പ്യൂകെകോഹെ (ന്യൂസിലന്‍ഡ്): ഇന്ത്യയുടെ ഹോക്കിതാരം സുനിത ലാക്ര ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ സെഞ്ചുറി കുറിച്ചു.ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിറങ്ങിയതോടെയാണ് സുനിതയ്‌ക്ക് ഈ നേട്ടം കൈവന്നത്. സുനിതയുടെ നൂറാം രാജ്യാന്തര മത്സരമാണിത്.
2009 ലാണ് സുനിത രാജ്യന്തര മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്.അന്നുമുതല്‍ ഇന്ത്യ പ്രതിരോധ നിരയുടെ നട്ടെല്ലാണ്.നിലവില്‍ ന്യൂസിലന്‍ഡില്‍ ദീപ ഗ്രേയ്‌സ് എക്ക, നമിത ടോപ്പോ, സുശീല ചാനു, ഉദിത, ഗുര്‍ജിത്ത് കൗര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ പ്രതിരോനിര കാക്കുകയാണ്.
ഏഷ്യന്‍ ഗെയിംസ്, 2016 ലെ ഒളിമ്പിക്‌സ് , നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി, വനിതാ ഹോക്കി ലോക ലീഗ് റൗണ്ട് രണ്ട് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സുനിതയെ ഇന്ത്യന്‍ ഹോക്കി സെക്രട്ടറി ജനറല്‍ മുഷ്താഖ് അഹമ്മദ് അഭിനന്ദിച്ചു.
അധ്വാനിച്ചു കളിക്കുന്ന കഴിവുളള കളിക്കാരിയാണ് സുനിത. നിര്‍ണായ നിമിഷങ്ങളില്‍ മികവ് കാട്ടി സുനിത ടീമില്‍ സ്ഥാനമുറപ്പിച്ചരിക്കുകയാണ്.
യുവ താരങ്ങള്‍ക്കും വളര്‍ന്നുവരുന്ന കളിക്കാര്‍ക്കും പ്രചോദനമാണ് സുനിതയെന്നും മുഷ്താഖ് പറഞ്ഞു.
















