ഇരിങ്ങാലക്കുട : വിദ്യാഭ്യാസ വിചക്ഷണനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ഫാദര്‍ ഗബ്രിയേലിന് ഇരിങ്ങാലക്കുടയുടെ പൗരാവലി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗബ്രിയേലച്ചന്റെ ഭൗതിക ശരീരം ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ഗബ്രിയേലച്ചന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പിള്ളി വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ എത്തി. രാജ്യസഭ എംപി റിച്ചാര്‍ഡ് ഹേ, എം എല്‍ എ മാരായ പ്രൊഫ കെ യു അരുണന്‍, ബി ഡി ദേവസ്സി എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
വൈകിട്ട് 5 മണിക്ക് നടക്കുന്ന സംസ്‌കാര ശുശ്രുഷക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വവും വഹിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് അമല മെഡിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ച വിലാപയാത്ര 11 മണിയോടെ ഇരിങ്ങാലക്കുട ഫാ.ഗബ്രിയേല്‍ സ്‌ക്വയറില്‍ വച്ച് നഗരസഭ അദ്ധ്യക്ഷ നിമ്യ ഷിജു, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് കോളേജിലേക്ക് അനുഗമിച്ചു. ജസ്റ്റീസ് കുര്യന്‍ ജോസഫ്, സംവിധായകന്‍ കമല്‍, വിവിധ രാഷ്‌ട്രീയ നേതാക്കള്‍, പോലീസ് ഐ.ജി എം.ആര്‍. അജിത്കുമാര്‍ ഐ.പി.എസ്, തൃശ്ശൂര്‍ എസ്പി വിജയകുമാര്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന കുവൈറ്റ് ചാപ്റ്ററിനുവേണ്ടി ഫ്രാന്‍സിസ് മൈക്കിള്‍, വിവിധ പഠനവിഭാഗങ്ങള്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ല വൈസ് പ്രസിഡണ്ട് ഇ.മുരളീധരന്‍, മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍ എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു. വൈകീട്ട് 5 മണിക്ക് ക്രൈസ്റ്റ് ആശ്രമദേവാലയത്തില്‍ സംസ്‌കാരം നടന്നു.
















