തിരുവനന്തപുരം: താരത്തിളക്ക പ്രൗഢിയില്‍ നാല്പ്പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലയാള ചലച്ചിത്രലോകത്തിനു നല്കിയ സമഗ്രസംഭാവനയ്ക്ക് സംവിധായകന് ബി.ശശികുമാറിന് ജെ.സി ഡാനിയേല്‍ പുരസ്കാരം നല്കി. മികച്ച നടനും നടിക്കുമുള്ള പുരസ്കാരം പൃഥ്വിരാജും റീമാ കല്ലിങ്കലും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ലാല്‍ ജോസ് കൈപ്പറ്റി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണു പൃഥ്വിരാജ് അവാര്‍ഡു നേടിയത്. നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് റീമാ കല്ലിങ്കല്‍ മികച്ച നടിയായത്. മികച്ച കഥാചിത്രത്തിനുള്ള പുരസ്കാരം സെല്ലുലോയ്ഡ് സംവിധാനംചെയ്ത കമലും രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് ഒഴിമുറി സംവിധാനം ചെയ്ത മധുപാലും കൈപ്പറ്റി. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം മനോജ് കെ.ജയനും (കളിയച്ഛന്), നടിക്കുള്ള അവാര്‍ഡ് സജിതാ മഠത്തിലും (ഷട്ടര്‍) ഹാസ്യനടനുള്ള പുരസ്കാരം സലീംകുമാറും ഏറ്റുവാങ്ങി. മറ്റ് അവാര്‍ഡുകളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു.
സിനിമ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1950 ല്‍ ഉദയായുടെ ‘വിശപ്പിന്റെ വിളി’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണു താന്‍ ഈ രംഗത്ത് എത്തിയതെന്ന് ജെ.സി.ഡാനിയേല്‍ പുരസ്കാരം ഏറ്റുവാങ്ങിയ സംവിധായകന് ബി.ശശികുമാര്‍ പറഞ്ഞു. പിന്നീട് 140 സിനിമകള്‍ സംവിധാനം ചെയ്തു. പ്രേംനസീറിനെ നായകനാക്കി 85 ചിത്രങ്ങള്‍ സംവിധാനം ചെയ്തത് അഭിമാനമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ സിനിമാ സ്റ്റാമ്പുകള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശോഭാ കോശി മുഖ്യമന്ത്രിക്കു നല്കി. ചലച്ചിത്ര അവാര്‍ഡ് വിവരമടങ്ങിയ പുസ്തകം മേയര്‍ കെ.ചന്ദ്രിക സംവിധായകന് ഐ.വി.ശശിക്കു നല്കി പ്രകാശനം ചെയ്തു. മന്ത്രി എ.പി. അനില്‍കുമാര്‍, കെ.ബി. ഗണേഷ്കുമാര് എംഎല്‍എ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്മാന് എസ്. പ്രിയദര്ശന്, സെക്രട്ടറി കെ.മനോജ്കുമാര്‍, ജൂറിയംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പുരസ്കാരദാനത്തിനു ശേഷം മലയാള ശബ്ദസിനിമയുടെ 75 വര്‍ഷത്തെ നാഴികക്കല്ലുകളായ ഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകര്‍ ഒരുക്കിയ ‘ഗാനായനം’ പരിപാടിയും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: