ആലപ്പുഴ: നെല്ലറയായ കുട്ടനാട്ടില്‍ നെല്ല് കുത്തി അരിയാക്കുന്ന മില്ലുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം പാഴായി. നെല്ലുസംഭരണത്തിലെ പ്രതിസന്ധിയും സ്വകാര്യ മില്ലുകാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നതും പതിവായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മില്ലുകള്‍ സ്ഥാപിക്കുകയെന്ന ആവശ്യത്തിന് പ്രസക്തി ഏറെയാണ്.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്തു കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ കുട്ടനാട്ടിലെ വിവിധ കേന്ദ്രങ്ങളിലായി നെല്ല് പുഴുങ്ങി ഉണങ്ങിക്കുത്തി അരിയാക്കാന്‍ പറ്റുന്ന തരത്തില്‍ പ്രാദേശികമായി മില്ലുകള്‍ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാരിലെ കൃഷിമന്ത്രി കെ.പി. മോഹനനും പ്രഖ്യാപനം ആവര്‍ത്തിച്ചു. പക്ഷെ ഒന്നും നടന്നില്ല. സ്വകാര്യ മില്ലുകാരുമായി ഭരണപ്രതിപക്ഷ കക്ഷികള്‍ക്കുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് കാരണമെന്നാണ് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നത്.
ഇക്കഴിഞ്ഞ പുഞ്ചക്കൃഷിക്ക് പോലും അഞ്ചു മുതല്‍ മുപ്പതു കിലോ വരെ നെല്ലാണ് ഒരു ക്വിന്റലിന് സ്വകാര്യ മില്ലുകാര്‍ കിഴിവെടുത്തത്. ഇപ്പോഴത്തെ കൃഷി മന്ത്രി സുനില്‍കുമാറും കഴിഞ്ഞ വര്‍ഷം കുട്ടനാട്ടില്‍ നടന്ന സമ്മേളനത്തില്‍ നെല്ലുകുത്ത് മില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. തകഴിയിലെ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണിനോട് അനുബന്ധിച്ച് മോഡേണ്‍ റൈസ് മില്ല് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും അതും പ്രാവര്‍ത്തികമായില്ല.
കുട്ടനാട് കേന്ദ്രീകരിച്ചു മില്ലുകള്‍ സ്ഥാപിച്ചാല്‍ വില ലഭിക്കുന്നതിനും സംഭരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനും ഏറെ ഗുണകരമാകും. മുന്‍പു കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലുമായി ഏതാനും സ്വകാര്യ മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇവയൊക്കെ പൂട്ടി. രണ്ടു കൃഷിയിലായി പ്രതിവര്‍ഷം ലക്ഷക്കണക്കിനു ടണ്‍ നെല്ല് കുട്ടനാട്ടില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. സിവില്‍ സപ്ലൈസ് നിര്‍ദേശിക്കുന്ന മില്ലുകാര്‍ സംഭരിക്കുന്നതിനു കര്‍ഷകര്‍ ദിവസങ്ങളോളം കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയിലാണ്.
















