പാലാ: മിനിസിവില്‍സ്റ്റേഷന്റെ പിന്‍ഭാഗം മാലിന്യങ്ങളുടെയും വാഹനങ്ങളുടെയും ശവപ്പറമ്പായി.
വിവിധ കേസുകളില്‍ പിടിക്കപ്പെട്ട വാഹനങ്ങളാണ് നടപടി പൂര്‍ത്തിയാക്കത്തതിന്റെ പേരില്‍ തുരുമ്പിച്ചും കാടുകയറിയും നശിക്കുന്നത്. ഓട്ടോറിക്ഷ, പിക്കപ്പ് വാന്‍, മിനിലോറി എന്നിവയാണ് ഇതില്‍ ഏറെയും. സിവില്‍സ്‌റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നും മാലിന്യം പുറം തള്ളുന്നതും ഇവിടെയാണ്. മഴക്കാല പൂര്‍വ്വ ശുചീകരണത്തിനും പരിസരശുചീകരണത്തിനും ബോധവല്‍ക്കരണം നടത്തുന്ന ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന ബഹുനില മന്ദിരത്തിന്റെ പരിസരമാണ് രോഗാണുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുന്നത്.
അനധികൃത മണല്‍കടത്തുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട വാഹനങ്ങളാണ് നശിക്കുന്നവയില്‍ ഭൂരിഭാഗവും. പിഴയടക്കാതെ ഉപേക്ഷിച്ചവ, നിയമനടപടികള്‍ പൂര്‍ത്തിയാക്കാത്തവ, സര്‍ക്കാര്‍ നിശ്ചയിച്ച തുകക്ക് ലേലം കൊള്ളാനാളില്ലാത്തവ എല്ലാം ഇക്കൂട്ടത്തിലുണ്ട്. വാഹനങ്ങളുടെ ശാപമോക്ഷത്തിനും പരിസരശുചീകരണത്തിനുമുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
















