തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് സംസ്ഥാന സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷം. കണ്ണൂര്‍ സംഭവത്തെത്തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തി ഗവര്‍ണര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് അതിന്റെ തെളിവാണെന്നും ഇത് ആദ്യസംഭവമാണെന്നും കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യന്നൂരില്‍ ആസൂത്രിതമായി നടന്ന കൊലപാതകത്തില്‍ സിപിഎമ്മിനുള്ള പങ്ക് വ്യക്തമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു വശത്ത് സമാധാനശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് ആയുധശേഖരണം നടക്കുകയാണ്.
ഭരണത്തിലും പാര്‍ട്ടിയിലും പൂര്‍ണഅധീശത്വമുള്ള പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എങ്ങനെയാണ് പാര്‍ട്ടി നേതാക്കള്‍ ഈ കൊലപാതകങ്ങള്‍ മുഴുവന്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി ആലോചിക്കണം. കണ്ണൂരില്‍ എട്ടു കൊലപാതകങ്ങളാണ് നടന്നത്. ആകെ 18 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഒന്നുകില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടിയിലുള്ള പിടി അയയുന്നു. അല്ലെങ്കില്‍ മുഖ്യമന്ത്രി പറഞ്ഞാലും അണികള്‍ കേള്‍ക്കുന്നില്ല. അതുമല്ലെങ്കില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും അറിഞ്ഞുകൊണ്ട് ഈ കൊലപാതകങ്ങള്‍ നടക്കുന്നു.
കണ്ണൂരില്‍ പോലീസ് പൂര്‍ണമായും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി. യഥാര്‍ഥപ്രതിയെ പിടിച്ചില്ലെങ്കില്‍ വീണ്ടും അക്രമവും കൊലപാതകവും ഉണ്ടാകും. പോലീസിന്റെ കൈകള്‍ കെട്ടപ്പെട്ടിരിക്കുന്നു. ഒറ്റപ്പെട്ട കൊലപാതകമെന്ന് മുഖ്യമന്ത്രി പറഞ്ഞത് വളരെ ദൗര്‍ഭാഗ്യകരമാണ്. ട്രെയിനില്‍ നിന്നിറങ്ങി മോട്ടോര്‍ സൈക്കിളില്‍ പോകുന്നൊരാളിനെ ഒരു വാഹനത്തില്‍ വന്ന് സംഘം ചേര്‍ന്ന് കൊലപ്പെടുത്തുന്നത് ആസൂത്രിതമല്ലെങ്കില്‍ പിന്നെ എന്താണ് ? ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 300 കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നും ഇറങ്ങിപ്പോകുന്നതിന് മുമ്പ് ചെന്നിത്തല പറഞ്ഞു.
















