ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ പുതിയ റയില്‍വേ സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിക്കുന്നു. ഇതിനു മുന്നോടിയായി ഏറ്റുമാനൂര്‍ – നീണ്ടൂര്‍ റോഡില്‍ പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായി നിലവിലുള്ള പാലം വെള്ളിയാഴ്‌ച്ച പൊളിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും.
ഒരു മാസം മുമ്പ് ആരംഭിക്കേണ്ട പണികള്‍ ബിഎസ്എന്‍എല്‍ കേബിള്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് നീണ്ടത്. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ അതിരമ്പുഴ റോഡിന്റെയും നീണ്ടൂര്‍ റോഡിന്റെയും മദ്ധ്യത്തിലേക്കു മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
നിലവിലുള്ള പ്ലാറ്റ്‌ഫോം നിലനിര്‍ത്തികൊണ്ടാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുക. ഓപ്പറേറ്റിംഗ് സംവിധാനങ്ങളൊക്കെ പുതിയ സ്റ്റേഷനിലേക്ക് മാറ്റുന്നതോടൊപ്പം ആധുനിക സിഗ്‌നല്‍ സംവിധാനങ്ങളും പ്രാവര്‍ത്തികമാക്കും .നിലവിലുള്ള സ്റ്റേഷന്‍ കെട്ടിടം പൊളിക്കില്ല. അതിരമ്പുഴ റോഡിനും നീണ്ടൂര്‍ റോഡിനുമിടയില്‍ നിര്‍മ്മിക്കുന്ന റെയില്‍വേസ്റ്റേഷനോടൊപ്പം നിലവിലുള്ള പാളങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. അതിന്റെ ഭാഗമായി പുതിയ രണ്ട് പ്ലാറ്റ്‌ഫോമുകളുടെ നിര്‍മ്മാണവും നടക്കും. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം നാല് പാളങ്ങളും ചരക്കുവണ്ടികള്‍ക്കും മറ്റുമായി രണ്ട് പാളങ്ങളും ഉണ്ടാവും.
ഏറ്റുമാനൂരിലേത് കൂടാതെ കോട്ടയത്തിനും കുറുപ്പന്തറയ്‌ക്കും ഇടയ്‌ക്കുള്ള ഗാന്ധിനഗര്‍, മാഞ്ഞൂര്‍ മേല്‍പ്പാലങ്ങളും ഇതിന് പിന്നാലെ പൊളിച്ചു പണിയും. ഏറ്റുമാനൂരിലെ മേല്‍പ്പാലത്തിന് 40 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുലുമാണ് നിര്‍മ്മിക്കുക. മറ്റ് രണ്ട് പാലങ്ങള്‍ക്ക് 25 മീറ്റര്‍ നീളമാണുള്ളത്.
നിലവിലുള്ള പാലത്തിനേക്കാള്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പാലം പണി പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള അപ്രോച്ച് റോഡിന്റെ നിരപ്പും ഉയര്‍ത്തും. ഏറ്റുമാനൂരിലെ മേല്‍പാലം പൊളിക്കുന്നതോടെ നീണ്ടൂര്‍ റോഡിലൂടെയുള്ള ഗതാഗതം വഴി തിരിച്ചു വിടും. അതേസമയം ഏറ്റുമാനൂരില്‍ നിന്നും റയില്‍വേ സ്റ്റേഷനിലേക്കുള്ള വാഹനങ്ങള്‍ക്ക് തടസമുണ്ടാവില്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ചെറുവാഹനങ്ങള്‍ ഇടതുവശത്തത്തെ റെയില്‍വേ റോഡുവഴി മനകക്കപ്പാടം ജംഗ്ഷനില്‍ ചെന്ന് നീണ്ടൂര്‍ കല്ലറ വഴി ചേര്‍ത്തലക്ക് പോകാം.
ഏറ്റുമാനൂരില്‍ നിന്നും നീണ്ടൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അതിരമ്പുഴ റോഡ്, ഉപ്പുപുരയ്‌ക്കല്‍ ജംഗ്ഷന്‍, കോട്ടമുറി എന്നിവിടങ്ങളിലൂടെ നീണ്ടൂര്‍ റോഡിലേക്കാണ് വഴി തിരിച്ചു വിടുക.
















