കൊടകര: ഇന്നലെ അന്തരിച്ച കൊടകര ശിവരാമന്നായരുടെ(76) സംസ്കാരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ നടത്തി.മേളരംഗത്തെ കുറുംകുഴല്‍നിരയില്‍ ശ്രദ്ദേയസാന്നിധ്യമായിരുന്നു ഇദ്ദേഹം.കുട്ടിക്കാലംമുതല്‍ ശ്രുതിക്കാരനായും കുറുംകുഴല്കാര നായും ക്ഷേത്രസന്നിധികളിലെത്തിയ ശിവരാമന്നായര് 76 ന്റെ നിറവിലും മരണംവരെ തന്റെ കലോപാസന തുടര്‍ന്നു.
ഞായറാഴ്ച സംഗമേശസനനിധിയിലെ രാത്രി വിളക്കിന് കുറുംകുഴല്‍ വാദനത്തിനു ശേഷം പൊതുമരാമത്തു വകുപ്പിന്റെ ഗസ്ററ് ഹൗസില്‍ വിശ്രമിക്കാന്‍ പോയ അദ്ധേഹത്തെ തിരുവുത്സവത്തിന്റെ വലിയവിളക്കിന്റെ മേളത്തിന് പോകാനായി സഹപ്രവര്‍ത്തകര്‍ ചെന്നുവിളിച്ചപ്പോള്‍ എണീക്കാത്തതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പരിശോധിച്ച ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. ആറാട്ടുപുഴ ദേവമേളക്കും സംഗമേശന്റെ പഞ്ചാരിക്കും പെരുവനത്തെ ഇറക്കപ്പാണ്ടിക്കും അടക്കം കേരളത്തിലെ ഇരുന്നൂറില്പരം പൂരങ്ങള്‍ക്ക് കുറുംകുഴല്‍നിരയെ നയിച്ചിട്ടുണ്ട് ഈ അതുല്യകലാകാരന്. 2014 ജൂണ്‍ 1 ന് കൊടകരയില്‍ സ്വരായനം എന്ന പേരില്‍ ഇദ്ദേഹത്തെ നാട്ടുകാരും വിവിധക്ഷേത്രക്ഷേമസമിതികളും ചേര്‍ന്ന് വീരശൃംഖല നല്കി ആദരിക്കുകയും നാദശ്രീ ശിവരാമന് നായര്‍ എന്ന ബഹുമതിപത്രം നല്കുകയുമുണ്ടായി.
ഒട്ടനനവധി പുരസ്കാരങ്ങളും സുവര്‍ണ്ണ മുദ്രകളും ഇദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട് . ചോറ്റാനിക്കര നാരായണമാരാര്‍ ട്രസ്റ്റിന്റെ വാദ്യകലാരത്ന അവാര്‍ഡും ചക്കംകുളം അപ്പുമാരാര്‍ സ്മാരകസുവര്ണമുദ്രയും വൈക്കര നാദരത്നയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് 60 വര്‍ഷം പങ്കെടുത്തു.10 വര്‍ഷം കുറുംകുഴല്‍നിരയുടെ അമരക്കാരനുമായിരുന്നു.
തപസ്യ കലാസഹിത്യവേദി അനുശോചിച്ചു
കൊടകര:കുറുംകുഴല്‍ കലാകാരന് കൊടകര ശിവരാമന് നായരുടെ വിയോഗത്തില്‍ തപസ്യ കലാസഹിത്യവേദി ചാലക്കുടി ഉപജില്ല സമിതി അനുശോചിച്ചു. തപസ്യ സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ്, ചാലക്കുടി ഉപജില്ല സമിതി സംഘടനാസെക്രട്ടറി ഷാജു കല്ലിങ്ങപ്പുറം, ജനറല്‍ സെക്രട്ടറി നന്ദന് പോട്ട എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
















