തൃശൂര്‍: കാസര്‍കോഡ് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിയെ വിയ്യൂര്‍ മണലാറുകാവിലെ വാടകവീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്.
പെയിന്റിംഗ് തൊഴിലാളിയായ കാസര്‍കോഡ് സ്വദേശി വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ കാസര്‍കോഡ് രാജപുരം സ്വദേശികളായ അമ്പേനാട്ട് വീട്ടില്‍ ബേബി മകന്‍ രാജേഷ് (28), അകമാലില്‍ വീട്ടില്‍ എസ്തപ്പാന്‍ മകന്‍ അജീഷ് (29) എന്നിവരെ തൃശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ നിക്‌സന്‍ എം. ജോസഫ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2008 ജൂലായ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെയിന്റിംഗ് തൊഴിലാളികളായിരുന്ന കാസര്‍കോഡ് സ്വദേശി വിഷ്ണുവിനെ മുന്‍വിരോധം വച്ചും പണവും മറ്റും കവര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെയും കുത്തി കൊലപ്പെടുത്തിയതിനും കൂട്ടുകാരനായ അനൂപിനെ കത്തി കൊണ്ട് മാരകമായ രീതിയില്‍ കുത്തിപരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും വിയ്യൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
കാസര്‍കോഡ് സ്വദേശികളായ കൊല്ലപ്പെട്ട വിഷ്ണുവും പരിക്കേറ്റ അനൂപും പ്രതികളായ രാജേഷും അജീഷും തൃശൂരില്‍ പെയിന്റിംഗ് തൊഴിലാളികളായിരുന്നു.
മുന്‍വിരോധം വെച്ച് വിഷ്ണുവും, അനൂപും താമസിച്ചിരുന്ന വിയ്യൂരിലെ വാടകവീട്ടില്‍ വെച്ച് പ്രതികള്‍ കത്തി കൊണ്ട് കുത്തിയും ഇഷ്ടികകൊണ്ട് തലക്കടിച്ചുമാണ് വിഷ്ണുവിനെ കൊലപ്പെടുത്തിയതും അനൂപിനെ മാരകമായി പരിക്കേല്പിച്ചിട്ടുള്ളതും.
കേസന്വേഷണം നടത്തിയത് അന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് സി.ഐയും ഇപ്പോള്‍ തൃശ്ശൂര്‍ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (അഡ്മിനിസ്‌ട്രേഷന്‍) ആയ എം.കെ ഗോപാലകൃഷ്ണനും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് തുടര്‍ന്ന് സി.ഐ ആയിരുന്ന ഇപ്പോഴത്തെ ചാലക്കുടി ഡി.വൈ.എസ്.പി സി.എസ്. ഷാഹുല്‍ ഹമീദും ആയിരുന്നു.
കേസന്വേഷണസംഘത്തില്‍ വിയ്യൂര്‍ പോലീസ് സ്‌റ്റേഷന്‍ അസി. എസ്‌ഐ ശങ്കരന്‍ കുട്ടി, കെ.ടി സുഗുണന്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന ആന്റണി എന്നിവരുമുണ്ടായിരുന്നു.
















