ഒരു പൂവിതള്‍ കൊഴിയുന്ന പോലെ ഒരു ജീവിതം അവസാനിക്കുക, അല്ല അവസാനിപ്പിക്കുക, ഭൂമിയില്‍ ബാക്കിയായ ബന്ധങ്ങള്‍ക്ക് വേദന മാത്രം നല്കി ഒരു രക്ഷപെടല്‍. സമൂഹത്തിന് നേരെ ഒട്ടനവധി ചോദ്യശരങ്ങള്‍ എയ്തുകൊണ്ടാണ് പലരും മരണമെന്ന പ്രതിഭാസത്തെ ആലിംഗനം ചെയ്യുന്നത്.
സ്വയം ജീവിതം അവസാനിപ്പിക്കുന്നവര്‍ നിരവധി പേരുണ്ടെങ്കിലും പ്രശസ്തരുടെ മരണമാണ് സമൂഹം എന്നും ചര്‍ച്ച ചെയ്യുക. എന്തുകൊണ്ട് ഈ കടുത്ത തീരുമാനം എന്ന ഉത്തരമില്ലാത്ത ചോദ്യം കാലങ്ങളോളം ജനം ചോദിച്ചുകൊണ്ടിരിക്കും. ഉത്തരങ്ങള്‍ പലതുണ്ടാകും. ഇതില്‍ ശരി ഏതെന്ന് പറയുവാന്‍ യാത്ര പറഞ്ഞ് പോയവര്‍ തിരികെ വരില്ലല്ലോ?
ജീവിതത്തിന്റെ വസന്തകാലത്തിലേക്ക് കാലൂന്നിയപ്പോള്‍ത്തന്നെ മരണത്തെ സ്വയം വരിച്ചവര്‍ എത്രപേര്‍. അതില്‍ അവാസനത്തെ ഉദാഹരണമാണ് ജിയാ ഖാന് എന്ന ബോളിവുഡ് താരം. അഭിനയം കൊണ്ട് അഭ്രപാളിയില്‍ വിസ്മയം സൃഷ്ടിച്ചില്ലെങ്കിലും അരങ്ങേറ്റം സൂപ്പര്‍ സ്റ്റാര്‍ സാക്ഷാല്‍ ബിഗ് ബിയ്ക്കൊപ്പമായിരുന്നതും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവച്ചതും ജിയയ്ക്ക് വാനോളം പ്രശ്സ്തിനല്കിയിരുന്നു.
2007 ല്‍ രാംഗോപാല്‍ വര്‍മയുടെ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ നിശബ്ദ് എന്ന ചിത്രത്തിലൂടെയായിരുന്നു ജിയ നായികയായി വെള്ളിത്തിരയിലെത്തുന്നത്. മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. അരങ്ങേറ്റം സൂപ്പര്‍ ആയിരുന്നുവെങ്കിലും ഭാഗ്യം തുണയ്ക്കാതെ പോയ നടിമാരുടെ ഗണത്തിലേക്ക് പേരുചേര്ക്കപ്പെടാനായിരുന്നു ഈ താരത്തിന്റെ യോഗം. കരിയറില്‍ ശോഭിക്കാനാവാത്തതും താരപുത്രനായ സൂരജ് പഞ്ചോളിയുമായുള്ള പ്രണയം തകര്‍ന്നതും ജിയയെ ആത്മഹത്യയിലേക്ക് നയിച്ചതായി നടിയുമായി അടുപ്പമുള്ളവര്‍ പറയുന്നു.
പ്രശസ്തിയുടെയും സുഖലോലുപതയുടെയും നടുവില്‍ കഴിയുന്നവരായി ചലച്ചിത്രതാരങ്ങളെ കരുതുന്നവര്‍ ഒരിക്കലും അവരുടെ സങ്കീര്‍ണമായ പ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. പുറമേനിന്ന് നോക്കുന്നവര്‍ക്ക് സുന്ദരമെന്ന് തോന്നുമെങ്കിലും പക്ഷേ വാസ്തവം ഒരിക്കലും അതല്ല. അസംതൃപ്തരും അസ്വസ്ഥരുമായിരുന്നു പലരും ജീവിതത്തില്‍. ആഘോഷരാവുകളും ആഡംബര ജീവിതവും ആസ്വദിക്കാത്ത സുന്ദരികള്‍ പലരുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം പറയാനുള്ളത് പ്രണയ നൈരാശ്യത്തിന്റേയോ കുടുംബ വഴക്കിന്റേയോ, ചതിയുടേയോ വഞ്ചനയുടേയോ കഥയാവും.
പ്രേക്ഷകരുടെ സിരകളില്‍ അഗ്നി പടര്‍ത്തിയ ഓരോ താരസുന്ദരിമാരുടെയും ആത്മഹത്യ ഇന്നും നൊമ്പരത്തോടെയാണ് ഓര്‍മ്മിക്കപ്പെടുന്നത്. ഹോളിവുഡില്‍ മെര്ളിന് മണ്‍റോ…ബോളിവുഡിലെ ആദ്യകാല നായികമാരായ പ്രിയ രാജ്വംശ്, പര്‍വീണ്‍ ബാബി, ദിവ്യഭാരതി, നഫീസ ജോസഫ്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ മാസ്മരിക സൗന്ദര്യം കൊണ്ട് ഗ്ലാമര്‍ലോകം കീഴടക്കിയ സില്‍ക്ക് സ്മിത, താരപ്പൊലിമയില്‍ കൊഴിഞ്ഞുപോയ വിജയശ്രീ, ശോഭ.. ജീവിതമെന്ന അരങ്ങില്‍ അഭിനയം പാതി വഴിയില്‍ അവസാനിപ്പിച്ച് മടങ്ങിയിവരുടെ പട്ടിക നീളുകയാണ്.
ലോകജനതയുടെ ഹൃദയമിടിപ്പ് കൂട്ടിയ നടി, മെര്ളിന് മണ്‍റോ, ഹൃദയം കീഴടക്കിയ നടിയെന്നും പറയാം. അറിയപ്പെടുന്ന ഗായികയും മോഡലുമായിരുന്നു ഇവര്‍. യുഎസ് പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുമായിട്ടുള്ള പ്രണയ ബന്ധവും ദാമ്പത്യ പരാജയവും എല്ലാം മെര്‍ളിനെ എന്നും വാര്‍ത്തകളിലെ താരമാക്കിയിരുന്നു. എല്ലാത്തിനുമൊടുവില്‍ 1962ല്‍ വെറും 36-ാം വയസ്സില്‍ ലോസ് ആഞ്ചല്‍സിലെ വസതിയില്‍ വച്ച് ആ സൗന്ദര്യധാമം മരണത്തെ പുല്കുകയായിരുന്നു. ഇവരുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും നിഗൂഢതയുടെ മറനീക്കി പുറത്ത് വന്നിട്ടില്ല. മരണമടഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മണ്‍റോയുടെ സൗന്ദര്യത്തിന്റെ ഓര്‍മ്മയില്‍ ഉറക്കം നഷ്ടപ്പെടുന്ന ആരാധകര്‍ ഇന്നുമുണ്ട്.
എഴുപതുകളില്‍ പുറത്തിറങ്ങിയ ഹീര്‍ രഞ്ജ, ഹന്‍സ്തേ സഖം തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ പ്രിയ രാജ്വംശിന്റെ മരണം ഏറെ വിവാദമായിരുന്നു. 2000 ത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന് വിലയിരുത്തിയ മരണം പിന്നീടാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സ്വത്തിന് വേണ്ടി ബന്ധുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു.
ബോളിവുഡിലെ ഗ്ലാമര്‍ താരമായിരുന്ന പര്‍വീണ്‍ ബാബിയും ഏകാന്ത ജീവിതത്തിനൊടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 2005 ജനുവരി 20 നാണ് ഇവര്‍ സ്വന്തം ജീവിതത്തെ സംബന്ധിച്ച രഹസ്യങ്ങള്‍ മൂടി വച്ചുകൊണ്ട് ജീവിതം തന്നെ അവസാനിപ്പിച്ചത്.
വെറും പത്തൊമ്പതാമത്തെ വയസ്സില്‍ ജീവിതം അടിതെറ്റിപ്പോയ നടിയായിരുന്നു ദിവ്യഭാരതി. അഭ്രപാളിയില്‍ ഒരു പക്ഷേ ഈ നടിയെ കാത്ത് അവസരങ്ങള്‍ നിരവധി ഉണ്ടാകുമായിരുന്നു. ദീവാനയിലെ ഇവരുടെ പ്രകടനം കണ്ട് ഭാവിയിലെ വാഗ്ദാനമെന്ന് ദിവ്യ വിലയിരുത്തപ്പെട്ടിരുന്നു. മദ്യലഹരിയിലായിരുന്ന ദിവ്യഭാരതി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും അടിതെറ്റി വീണതാണോ അതോ ആരെങ്കിലും ഇവരെ തള്ളിയിട്ടു കൊലപ്പെടുത്തിയതോ എന്ന കാര്യത്തില്‍ ഇന്നും സംശയമുണ്ട്.
മുന്‍ മിസ് ഇന്ത്യ യൂണിവേഴ്സും മോഡലുമായ നഫീസ ജോസഫും ജീവിതം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ബിസിനസ്മാന് ഗൗതം ഖാന്തുജയുമായി ആഴ്ചകള്‍ മാത്രം നീണ്ട ദാമ്പത്യത്തിനിടയില്‍ ഉണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ഇവരേയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
17 വര്‍ഷം കൊണ്ട് 450 ചിത്രങ്ങള്‍, സില്‍ക്ക് സ്മിതയെന്ന നടിയെ ഓര്‍ക്കുവാന്‍ ഇത് തന്നെ ധാരാളം. പ്രണയനഷ്ടവും വിഷാദവും മദ്യത്തിന്റെ അമിത ഉപയോഗവും സ്മിതയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് പറയുന്നതാവും ശരി. അഭിനയിച്ച ചിത്രങ്ങളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും സില്‍ക്കിന്റെ വിയോഗം മനുഷ്യസ്നേഹികളെ വേദനിപ്പിക്കുകതന്നെ ചെയ്തു.
പഴയകാലനടി വിജയശ്രീ, പ്രേക്ഷക മനസ്സില്‍ എന്നും നൊമ്പരമായ ആദ്യഉര്വശി അവാര്‍ഡ് ജേതാവ് ശോഭ തുടങ്ങി ജീവിതനാടകത്തില്‍ പരാജയം സമ്മതിച്ച് ജീവനൊടുക്കിയവര്‍ ഏറെയുണ്ട്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴായിരുന്നു മലയാള- തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച് ശോഭ സാരിത്തുമ്പില്‍ ജീവിതമവസാനിപ്പിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബാലു മഹേന്ദ്രയുമായുള്ള ബന്ധത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ശോഭയെ ജീവിതത്തോട് എന്നേക്കുമായി വിട പറയാന്‍ പ്രേരിപ്പിച്ച ഘടകം. പൊന്നാപുരംകോട്ട എന്ന സിനിമയിലെ വെള്ളച്ചാട്ടത്തിലെ അഭിനയത്തിനിടെ ഉടുതുണി നഷ്ടപ്പെട്ടതിന്റെ പേരില്‍ ആത്മസംഘര്‍ഷം സഹിക്കാനാകാതെയാണ് വിജയശ്രീ വിടപറഞ്ഞതെന്ന് സിനിമാലോകം.
എന്തിന്റെ പേരിലായാലും വെള്ളിവെളിച്ചത്തില്‍ നിന്ന് വേദനയോടെ പിന്തിരിഞ്ഞ് വിടപറഞ്ഞവര്‍ അനവധിയാണ്. .അല്ലെങ്കിലും സിനിമാ ലോകം അങ്ങനെയാണ്. കൃത്രിമ വെളിച്ചത്തു നിര്‍മ്മിച്ച് പ്രത്യേകം നിര്‍മ്മിക്കുന്ന ഇരുട്ടുമുറിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമക്കു പിന്നില്‍ എന്തെന്തു നിഗൂഢതകള്‍, എത്രയെത്ര കേള്‍ക്കാത്ത നിലവിളികള്‍….
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: