തൃശൂര്‍: രാഷ്ട്രം പത്മഭൂഷന്‍ നല്കി ആദരിച്ച പ്രഥമ വൈദികന് എന്ന നിലയില്‍ മാത്രമല്ല; സ്വജീവിതം കൊണ്ട് സമൂഹത്തിന് സന്ദേശം നല്കിയ മനുഷ്യസ്നേഹി എന്ന നിലയിലാണ് കഴിഞ്ഞദിവസം അന്തരിച്ച ഫാ. ഗബ്രിയേല്‍ ചിറമ്മല്‍ ഓര്‍മ്മിക്കപ്പെടുക. ആദ്യത്തെ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ തൃശൂരിലെ അമല മെഡിക്കല്‍ കോളജ് അദ്ദേഹത്തിന്റെ നിത്യസ്മാരകമായി നിലനില്ക്കുന്നു.
ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (വനിത) കോളജ്, ചാലക്കുടി കാര്‍മല്‍ സ്കൂള്‍, ഭാരതമാതാ സ്കൂള്‍, ഇരിങ്ങാലക്കുട ആര്‍ട്സ് കേരള, കാത്തലിക് സെന്റര്‍, ദീപ്തി കള്‍ചറല്‍ സെന്റര്‍, കുരിയച്ചിറ ഗലീലി, ചേതന സംഗീത നാടക സ്കൂള്‍ തുടങ്ങി സ്ഥാപനങ്ങള്‍ക്കു പുറമേ ക്രിസ്ത്യന്‍ കോളജുകള്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ് എന്നിവയും അദ്ദേഹം സ്ഥാപിച്ചു.
ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്ന സ്നേഹഭവന്, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു പരിശീലനം നല്കുന്ന പ്രതീക്ഷ ഭവന് എന്നിവയുടെ സ്ഥാപകനും ഫാ. ഗബ്രിയേലാണ്.
തൃശൂര്‍ മിണാലൂര്‍ ചിറമ്മല്‍ പെരിങ്ങോട്ടുകാരന്‍ പാവു-കുഞ്ഞില ദമ്പതികളുടെ മകനായി 1914 ഡിസംബര്‍ അഞ്ചിനായിരുന്നു ഗ്രാബിയേലച്ചന്റെ ജനനം. 1942 ല്‍ മെയ് 30 ന് ചങ്ങനാശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ ജയിംസ് കാളാശ്ശേരിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. വൈദികനായപ്പോള്‍ ആന്റണി എന്ന പേരിനു പകരം ഗബ്രിയേല്‍ എന്ന പേരു സ്വീകരിച്ചു.
1949 ല്‍ ചെന്നൈ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിഎസ്സി ഓണേഴ്സ് ബിരുദം നേടിയ ശേഷം തേവര എസ്എച്ച് കോളേജില്‍ സുവോളജി വകുപ്പ് മേധാവിയായി. 1956 മുതല്‍ 75 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പലായിരുന്നു.
1975 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം 78 ലാണ് അമല കാന്‍സര്‍ ആശുപത്രിക്ക് തുടക്കം കുറിച്ചത്. അമല മെഡിക്കല്‍ കോളജിനെ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ചികില്‍സകളുടെ സംഗമസ്ഥാനമാക്കി മാറ്റിയത് ഫാ. ഗബ്രിയേലിന്റെ നിശ്ചയദാര്‍ഡ്യമാണ്.
1952ല്‍ സുവോളജി വകുപ്പുമേധാവിയായിരിക്കെ കപ്പല്‍ത്തടി തുരക്കുന്ന അപൂര്‍വ ഇനം പുഴുവിനെ കണ്ടെത്തിയത് ഫാ. ഗബ്രിയേലും വിദ്യാര്‍ഥികളും ചേര്‍ന്നാണ്. ഫാ. ഗബ്രിയേലിനോടുള്ള ആദരവായി ശാസ്ത്രലോകം ഈ പുഴുവിന്റെ ശാസ്ത്രീയ നാമം ബാങ്കിയ ഗബ്രിയേലി എന്ന് സ്വീകരിച്ചു.
പുലര്‍ച്ചെ നാലിന് ഉണരുകയും രാത്രി 9.30ന് ഉറക്കം തുടങ്ങുന്നതുമായിരുന്നു ഫാ. ഗബ്രിയേല്‍ ചിറമ്മലിന്റെ ദിനചര്യ. ഈ രിതിയില്‍ 67 വര്‍ഷം പ്രമേഹമെന്ന രോഗത്തെ അതിജീവിച്ചയാള്‍ എന്ന അദ്ഭുതമാവുന്നതും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യം കൊണ്ടു തന്നെയാണ്.
















