പാനൂര്‍: കണ്ണൂരിലെ കൊലയാളികള്‍ക്ക്് സിപിഎം അഭിവാദ്യം അര്‍പ്പിക്കുന്നത് ഇതാദ്യമല്ല. പയ്യന്നൂരിലെ ചൂരക്കാട്ട് ബിജുവിനെ കൊന്നതിനു ശേഷം ബാന്റ്‌മേളങ്ങളോടെ ആഹ്ലാദ പ്രകടനം നടത്തിയ സിപിഎമ്മുകാരുടെ വീഡിയോ പോസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെതിരെ പിണറായി വിജയന്റെ പോലീസ് കേസെടുത്തിരിക്കുകയാണ്. അങ്ങിനെ ഒരു സംഭവം നടന്നില്ലെന്നും സംഘര്‍ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം കുമ്മനം ശ്രമിക്കുകയുമാണെന്നും ആരോപിച്ചാണ് കേസ്. എന്നാല്‍ കുമ്മനം ചൂണ്ടിക്കാട്ടിയ തരത്തിലുള്ള ഒരു ആഹ്ലാദ പ്രകടനമൊന്നുമല്ല സിപിഎം ജില്ലയില്‍ നടത്തിയിട്ടുള്ളത്. ഇത്തരം നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാവുന്നതാണ്.
1999 ഡിസംബര്‍ 1ന്് മൊകേരി ഈസ്റ്റ് യുപി സ്‌ക്കൂളില്‍ കൊല ചെയ്യപ്പെട്ട കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ മരണ വാര്‍ത്തയ്‌ക്കു ശേഷം മൊകേരി, കൂരാറ, പാട്യം ഭാഗങ്ങളില്‍ പകല്‍ വെളിച്ചത്തില്‍ പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും സിപിഎമ്മുകാര്‍ നൃത്തം വെച്ചിരുന്നു. .ഇതില്‍ സ്ത്രീകളുമുണ്ടായിരുന്നു. അതേ കേസില്‍ സുപ്രീംകോടതി വെറുതെ വിട്ട നാലുപ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുതല്‍ മൊകേരി വരെ ആഹ്ലാദ പ്രകടനവുമായി നടന്നതും ഇതേ സിപിഎം സംഘം തന്നെയാണ്. സിപിഎം കണ്ണൂരില്‍ തുടര്‍ന്നു വരുന്ന പ്രാകൃത സംസ്‌ക്കാരമാണിത്.
2005 മാര്‍ച്ച് 5ന് തലശേരി ടൗണില്‍ അന്നത്തെ ആര്‍എസ്എസ് നഗര്‍ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖായിരുന്ന എം.പി.സുമേഷിനെ വെട്ടിയപ്പോള്‍ മരിച്ചെന്നു കരുതി സിപിഎം ഓഫീസില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് മറ്റൊരു കേസില്‍ ഹൈക്കോടതി നാടുകടത്തിയ നേതാവായിരുന്നു. 2014 സെപ്തംബര്‍ 1ന് ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് കൊല ചെയ്യപ്പെട്ടപ്പോഴും സിപിഎം സംഘം പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. കിഴക്കെകതിരൂര്‍, ഓട്ടച്ചിമാക്കൂല്‍ ഭാഗങ്ങളില്‍ വെച്ചാണ് പ്രകടനങ്ങള്‍ നടന്നത്. അന്നേ ദിവസം തന്നെ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്റെ മകന്‍ ജെയിന്‍ പി രാജ് തന്റെ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ വിവാദമായിരുന്നു. കൊലയാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചായിരുന്നു പോസ്റ്റ്. അതിന് കതിരൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസും എടുത്തിരുന്നു.
മനോജിന്റെ ഒന്നാം ബലിദാനദിനത്തില്‍ കൊല ചെയ്യപ്പെട്ട ഉക്കാസ്‌മെട്ടയിലെ റോഡില്‍ മൂന്ന് നായകളെ കൊന്നു കെട്ടിതൂക്കി കൊലയാളികള്‍ക്ക് സിപിഎം ഐക്യദാര്‍ഢ്യം പ്രകടമാക്കുകയും ചെയ്തിരുന്നു. .കേസെടുത്തെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല. .2016ല്‍ പിണറായിലെ രമിത്ത് വധത്തിനു ശേഷം പിണറായി മേഖലയില്‍ സിപിഎം നടത്തിയ ആഹ്ലാദ പരിപാടികള്‍ പാര്‍ട്ടി സംസ്‌ക്കാരം വിളിച്ചോത്തുന്നതായിരുന്നു. ആദരസൂചകമായി പിണറായി ടൗണില്‍ നടത്തിയ ഹര്‍ത്താലില്‍ കട തുറപ്പിച്ച് കാവല്‍നിന്ന സ്ത്രീകളും സഖാക്കളും രമിത്ത് വധത്തെയും ന്യായീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും സിപിഎം കാണിച്ച അധമസംസ്‌ക്കാരം പോലീസ് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. .അധികാരവും ആള്‍ബലവും അഹന്തയും കൊണ്ട് മതിമറക്കുന്ന സിപിഎം ബിജു വധത്തിലും ആഹ്ലാദം പ്രകടിപ്പിച്ചുവെന്ന വാദം ഉയരുമ്പോള്‍ നാട്ടുകാര്‍ തെല്ലും സംശയിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സിപിഎം ഇതും ഇതിനപ്പുറവും ചെയ്യുമെന്ന് നാട്ടുകാര്‍ക്കറിയാം. പയ്യന്നൂര്‍ രാമന്തളി ഭാഗത്തുളള സിപിഎം പ്രവര്‍ത്തകരുടെ നവമാധ്യമ പ്രചരണങ്ങള്‍ അതു വ്യക്തമാക്കുന്നതാണ്. ധനരാജിനു വേണ്ടി പ്രതിരോധത്തിനായി ആയുധമെടുത്ത സഖാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റുകള്‍ എഫ്ബിയില്‍ മുഴുനീളെ കാണാം. ഇതിനൊന്നും കേസെടുക്കാന്‍ തയ്യാറാവാത്ത പോലീസ് ഇപ്പോള്‍ കുമ്മനത്തിനെതിരെ കേസെടുത്തതിന് പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ധമല്ലാതെ മറ്റൊന്നുമല്ലെന്ന് ഉറപ്പാണ്.
















