മഹാനടന് തിലകന് ജീവിതത്തിന്റെ അരങ്ങ് ഒഴിഞ്ഞിട്ട് ഒരു വര്‍ഷമായിട്ടും അദ്ദേഹം നമുക്കൊപ്പം ഇല്ല എന്ന് വിശ്വസിക്കാന്‍ മനസ്സ് കൂട്ടാക്കുന്നില്ല. ആ മുഖം ഇന്നലേയും കൂടി കണ്ടതാണല്ലോ എന്ന ചിന്ത. അനസ്യൂതമായ പ്രവാഹം പോലെ ജീവിതം മുന്നോട്ട് നീങ്ങുമ്പോള്‍ കണ്ടു മുട്ടുന്ന പല മുഖങ്ങള്‍.
ആരുമല്ലാതിരുന്നിട്ടും ആരൊക്കയോ ആയി തീരുന്നവര്‍. ഈ ഗണത്തിലാണ് നമ്മള് കലാകാരന്മാരെ ഉള്‍പ്പെടുത്തുന്നത്. പ്രത്യേകിച്ചും നടീനടന്മാരെ. ഇവരില്‍ ആരൊടൊക്കെയോ ഒരിഷ്ടം, ഒരു ആരാധന. ഇതില്‍ തിലകനിലെ നടനോട് എന്ത് വികാരമാണ് തോന്നിയിട്ടുള്ളത്. അത് കേവലം ഇഷ്ടമോ ആരാധനയോ മാത്രമാവാന്‍ ഇടയില്ല. ആരുടേയും മുഖം നോക്കാതെ സംസാരിക്കുന്ന തിലകനോട് ഒരു ബഹുമാനം. അദ്ദേഹത്തിന് ചാര്ത്തിക്കൊടുക്കപ്പെട്ടിരിക്കുന്ന കര്‍ക്കശക്കാരന്‍ എന്ന പരിവേഷം കാരണം അകലെ നിന്ന് മാത്രം അദ്ദേഹത്തോട് സംവദിച്ച ആസ്വാദകരാവും ഏറെയും.
അരങ്ങില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയത്തിന്റെ പര്യായമാണ് തിലകന്. നാടക കളരിയില്‍ നിന്നും സിനിമയിലെത്തി നാടകാഭിനയത്തിന്റെ ലാഞ്ചന തെല്ലുമില്ലാതെ കഥാപാത്രം ആവശ്യപ്പെടുന്നതില്‍ കുടുതലോ കുറവോ ഇല്ലാതെയുള്ള അഭിനയം. തിലകനെന്ന വ്യക്തിയില്‍ നിന്നും കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശം. വേഷം അച്ഛന്റേയോ, പോലീസിന്റേയോ, കള്ളന്റേയോ, വില്ലന്റേയോ ഏതുമാവട്ടെ അവയിലെല്ലാം തിലകനെന്ന നടന്റെ മുദ്ര പതിഞ്ഞിട്ടുണ്ടാകും. തിലകനല്ലാതെ മറ്റൊരാള്‍ ആ വേഷം ചെയ്താല്‍ ഇത്ര നന്നാവില്ല എന്ന അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
കണ്മുന്നിലിപ്പോള് അച്യുതന് നായരുടെ (കിരീടം) മുഖമാണ് തെളിയുന്നത്. കിരീടത്തിലെ സേതുമാധവന്റെ അച്ഛന്. മോനേ…അച്ഛനാടാ പറയുന്നെ കത്തി താഴെയിടടാ എന്ന വാക്കുകള്‍ ആ ദൃശ്യത്തിനൊപ്പം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. നിസ്സഹായനായി മകന്റെ പതനം കാണേണ്ടി വരുന്ന അച്ഛനെ വെള്ളിത്തിരയില്‍ അനശ്വരമാക്കി തിലകന്. മകനായി മോഹന്‍ലാലും മികച്ച അഭിനയം കാഴ്ചവച്ചപ്പോഴും തിലകന്റെ അച്ഛന് കഥാപാത്രമാണ് ശക്തം.
അച്യുതന് നായരായി തിലകനല്ല സ്ക്രീനില്‍ നിറഞ്ഞിരുന്നതെങ്കില്‍ അഭിനയത്തില്‍ ശക്തനായ എതിരാളിയെ ലഭിക്കാതെ വരുമായിരുന്നു ലാലിന്.
ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ തങ്ങള്‍ക്കിടയില്‍ അഭിനയത്തിന്റെ രസതന്ത്രം രൂപപ്പെടുന്നതായി തിലകന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ കെമിസ്ട്രി മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍ തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കിരീടത്തിന് പുറമെ സ്ഫടികം, മിന്നാരം, നരസിംഹം, ഇവിടം സ്വര്‍ഗ്ഗമാണ്, പവിത്രം, ചെങ്കോല്‍ എന്നീ ചിത്രങ്ങളിലും ലാലിന്റെ അച്ഛനായി തിലകന്.
സ്ഫടികത്തില്‍ തല്ലുകൊള്ളിയായ ലാലിന്റെ കഥാപാത്രം തോമസ് ചാക്കോയുടെ അപ്പനായ ചാക്കോ മാഷായി തിലകനെത്തിയപ്പോള് ആ ചിത്രം എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നായി മാറി.
മനസ്സിലിപ്പോള്‍ ജഡ്ജി നമ്പ്യാര്‍(കിലുക്കം) നന്ദിനി(രേവതി)യോട് കയര്‍ക്കുന്ന ശബ്ദം. ചിത്രത്തില്‍ ലാലിനൊപ്പമുള്ള സീനുകളേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ ആസ്വദിച്ചത് രേവതിയ്ക്കൊപ്പമുള്ള രംഗങ്ങളാണ്.
സംഘം, ദ ട്രൂത്ത്, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, പല്ലാവൂര്‍ ദേവനാരായണന് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ അച്ഛനായി തിലകനെത്തിയെങ്കിലും ശ്രദ്ധേയം എന്ന് വിശേഷിപ്പിക്കാന്‍ സാധ്യമല്ല. ഇരുവരും അവരുടെ ഭാഗം മികച്ചതാക്കിയെന്നുമാത്രം.
തിലകനും കവിയൂര്‍ പൊന്നമ്മയുമായിരുന്നു സ്ക്രീനിലെ ഏറ്റവും മികച്ച കോമ്പിനേഷന്‍. ഭാര്യയും ഭര്‍ത്താവുമായി ഇരുവരും ഒന്നിക്കുമ്പോള്‍ പരസ്പരമൊരു ഊര്‍ജ്ജ കൈമാറ്റം ഇരുവര്‍ക്കും ഇടയിലുണ്ടാകാറുണ്ട്. കിരീടം, സന്താനഗോപാലം, സന്ദേശം, കുടുംബവിശേഷം, മുഖമുദ്ര , ഇവിടം സ്വര്‍ഗ്ഗമാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു.
അദ്ദേഹത്തിന്റെ രൂപഭാവങ്ങള്‍ എപ്പോഴും ഒരു സീരിയസ് നടന്റേതുപോലെയായിരുന്നു. എന്നിരുന്നാലും ഹാസ്യവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിക്കാന്‍ നാടോടിക്കാറ്റും പട്ടണപ്രവേശവും മൂക്കില്ലാരാജ്യത്തും തന്നെ ധാരാളം.
വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ജയറാമിന്റെ കഥാപാത്രമായ റോയ് തോമസിന്റെ അപ്പന് കൊച്ചുതോമയായും തിലകന് കസറി. കെപിഎസി ലളിതയും തിലകനും ഇല്ലായിരുന്നുവെങ്കില്‍ ആ ചിത്രം താന്‍ ചെയ്യുമായിരുന്നില്ല എന്നാണ് സത്യന് അന്തിക്കാട് തന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.
തിലകന്റെ ശൃംഗാര ഭാവവും അവിസ്മരണീയം. ചുണ്ട് അല്പം കടിച്ച്, ഊന്നുവടിയുടെ സഹായത്തോടെ അവളെ(ഭദ്ര) പുണരാന്‍ നടേശന് മുതലാളി(തിലകന്) എത്തുന്നു. ചിത്രം കണ്ണെഴുതിപ്പൊട്ടും തൊട്ട്. തിലകന്റെ കരിയറിലെ മറ്റൊരു പ്രധാനചിത്രമാണ് മൂന്നാംപക്കം. പേരക്കുട്ടിയുടെ മരണത്തില്‍ തകര്‍ന്നുപോകുന്ന മുത്തച്ഛനായി ആരേയും അമ്പരിപ്പിക്കുന്ന പ്രകടനമാണ് തിലകന് കാഴ്ചവച്ചത്. വിലക്കുകള്‍ ഒഴിവായി തിലകന് വീണ്ടും അഭിനയത്തില്‍ സജീവമായപ്പോള്‍ അദ്ദേഹത്തെ തേടിയെത്തിയ ഏറ്റവും ശക്തമായ കഥാപാത്രമാണ് ഉസ്താദ് ഹോട്ടലിലെ കരീം. ദുല്‍ക്കര്‍ സല്‍മാനായിരുന്നു ചിത്രത്തില്‍ നായകനെങ്കിലും കഥയുടെ ഗതി കരീമിലൂടെയായിരുന്നു. തിലകന്റെ കരീം എന്ന കഥാപാത്രമായിരുന്നു ആ ചിത്രത്തിന്റെ കേന്ദ്രബിന്ദു.
1935 ജൂലൈ 15 നായിരുന്നു സുരേന്ദ്രനാഥ തിലകന് എന്ന തിലകന്റെ ജനനം. പി.ജെ.ആന്റണിയുടെ പെരിയാര്‍ എന്ന ചിത്രത്തിലൂടെ അഭ്രപാളിയിലെത്തി. 200 ല്‍ അധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍. 1981 ല്‍ പുറത്തിറങ്ങിയ കോലങ്ങളിലാണ് ആദ്യമായി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്- കള്ളു വര്‍ക്കി. യവനികയില്‍ നാടകമുതലാളി വക്കച്ചനെ അവതരിപ്പിക്കുക വഴി ആദ്യ സംസ്ഥാന അവാര്‍ഡ് നേടി. ഋതുഭേദത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡിന് 1988 ല്‍ അര്‍ഹനായി. സന്താനഗോപാലത്തിലൂടെ 1994 ലും ഗമനത്തിലൂടെ 1998 ലും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്. പെരുന്തച്ചനിലെ അഭിനയത്തിന് ദേശീയ അവാര്‍ഡിന് അര്‍ഹതയുണ്ടായിരുന്നുവെങ്കിലും അമിതാഭ് ബച്ചന്റെ ഇടപെടല്‍ മൂലം അവാര്‍ഡ് നഷ്ടമായതായി തിലകന് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരിക്കിലും ഈ ചിത്രത്തിലെ പ്രകടനം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിന് തിലകനെ അര്‍ഹനാക്കി. ദേശീയ തലത്തില്‍ 2006 ല്‍ പ്രത്യേക ജൂറി അവാര്‍ഡ്(ഏകാന്തം) ലഭിച്ചു. ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. 2009 ലാണ് പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മശ്രീ ലഭിക്കുന്നത്.
മകന് അച്ഛനേക്കാള്‍ കേമനാകുമോയെന്ന ഭയന്ന് മകന്റെ കഴുത്തിലേക്ക് ഉളിയെറിഞ്ഞ തച്ചനായി പെരുന്തച്ചനില്‍ തിളങ്ങി തിലകന്. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ തിലകന് മീതെ പെരുന്തച്ചന്മാര് ഒരുപാടുണ്ടായിരുന്നു. തിലകനെന്ന വ്യക്തിയേക്കാള്‍ അവര്‍ ഭയപ്പട്ടത് തിലകനിലെ നടനെയാണ്. എല്ലാ വിമര്‍ശനങ്ങളെയും തടസ്സങ്ങളെയും അദ്ദേഹം അതിജീവിച്ചത് നടനവൈഭവം ഒന്നുകൊണ്ട് മാത്രം. 2012 സെപ്തംബര്‍ 24 ന് തിലകന് മരണത്തിന് കീഴടങ്ങിയപ്പോള്‍ മലയാള സിനിമാതറവാട്ടിലെ കാരണവരുടെ കസേരയാണ് ശൂന്യമായത്. തിലകന് പകരമാവാന്‍ ഇനിയൊരാള്‍ക്കും സാധ്യമല്ല. വരും തലമുറയ്ക്ക് മുന്നില്‍ അഭിനയത്തിന്റെ തുറന്ന പാഠപുസ്തകമായി അദ്ദേഹമുണ്ടാകും..
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: