കറുകച്ചാല്‍: 12-ാം വാര്‍ഡില്‍ കൂത്രപ്പള്ളി കിഴാവറ്റ് കോളനിയില്‍ ചന്ദ്രകുമാറിന്റെ വീട്ടിലെ ശുചിമുറി പൊളിച്ചു മാറ്റി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ പുതിയ വഴി വെട്ടിയതായി പരാതി. ഇതു സംബന്ധിച്ച് കറുകച്ചാല്‍ പഞ്ചായത്തിലും പോലീസ്‌സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തില്‍ ഒരു സംഘം ആളുകള്‍ വീടിനു മുന്നിലെ ശുചിമുറി പൊളിച്ച് മൂടി പുതിയ വഴിവെട്ടുകയായിരുന്നു എന്ന് ചന്ദ്രകുമാര്‍ പറയുന്നു. വീടിനു പിന്നില്‍ താമസിക്കുന്ന മൂന്നു വീട്ടുകാര്‍ക്കു വേണ്ടിയാണ് പുതിയ വഴി വെട്ടിയത്.
നിലവില്‍ ചന്ദ്രകുമാറിന്റെ വീടിനു പിന്നിലൂടെ ഇവര്‍ക്കു വഴിയുണ്ട്. ഇത് ഉപയോഗിക്കാതെയാണ് വീടിനു മുന്നിലൂടെ വഴിവെട്ടിയതെന്നും മുമ്പ് പഞ്ചായത്തില്‍ നിന്നും നല്‍കിയ പഴയ വഴിയുടെ കോണ്‍ക്രീറ്റ് തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു. ഭാര്യയും സഹോദരിയും മാതാവും മാത്രം വീട്ടിലുണ്ടായിരുന്നപ്പോഴാണ് വഴിവെട്ടിയത്. ഇതു ചോദ്യം ചെയ്ത ഇവരെ വഴിവെട്ടുന്നവരിലുണ്ടായിരുന്നവര്‍ അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. ശുചിമുറി തകര്‍ത്തതോടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാകാതെ ബുദ്ധിമുട്ടുകയാണിവര്‍.
അതേ സമയം പരാതിക്കാരന്‍ താമസിക്കുന്നത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും മുമ്പ് വീടിനു മുന്നിലൂടെ ഉണ്ടായിരുന്ന വഴി ഇവര്‍ അടച്ചുകെട്ടുകയായിരുന്നു എന്നും പൊതുസ്ഥലം കൈയ്യേറിയാണ് ശുചിമുറി നിര്‍മ്മിച്ചതെന്നും അടച്ചുകെട്ടിയ വഴി തുറക്കുക മാത്രമാണുണ്ടായതെന്നും പഞ്ചായത്തംഗം സുജാത മാധവന്‍ അറിയിച്ചു.
















