തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ മുഖ്യ പ്രതി ഫാ.റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഈ മാസം 19 ന് വിധി പറയും.
റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ജില്ലാ ജയിലില്‍ നിന്ന് വൈദികനെ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജഡ്ജ് ശ്രീ കലാസുരേഷ് വൈദികന്റെ റിമാന്റ് കാലാവധി ഈ മാസം 30 വരെ ദീര്‍ഘിപ്പിച്ചു. ഇതിനിടെ കൊട്ടിയൂര്‍ പീഡനക്കേസില്‍ വൈദികന്റെ കൂട്ടുപ്രതിയായ 9 പേര്‍ക്കും കുറ്റപത്രത്തിന്റെ പകര്‍പ്പ് കോടതി നല്‍കി. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി കേസ് ഈ മാസം 30ലേക്ക് മാറ്റി.
9 പ്രതികളോടും ഇന്നലെ കോടതിയില്‍ ഹാജരാവണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വൈദികന്‍ റോബിന്‍ വടക്കുംചേരിയെ പേരാവൂര്‍ സി.ഐ.അറസ്റ്റ് ചെയ്തത്.
കുട്ടി പ്രസവിച്ച കുത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജാ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍, ഡോക്ടര്‍മാര്‍, നവജാത ശിശുവിനെ അനാഥമന്ദിരത്തിലേക്ക് കടത്തിയ കന്യാസ്ത്രീകള്‍, വയനാട് അനാഥമന്ദിരത്തിന്റെ ചുമതലയുള്ള ചൈല്‍ഡ് ലൈന്‍ ചെയര്‍മാന്‍, അംഗം, മുഖ്യ പ്രതിയായ വൈദികന്റെ സഹായി എന്നിവരടക്കം ഒമ്പത് പേരെ പിന്നീട് അറസ്റ്റ് ചെയ്തു.
















