വ്യത്യസ്തമായ ഒരു സിനിമ. ഒറ്റ വാക്കില്‍ ആമേനെ അങ്ങനെ വിശേഷിപ്പിക്കാം. കയ്യടിയും കൂട്ടച്ചിരിയുമായി നിറഞ്ഞ തീയേറ്ററുകളില്‍ ആമേന്‍ പ്രദര്‍ശനം തുടരുകയാണ്. ഇത്ര മാത്രം ചിരിക്കാനും ബഹളം വയ്ക്കാനും എന്താണീ ചിത്രത്തിലെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് പറയാനുമില്ല. വ്യത്യസ്തവും മനോഹരവുമായ ഷോട്ടുകള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. പ്രണയിനിയെ കാണാനും അവളുടെ മുന്നില്‍ മാത്രം കൈവരുന്ന ആത്മവിശ്വാസത്തില്‍ ക്ലാര്നെറ്റ് വായിക്കാനും കപ്യാര് സോളമനെത്തുന്നതുമായ സീന്‍ ഏതോ ഇംഗ്ലീഷ് ചിത്രത്തിലെപ്പോലെ. മുകളിലെ ജനലഴികള്‍ തുറന്ന് ശോശന്ന പ്രത്യക്ഷപ്പെടുമ്പോള്‍ ഒരുള്‍നാടന്‍ ഗ്രാമത്തിന്റെ കഥ പറയുന്ന മലയാളം സിനിമയാണിതെന്ന് വിശ്വസിക്കാന്‍ കഴിയില്ല.
അങ്ങനെയാണ് ആമേന്‍. വ്യത്യസ്തവും മനോഹരങ്ങളുമായ സീനുകള്‍. ചിലപ്പോള്‍ സത്യന് അന്തിക്കാടന്‍ ശൈലിയില്‍ തനി നാട്ടിന്പുറക്കാഴ്ചകള്, മറ്റ് ചിലപ്പോള്‍ ഭരതന് സിനിമയെ ഓര്‍മ്മിപ്പിക്കുന്ന പെയിന്റിംഗ് പോലെ സുന്ദരമായ ദൃശ്യചാരുത. ഒരുപാട് സിനിമകളില്‍ കണ്ട് പരിചയിച്ച കുട്ടനാടന്‍ കാഴ്ചകളുമുണ്ട്. ഓരോ സീനും ഒന്നില്‍ നിന്ന് ഘടകവിരുദ്ധമെന്ന് പറയാം. കായല്‍ക്കരയിലെ ഷാപ്പില് നിന്ന് പൊടുന്നനെ ക്യാമറ ഉയര്‍ന്നും താണും എവിടെയൊക്കെയോ അലഞ്ഞും കാഴ്ചകള്‍ സമ്പന്നമാക്കുകയാണ്. ഛായാഗ്രാഹകനെ അഭിനന്ദിക്കാതെ വയ്യ.
കുമരന്‍കരിയിലെ പള്ളിയും അവിടത്ത മനുഷ്യരുമാണ് ആമേന്‍ പ്രമേയം. വര്‍ഷങ്ങളായി പരാജയപ്പെടുന്ന ഗീവര്‍ഗീസ് ബാന്‍ഡ് സംഘത്തിന്റെ വിജയമാണ് സിനിമയുടെ കാതല്‍. സോളമന്റെ അച്ഛന് എസ്തപ്പാനാശന്റെ നേതൃത്വത്തിലുള്ള എവിടെയും ജയിക്കുന്ന ബാന്‍ഡ് ട്രൂപ്പ് നാട്ടുകാരുടെ അഭിമാനമായിരുന്നു. ബോട്ട് മുങ്ങി എസ്തപ്പാനാശാന്‍ മരിച്ചതോടെ ബാന്‍ഡ് സംഘം സ്ഥിരമായി പരാജയപ്പെടുന്നു. ഈ സംഘത്തെ പിരിച്ചുവിടാനാണ് പള്ളിയിലെ വലിയച്ചന്റെയും വലിയ കപ്യാരുടെയും നീക്കം.
മലയാളിക്ക് അധികം ശീലമില്ലാത്ത ഒരു സംഗീതമേഖലയിലേക്ക് പ്രേക്ഷകരെ കൈപിടിച്ചെത്തിക്കുന്നതില്‍ സംവിധായകന് ലിജു വിജയിച്ചു. ബാന്‍ഡ് സംഗീതത്തിന് ഇത്രമാത്രം ആസാദ്യതയുണ്ടെന്ന് മനസിലാക്കിച്ച മറ്റൊരു സിനിമ മലയാളം സിനിമാചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കാവാലം നാരായണപ്പണിക്കരുടെ താളബോധമാണ് ബാന്‍ഡ് സംഗീതത്തിന് ഇത്ര ഇമ്പം നല്‍കിയതെന്ന് പറയാതിരിക്കാന്‍ വയ്യ. കാവാലം-പ്രശാന്ത് പിള്ള കൂട്ടുകെട്ടിലാണ് ഗാനരചനയും സംഗീതവും. ഒരിക്കല്‍പോലും വാച്ച് നോക്കാന്‍ തോന്നിക്കാത്ത ഇന്റര്‍വെല്ലിന് എന്തേ ഇത്ര താമസമെന്ന് ഒരാള്‍ പോലും ചോദിക്കാത്ത സിനിമയാണ് ആമേന്‍.
ഗൗരവപൂര്‍ണമായ ഒരു വിഷയമാണോ ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ചോദിച്ചാല്‍ അങ്ങനെയല്ല. പ്രത്യക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ഗീവര്‍ഗീസ് ബാന്‍ഡ് സംഘത്തിന്റെ നിലനില്‍പ്പാണ്. കഥ പുരോഗമിക്കുന്നത് അതിനെ കേന്ദ്രീകരിച്ചാണെങ്കിലും സോളമന്-ശോശന്ന പ്രണയവും സിനിമയില്‍ നിര്‍ണ്ണായകമാകുന്നു. ഒരേ സമയം പ്രണയവിജയവും ഒപ്പം വര്‍ഷങ്ങളായി തോറ്റു തുന്നം പാടിയിരുന്ന ബാന്‍ഡ് സംഘത്തിന്റെ കരകയറലും. ഇതിനിടയില്‍ ചില കഥാപാത്രങ്ങള്‍. പുണ്യാളച്ചന്റെ നേരിട്ടുള്ള ഇടപെടലോ സാന്നിധ്യമോ ഒരിക്കലും ചിത്രത്തില്‍ ആരും പ്രതീക്ഷിക്കുന്നില്ല. അതിശയക്കാഴ്ച്ചകളോ അതിമാനുഷികതയോ ഇല്ലാത്ത ഒരു ചിത്രത്തില്‍ അത്തരം ഒരു പ്രതീക്ഷക്ക് അടിസ്ഥാനവുമില്ല. പക്ഷേ ചിത്രം അവസാനിക്കുമ്പോള്‍ അന്തം വിട്ടുപോകുന്നു പ്രേക്ഷകന്. രഞ്ജിത്തിനെയും നന്ദനത്തെയും ഓര്‍ക്കാതെ പ്രേക്ഷകന് തീയേറ്റര്‍ വിടാനാകില്ലെന്നത് മറ്റൊരു വസ്തുത.
നാടകീയതയാണ് ചിത്രത്തിന്റെ മുഖമുദ്ര. സീന്‍ ഒന്ന് രണ്ട് എന്ന് ചിത്രം തുടങ്ങി കഴിയുമ്പോള്‍ പ്രേക്ഷകനും മനസ്സില്‍ പറഞ്ഞുതുടങ്ങും. സോളമനോടുള്ള ശോശന്നയുടെ പ്രണയം അവളുടെ വീട്ടില്‍ ഭൂകമ്പമുണ്ടാക്കുന്നതാണ്. എങ്കിലും ശോശന്നക്ക് ആരെയും പേടിയില്ല. കായല്‍ക്കരയിലും കൈത്തോടിന്റെ മുകളിലെ പാലത്തിലും സ്വന്തം ജാലകവാതില്‍ക്കലും അവളത് പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു.
സോളമന് ശോശന്നയ്ക്കായി ക്ലാര്നെറ്റ് വായിക്കുമ്പോള്‍ അവളുടെ വീട്ടുകാരാരും കേള്‍ക്കുന്നില്ലേ എന്ന സംശയം ഇടയ്ക്ക് തോന്നരുത്. പ്രണയമാണ്, കണ്ണും മൂക്കുമില്ലാത്തതാണ്.
.
സിനിമയില്‍ ചില കല്ലുകടികളുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കാനാണോ അതോ ഒരുള്‍നാടന്‍ ഗ്രാമത്തിലെ പച്ചമനുഷ്യരുടെ ജീവിതരീതികള്‍ അങ്ങനെ തന്നെ ചിത്രീകരിക്കാനാണോ സംവിധായകന് ശ്രമിച്ചതെന്ന് അറിയില്ല പക്ഷേ പലപ്പോഴും ഇത്തിരി അതിരു കടന്നു പോകുന്നില്ലേ എന്ന് തോന്നിപ്പോകുന്നു. പ്രത്യേകിച്ചും പട്ടിത്തീട്ടം ഊണുമേശയിലേക്ക് എറിയുന്ന രംഗവും മറ്റും. നര്‍മ്മത്തിന് പകരം ജുഗുപ്സയാണ് ഇത് സൃഷ്ടിക്കുന്നത്. അതുപോലെ സോളമന്റെ സംഘത്തെ തോല്‍പ്പിക്കാനെത്തുന്ന ബാന്‍ഡ് മാസ്റ്ററുടെ ചില മാനറിസങ്ങള്‍. ഒരു കലാകാരന് എന്ന നിലയില്‍ കയ്യടി നേടുമ്പോഴും ഇടയില്‍ ഗ്രാമീണമായ ചില പദങ്ങളും ആക്ഷനും.. അതു വേണ്ടിയിരുന്നോ?
ജയിച്ചെത്തുന്ന സംഘവുമായി തോറ്റ ഗിവര്‍ഗീസ് സംഘാംഗങ്ങള്‍ ഷാപ്പില് ഏറ്റുമട്ടുന്നത് ഇങ്ങനെയാണോ? എതിരാളികളുടെ കൂടിക്കാഴ്ചയായല്ല അത് തോന്നുന്നത്. ബാന്‍ഡ് സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ടീമുകളും ഒരു പോലെ ആഘോഷിക്കുന്നത് പോലെ. ബോറടിപ്പിക്കുന്നില്ലെങ്കിലും ചില സീനുകള്‍ ഒഴിവാക്കാമായിരുന്നു എന്നും തോന്നുന്നുണ്ട്. ഫാദര്‍ വട്ടോളിയും കുമരന്‍കരിയിലെ സംഗീതത്തില്‍ ഭ്രമിച്ച ജീവിതം ഇവിടേക്ക് പറിച്ചുനട്ട മിഷേലും തമ്മിലുള്ളത് വെറും സൗഹൃദം മാത്രമാണെന്ന് പറയുമ്പോഴും എവിടെയൊക്കെയോ പ്രണയത്തിന്റെ സൂചനകള്‍ നിറയുന്നുണ്ട്.
പള്ളിയും പട്ടക്കാരും തമ്മിലുള്ള തര്‍ക്കങ്ങളും വലിയച്ചന്റെ ഈഗോയും പരിഷ്ക്കാരിയായ ഫാദര്‍ വട്ടോളിയുടെ രംഗപ്രവേശവും തെറ്റില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. വലിയച്ചന്റെ നിര്‍ദ്ദേശപ്രകാരം പുണ്യാളച്ചന്റെ പ്രതിമ തകര്‍ക്കാന്‍ തുടങ്ങുമ്പോള്‍ ഒരേ സമയം മൂന്ന് പേര്‍ക്ക് ബോധോദയം ഉണ്ടാകുന്നു എന്നത് അവിശ്വസനീയമാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് പക്ഷേ ഈ സംശയത്തെ തൂത്തെറിഞ്ഞ് ‘അയ്യോ’ എന്ന് പ്രേക്ഷകനെക്കൊണ്ട് പറയിപ്പിക്കുന്നു. ചിത്രം അവസാനിച്ച് കഴിയുമ്പോഴും പലര്‍ക്കും സംശയം ബാക്കിയാകുന്നു, എന്താണ് സംഭവിച്ചത്…
ഫഹദ് സോളമനെ അനശ്വരനാക്കി, ഒപ്പം ഫാദര്‍ വട്ടോളിയെ ഇന്ദ്രജിത്തും. സ്വാതി ശോശന്നയെ മനോഹരമാക്കി. പ്രത്യേകിച്ചും ശോശന്നയുടെ ചിരി. കലാഭവന്‍ മണിയ്ക്ക് ഇക്കുറി ഇരുത്തം വന്ന ഒരു പഴയ കലാകാരന്റെ വേഷമാണ്. വലിയച്ചന് ഭാവഹാവാദികളില്‍ എവിടെയൊക്കെയോ നരേന്ദ്രപ്രസാദിനെ ഓര്‍മ്മിപ്പിക്കുന്നത് പോലെ.
നഷ്ടമാകുന്ന മതമൂല്യങ്ങളെക്കുറിച്ച് സംവിധായകന് ഓര്‍മ്മിപ്പിക്കുന്നു. പുണ്യവാളച്ചന്റ ഇടപെടലിന്റെ ആവശ്യകത നര്‍മ്മത്തിലൂടെയാണെങ്കിലും ഊന്നിപ്പറയുന്നുമുണ്ട്. ചുരുക്കത്തില്‍ തരക്കേടില്ല ആമേന്‍. എങ്കിലും നന്നാക്കാമായിരുന്നു കുറച്ചു കൂടി. പക്ഷേ ഒരിക്കല്‍ കൂടി കാണാന്‍ അവസരം ലഭിച്ചാല്‍ ഞാനില്ല എന്നാരും പറയില്ല. അല്ലെങ്കില്‍ ഒന്നുകൂടി കണ്ട് നോക്കിയാലോ എന്ന് ചിലര്‍ക്കെങ്കിലും തോന്നാതെയുമിരിക്കില്ല.
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: