ചാലക്കുടി: ക്ഷേത്രത്തിലേക്ക് താലിയെഴുന്നള്ളിപ്പ് നടത്തിയെന്നാരോപിച്ച് കെപിഎംഎസ് പ്രവര്‍ത്തകരെ ശാഖയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി പരാതി. മുരിങ്ങൂര്‍ ശ്രീ ചീനിക്കല്‍ ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭാഗമായവരെയാണ് മുരിങ്ങൂര്‍ കെപിഎംഎസ് 157 നമ്പര്‍ പുറത്താക്കിയെന്ന് പരാതിയുയര്‍ന്നത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ശാഖ ഭാരവാഹിയായതോടെയാണ് വര്‍ഷങ്ങളായി നടന്നു വരുന്ന താലിയെഴുന്നുള്ളിപ്പ് നടത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. ഇതിനെതിരെ ശാഖ ഭാരവാഹികള്‍ക്കിടിയില്‍ തന്നെ ഭിന്നതയുണ്ട്. ഭൂരിപക്ഷം പേരും താലി എഴുന്നുള്ളിപ്പ് നടത്തണെന്ന് ആവശ്യപ്പെട്ടെങ്കിലും ശാഖ ഭാരവാഹികള്‍ ഇത് അംഗീകരിച്ചില്ല.
ചുരുക്കം ചിലരാണ് പ്രശ്‌നത്തിന് കാരണമെന്നും ഇവരാണ് പുറത്താക്കലിന് പിന്നിലെന്നും പറയപ്പെടുന്നു. ഇവരുടെ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം ശാഖ അംഗങ്ങളും.
120 ഓളം അംഗങ്ങളുള്ള ശാഖയില്‍ 100 ഓളം വീട്ടൂകാര്‍ താലിയെഴുന്നുള്ളിപ്പില്‍ പങ്കെടുത്തിരുന്നു.
സംഭവം സിപിഎമ്മിലും ഭിന്നതക്ക് കാരണമായിരിക്കുകയാണ്. താലിയെഴുന്നുള്ളിപ്പില്‍ പങ്കെടുക്കരുതെന്ന് വീടുകളില്‍ കയറി നിര്‍ദ്ദേശിച്ചിട്ടും ഭൂരിപക്ഷം പേരും എഴുന്നുള്ളിപ്പില്‍ പങ്കെടുത്തത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇതാണ് സസ്‌പെന്‍ഷന്‍ നടപടിക്ക് കാരണമെന്നും സൂചനയുണ്ട്.
















