തുറവൂര്‍: ദേശീയപാതയില്‍ അരൂര്‍–ചേര്‍ത്തല പാതയില്‍ അപകടങ്ങള്‍ കുറയ്‌ക്കാന്‍ പാലങ്ങളുടെ നവീകരണം തുടങ്ങി. ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള നാലുവരി പാതയില്‍ തങ്കിക്കവല, പൊന്നാംവെളി, കുത്തിയതോട്, ചന്തിരൂര്‍ എന്നിവിടങ്ങളിലായി ഇരുപാതകളിലുമായി എട്ടുപാലങ്ങളാണ് നിലവിലുള്ളത്.
ഇവയുടെ കൈവരികള്‍ വാഹനങ്ങള്‍ ഇടിച്ചുകയറിയും കാലപ്പഴക്കത്താലും നശിച്ചിരുന്നു. അപകടങ്ങള്‍ പതിവായതിനാല്‍ പ്രതിഷേധം ശക്തമായതോടെയാണു നവീകരണം നടത്താന്‍ ദേശീയ പാതാ അതോറിറ്റി തീരുമാനിച്ചത്. പട്ടണക്കാട് സെക്ഷന്‍ ഓഫിസിന്റെ മേല്‍നോട്ടത്തിലാണ് കൈവരികളുടെ പണി നടന്നുവരുന്നത്.
കാലപ്പഴക്കം ചെന്ന പാലത്തിന്റെ കൈവരികള്‍ പൊളിച്ചു നീക്കിയശേഷം പുതിയ കൈവരികള്‍ പണിയും. വാഹനങ്ങള്‍ കൈവരികളില്‍ തട്ടി അപകടമുണ്ടാകാതിരിക്കാന്‍ സൂചനാ സ്റ്റിക്കറുകളും സ്ഥാപിക്കുന്നുണ്ട്.
പെയിന്റിങ് ജോലികളും നടക്കുന്നു. തങ്കി, പൊന്നാംവെളി എന്നിവിടങ്ങളിലെ ജോലികള്‍ പൂര്‍ത്തിയായി. കുത്തിയതോട്, ചന്തിരൂര്‍ പാലങ്ങളില്‍ പെയിന്റിങ്ങും ആരംഭിച്ചു.
















