പാലക്കാട്: എത്രയോ സിനിമകളിലൂടെ എത്രയെത്ര കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര ആസ്വാദകരെ വിസ്മയിപ്പിച്ച സാന്റോ കൃഷ്ണന് എന്ന കൃഷ്ണന് സിനിമയോടുമാത്രമല്ല ഈ ലോകത്തുനിന്നു തന്നെ വിടവാങ്ങി. ആര്‍ക്കും വേണ്ടാതെ അദ്ദേഹം മരണം കാത്തുകിടന്നു. കഴിഞ്ഞുപോയ സിനിമാജീവിതം ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും 94 ാം വയസ്സിലും ഒരിക്കല്‍കൂടെ സിനിമയില്‍ അഭിനയിക്കാനുള്ള മോഹം ബാക്കിവെച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
1932 ല്‍ ഗാന്ധിജി ഒറ്റപ്പാലം സന്ദര്‍ശിച്ചപ്പോള്‍ ആവേശംകൊണ്ട സാന്റോ ജാതി വിവേചനത്തിനെതിരെ പ്രചാരണം നടത്തുകയുണ്ടായി. ഇതിന്റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് മദ്രാസിലെത്തി ശീര്‍ക്കാഴി സത്യഗ്രഹത്തിലും ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്തിരുന്നു.
ചെറുപ്രായത്തില്‍ വീടും നാടും വിട്ട് തുടങ്ങിയ യാത്രക്കിടെ 15ാം വയസ്സില്‍ അഭിനയജീവിതം ആരംഭിച്ച സാന്റോയെ തേടി പേരും പെരുമയും എത്തിയെങ്കിലും പിന്നീട് ഒറ്റപ്പെടുകയായിരുന്നു. 1935 ല്‍ മഹാവീര ഭീമന് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഒരുകാലത്ത് മലയാളം,തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി സിനിമകളില്‍ സ്വഭാവ നടനായും വില്ലനായും ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഭക്തഹനുമാനായിരുന്നു. അതില്‍ ഹനുമാനായി വേഷമിട്ട സാന്റോയുടെ അഭിനയം ഏറെ ജനശ്രദ്ധനേടി.
ഹനുമാന് വേഷത്തിലൂടെ പ്രശസ്തനായതിനാല്‍ തിക്കുറിശ്ശി ഹനുമാന്‍കുട്ടി എന്നാണ് കൃഷ്ണനെ വിളിച്ചിരുന്നത്.70 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വിവിധഭാഷകളിലായി രണ്ടായിരത്തിലധികം സിനിമകളില്‍ സാന്റോ തിളങ്ങിയിട്ടുണ്ട്.
ഏഴാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന സാന്റോ ഡയലോഗുകള്‍ മനപാഠാമാക്കിയാണ് പറഞ്ഞിരുന്നത്. തിക്കുറിശ്ശി സുകുമാരന്‍നായരുമായുള്ള ബന്ധമാണ് മലയാള സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വഴിതെളിച്ചത്. മലയാളസിനിമയിലെ നിരവധി പ്രമുഖരുടെ കൂടെ അഭിനയിച്ചെങ്കിലും അവസാനകാലം ഒരാളെങ്കിലും സാന്റോയെ തിരിഞ്ഞുനോക്കിയില്ല.
രണ്ടാമത്തെ ഭാര്യയിലുണ്ടായ ഏക മകനെ പഠിപ്പിച്ച് നല്ലനിലയിലാക്കിയെങ്കിലും മകന് അച്ഛനെ ഉപേക്ഷിക്കുകയായിരുന്നു. ഈടും ഉറപ്പുമില്ലാതെ തകര്‍ന്നുവീഴാറായ വീട്ടില്‍ തനിച്ചായിരുന്നു സാന്റോയുടെ താമസം. മാസങ്ങള്‍ക്കുമുമ്പ് ഭാര്യയും മരിച്ചു. അയല്‍പ്പക്കത്തെ ഹനീഫയും കുടുംബവുമാണ് അദ്ദേഹത്തിനുണ്ടായിരുന്ന ഏക ആശ്രയം. സാന്റോയെ ശുശ്രൂഷിച്ചതും ഭക്ഷണം നല്കിയതും ആശുപത്രിയിലേക്ക് കൊണ്ടുപോയതുമൊക്കെ ഹനീഫയുടെ കുടുംബമാണ്. രോഗപീഡകളാല്‍ വലഞ്ഞ് വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ ഏകമകനെ കാണാന്‍ അവസാനകാലം വരെ ആഗ്രഹിച്ചെങ്കിലും അതു നടന്നില്ല.
രണ്ടാഴ്ചയോളമായി തീരെ അവശതയിലായിരുന്ന സാന്റോയ്ക്ക് ഭക്ഷണം മിക്സിയില്‍ അടിച്ചാണ് നല്‍കിയിരുന്നത്. ഇതിനിടെ വീണ് കാലിനും തലക്കും പരിക്കേറ്റിരുന്നു.സിനിമാലോകത്തിന്റെ ശ്രദ്ധയോ കാരുണ്യസ്പര്‍ശത്തിന്റെ വാതിലോ അദ്ദേഹത്തിന് വേണ്ടി തുറക്കപ്പെട്ടില്ലെങ്കിലും മരണം അദ്ദേഹത്തിന് വേണ്ടി വാതില്‍ തുറന്നുകൊടുത്തു.
സിജ പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: