വിനയന്റെ പുതിയ ചിത്രമായ ഡ്രാക്കുള പ്രേക്ഷകനെ ഭയപ്പെടുത്തുന്നു. ഡ്രാക്കുളയെന്ന ഭീകര നോവലിന്റെ ചലച്ചിത്രാവിഷ്കാരം എന്ന നിലയില്‍ ഭയം ജനിപ്പിക്കുന്ന സിനിമയായല്ല ഡ്രാക്കുള പ്രേക്ഷകനെ ഭയപ്പെടുത്തുന്നതെന്നു മാത്രം. സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും ദൈവമേ, ഈ സിനിമ കാണേണ്ടി വന്നല്ലോ എന്നോര്‍ത്ത് തലയില്‍ കൈവയ്ക്കുകയും അതിലെ യുക്തിസഹമല്ലാത്ത രംഗങ്ങളോര്ത്ത് ഭയപ്പെടുകയും ചെയ്യുന്നു.
സാമാന്യ രംഗങ്ങള്‍ക്കു നിരക്കാത്ത കഥാസന്ദര്‍ഭങ്ങളും രംഗങ്ങളും കുത്തിനിറച്ച ചവറ് സൃഷ്ടിയാണ് ഡ്രാക്കുള എന്ന വിനയില്‍ ചിത്രം. ഇത്രയധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള വിനയന് ഇനിയും നല്ല സിനിമ എന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നുകൂടി ഈ ചിത്രം തെളിയിക്കുന്നു.
കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പമിരുന്ന് കാണാന്‍ കഴിയാത്ത തരത്തില്‍ അശ്ലീലം കുത്തിനിറച്ച സിനിമയുമാണിത്. വിഖ്യാത എഴുത്തുകാരന് ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുള എന്ന നോവല്‍ ഉത്തമ സാഹിത്യ സൃഷ്ടിയാണ്. അതിനെ അധികരിച്ച് നിരവധി ചലച്ചിത്രങ്ങള്‍ ലോകത്തിറങ്ങിയിട്ടുണ്ട്. അതെല്ലാം ഒന്നിനൊന്ന് മികച്ചവയായിരുന്നു. അത്രയൊന്നും വന്നില്ലെങ്കിലും വിനയന്റെ ഡ്രാക്കുള കാണാന്‍ പോകുമ്പോള്‍, നോവലിനോട് കുറച്ചെങ്കിലും പ്രതിബദ്ധത പുലര്‍ത്തുമെന്ന് കരുതി. എന്നാല്‍ വിഖ്യാതമായ ആ നോവലിനെ ആക്ഷേപിക്കുക കൂടിയാണ് സംവിധായകന് ചെയ്തിരിക്കുന്നത്.
പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന കഥാഗതിയാണ് ചിത്രത്തിനുള്ളത്. വിനയന്തന്നെ സംവിധാനം നിര്‍വഹിച്ച ആകാശഗംഗ, യക്ഷിയും ഞാനും എന്നീ സിനിമകളുടെ അതേ സീനുകളാണ് ചിത്രത്തിലുള്ളത്. ആകാശഗംഗ എന്ന സിനിമയിലും യക്ഷിയും ഞാനും എന്ന സിനിമയിലും പെണ്ണുങ്ങളാണ് പ്രേതമായതെങ്കില്, ഡ്രാക്കുളയിലൂടെ വിനയന് ഒരാണിനെ പ്രേതമാക്കിയിരിക്കുന്നു എന്നു മാത്രം. ഈ ഒരു വ്യത്യാസം ഉണ്ടെന്നല്ലാതെ ഒരു സാധാരണ പ്രേതകഥയാണ് ഈ സിനിമയും. ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുളയുമായി യാതൊരു ബന്ധവുമില്ല. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെ വെല്ലുന്ന സംഭാഷണങ്ങള്‍ എഴുതിയത് സംവിധായകന് വിനയന് തന്നെയാണ്.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മണ്ടത്തരങ്ങള്‍ നിറഞ്ഞ സംഭാഷണങ്ങള്‍ ചിത്രത്തില്‍ കുത്തിനിറച്ചിരിക്കുന്നു. ഹൊറര്‍ സിനിമകണ്ട് ഭയപ്പെടാന്‍ തീയറ്ററിലെത്തിയവര് പൊട്ടിച്ചിരിച്ച് തലകുത്തിമറിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അതും നല്ല ഹാസ്യത്തിന്റെ പിന്‍ബലത്തിലായിരുന്നില്ല. സിനിമയിലെ വഷളത്തരങ്ങള്കണ്ട് നാണക്കേടുകൊണ്ടാണ് ചിരിച്ചത്. 30 സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള വിനയനെപ്പോലുള്ള ഒരു സംവിധായകന് സംവിധാന രംഗത്ത് അമ്പേ പരാജയപെടുന്നതാണ് ഡ്രാക്കുളയിലൂടെ കണ്ടത്.
ആകാശ് ഫിലിംസിനു വേണ്ടി വിനയന്തന്നെ നിര്‍മിച്ചിരിക്കുന്ന ഡ്രാക്കുളയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും വിനയന് തന്നെയാണ്.
വിനയന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മോശം സിനിമ എന്ന നിലയില്‍ ഡ്രാക്കുള വലിയ ദുരന്തമാണ്.
നരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: