കൊടുങ്ങല്ലൂര്‍: മൊബൈല്‍ ടവറില്‍അറ്റകുറ്റപ്പണിക്കായി കയറിയ തൊഴിലാളികളെ കടന്നല്‍കൂട്ടം ആക്രമിച്ചു ,രക്ഷിക്കാനെത്തിയ ഫയര്‍മാന്‍മാര്‍ക്കും കുത്തേറ്റു.
തെക്കെ നടയില്‍ പടകുളം റോഡില്‍ ഉച്ചതിരിഞ്ഞ് നാല് മണിയോടെയായിരുന്നു സംഭവം .സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവറില്‍ അറ്റകുറ്റപ്പണിക്കായി കയറിയ മൂന്നംഗ തൊഴിലാളി സംഘത്തെ കടന്നല്‍കൂട്ടം ആക്രമിക്കുകയായിരുന്നു, ആക്രമണത്തില്‍ പരിക്കേറ്റ കാക്കനാട് കാഞ്ഞിരത്തറ ബോബി (23), ഊരകം സ്വദേശി ശരത് (23)എന്നിവര്‍ നിലവിളിച്ചു കൊണ്ട് താഴെയിറങ്ങി ഇവരെ കടന്നല്‍കൂട്ടം പിന്തുടര്‍ന്നെങ്കിലും ശബ്ദം കേട്ട് ഓടിയെത്തിയ ടി.കെ.എസ് പുരം സ്വദേശി എടവനക്കാട്ട് ലാല്‍ ഇവരെ കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിലെത്തിയവര്‍ മൂന്നാമതൊരാള്‍ കൂടി ടവറില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നവിവരം നല്‍കിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ ഏറെനേരം പരിശോധിച്ചെങ്കിലും മൂന്നാമനെ കണ്ടെത്താനായില്ല, പിന്നീട് മൊബൈല്‍ ടവറിന് മുകളില്‍ കുടുങ്ങിക്കിടന്നിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി മേപ്പറമ്പത്ത് മുനീബി (25) നെ കണ്ടെത്തി.
ഇതേ സമയം സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ടവറില്‍ കയറിനെ താഴേക്കിറക്കാന്‍ ശ്രമം തുടങ്ങി, ഇതിനിടയില്‍ കടന്നലുകള്‍ സ്റ്റേഷന്‍ ചാര്‍ജ് സുബ്രന്‍ (45) ഫയര്‍മാന്‍ ഡ്രൈവര്‍ വിബീഷ് (35) ഫയര്‍മാന്‍ ശ്യാംകുമാര്‍ (29) എന്നിവരെയും ആക്രമിച്ചു. കടന്നല്‍ കുത്തേറ്റിട്ടും വകവെയ്‌ക്കാതെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി .പിന്നീട് പരിക്കേറ്റവരെ ടി.കെ.എസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















