മലയാള സിനിമ മുമ്പില്ലാത്തവിധം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. നിരവധി നല്ല സിനിമകള്‍ തീയറ്ററുകളിലെത്തുകയും അവ കാണുന്നതിന് പ്രേക്ഷകരെത്തുകയും ചെയ്യുന്നു. മുന്‍കാലങ്ങളില്‍ മലയാള സിനിമ സൂപ്പര്‍സ്റ്റാറുകളെ കേന്ദ്രീകരിച്ചാണ് നിലനിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സൂപ്പറുകളില്ലെങ്കിലും സിനിമ വിജയിക്കുമെന്ന നിലയിലെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പുതുതലമുറ സിനിമകള്‍ കുറെ വിജയിച്ചെങ്കിലും ആ ട്രെന്‍ഡിനും മാറ്റം വന്നുകഴിഞ്ഞു. സിനിമ നല്ലതാണെങ്കില്‍ വിജയിക്കുമെന്നതാണിപ്പോഴത്തെ അവസ്ഥ. നടീനടന്മാരെയോ സംവിധായകരെയോ നോക്കിയല്ല പ്രേക്ഷകര്‍ തീയറ്ററിലെത്തുന്നത്. പകരം ജീവിത ഗന്ധിയായ സിനിമകള്‍തേടി പ്രേക്ഷകരെത്തുന്നു. അത്തരത്തിലുള്ള സിനിമകള്‍ നിരവധി തീയറ്ററിലെത്തിയതിനാല് സജീവമായ സിനിമാശാലകളാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. മലയാള സിനിമ പഴയ പ്രതാപകാലത്തേക്ക് തിരിച്ചുപോകുകയാണെന്ന് തോന്നിപ്പോകുന്നു.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ പുറത്തിറങ്ങി വിജയിച്ച സിനിമകളിലൊന്നും സൂപ്പര്‍സ്റ്റാറുകളല്ല നായകന്മാര്. പുതുമുഖ നായകരും രണ്ടാം നിരയിലും മൂന്നാം നിരയിലുമുള്ള നടന്മാരും അഭിനയിച്ച സിനിമകള്‍ വിജയിച്ചു. 2013ലെ സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങുകയും പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്ത സെല്ലുലോയ്ഡ് എന്ന കമല്‍ ചിത്രത്തിലും സൂപ്പര്‍ സ്റ്റാറുകളുടെ സാന്നിധ്യമില്ല. താരനിരയുടെ അതിപ്രസരം പോലും സിനിമയിലില്ലെന്നതാണ് എടുത്തുപറയേണ്ടത്. പൃഥ്വിരാജും ശ്രീനിവാസനും മമ്മ്താ മോഹന്ദാസുമൊഴിച്ചാല് നടീനടന്മാര് പുതുമുഖങ്ങളും നാടക സീരിയല്‍ അഭിനേതാക്കളുമാണ്. മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ.സി.ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കമല്‍ സെല്ലുലോയ്ഡ് ഒരുക്കിയിരിക്കുന്നത്. ഡാനിയേലിനെ ആ സ്ഥാനത്തേക്കെത്തിക്കാനുള്ള ഒരു പത്രപ്രവര്‍ത്തകന്റെ ശ്രമങ്ങളും അതിനു തുരങ്കം വയ്ക്കുന്ന ഭരണാധികാരികളും ചിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. പുരസ്കാരത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സെല്ലുലോയ്ഡ് മികച്ച വിജയം കരസ്ഥമാക്കുമെന്ന് നിസ്സംശയം പറയാം.
കഴിഞ്ഞ ദിവസം തീയറ്ററുകളിലെത്തിയ ഷട്ടര്‍ എന്ന ചലച്ചിത്രമാണ് എടുത്തുപറയാവുന്ന മറ്റൊന്ന്. ജോയ്മാത്യു എന്ന നാടക പ്രവര്‍ത്തകന്റെ ആദ്യ സംവിധാന സംരംഭമാണ് ഷട്ടര്‍. മലയാള സിനിമയുടെ നല്ല കാലത്തിലേക്ക് തുറന്നു വയ്ക്കുകയാണ് ഷട്ടര്‍ എന്ന ചലച്ചിത്രം. 2012 ഡിസംബറില്‍ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷക പുരസ്കാരം ഈ സിനിമ നേടി. വിദേശത്തടക്കം നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രശംസ പിടിച്ചുപറ്റി. ആകാംക്ഷ നിറഞ്ഞ രണ്ടു മണിക്കൂറുകളില്‍ മലയാള സിനിമാ പ്രേക്ഷകന് ഷട്ടര്‍ പുതിയ അനുഭവമാകുന്നു.
അവിചാരിത സംഭവങ്ങളും ദുരന്തങ്ങളും ജീവിതത്തിനുമേല്‍ നടത്തുന്ന ഭ്രാന്തമായ അധിനിവേശമാണ് ഷട്ടര്‍ എന്ന മലയാള സിനിമയുടെ പ്രമേയം. സാധാരണക്കാരനായ ഏതൊരുമലയാളിയുടെ ജീവിതത്തിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ് ഇതിന്റെ ഇതിവൃത്തം. സൗഹൃദങ്ങളും പണവും എല്ലാമുണ്ടായിട്ടും ജീവിതത്തിന്റെ ചില സമയങ്ങളിലുണ്ടാകുന്ന നിസ്സഹായതയും അതുവരുത്തിവയ്ക്കുന്ന മാനസികാവസ്ഥകളും കയ്യടക്കത്തോടെ ചിത്രീകരിച്ചിരിക്കുന്നു. കോഴിക്കോട് നഗരത്തില്‍ രണ്ട് രാത്രിയും പകലുമായി നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ഗള്‍ഫ് മലയാളി റഷീദും സിനിമാ സംവിധായകനായ മനോഹരനും ഓട്ടോ ഡ്രൈവര്‍ സുരനും ഇവര്‍ക്കിടയിലേക്കു വരുന്ന, സ്ഥിരമായി ഒരുവിളിപ്പേരില്ലാത്ത അഭിസാരികയായ സ്ത്രീയുമാണ് ഷട്ടറിലെ പ്രധാന കഥാപാത്രങ്ങള്‍.
കേരളത്തിലെ സമകാലിക രാഷ്ട്രീയസാമൂഹ്യ സാഹചര്യത്തിലൂടെയാണ് ഷട്ടറിന്റെ കഥ നീങ്ങുന്നത്. അതിനാല്‍ത്തന്നെ കേരളത്തിന്റെ സാമൂഹ്യാവസ്ഥകള്‍ സിനിമയില്‍ വിശകലനം ചെയ്യപ്പെടുന്നു. മലയാള സിനിമയിലെ ജീര്ണാവസ്ഥമുതല് കപട സദാചാരവും ഇന്റര്‍നെറ്റിന്റെയും മൊബെയില്‍ ഫോണിന്റെയും ദുരുപയോഗവും സൗഹൃദങ്ങളുടെ പൊള്ളത്തരങ്ങളുംവരെ ചിത്രത്തി ല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ചിത്രത്തിലെ സാധാരണക്കാരായ കഥാപാത്രങ്ങള്‍ കടന്നു പോകുന്ന അസാധാരണ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകരില്‍ സദാചാരപരമായ ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്. പൂര്‍ണമായും കോഴിക്കോട്ട് ചിത്രീകരിച്ച ഈ സിനിമ കോഴിക്കോടന്‍ ഭാഷയില്‍ ഊന്നിയുള്ളതാണ്. കോഴിക്കോടിന്റെ നന്മയും സംസ്കാരവും ഈ സിനിമയില്‍ കടന്നുവരുന്നുണ്ട്. പുറത്തിറങ്ങാന്‍ പറ്റാത്തവിധം ഒരാണും പെണ്ണും ഷട്ടര്‍ താഴ്ത്തി പുറത്തുനിന്നു പൂട്ടിയ മുറിക്കുള്ളില്‍ അകപ്പെട്ടു പോയാല്‍ ഉണ്ടാകുന്ന മാനസികവും സാമൂഹ്യവുമായ അവസ്ഥയാണിതിലുള്ളത്. വിദേശമലയാളിയായ റഷീദ് അവിചാരിതമായി ഒരു സ്ത്രീയോടൊപ്പം തന്റെ വീടിനുമുന്നിലുള്ള കടമുറിക്കുള്ളില്‍ അകപ്പെടുന്നു. ഷട്ടര്‍ താഴ്ത്തി പുറത്തു നിന്നുപൂട്ടി ഭക്ഷണം വാങ്ങാന്‍ പോകുന്ന ഓട്ടോ ഡ്രൈവര്‍ സിനിമാ സംവിധായകനോടൊപ്പം പോലീസിന്റെ പിടിയിലാകുന്നു. ഷട്ടറിനുള്ളില്‍ അകപ്പെടുന്നവരും പോലീസ് സ്റ്റേഷനിലായവരും പുറത്തുള്ളവരുമെല്ലാം ചേര്‍ന്ന് സമൂഹത്തിന്റെ നേര്‍ചിത്രമാകുകയാണ് ‘ഷട്ടര്‍’ എന്ന ചലച്ചിത്രം.
രഞ്ജിത്തിന്റെ ബാവൂട്ടിയുടെ നാമത്തില്‍, രാജീവ് രവിയുടെ അന്നയും റസൂലും, ആഷിക് അബുവിന്റെ ടാ തടിയാ, ബോബന് സാമുവേലിന്റെ റോമന്‍സ്, വി.കെ.പ്രകാശിന്റെ നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകള്‍ തീയറ്ററില്‍ വിജയം കാണുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത ചിത്രങ്ങളാണ്.
ഇക്കൂട്ടത്തില്‍ അന്നയും റസ്സൂലും വേറിട്ടു നില്ക്കുന്ന ചലച്ചിത്രമാണ്. ഒരു ടാക്സി ഡ്രൈവറും സെയില്‍സ് ഗേളും തമ്മിലുള്ള പ്രണയം മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ പറയുകയാണ് അന്നയും റസ്സൂലിലും. പ്രണയത്തിന്റെ ഓര്‍മകളുമായി ലീവില്‍ വരുന്ന ആഷ്ലിയുടെ (സണ്ണി വെയ്ന്‍) ഓര്‍മകളിലൂടെയാണ് റസൂലിന്റെ കഥ പറയപ്പെടുന്നത്. അദൃശ്യമായ ക്യാമറയ്ക്ക് മുന്നില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങള്‍. നാടകീയത തീരെയില്ലാത്ത സംഭാഷണങ്ങള്‍, (കൊച്ചി നാട്ടു ഭാഷ), തല്‍സമയ ശബ്ദ ലേഖനത്തിലൂടെ പുനരാവിഷക്കരിക്കപ്പെടുമ്പോള്‍ അത് സിനിമയുടെ മൊത്തം സ്വാഭാവികതയെ കൂടുതല്‍ മികവുറ്റതാക്കുന്നുണ്ട്.
കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ നടീനടന്മാരെ കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഒന്നിച്ചുള്ള ഒരു ബസ് യാത്രയില്‍ കാറ്റില്‍ പറക്കുന്ന അന്നയുടെ മുടിയിഴകള്‍ തൊടുന്ന റസൂലിന്റെ വിരല്‍ത്തുമ്പില്‍ പോലും പ്രണയം പ്രതിഫലിപ്പിക്കാന്‍ ടാക്സി ഡ്രൈവറായി അഭിനയിക്കുന്ന ഫഹദ് ഫാസിലിനു കഴിഞ്ഞിട്ടുണ്ട്. തികച്ചും യാഥാസ്ഥിതിക കുടുംബത്തില്‍നിന്ന് വരുന്ന അന്നയുടെ ശരീര ഭാഷയിലുണ്ട് അവളുടെ അരക്ഷിതത്വം. റസൂലിന്റെ അടുത്ത് പോലും അവള്‍ക്കു വാക്കുകള്‍ ഇല്ല. ആന്‍ഡ്രിയയുടെ കൈയില്‍ അന്ന ഭദ്രം, അതുപോലെ തന്നെയാണ് മറ്റു കഥാപാത്രങ്ങള്‍ എല്ലാം. ആഷിക് അബു പ്രതീക്ഷ നല്കുന്ന സംവിധായകന് മാത്രമല്ല നല്ല ഒരു നടനും കൂടിയാണ് എന്ന് ഹൈദര്‍ എന്ന കഥാപാത്രത്തിലൂടെ തെളിയിക്കുന്നുണ്ട്.
തീയറ്ററിലേക്ക് ഇനി വരാനിരിക്കുന്ന സിനിമകളും പ്രതീക്ഷ നല്‍കുന്നതാണ്. ഒരുപിടി നല്ല ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. നല്ല സിനിമ സൃഷ്ടിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ മുന്നോട്ടുവരുന്ന കുറെനല്ല സംവിധായകരുടെ കൈകളിലാണ് ഇന്ന് മലയാള സിനിമയ്ക്ക് നിലനില്പ്പുണ്ടായിരിക്കുന്നത്. വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും കടപ്പാടുകള്‍ക്കും കോംപ്രമൈസുകള്‍ക്കും താരപരിവേഷത്തിനുമൊന്നും അവിടെ സ്ഥാനമുണ്ടാകുന്നില്ല. സിനിമ, സിനിമ മാത്രം.
കുറഞ്ഞ ചെലവില്‍ നല്ല സിനിമകളൊരുക്കുക എന്നതാണ് ഇപ്പോള്‍ നിര്‍മാതാക്കളും സംവിധായകരും ലക്ഷ്യമിടുന്നത്. അതുതന്നെയാണ് വേണ്ടതും. എങ്കില്‍ മാത്രമേ കൊച്ചുകേരളത്തില്‍ സിനിമ കലാപ്രവര്‍ത്തനമായും വ്യവസായമായും നിലനില്ക്കുകയുള്ളൂ. സിനിമയുടെ വസന്തകാലത്തില്‍ നല്ല സിനിമയ്ക്കൊപ്പം പ്രേക്ഷകരും നിലകൊള്ളും.
നരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: