തൃശൂര്‍: കേവലഭൂരിപക്ഷമില്ലാതെ ഭരണം നടത്തുന്ന ഇടതുമുന്നണിയിലെ ഏറെക്കാലമായുള്ള ശീതസമരം ഇന്നലെ കൗണ്‍സിലില്‍ പരസ്യമായി. അന്തിമ പദ്ധതിരേഖ അംഗീകരിക്കുന്നതിനായി കൗണ്‍സില്‍ ചേരുന്ന രാവിലെയാണ് യോഗം വിളിച്ചതെന്ന ആക്ഷേപത്തില്‍ പ്രതിപക്ഷത്ത് നിന്നും ജോണ്‍ഡാനിയേല്‍ തുടങ്ങിവെച്ച ചര്‍ച്ചയാണ് ഭരണപക്ഷത്തെ ചേരിയെ പരസ്യപ്പെടുത്തിയത്.
ജോണ്‍ ഡാനിയേലിന് മറുപടി പറഞ്ഞ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ.എം.പി.ശ്രീനിവാസന്, ഭരണത്തിലെ ഏകാധിപത്യത്തെ പരോക്ഷമായി തന്നെ വിമര്‍ശിച്ചു.
ഫയല്‍ എത്തിയത് വെള്ളിയാഴ്ച വൈകീട്ട് നാലിനായിരുന്നു. അംഗങ്ങളെ അറിയിച്ച് യോഗം ചേരാന്‍ ലഭിക്കുന്ന കുറഞ്ഞ സമയമാണ് ഇന്നലെ രാവിലെ. കഴിഞ്ഞ കൗണ്‍സിലില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ഇതുപോലൊരു ഫയല്‍ അജണ്ടയോടെ കാത്തിരുന്നു. പക്ഷേ, വന്നില്ല. ഇത് ഡി.പി.സിയിലെത്തിയപ്പോള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തീരുമാനവും അജണ്ട നമ്പരും ആവശ്യപ്പെട്ടത് കുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ ഫയല്‍ എത്തിയത്.
സ്റ്റാന്‍ഡിങ് കമ്മിറ്റിയെന്നത് ഏത് സമയത്തും ഒപ്പിട്ട് നല്കാവുന്ന ബ്ളാങ്ക് ചെക്ക് ആണെന്ന് കരുതരുതെന്നും നടപടിക്രമങ്ങളുണ്ടെന്നും ശ്രീനിവാസന് പറഞ്ഞു. നേരത്തെ റിലയന്‍സ് വിവാദത്തില്‍ ശ്രീനിവാസനെ മറികടന്നുള്ള ഡെപ്യൂട്ടി മേയറുടെ നടപടികള്‍ വിവാദമായിരുന്നു. ശ്രീനിവാസനെതിരെ പരോക്ഷമായി ഡെപ്യൂട്ടി മേയര്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.
ഏറെ നാളായി ഭരണ നേതൃത്വത്തോട് അകല്‍ച്ചയിലാണ് ശ്രീനിവാസന്. ശ്രീനിവാസന്റെ മറുപടിക്ക് പിന്നാലെയാണ് വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അജിത വിജയന് എഴുന്നേറ്റത്. രണ്ട് വര്‍ഷം മുമ്പ് വരെ പദ്ധതി വിഹിത വിനിയോഗത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കോര്പ്പറേഷന് കഴിഞ്ഞ തവണ മുതല്‍ അഞ്ചാം സ്ഥാനത്തെത്തി. പദ്ധതി നിര്‍വഹണത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്കും ഉത്തരവാദിത്വമുണ്ടെന്ന് അജിത പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്ക്ക് തന്നെ രണ്ട് അഭിപ്രായമാണെന്നും, അനൈക്യം ഭരണത്തെ ബാധിച്ചുവെന്നും ആരോപണമുയര്‍ന്നുവെങ്കിലും കൂടുതല്‍ ചര്‍ച്ചകളിലേക്ക് ഭരണപക്ഷം കടന്നില്ല.
















