കൊച്ചി: പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയെ അഴിമതി വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് വിജിലന്‍സ് ആവിഷ്‌കരിച്ച എജുവിജില്‍ പദ്ധതി ഈ അധ്യയന വര്‍ഷം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 380 കോളജുകളിലാണ് പദ്ധതി നടപ്പിലാക്കുക.
പ്രൊഫഷണല്‍ കോളജുകളില്‍ പ്രവേശനത്തിനായി വിദ്യാര്‍ത്ഥികള്‍ നിന്ന് ഈടാക്കുന്ന തലവരിപ്പണം, അധ്യാപക അനധ്യാപക നിയമനത്തിന് നല്‍കുന്ന കൈക്കൂലി, ഫീസിന് അനുസൃതമായ പഠനസൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവ ഇല്ലാതാക്കി അഴിമതിരഹിത വിദ്യാഭ്യാസം സാധ്യമാക്കുകയാണ് എജ്യുവിജിലിന്റെ ലക്ഷ്യം.
സ്വാശ്രയ കോളജുകളിലും ചില എയ്ഡഡ് കോളെജുകളിലും പ്രവേശനത്തിന് തലവരിപ്പണം ആവശ്യപ്പെടുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എജ്യുവിജില്‍ പദ്ധതി പ്രഖ്യാപിച്ചത്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ നടക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ പിജി കോളജുകളില്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനു ശേഷമാകും രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കുക. ഇതിന്റെ ഭാഗമായി അഴിമതി തടയുന്നതിന് 10 പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി പ്രത്യേക രൂപരേഖ വിജിലന്‍സ് തയ്യാറാക്കിയിട്ടുണ്ട്. അഴിമതി തടയുന്നതിന് വിജിലന്‍സ് നടപ്പിലാക്കുന്ന എറൈസിങ് കേരള, വിസില്‍ നൗ എന്നീ പദ്ധതികളുമായി സംയോജിപ്പിക്കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.
















