അച്ഛന്റെ പോലീസ് ചിട്ടയില്‍ നോവലുകളും കഥാപുസ്തകങ്ങളുംപോലും നിഷേധിക്കപ്പെട്ട ബാല്യം, പക്ഷേ നിയോഗം തിരുത്തിയെഴുതാനാവില്ല. യാഥാസ്ഥിതികതയുടെ ബന്ധനങ്ങള്‍ക്കിടയിലും അവന്റെ മനസ് ദൃശ്യവിസ്മയങ്ങള്‍ക്കൊപ്പമായിരുന്നു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കണ്ട സിനിമകള്‍ കുഞ്ഞുമനസിലെ കലാകാരന്റെ പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിച്ചു. റേഡിയോ നാടകങ്ങള്‍ ചെയ്തു. മനസിലെ ഭാവനകള്‍ തിരക്കഥയായി വെള്ളിത്തിരയിലെത്തണമെന്ന മോഹവുമായി വീട്ടുകാരറിയാതെ ചെന്നൈയിലേക്ക് വണ്ടികയറി. കോടമ്പാക്കം യാത്രയിലുണ്ടായ പ്രതിസന്ധികള്‍ ഒരു 19 കാരന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വഴിമാറി. ഹരിഹരന്റെ ‘ആരണ്യക’ത്തില്‍ തുടങ്ങിയ ആക്ഷന്‍ ഇന്ന് ‘ഒറീസ’യിലെത്തി നില്ക്കുമ്പോള് എം. പത്മകുമാര്‍ എന്ന സംവിധായകന് സഞ്ചരിച്ച വേറിട്ട വഴികളും നേരിട്ട പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ ഓരോ സിനിമയെയും സ്വാധീനിക്കുന്നു.
അമ്മക്കിളിക്കൂട്, വര്‍ഗം, വാസ്തവം, പരുന്ത്, കേരളകഫേ (നൊസ്റ്റാള്‍ജിയ), ശിക്കാര്‍, തിരുവമ്പാടി തമ്പാന്, പാതിരാമണല്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വ്യത്യസ്ത അനുഭവങ്ങളൊരുക്കിയ പത്മകുമാറിന്റെ പുതിയ പരീക്ഷണമാണ് ‘ഒറീസ’. ‘ഒറീസ’യിലെ ഗ്രാമാന്തരീക്ഷവും ആചാരങ്ങളും ദൃശ്യവിരുന്നിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിച്ച് കാഴ്ചയുടെ പുതിയ വസന്തമൊരുക്കുകയാണ് പത്മകുമാര്‍. പത്മകുമാറിന്റെ വിശേഷങ്ങളിലേക്ക്.
‘ഒറീസ’യുടെ പ്രമേയം
മധ്യപ്രദേശില്‍ നടന്ന ഒരു സംഭവമാണ് ചിത്രത്തിന് ആധാരം. മധ്യപ്രദേശിലെ ബേതുള്‍ എന്ന ഗ്രാമത്തില്‍ നടന്നിരുന്ന ദുരാചാരത്തിന്റെ ഭാഗമായി ആ ഗ്രാമത്തിലെ 18വയസ് തികയുന്ന പെണ്‍കുട്ടി അവിടത്തെ ജന്മികുടുംബത്തിലെ ദേവദാസിയാകുകയും അവരുടെ അടിമയാവുകയും ചെയ്യും. ഇതിനെതിരെ ഒരു പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. അവര്‍ വെടിയേറ്റു മരിച്ചു. ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുത്തു. അന്വേഷണം നടന്നു. കുറ്റക്കാര്‍ അറസ്റ്റുചെയ്യപ്പെട്ടു. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരവും പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി. ഒരു ഗ്രാമീണ കുടിലിനുമുന്നില് നില്ക്കുന്ന പെണ്‍കുട്ടിയും പിന്നില്‍ തോക്കേന്തിയ പോലീസുകാരനുമടങ്ങുന്ന ചിത്രവും വാര്‍ത്തയും ഒന്നരവര്‍ഷം മുമ്പ് കാണാനിടയായി. ‘ഒറീസ’യുടെ പ്രമേയം മനസിലേക്കെത്തിയത് അപ്പോഴാണ്. നിരാലംബയായ ആ പെണ്‍കുട്ടിയും കാവലാളായി എത്തിയ ആ പോലീസുകാരനും തമ്മിലുള്ള ഒരു പ്രണയം, അതിന്റെ ഭാവി ഇതൊക്കെ തിരക്കഥാകൃത്ത് ജി.എസ്. അനിലിനോട് ചര്‍ച്ചചെയ്തു. ‘ഒറീസ’ ആരംഭിക്കുന്നത് അവിടെ നിന്നാണ്. പിന്നീട് ആ സംഭവത്തെ കുറിച്ചും ഇത്തരം അനാചാരങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി. ഒറീസയില്‍ 30 വര്‍ഷംമുമ്പ് നടക്കുന്ന ഒരു കഥയായാണ് ചിത്രം ചിത്രീകരിച്ചത്. റിയലിസ്റ്റിക്ക് ആയി ഷൂട്ട് ചെയ്യണമെന്നതുകൊണ്ടാണ് ഒറീസയില്‍ ഷൂട്ട് ചെയ്തതും ചിത്രത്തില്‍ ഒഡീസി ഭാഷ ഉപയോഗിച്ചതും.
‘ഒറീസ’ നേരിട്ട വെല്ലുവിളികള്‍
15 ദിവസമായിരുന്നു ഒറീസയില്‍ ഷൂട്ട്. പഴയ ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമൊക്കെ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍ എല്ലാം മൈസൂരില്‍ സെറ്റിട്ടാണ് ചെയ്തത്. ട്രെയിന്‍ എപ്പിസോഡായിരുന്നു വെല്ലുവിളിയായത്. ഒരു ട്രെയിന്‍ ഷൂട്ടിംഗിന് ഉപയോഗിക്കണമെങ്കില്‍ ഒരുദിവസം 12ലക്ഷം രൂപ വാടകയും 5 ലക്ഷം ഡിപ്പോസിറ്റും നല്‍കണം. എന്നിട്ടും ചിത്രത്തില്‍ എന്ജിന് റൂം ഉപയോഗിക്കാന്‍പോലും അനുമതി തന്നില്ല.
‘ഒറീസ’യിലെ കഥാപാത്രങ്ങള്‍
ആദ്യം ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ചിരുന്നില്ല. പോലീസുകാരനായ ക്രിസ്തുദാസിനെ അവതരിപ്പിക്കാന്‍ ഒരു പോലീസുകാരന്റെ പരുക്കന്‍ ഭാവങ്ങളില്ലാത്ത, ആ വേഷം ഇണങ്ങുന്ന, നിഷ്കളങ്കനായ ഒരു മുഖം വേണമായിരുന്നു. ഗുജറാത്തില്‍ ജനിച്ചുവളര്‍ന്നതുകൊണ്ട് ഉണ്ണിമുകുന്ദന് ഒഡീസി ഭാഷ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടിവരില്ലെന്നറിയാമായിരുന്നു. അതുകൊണ്ടാണ് ഉണ്ണിയെ തെരഞ്ഞെടുത്തത്. സുനേയിയായി മലയാളിഛായയില്ലാത്ത, കണ്ടുപരിചയമില്ലാത്ത, ഒരു മുഖത്തെയാണ് തെരഞ്ഞത്. പലരെയും നോക്കി ഒടുവിലാണ് സാനിക നമ്പ്യാരിലെത്തുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ അഭിനയിച്ച സാനിക മിസ് കേരള റണ്ണര്‍ അപ്പായിരുന്നു. സാനിക സുനേയിയായത് അങ്ങനെയാണ്.
സിനിമയിലേയ്ക്കുള്ള യാത്ര
പാലക്കാട് മുണ്ടൂരാണ് സ്വദേശം. അച്ഛന് കൃഷ്ണന്‍കുട്ടി സബ് ഇന്‍സ്പെക്ടറായിരുന്നു. അമ്മ ദേവയാനി അമ്മ. ഒന്‍പത് മക്കളില്‍ ഏഴാമനായിരുന്നു ഞാന്‍. ഒരു യാഥാസ്തിക കുടുംബം. കുട്ടിക്കാലത്ത് പഠനം ഒഴിച്ചുള്ള ഒരു കാര്യങ്ങള്‍ക്കും അനുമതിയുണ്ടായിരുന്നില്ല. കഥാപുസ്തകങ്ങളും നോവലുകളും അപ്രാപ്യമായിരുന്നു. ഈ ചിട്ടവട്ടങ്ങള്‍ക്കിടയിലും വായനയ്ക്കും സിനിമ കാണലിനുമുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു. പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. അക്കാലത്ത് റേഡിയോ നാടകങ്ങള്‍ എഴുതുമായിരുന്നു. അതില്‍നിന്നും കിട്ടിയ തുച്ഛമായ വരുമാനവുംകൊണ്ട് 19-ാം വയസില്‍ കൂട്ടുകാരനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ചെന്നൈയിലേക്ക് വണ്ടി കയറി. വീട്ടില്‍ സിനിമയോട് ഭയങ്കര എതിര്‍പ്പായിരുന്നു. പിന്നീടാണ് വീട്ടിലറിഞ്ഞത്. സ്വാഭാവിക പ്രതികരണങ്ങളുണ്ടായി. പക്ഷേ സിനിമയില്‍ എന്തെങ്കിലും ആവുന്നതിനുമുമ്പ് അച്ഛന് മരിച്ചു.
ചെന്നൈയില്‍ തിരക്കഥാകൃത്തായ ഡോ.ബാലകൃഷ്ണനാണ് അഭയമായത്. കുട്ടികള്‍ക്കുവേണ്ടി എഴുതിയ ഒരു തിരക്കഥ അദ്ദേഹത്തെ കാണിച്ചു. ‘സ്ക്രിപ്റ്റ് നന്നായിട്ടുണ്ട്, നീ സംവിധാനം പഠിക്കൂ’ എന്ന് ഉപദേശിച്ചത് അദ്ദേഹമാണ്. ഹരിഹരന് സാറിനെ പരിചയപ്പെടുത്തുന്നതും അദ്ദേഹമാണ്. 1988ല്‍ ‘ആരണ്യക’ത്തില്‍ ഹരിഹരന് സാറിനൊപ്പം അസിസ്റ്റന്റായി ചേര്‍ന്നു. 89ല്‍ ‘ഒരു വടക്കന്‍വീരഗാഥ’. ഹരിഹരന് സാറാണ് ഐ.വി.ശശിയുടെ അടുത്തെത്തിക്കുന്നത്. ‘ഇന്‍സ്പെക്ടര്‍ ബല്‍റാം’ മുതല്‍ ‘ആയിരംമേനി’വരെ 16 ചിത്രങ്ങള്‍ അദ്ദേഹത്തോടൊപ്പം ചെയ്തു. നീലഗിരിയില്‍ തിരക്കഥയെഴുതാനെത്തിയപ്പോഴാണ് രഞ്ജിത്തുമായി അടുക്കുന്നത്. ആ അടുപ്പം ഷാജി കൈലാസിലെത്തിച്ചു.
വ്യത്യസ്ത തലങ്ങളിലുള്ള സംവിധായകര്‍, അവര്‍ ചെലുത്തിയ സ്വാധീനം
ഓരോരുത്തര്‍ക്കും അവരുടേതായ പ്രത്യേകതകളും ശൈലികളുമുണ്ട്. ഒരു ക്യാപ്റ്റനെപോലെ സിനിമയെ നയിക്കുന്ന സംവിധായകനാണ് ഹരിഹരന്. 130-ാമത്തെ സിനിമയും ആദ്യ സിനിമയുടെ ആവേശത്തോടെയും ഉത്സാഹത്തോടെയും ചെയ്യുന്ന സംവിധായകനാണ് ഐ.വി.ശശി. ഏതൊരു വ്യക്തിയെയും അതിശയിപ്പിക്കുന്ന സ്ക്രിപ്റ്റുകളാണ് രഞ്ജിത്തിന്റേത്. അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു താളമുണ്ട്. സിനിമക്കപ്പുറത്തെ ഒരു ബന്ധം രഞ്ജിത്തുമായുണ്ട്. മനോഹരമായ ഷോട്ടുകള്‍കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ഷാജി കൈലാസ്.
എണ്‍പതുകളില്‍ തുടങ്ങി, പുതുതലമുറയിലെ സിനിമയില്‍ വന്ന മാറ്റങ്ങള്‍
സിനിമയില്‍ അന്നൊരു കൂട്ടായ്മയുണ്ടായിരുന്നു. ലാല്‍ജോസും ബ്ലസിയും ആന്റണി പെരുമ്പാവൂരുമൊക്കെ അടങ്ങുന്ന സംഘം ചെന്നൈയിലെ ഉമ ലോഡ്ജിലായിരുന്നു താമസം. എല്ലാവരുടെയും വര്‍ക്കുകള്‍ കഴിഞ്ഞ് ഒത്തുകൂടും. കൂട്ടായ ചര്‍ച്ചകള്‍, സൗഹൃദങ്ങള്‍. ഇന്ന് ആ കൂട്ടായ്മ കണ്ടിട്ടില്ല. എറണാകുളത്തുള്ള അന്‍വര്‍, അമല്‍, ആഷിക്കിനെപ്പോലുള്ളവര് മാത്രമാണ് അത് തുടരുന്നത്.
സിനിമയുടെ ട്രെന്‍ഡ് മാറി. മുമ്പ് സിനിമയെ വളരെ ഗൗരവത്തോടെ സമീപിച്ചിരുന്നു. ഇന്ന് എങ്ങനെയായാലും സിനിമ ഓടിയാല്‍ മതിയെന്നായി. ആര്‍ക്കും സിനിമ ചെയ്യാമെന്ന അവസ്ഥ. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ചെലവ് കുറയുന്നതും ഗുണപരമായ മാറ്റമാണ്.
ന്യൂജനറേഷന് സിനിമകളില്‍ അശ്ലീലം കടന്നുവരുന്നുവെന്ന ആക്ഷേപം.
ഓരോരുത്തരുടെയും ആവിഷ്കാര സ്വാതന്ത്രമാണത്. പ്രേക്ഷകര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കാണാം. പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുമ്പോഴാണ് വീണ്ടും അത്തരം സിനിമകള്‍ ഉണ്ടാകുന്നത്. ഇംഗ്ലീഷ് സിനിമകള്‍ നമ്മള് കാണുന്നുണ്ടല്ലോ. പ്രേക്ഷകര്‍ പരാജയപ്പെടുത്തിയാല്‍ അത്തരം സനിമകളുണ്ടാവില്ല.
അത്തരത്തിലൊരു സിനിമ
അങ്ങനെയൊരു വിഷയം ഞാന്‍ ചെയ്യില്ല.
‘അമ്മക്കിളിക്കൂട്’പോലൊരു കുടുംബചിത്രം പിന്നീടുണ്ടായില്ല.
ആ ചിത്രം എനിക്ക് നേട്ടങ്ങളുണ്ടാക്കി. പക്ഷേ നിര്‍മാതാവിന് നഷ്ടമാണുണ്ടാക്കിയത്. ചിത്രം ടിവിയില്‍ വന്ന് കഴിഞ്ഞപ്പോള്‍ ധാരാളം നല്ല അഭിപ്രായങ്ങളുണ്ടായി. അനുമോദനങ്ങളുണ്ടായി. പക്ഷേ അതുകൊണ്ടായില്ലല്ലോ.
‘വാസ്തവം’ പൃഥ്വ ിരാജിന് സംസ്ഥാന അവാര്‍ഡ് നേടികൊടുത്തു. 9 വര്‍ഷം കഴിയുന്നു. പൃഥിരാജുമൊത്ത് ഒരു ചിത്രം
‘പാതിരാമണല്‍’ പൃഥ്വിരാജിനെ വച്ചെടുക്കാനാണ് തീരുമാനിച്ചിരുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴക്കാലത്താണ് ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. രണ്ടുവര്‍ഷവും പൃഥ്വിരാജിന് ഡേറ്റുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ജയസൂര്യയെ നിശ്ചയിച്ചത്. അപകടത്തില്‍ കാലിന് പരിക്കേറ്റതോടെ ആ സ്ഥാനത്ത് ഉണ്ണി മുകുന്ദനെത്തുകയായിരുന്നു.
പഴയ തിരക്കഥ
ഇപ്പോഴും കയ്യിലുണ്ട്. ‘ബാല്യ’മെന്നാണ് പേര്. കുട്ടികള്‍ക്കുവേണ്ടിയുള്ള ചിത്രമാണത്. കച്ചവടതാല്‍പ്പര്യമുള്ള തിരക്കഥയല്ലിത്. അതുകൊണ്ടുതന്നെ നിര്‍മാതാവിനെ കിട്ടാന്‍ സാധ്യതയില്ല. സ്വന്തമായി ചെയ്യണമെന്നുണ്ട്.
മകനെ അഭിനയിപ്പിക്കുമോ
ഇതിലില്ല. പത്താംക്ലാസിലാണ് ആകാശ്. പഠനം നടക്കണം. ‘വാസ്തവ’ത്തില്‍ നിശ്ചയിച്ചിരുന്ന കുട്ടി വരാത്തതുകൊണ്ട് അഭിനയിച്ചതാണ്. പിന്നീട് ‘മാണിക്യകല്ലി’ലും ‘അയാളും ഞാനും തമ്മിലും’ അഭിനയിച്ചു.
പുതിയ പ്രോജക്റ്റ്
കുഞ്ചാക്കോ ബോബന് നായകനായ ചിത്രം.
കുടുംബം
ഭാര്യ ദീപ്തി. മക്കള്‍ ആകാശ്, അമല്‍.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: