തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒരുകാലത്ത് അഭ്രപാളിയില്‍ കാത്തിരുന്ന താരജോഡികള്‍. പ്രണയഭരിതമായ മുഹൂര്‍ത്തങ്ങളുള്ള അവരുടെ സിനിമകള്‍ പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടപ്പെട്ടിരുന്നു. ഭാരതിരാജ സംവിധാനം “അലൈമകള് ഓയ്വതില്ലെ” എന്ന ചിത്രത്തിലൂടെ തമിഴില്‍ ജോഡികളായി എത്തിയ കാര്‍ത്തികിനെയും നടി രാധയെയും പ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ല. കാലങ്ങള്‍ക്കിപ്പുറം അവരുടെ മക്കള്‍ താരജോഡികളായി ഇന്ത്യയിലെ പ്രമുഖ സംവിധായകന്റെ പ്രണയം പ്രമേയമായ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചത് വിധിയുടെ യാദൃശ്ചികതയാവാം. മണിരത്നത്തിന്റെ കടല്‍ എന്ന ചിത്രത്തിലൂടെ കാര്‍ത്തിക്കിന്റെ മകന് ഗൗതമും രാധയുടെ മകള്‍ തുളസീനായരും ജോഡികളായി അരങ്ങേറ്റം കുറിച്ചപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ പുതിയ ഒരു താരജോഡി കൂട്ടുകെട്ടിനുകൂടി തുടക്കം കുറിക്കുകയാണ്. ആദ്യചിത്രത്തില്‍ത്തന്നെ തന്റെ കഥാപാത്രമായ ബിയാട്രസിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച തുളസീനായരുടെ വിശേഷങ്ങളിലേക്ക്.
മണിരത്നത്തിന്റെ സിനിമയിലൂടെ തുടക്കം. എങ്ങനെ വിലയിരുത്തുന്നു.
ഭാഗ്യമായാണ് കരുതുന്നത്. ഇത്രയും നല്ല ഒരു തുടക്കം ഒരനുഗ്രഹമായാണ് കാണുന്നത്. ഒരുപക്ഷേ അതിന് നിമിത്തമായത് അമ്മയുടെയും ചേച്ചി കാര്‍ത്തികയുടെയും ഇന്ഡസ്ട്രിയിലെ പേരുകൊണ്ടുകൂടിയാണ്.
പലവട്ടം നായികമാര്‍ മാറിയ ചിത്രം.
കടലിലേക്കെത്തിയത്.
അക്ഷരഹാസന് തുടങ്ങി സാമന്തവരെ പലരെയും പരിഗണിച്ചിരുന്നു. രാധയുടെ മകളും കാര്‍ത്തിക്കിന്റെ മകനും നായികാനായകന്മാരായി ഒരുചിത്രം മണിരത്നം സാര്‍ നേരത്തെ മനസിലുറപ്പിച്ചിരുന്നു. ഒന്നരവര്‍ഷംമുമ്പ് മണിരത്നത്തിന്റെ ഭാര്യ സുഹാസിനിചേച്ചിയാണ് അമ്മയോട് ഇക്കാര്യം സൂചിപ്പിച്ചത്. മണിരത്നം സാര്‍ വീട്ടില്‍വന്നു കണ്ടു. അന്ന് ഞാന്‍ ഒന്‍പതില്‍ പഠിക്കുകയായിരുന്നു. എന്നെ നിരീക്ഷിച്ചശേഷം സ്ക്രീന്‍ ടെസ്റ്റിന് വരാന്‍ പറഞ്ഞു. സ്ക്രീന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ പ്രായം വളരെ കുറവായതിനാല്‍ പുനര്‍ചിന്തനം നടത്തി. തുടര്‍ന്നാണ് മറ്റുള്ളവരെ നോക്കിയത്. സാമന്ത നായികയായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ പിന്മാറി. ഇതോടെ ആര്മാസം മുമ്പ് എന്നെത്തന്നെ വീണ്ടും നിശ്ചയിക്കുകയായിരുന്നു.
കാര്‍ത്തിക്-രാധ, അതിനുശേഷം ഗൗതം കാര്‍ത്തിക്-തുളസി. എന്തുതോന്നുന്നു
യാദൃശ്ചികതയെന്നേ പറയാനാവൂ. മണിരത്നം സാര്‍ അങ്ങനെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അനുയോജ്യമായ കഥാപാത്രങ്ങള്‍ തന്നെയായിരുന്നു കടലിലേത്. അത് വളരെയധികം സഹായിച്ചു.
മണിരത്നം എന്ന സംവിധായകന്
വളരെയേറെ ആരാധനയുണ്ട്. നമ്മള് വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തിന് മുന്നിലെത്തുന്നതെങ്കിലും വളരെ ലാളിത്യത്തോടെ തമാശപറഞ്ഞ് നമുക്ക് ടെന്‍ഷന്‍ തരാതെ പെരുമാറും. ഇത്രയും മികച്ച സംവിധായകനെ ഗുരുവായി ലഭിക്കുക എന്നതുതന്നെ ഭാഗ്യമാണ്. സംവിധാനകല വളരെ മനോഹരമായാണ് അദ്ദേഹം ചെയ്യുന്നത്. ഓരോ ഷോട്ടും വളരെ കോണ്‍ഫിഡന്റായാണ് അദ്ദേഹം ചെയ്യുക. അദ്ദേഹത്തിന്റെ കീഴില്‍ അഭിനയിക്കുന്നവര്‍ക്ക് ഒരു പ്രത്യേക ഊര്‍ജം അദ്ദേഹത്തിലൂടെ ലഭിക്കാറുണ്ട്. എത്രതവണ വേണമെങ്കിലും ഒരു പരിഭവവുമില്ലാതെ അദ്ദേഹം ടേക്ക് എടുക്കും. അതുകാരണം വളരെ റിലാക്സായി നമുക്ക് അഭിനയിക്കാനാവും.
ആദ്യഷോട്ട്
ടെന്‍ഷനുണ്ടായിരുന്നു. നെഞ്ചുക്കുള്‍.. എന്ന പാട്ടില്‍ സൈക്കിളില്‍ വരുന്ന സീനാണ്. ആദ്യം പരിഭ്രമമുണ്ടായിരുന്നു. ആന്‍ഡമാനിലായിരുന്നു ഷൂട്ട്. രാവിലെ കണ്ടപ്പോള്‍ത്തന്നെ മണിരത്നം സാര്‍ ടെന്‍ഷനൊന്നും വേണ്ട, പറയുന്നതുപോലെ ചെയ്താല്‍മതി ശരിയാവും എന്ന് പറഞ്ഞു. അതോടെ അല്‍പ്പം റിലാക്സ്ഡായി.
ബിയാട്രസ് ആവാനുള്ള തയ്യാറെടുപ്പുകള്‍.
ഭാരം കുറച്ചു. മണിരത്നം സാറിന്റെ ചൈന്നെയിലെ വീട്ടില്‍ രണ്ട്മാസം ശില്‍പ്പശാലയുണ്ടായിരുന്നു. അത് കഴിഞ്ഞതോടെ നാണം കുണുങ്ങിയും ടെന്‍ഷന്‍ അടിക്കുകയും ചെയ്യുന്ന എന്റെ സ്വഭാവംതന്നെ മാറി.
അഭിനന്ദനങ്ങള്‍
എന്റെ സിനിമയിലെ ദേവത നീ തന്നെയാണ് എന്ന മണിരത്നം സാറിന്റെ വാക്കുകള്‍. നന്നായിട്ടുണ്ട്, നീ ഭാഗ്യവതിയാണ് എന്നും പറഞ്ഞു.
ഗൗതം, അരവിന്ദസ്വാമി, അര്ജുന്.
ഗൗതമിനെ ശില്പ്പശാലയില്വച്ചാണ് കാണുന്നത്. കഠിനാധ്വാനം ചെയ്യുന്ന, അഭിനയത്തോട് നൂറുശതമാനം ആത്മാര്‍ത്ഥത പുലത്തുന്നയാള്. എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗൗതം. വലിയ ഒരു നടന്റെ മകനാണ് എന്ന ഭാവമൊന്നും ഒരിക്കലും ഗൗതമിനുണ്ടായിരുന്നില്ല. ഗൗതമിന്റെ ഇടപെടല്‍ സിനിമയുമായി ഇഴുകിച്ചേരാന്‍ വളരെ സഹായിച്ചു.
അരവിന്ദ്സ്വാമി 12വര്‍ഷങ്ങള്‍ക്കുശേഷമാണ് അഭിനയിക്കാന്‍ എത്തുന്നത്. പക്ഷേ അദ്ദേഹത്തിന്റെ അഭിനയരീതി കണ്ടു പഠിക്കേണ്ടതുതന്നെയാണ്. അതുപോലെതന്നെയാണ് അര്ജ്ജുന്സാറിന്റേതും. വൈകാരിക മുഹൂര്‍ത്തങ്ങളും ആക്ഷന്‍ രംഗങ്ങളും വളരെ തന്മയത്വത്തോടെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എന്നോട് ഇരുവര്‍ക്കും ഒരു മകളോടെന്നപോലെ വാത്സല്യമായിരുന്നു.
കടല്‍ കണ്ടപ്പോള്‍.
ഇപ്പോള്‍ത്തന്നെ അഞ്ചുപ്രാവശ്യം കണ്ടു. അതില്‍നിന്ന് തന്നെ മനസിലാക്കാമല്ലോ.
സിനിമയിലെത്തിയിരുന്നില്ലെങ്കില്‍.
ഉറപ്പായും ബിസിനസ് തിരഞ്ഞെടുത്തേനെ. അച്ഛനോടൊപ്പം (പ്രമുഖ വ്യവസായി രാജശേഖരന്‍നായര്‍) ബിസിനസ് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നായിരുന്നു ആഗ്രഹം.
കേരളം
മാസത്തിലൊരിക്കല്‍ അച്ഛന്റെ കോവളത്തെ ഹോട്ടലായ ഉദയസമുദ്രയിലെത്താറുണ്ട്. പഠിച്ചതും വളര്‍ന്നതുമെല്ലാം ബോംബെയിലായതിനാല് ഇതാണ് കേരളത്തില്‍ വരാന്കിട്ടുന്ന അവസരങ്ങള്‍. കോവളത്തെ ബീച്ച് തന്നെയാണ് ഇഷ്ടസ്ഥലം.
ഇഷ്ടഭക്ഷണം
അപ്പവും ഇടിയപ്പവുമൊക്കെയാണ് ഇഷ്ട ആഹാരങ്ങള്‍.
ഇഷ്ട നടന്മാര്
മലയാളത്തില്‍ ദിലീപും മമ്മൂട്ടിയും തമിഴില്‍ ഗൗതമും ജീവയും. കാരണം ഇവര്‍ രണ്ടുപേരോടുമൊത്താണ് നായികയായി അഭിനയിച്ചത്.
ഇഷ്ടനിറം
കറുപ്പ്, ചുവപ്പ്.
മലയാള സിനിമയിലേക്ക്
എന്തായാലും ഉടനില്ല. കാരണം ചേച്ചിയെപ്പോലെ മലയാളം അത്ര വഴങ്ങിയിട്ടില്ല. തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിച്ചശേഷം പതുക്കെ മലയാളത്തിലേക്ക് വരാമെന്നാണ് കരുതുന്നത്.
അടുത്ത പ്രോജക്ട്
ജീവയുടെ നായികയായി യഹാന്‍.
** സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: