അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ച കുഴിയിലേക്ക് കാര്‍ താഴ്ന്നു, യാത്രക്കാരായ ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുടിവെള്ള പൈപ്പ് പൊട്ടിയൊലിച്ച കുഴിയിലേക്കാണ് ഓടികൊണ്ടിരുന്ന കാര്‍ താഴ്ന്നത്.
ഇന്നലെ ഉച്ചക്ക് രണ്ടോടെ തീരദേശ റോഡില്‍ പറവൂര്‍ ഐഎം എസിന് അടുത്താണ് അപകടം സംഭവിച്ചത്. റോഡിന് സമീപത്തായി ജപ്പാന്‍ കുടിവെള്ള പൈപ്പ് സ്ഥാപിച്ച പത്തടി താഴ്ചയിലേക്കുള്ള കുഴിയിലേക്കാണ് ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ താഴ്ന്ന് പോയത്.
പൈപ്പുകള്‍ താഴ്‌ത്തിയഭാഗത്ത് നിന്നും ശുദ്ധജലം പൊട്ടി ഒലിച്ചങ്കിലും ഭൂമിയുടെ മുകള്‍ ഭാഗത്ത് ഉറവ മാത്രമെ കണ്ടിരുന്നുള്ളുന്നു. അതിനാല്‍ യാത്രക്കാര്‍ക്ക് അപകട സാദ്ധ്യത മുന്‍കൂട്ടി അറിയാന്‍ കഴിയില്ല. കാറിന്റെ മുന്‍ ചക്രങ്ങള്‍ കുഴിലേക്ക് ഇറങ്ങുകയായിരുന്നു.
ദമ്പതികളുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കാര്‍ താഴേയ്‌ക്ക് ഇറങ്ങാതിരിയ്‌ക്കാനുള്ള സംവിധാനം ഒരുക്കുകയായിരുന്നു. പിന്നീട് പുന്നപ്ര പോലീസും, ആലപ്പുഴയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി കാര്‍ പുറത്തെടുക്കുകയായിരുന്നു.
ഒരാഴ്‌ച്ചയോളമായി പൈപ്പ് പൊട്ടി ഒലിയ്‌ക്കാന്‍ തുടങ്ങിയെങ്കിലും വെള്ളത്തിന്റെ ഉറവ മാത്രമെ ഭൂമിക്ക് മുകളില്‍ കണ്ടിരുന്നുള്ളു.
















