കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മോഷണം നടത്തിയ പ്രതിയെ തെളിവെടുപ്പിനായി കടുത്തുരുത്തി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഏറണാകുളം ഊരമന മഞ്ഞപ്പളളി അനില്‍ കുഞ്ഞുമോന്‍(വാവ-37) നാണ് പോലീസ് സംഭവസ്ഥലത്തെത്തിച്ചത്. സ്‌കൂളിലെ മോഷണവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടെയില്‍ രണ്ടാഴ്ച മുമ്പ് മോഷണ കേസില്‍ ഗുരൂവായൂര്‍ പോലീസ് അനിലിനെ അറസ്റ്റു ചെയ്തു. മോഷണങ്ങള്‍ നടത്തി ആഡംബര ജീവിതം നയിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
ചാവക്കാട് സബ്ബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച കടുത്തുരുത്തിയില്‍ തെളിവെടുപ്പിനായി എത്തിക്കുകയായിരുന്നു. ഏപ്രില്‍ എട്ടിനാണ് അനില്‍ കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ സ്റ്റാഫ് റൂമിലെ മേശ കുത്തി തുറന്ന് 20150 രൂപ മോഷ്ടിച്ചത്. റെക്കോര്‍ഡ്‌സ് വാങ്ങിയ ഇനത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച പണമാണ് മോഷണം പോയത്.
സ്‌കൂളിന് പരിസരത്തുളള കടയുടെ സിസിടിവിയില്‍ പ്രതിയുടെ രേഖചിത്രം ലഭിച്ചതോടെ കടുത്തുരുത്തി പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു .കടുത്തുരുത്തി,വെളളൂര്‍ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ വിവിധ സേറ്റഷനുകളിലായി ഇരുനൂറോളം മോഷണ കേസുകളിലെ പ്രതിയാണ് അനിലെന്ന് സി.ഐ കെ.പി തോംസണ്‍ പറഞ്ഞു. പ്രതിയെ വൈക്കം കോടതിയില്‍ ഹാജരാക്കി.
















