ഇരിങ്ങാലക്കുട: നാലമ്പലത്തിനുള്ളിലെ താന്ത്രികചടങ്ങുകളും ക്ഷേത്ര സംസ്കാരത്തിന് നിരക്കുന്ന കലാപരിപാടികളും മറ്റു ക്ഷേത്രോത്സവങ്ങളില്‍ നിന്നും കൂടല്‍മാണിക്യ ഉത്സവത്തെ വ്യത്യസ്തമാക്കുന്നു.
ശിവേലിക്കും വിളക്കിനും ദേവനെ ആവാഹിച്ച് എഴുന്നുള്ളിക്കുന്ന സമ്പ്രദായം ഇവിടത്തെ അത്യപൂര്‍വ്വമായ സവിശേഷതയാണ്. തനി സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള നെറ്റിപ്പട്ടങ്ങളും ശാന്തി ശുദ്ധം സംരക്ഷിക്കുന്നതിനായി തിടമ്പ് എഴുന്നള്ളിക്കുന്ന ആനയുടെ ഇരുഭാഗത്തും ഉള്ളാനകളെ നിര്‍ത്തുന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
മാതൃക്കല്‍ ബലി അര്‍പ്പിക്കുമ്പോള്‍ ചെണ്ട, തിമില, കൊമ്പ്, കുഴല്‍ തുടങ്ങിയ വാദ്യങ്ങള്‍ രണ്ടുനേരവും ഉപയോഗിക്കാറുണ്ട്. മറ്റു ക്ഷേത്രങ്ങളില്‍ മാതൃക്കല്‍ ബലി ഭക്തജനങ്ങളെ തൊഴാന്‍ അനുവദിക്കാറില്ല. ഇവിടെ മാതൃക്കല്‍ ബലി തൊഴുന്നത് പരമ പുണ്യമാണെന്നാണ് സങ്കല്പം.
ബ്രഹ്മകലശവും യഥാവിധിയുള്ള താന്ത്രിക ചടങ്ങുകളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള മഹോത്സവങ്ങള്‍ ഇപ്പോള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും കൂടല്‍മാണിക്യ ക്ഷേത്രത്തിലും മാത്രമേയുള്ളൂ. തരണനെല്ലൂര്‍ തന്ത്രിമാരാണ് രണ്ടു ക്ഷേത്രത്തിലെയും തന്ത്രികള്‍. ദേവന് ആദ്യമായി ശ്രീകോവിലിന് പുറത്തിറങ്ങുന്ന കൊടിപ്പുറത്ത് വിളക്കാണ് ആദ്യ മാതൃക്കല്‍ ബലി. തുടര്‍ന്നുള്ള എട്ടു ദിവസവും രാവിലെ 7.45 നും രാത്രി 8.15 നും ആറാട്ട് ദിവസം രാവിലെയും മാതൃക്കല്‍ ബലി ഉണ്ടായിരിക്കും.
















