ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ എട്ടാം ദിവസമായ വലിയവിളക്ക് ദര്‍ശിക്കാന്‍ രാവിലെ മുതല്‍ ജനസഹസ്രങ്ങള്‍ ഒഴുകിയെത്തി. ഭഗവാന്‍ ആദ്യമായി ക്ഷേത്രത്തിനു പുറത്തേക്ക് പള്ളിവേട്ടക്കായി എഴുന്നെള്ളുന്ന ചടങ്ങ് ഇന്ന് നടക്കും.
പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ കൂട്ടിയെഴുന്നള്ളിപ്പിനു പഞ്ചാരിക്ക് ആദ്യത്തെ കോല്‍ ഉയരുന്ന സമയത്ത് തന്നെ നടപ്പുരയും കേളിപ്പന്തലും നിറഞ്ഞു കവിഞ്ഞിരുന്നു. എട്ടുമണിക്ക് ആരംഭിച്ച ശിവേലി ഒരു മണിയോടെ അവസാനിച്ചു. സേവാഭാരതി, അയ്യപ്പസേവാസംഘം പോലൂള്ള സംഘടനകള്‍ നടത്തിയ മോരുവെള്ളം, ചുക്കുവെള്ളം വിതരണം ഭക്തജനങ്ങള്‍ക്ക് വലിയ ആശ്വാസമായി.
വലിയവിളക്ക് ദിവസം ക്ഷേത്രം പൂര്‍ണ്ണമായി ദീപാലങ്കാരങ്ങള്‍കൊണ്ട് നിറഞ്ഞു. ശ്രീകോവിലിനു ചുറ്റിലും വാതില്‍ മാടങ്ങളിലും താഴെയും പുറത്ത് വിളക്കുമാടത്തിലും വലുതും ചെറുതുമായ ദീപസ്തംഭങ്ങളിലും കുലീപനി തീര്‍ത്ഥക്കുളത്തിലുമെല്ലാം ദീപങ്ങള്‍ കൊണ്ട് നിറഞ്ഞു. ചുറ്റമ്പലത്തിനകത്തും ചിരാതുകള്‍ വെളിച്ചം വിതറി.
വിളക്കെഴുന്നള്ളിപ്പിന്റെ മേളം കഴിഞ്ഞ് പഞ്ചവാദ്യച്ഛായയുള്ള വിപുലമായ ഇടയ്‌ക്കാ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിനും നാദസ്വരത്തിനും ശേഷം അകത്തേക്ക് തിടമ്പ് എഴുന്നെള്ളി.
തിരുവാതിരകളി, ഭക്തി ഗാനസുധ, ഭരതനാട്യം, പൂര്‍ണ്ണിമ കൃഷ്ണന്‍ മുംബൈ അവതരിപ്പിച്ച സംഗീത കച്ചേരി, സിനിമ താരം രമ്യ നമ്പീശന്‍ അവതരിപ്പിച്ച നൃത്ത നൃത്തങ്ങള്‍, 9.30 ന് വലിയ വിളക്ക് എഴുന്നെള്ളിപ്പ് വിളക്കിനുശേഷം ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം അവതരിപ്പിച്ച ശ്രീരാമ പട്ടാഭിഷേകം കഥകളിയും നടന്നു.
പള്ളിവേട്ട ദിവസമായ ഇന്ന് രാവിലെ ഈ വര്‍ഷത്തെ അവസാന പകല്‍ ശിവേലി നടക്കും. പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന ശിവേലിക്ക് പ്രശസ്തരായ കലാകാരന്മാര്‍ ഇടത്തും വലത്തും അണിചേരും.
ഓട്ടന്‍തുള്ളല്‍, തിരുവാതിരക്കളി, ഭഗവദ്ഗീത ശ്ലോകാഞ്ജലി, സംഗീതകച്ചേരി, നൃത്തനൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറും.
രാത്രി 8.15 ഭഗവാന്‍ പള്ളിവേട്ടക്കായി പുറത്തേക്ക് എഴുന്നെള്ളും. തുടര്‍ന്ന് മേജര്‍സെറ്റ് പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലേക്ക്തിരിച്ചെഴുന്നെള്ളും.
















