്ച ചില കുത്സിത ശ്രമങ്ങൾ ദുലീപ് സിംഗ് , ഗൗരമ്മ എന്നീ രാജസന്തതികളുടെ കഥയിൽ നിന്നും മനസിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: