പുതുക്കാട്: ദേശീയപാതയില്‍ പുതുക്കാട് സെന്ററിലെ സിഗ്‌നല്‍ സംവിധാനം തകരാറിലായത് യാത്രക്കാരെ വലച്ചു. അപകടങ്ങള്‍ ഒഴിവായത് തലനാരിഴയ്‌ക്ക്. തെക്ക് ഭാഗത്തേയ്‌ക്കുള്ള സിഗ്നലാണ് വെള്ളിയാഴ്ച ഉച്ചയോടെ തകരാറിലായത്.
ഈ സമയം മറ്റു സിഗ്‌നലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. തകരാറിലുള്ള സിഗ്‌നലില്‍ പച്ച വിളക്ക് അണയാതിരുന്നതിനാല്‍ വാഹനങ്ങള്‍ നിര്‍ത്താതെ കടന്നുപോവുകയായിരുന്നു. മറ്റു ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ദേശീയ പാതയിലേക്ക് പ്രവേശിക്കാനുള്ള പച്ച വിളക്ക് തെളിയുകയും ചെയ്തിരുന്നത് വാഹനത്തിരക്കിനും ആശയക്കുഴപ്പത്തിനുമിടയാക്കി.
വൈകുന്നേരമായതോടെ സിഗ്‌നല്‍ പൂര്‍ണമായും ഓഫ് ചെയ്ത് വാഹന നിയന്ത്രണം പോലീസ് ഏറ്റെടുത്തു. ദേശീയപാത കുറുമാലി ക്ഷേത്രത്തിന് സമീപം ഉണ്ടായ അപകടത്തില്‍ വലിയ ഗതാഗതകുരുക്കാണ് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ടിരുന്നത്. ഇതുമൂലം ദേശീയപാത മറിക്കടക്കാനാവാതെ പുതുക്കാട് സെന്ററില്‍ ഇരുഭാഗത്തുനിന്നുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടി.
















