മലയാളിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലാത്ത ഗായിക, ശ്രേയ ഘോഷാല്‍. മലയാള പിന്നണി ഗായികമാരുടെ നിരയിലേക്ക് എത്രയെത്ര പേര് വന്നു പോയി, പക്ഷേ അവരോടൊന്നും തോന്നാത്ത ഒരു അടുപ്പം ഈ മറുനാടന്‍ ഗായികയോട് തോന്നുന്നത് എന്തുകൊണ്ടാണ്. ആലാപന സൗന്ദര്യം കൊണ്ട് ചിത്രയും സുജാതയും ഇന്നും നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും മറ്റൊരു വിസ്മയമാവുകയാണ് ശ്രേയ ഘോഷാല്‍. ഒരു പാട്ടുപാടുമ്പോഴേക്കും താനെന്ന ഭാവത്താല്‍ സ്വയം മതിമറക്കുന്നവര്‍ക്ക് മുന്നില്‍ വിനയത്തിന്റെ ആവരണം പുതച്ച് ശ്രേയ മാതൃകയാകുന്നു. അഹങ്കരിക്കാനാണെങ്കില് അരങ്ങേറ്റം കുറിച്ച ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവര്‍ഡ് സ്വന്തമാക്കിയവള്‍ എന്ന ലേബല്‍ മതിയാകുമായിരുന്നല്ലോ?
2002 ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റം. ആ ചിത്രത്തില്‍മാത്രമായി ആലപിച്ചത് അഞ്ച് ഗാനങ്ങള്‍, എല്ലാം സൂപ്പര്‍ ഹിറ്റ്. ഒരു തുടക്കക്കാരിയ്ക്ക് ഇതില്‍ കൂടുതല്‍ എന്ത് അംഗീകാരമാണ് വേണ്ടത്.
2007 ല്‍ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലൂടെ ശ്രേയയുടെ ശബ്ദം മലയാളക്കരയിലും അലയടിച്ചു. അല്‍ഫോന്‍സാണ് ശ്രേയയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. വിടപറയുകയാണോ ചിരിയുടെ വെണ്പ്രാവുകള് എന്ന ഗാനം കേട്ട ആരെങ്കിലും വിചാരിച്ചിട്ടുണ്ടാകുമോ ഇത് പാടിയത് മലയാളം അറിയാത്ത ഒരാളാണെന്ന്. ശ്രേയയുടെ പ്രൊഫഷണലിസം എത്രമാത്രമാണെന്ന് അറിയണമെങ്കില്‍ വേറെ ഉദാഹരണം തേടി പോകേണ്ട ആവശ്യമില്ല. കാരണം മലയാളം ആര്‍ക്കും അത്ര വേഗം വഴങ്ങുന്ന ഭാഷയല്ല എന്നതുതന്നെ. എത്ര കഷ്ടപ്പെട്ടും ഓരോ വരിയുടേയും അര്‍ത്ഥം മനസ്സിലാക്കി, വരികളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന്, ഓരോ വരിയും ആവശ്യപ്പെടുന്ന ഭാവം ചാലിച്ചു ചേര്‍ത്തുകൊണ്ടാണ് ശ്രേയയുടെ ആലാപനമെന്ന് എം.ജയചന്ദ്രന് അടക്കമുള്ള സംഗീത സംവിധായകര്‍ അഭിപ്രായപ്പെടുന്നു. പാടുന്നത് തമിഴിലോ മലയാളത്തിലോ കന്നഡയിലോ ആവട്ടെ ഗാനം കേള്‍ക്കുന്നയാള്‍ക്ക് അത് പാടിയിരിക്കുന്നത് മറുനാട്ടുകാരിയാണെന്ന് തോന്നാത്ത വിധത്തിലുള്ള ആലാപന ശൈലിയാണ് ശ്രേയയെ വേഴ്സറ്റെയില് സിംഗര്‍ എന്ന വിശേഷണത്തിന് അര്‍ഹയാക്കിയത്.
രതിനിര്‍വേദത്തിലെ
കണ്ണോരം ചിങ്കാരം
ഈ പൂവില്‍ വന്ന് വണ്ട് മൂളവേ
കാതോരം കിന്നാരം
ഈ കാറ്റിലാടുമീറ മൂളവേ എന്ന് പ്രണയത്തിന്റെ രസം ചേര്‍ത്ത് ശ്രേയ പാടിയപ്പോള്‍ പാട്ടിന്റെ എബിസിഡി അറിയാത്തവര്‍ പോലും ഒപ്പം പാടിയിട്ടുണ്ടാകും.
ശ്രേയ എത്തിയപ്പോള്‍ തങ്ങളുടെ അവസരം നഷ്ടമായി എന്ന് പരിതപിച്ച ഗായികമാരും കുറവല്ല. എന്നാല്‍ എന്തുകൊണ്ടാണ് ഈ ഉത്തരേന്ത്യക്കാരിയ്ക്ക് പിന്നാലെ സംഗീത സംവിധായകര്‍ പോകുന്നതെന്ന് എപ്പോഴെങ്കിലും അവര്‍ ചിന്തിച്ചിട്ടുണ്ടാകുമോ? ആലാപനത്തില്‍ അവര്‍ ആവശ്യപ്പെടുന്ന പൂര്‍ണത നല്കാന് സാധിക്കുമെന്ന വിശ്വാസമാണ് അതിന് പ്രേരണയാകുന്നത്. ശ്രേയയുടെ സംഗീതത്തോടുള്ള ആത്മസമര്‍പ്പണവും കഠിനാധ്വാനവും മറ്റ് ഗായകര്‍ കണ്ടുപഠിക്കണമെന്നാണ് എം.ജയചന്ദ്രന്റെ അഭിപ്രായം.
ഗദ്ദാമ എന്ന ചിത്രത്തില്‍ കാവ്യാ മാധവന് വേണ്ടി ആലപിച്ച
വിദുരമീ യാത്രാ…നീളുമീ യാത്ര…
അണയാത്ത നീറും നോവുമായി
അവിരാമമേതോ തേടലായി
എന്ന് ശ്രേയ പാടുമ്പോള്‍ മണലാരണ്യത്തില്‍ ഏകയായി പോയ കഥാനായികയുടെ നൊമ്പരം നമ്മുടെ ഉള്ളിലും വന്നു നിറയുന്നില്ലേ?
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളി ഏറ്റവും കുടുതല്‍ കേട്ട ഗായിക ആരെന്ന് ചോദിച്ചാല്‍ കണ്ണുമടച്ച് ഉത്തരം പറയാം അത് ശ്രേയാ ഘോഷാല്‍ ആണെന്ന്. വിരഹവും പ്രണയവും വരച്ചിടുന്ന ഗാനങ്ങള്‍ ശ്രേയയുടെ ആലാപനത്താല്‍ കൂടുതല്‍ മികവേറിയതായി. പ്രണയ ഗാനങ്ങള്‍ ആ തേനോലുന്ന ശബ്ദത്താല്‍ കൂടുതല്‍ മധുരിതമായി. കേരളക്കരയില്‍ ജനിച്ച ഗായികമാര്‍ പോലും വാക്കുകളുടെ ഉച്ചാരണ ശുദ്ധിയില്‍ പിന്നില്‍ നില്ക്കുമ്പോള് ശ്രേയ അവരേക്കാള്‍ ഒരുപടി മുന്നിലാണെന്ന് പറയേണ്ടിയിരിക്കുന്നു. എങ്ങനെയാണ് ഴയും മറ്റും അവരുടെ നാവിന് വഴങ്ങുന്നതെന്ന കാര്യം ശ്രേയയ്ക്ക് മാത്രം അറിയാവുന്ന രഹസ്യം.
ഹിന്ദിയും മലയാളവും ഇടകലര്‍ത്തി ബനാറസ് എന്ന ചിത്രത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ
ചാന്തുതൊട്ടില്ലെ
നീ ചന്ദനം തൊട്ടില്ലേ
കാറ്റു ചിമ്മിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടിയില്ലേ എന്ന ഗാനം കേള്‍ക്കുമ്പോള്‍ പ്രണയികളുടെ മനസ്സ് ഒരുവേള ചിലങ്കകെട്ടി നൃത്തം വച്ചിട്ടുണ്ടാകും. ശാരീരക സൗന്ദ്യര്യത്തിനൊപ്പം ശരീര സൗന്ദര്യവും ഒത്തിണങ്ങിയ ഗായികയെന്നതും ശ്രേയയെ ആസ്വാദകരുടെ പ്രിയങ്കരിയാക്കുന്നു.
2009 ല്‍ പുറത്തിറങ്ങിയ നീലത്താമരയിലെ
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം
എന്ന വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്കി ശ്രേയയും പി.ശ്രീകുമാറും ചേര്‍ന്ന് ആലപിച്ചപ്പോള്‍ അതൊരു എവര്‍ഗ്രീന്‍ പ്രണയഗാനമായി മാറി. ഏത് സ്ഥായിയിലും സ്ഥിരതയോടെ പാടാന്‍ കഴിയുന്നു എന്നതും ശ്രേയയുടെ എടുത്തുപറയേണ്ട സവിശേഷതയാണ്. ബ്രീത്ത് കണ്ട്രോളിന്റെ കാര്യത്തിലാണെങ്കിലും നിരന്തരമായ സാധനയിലൂടെ ആ ഗുണവും അവര്‍ സ്വായത്തമാക്കിയിട്ടുണ്ട്.
മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്ത് ആലാപനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടുന്ന, ദക്ഷിണേന്ത്യക്കാരിയല്ലാത്ത ആദ്യ ഗായികയാണ് ശ്രേയ. 2009 ല്‍ പുറത്തിറങ്ങിയ ബനാറസ് എന്ന ചിത്രത്തിലെ ചാന്ത് തൊട്ടില്ലെ എന്ന ഗാനമാണ് അവരെ അതിന് അര്‍ഹയാക്കിയത്. തുടര്‍ന്ന് 2011 ല്‍ പുറത്തിറങ്ങിയ വീരപുത്രനിലെ കണ്ണോട് കണ്ണോരം എന്ന ഗാനവും കേരള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു.
2002, 2005 2007, 2008 എന്നീ വര്‍ഷങ്ങളിലെ ദേശീയ പുരസ്കാരം ഉള്‍പ്പെടെ ഒട്ടനവധി പുരസ്കാരങ്ങളാണ് ഈ ബംഗാളി സുന്ദരിയെ തേടിയെത്തിയിട്ടുള്ളത്. 1984 മാര്‍ച്ച് 12 നാണ് ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ എഞ്ചിനിയറായ ബിശ്വജിത് ഘോഷാലിന്റേയും ശര്‍മിഷ്ഠ ഘോഷാലിന്റേയും മകളായി ശ്രേയയുടെ ജനനം. സംഗീതത്തില്‍ അമ്മയാണ് ആദ്യ ഗുരു. ഹിന്ദുസ്ഥാനി സംഗീതത്തിലും ഗസലിലും പ്രാവീണ്യം നേടിയിട്ടുള്ള ശ്രേയയുടെ സംഗീത പഠന യാത്രകള്‍ കഠിനാധ്വാനത്തിന്റെ വഴികളിലൂടെയായിരുന്നു. ഗുരുവിന്റെ സമീപത്തേയ്ക്ക് മണിക്കൂറുകള്‍ നീണ്ട യാത്ര… രാജസ്ഥാനിലെ റാവാത്ഭാട്ട എന്ന ഗ്രാമത്തില്‍ നിന്നും കോട്ട എന്ന നഗരത്തിലേക്ക് ഗുരുവായ മഹേഷ് ചന്ദ്ര ശര്‍മയുടെ വീട്ടിലേക്കുള്ള യാത്രയിലൂടനീളം സംഗീതം മാത്രം മനസ്സില്‍ നിറച്ചു ശ്രേയയെന്ന പെണ്‍കുട്ടി. അങ്ങനെയാണ് ശ്രേയയെന്ന മികച്ച ഗായികയെ നമുക്ക് ലഭിക്കുന്നത്.
സിടിവിയില്‍ സംപ്രേഷണം ചെയ്ത കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോ സരിഗമയില്‍ പങ്കെടുത്ത് വിജയിയായതോടെയാണ് ശ്രേയയുടെ വഴി പാട്ടിന്റേതാണെന്ന് തിരിച്ചറിയുന്നത്. ശ്രേയയുടെ പ്രകടനം ശ്രദ്ധിച്ച സംവിധായകന് സഞ്ജയ് ലീല ബന്‍സാലി താന്‍ സംവിധാനം നിര്‍വഹിക്കുന്ന ദേവദാസിലെ ഒരു പാട്ട് ഈ പെണ്‍കുട്ടിയ്ക്കായി മാറ്റിവച്ചു. ഇസ്മയില്‍ ദര്‍ബാര്‍ എന്ന സംഗീത സംവിധായകന്റെ കീഴില്‍ ഭേരി പിയ എന്ന ഗാനം ടെന്‍ഷനേതുമില്ലാതെ ശ്രേയ പാടി. ആദ്യം ഗാനം കേട്ടപ്പോള്‍ തന്നെ ബാക്കി നാല് പാട്ടുകള്‍ കൂടി പാടാനുള്ള ‘ഭാരിച്ച ഉത്തരവാദിത്ത’മാണ് സംവിധായകന് ശ്രേയയെ ഏല്‍പ്പിച്ചത്. പിന്നീട് ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ ആസാമീസ്, ബംഗാളി, ഭോജ്പൂരി, ഗുജറാത്തി, കന്നഡ, മറാത്തി, നേപ്പാളി, ഒറിയ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി പാട്ടുകളാണ് ശ്രേയ ആലപിച്ചിരിക്കുന്നത്.
തന്റെയീ ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക പ്രഗത്ഭ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അപൂര്‍വ ഭാഗ്യവും ഈ പെണ്കുട്ടിയ്ക്കുണ്ടായി. ഭേരി പിയ(ദേവദാസ്, 2002), ധീരെ ജല്‍ന(പഹേലി, 2005), യേ ഇഷ്ഖ് ഹായേ(ജബ് വി മെറ്റ്, 2007), ഫെരാരി മാന്‍(ബംഗാളി ചിത്രം അന്തഹീന്‍.2008) എന്നീ ഗാനങ്ങളുടെ ആലാപനത്തിനാണ് ശ്രേയയ്ക്ക് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ ലഭിച്ചിട്ടുള്ളത് നമ്മുടെ സ്വന്തം കെ.എസ്.ചിത്രയ്ക്കാണെങ്കില്‍ ദേശീയ പുരസ്കാര നേട്ടത്തില്‍ എസ്.ജാനകിയ്ക്കൊപ്പമാണ് ശ്രേയയുടെ സ്ഥാനം.
മലയാളത്തില്‍ എം.ജയചന്ദ്രന്- ശ്രേയ ഘോഷാല്‍ കൂട്ടുകെട്ടില്‍ പിറവി കൊണ്ട ഗാനങ്ങളാണ് അടുത്തിടെയിറങ്ങിയ പാട്ടുകളില്‍ മലയാളികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ നെഞ്ചേറ്റുന്നവയില് ചിലത്. ഈ ഗാനങ്ങളില്‍ പലതും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇപ്പോഴും സ്ഥാനം നിലനിര്‍ത്തുന്നു.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് ഈണം പകര്‍ന്ന് പ്രണയകഥ എന്ന ചിത്രത്തിന് വേണ്ടി ശ്രേയ ഘോഷാല്‍ ആലപിച്ച മഞ്ഞില്‍ മുങ്ങി പൊങ്ങും പുലരികള്‍ എന്ന ഗാനത്തിന്റെ ഒന്നര മിനിറ്റ് മാത്രം നീണ്ട പ്രമോ ഇപ്പോള്‍ തന്നെ യുട്യൂബില്‍ തരംഗം സൃഷ്ടിക്കുകയാണ്. അര ലക്ഷത്തില്‍ അധികം പേരാണ് ഇതിനോടകം ഈ ഗാനം കേട്ടത്.
ശ്രേയ ഘോഷാലിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. അങ്ങ് അമേരിക്കന്‍ സ്റ്റേറ്റ് ആയ ഒഹിയോ ശ്രേയ ഘോഷാലിന് വേണ്ടി ഒരു ദിവസം തന്നെ നീക്കി വച്ചിരിക്കുകയാണ് എന്നത്. ജൂണ്‍ 26 ആണ് ആ ദിനം. ശ്രേയയുടെ ആലാപാനത്തില്‍ മതിമറന്ന ഒഹിയോ ഗവര്‍ണര്‍ ടെഡ് സ്ട്രിക്ലാന്‍ഡ് ആണ് ജൂണ്‍ 26 ശ്രേയ ഘോഷാല്‍ ഡേ ആയി പ്രഖ്യാപിച്ചത്. സംഗീത ലോകത്തിന് ഈ ഗായിക നല്കിയ സംഭാവനകള്‍ മാനിച്ചാണ് ഈ ബഹുമതി.
തന്റെ ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിരിക്കുന്നത് അച്ഛനാണെന്ന് ശ്രേയ പറയുന്നു, സംഗീത ലോകത്ത് താന്‍ ആരാധനയോടെ കാണുന്നത് ലത മങ്കേഷ്കര്‍, ആശ ഭോന്‍സ്ലെ, ഉഷ മങ്കേഷ്കര്‍, കെ.എസ്.ചിത്ര എന്നിവരേയാണെന്നും പറയുന്നു. സംഗീതത്തിനെ പാതയില്‍ ഇനിയും ഏറെ ദൂരം ചെന്നെത്തേണ്ടതുണ്ട് ശ്രേയയ്ക്ക്. കാലം അവള്‍ക്കായി കരുതിവച്ച ഒരുപിടി ഗാനങ്ങള്‍ പാടേണ്ടതുമുണ്ട്. ആ പാട്ടുകള്‍ ശ്രേയയുടെ തേനൂറുന്ന ശബ്ദത്തിലൂടെ ആത്മാവിന്റെ ആഴങ്ങളില്‍ അലയടിക്കും. അതിനായി നമുക്ക് ഇനിയും കാത്തിരിക്കാം…..
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: