മാതൃത്വത്തിന്റെ മഹത്വം ബോധ്യപ്പെടുത്തുക എന്നതായിരുന്നു സംവിധായകന് ബ്ലെസി കളിമണ്ണ് എന്ന സിനിമയിലൂടെ ഉദ്ദേശിച്ചത് എങ്കില്‍ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരും. ഒരൊറ്റ ഡയലോഗോ ഷോട്ടോ കൊണ്ട് പ്രേക്ഷകനില്‍ പല സംവിധായകരും എത്രയോ മുമ്പ് പകര്‍ന്നു നല്കിയ ചില തിരിച്ചറിവുകള്ക്കപ്പുറമൊന്നും വിവാദങ്ങളുടെ പെരുമഴ പെയ്യിച്ച കളിമണ്ണ് നല്‍കുന്നില്ല. ഏതൊരു കൊമേഴ്സ്യല്‍ സിനിമയേയും പോലെ പ്രണയവും മസാലയും പതിവ് സംഭാഷണങ്ങളും കുത്തിത്തിരികിയിരിക്കുന്നു കളിമണ്ണിന്റെ ആദ്യപകുതിയില്‍. ഇന്റര്‍വെല്ലിന് ശേഷമാണ് ചിത്രം ശരാശരി നിലവാരത്തിലേക്കുയരുന്നതുതന്നെ. അമ്മയാകുക എന്ന സ്ത്രീയുടെ അവകാശത്തെ ചോദ്യം ചെയ്യാനാവില്ലെന്ന തത്വം ബോധ്യപ്പെടുത്താന്‍ ഇത്രമാത്രം നീട്ടിപ്പരത്തി പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് പ്രേക്ഷകന് പലപ്പോഴും തോന്നിപ്പോകുന്നു. ക്യാമറക്ക് മുന്നിലെ ശ്വേതയുടെ പ്രസവത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും പ്രതികരണങ്ങളും വ്യക്തമാക്കുന്ന ചാനല്‍ ചര്‍ച്ചകളും മറ്റും ചിത്രത്തില്‍ പുന:സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ കണ്ടിരിക്കുന്നവരില്‍ അത് ഒരു ധാര്‍മ്മികരോഷവും ഉണര്‍ത്താന്‍ പര്യാപ്തമാകുന്നുമില്ല.
എംടി- ഹരിഹരന് കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രം പരിണയത്തില്‍ അവിഹിതഗര്‍ഭം ധരിച്ച ഉണ്ണിമായ എന്ന വിധവയായ അന്തര്‍ജ്ജനവും അവരെ ചോദ്യം ചെയ്യാനെത്തിയ ആഢ്യബ്രാഹ്മണരും തമ്മിലുള്ള ചില സംഭാഷണങ്ങളുണ്ട്. ” പുരാണമൊക്കെ മറന്നോ പണ്ഡിതവര്യന്മാര്, വേദം സൃഷ്ടിച്ച വ്യാസന് പുത്രോത്പാദനം നടത്തിയത് വിധവകളിലല്ലേ” എന്ന ഒറ്റചോദ്യത്തില്‍ ആ ചിത്രത്തില്‍ ഉണ്ണിമായ ആധുനിക വൈദ്യശാസ്ത്രത്തിന്റെയോ നിയമപീഠങ്ങളുടെയോ പിന്‍ബലമില്ലാതെ സ്വയം പ്രതിരോധം തീര്‍ക്കുന്നു. ഇത് എടുത്തുപറഞ്ഞത് കളിമണ്ണില്‍ മീരയെന്ന കഥാപാത്രത്തിന്റെ ശക്തി ഒന്നാളിക്കത്തിക്കുന്ന ഒരു സംഭാഷണം പോലും കേള്‍ക്കാന്‍ കഴിയാഞ്ഞതിനാല്‍..
ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ മീര എന്ന കഥാപാത്രം മാതൃത്വത്തെക്കുറിച്ച് വിവരിക്കുന്ന രംഗങ്ങള്‍ നിലവാരത്തില്‍ ശരാശരിയിലും താഴ്ന്നു പോയില്ലേ എന്നാണ് സംശയം. വിവാദപരമായ സാഹചര്യത്തില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടിവരുന്ന മാനസികസംഘര്‍ഷങ്ങള്‍ മീര എന്ന കഥാപാത്രത്തില്‍ എത്രത്തോളം പ്രതിഫലിച്ചിരിക്കുന്നു എന്നും സംശയമുണ്ട്. എങ്കിലും നിറവയറുമായി ക്യാമറക്ക് മുന്നിലെത്തിയ ശ്വേതക്ക് ആ വേഷങ്ങളില്‍ അഭിനയിക്കേണ്ടി വന്നില്ല എന്നത് സത്യം. അമ്മയും ഗര്‍ഭസ്ഥശിശുവും തമ്മിലുള്ള സംവേദത്തില്‍ ശ്വേതയുടെ മാതൃഭാവം മിഴിവേകുന്നു. വൈകാരികവും ശാസ്ത്രീയവുമായി ഈ അവസ്ഥ സിനിമയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. പക്ഷേ പ്രസവരംഗം ലൈവായി ക്യാമറയിലാക്കാം എന്ന സാധ്യത മാത്രമാണ് ശ്വേതാമേനോനെ ഈ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രമായി തെരഞ്ഞെടുക്കാന്‍ ബ്ലസ്സിയെ പ്രേരിപ്പിച്ചതെന്നും കരുതണം. എവിടെയൊക്കെയോ ഒരു നായികക്ക് വേണ്ട മെയ്യൊതുക്കം ശ്വേതക്ക് നഷ്ടമായതുപോലെ.
ശ്വേതയുടെ പ്രസവരംഗം കാണാന്‍ കാത്തിരുന്നവര്‍ക്കും സദാചാരവാളുയര്‍ത്തി രാവും പകലും ചാനല്‍ചര്‍ച്ചകളില്‍ തൊണ്ട വറ്റിച്ചവര്‍ക്കും ചിത്രം നല്‍കുന്നത് പൂര്‍ണ നിരാശ. പിറവിയുടെ അതുല്യ നിമിഷങ്ങളുടെ ധന്യത പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും ആദ്യമായി പുറംലോകം കണ്ട കുഞ്ഞും അമ്മയില്‍ നിന്ന് അവനെ വിട്ടെടുക്കാനുള്ള പൊക്കിള്‍ക്കൊടി ഛേദിക്കലും മനസ്സിലെവിടെയോ കൊരുക്കപ്പെടുമെന്നതില് സംശയമില്ല. പക്ഷേ ഈ ഒരു ദൃശ്യം കൊണ്ട് ചിത്രം കാണുന്നവര്ക്കുള്ളിലെ മാതൃഭക്തി മല പോലെ വളരുമെന്നും പെണ്ണിനെ ചരക്കും ഉപഭോഗവസ്തുവും മാത്രമായി കാണുന്ന മനോഭാവത്തിന് മാറ്റമുണ്ടാകുകയും ചെയ്യുമെന്ന് കരുതുന്നത് സംവിധായകന്റെ വിഢിത്തം.
ശ്വേതയുടെ ഗര്‍ഭവും പ്രസവവും താന്‍ കച്ചവടവത്ക്കരിക്കുകയായിരുന്നില്ല എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താന്‍ ആനുകാലിക പീഡനപര്‍വ്വങ്ങളുടെ ആവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ക്കൊപ്പം ആദിവാസി മേഖലയില്‍ നിന്നുള്ള ചില ഷോട്ടുകളുംകൂടി ബ്ലെസി ചിത്രത്തില്‍ കുത്തിത്തിരികിയിരിക്കുന്നു. ചിത്രം വൈകാരികമായ ഒരു തലത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ചുയര്‍ത്തുന്നത് ചുരുക്കം ചില രംഗങ്ങളില്‍ മാത്രമാണ്.
സിനിമയുടെ തുടക്കത്തില്‍ ശ്വേതയുടെ ഐറ്റം ഡാന്‍സിനൊപ്പമുള്ള ഹിന്ദി ഗാനരംഗങ്ങള്‍ മീര എന്ന കാബറേ നര്‍ത്തകിയുടെ ജീവിതം പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിനൊപ്പം ചിത്രത്തിന്റെ കച്ചവടസാധ്യതയും ഊട്ടിയുറപ്പിക്കാനുതകുന്നു. സുനില്‍ ഷെട്ടിയുടെയും സുഹാസിനിയുടെയും സാന്നിധ്യം ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു. എം. ജയചന്ദ്രന്റ സംഗീത സംവിധാനത്തില്‍ പിറന്ന ഒഎന്‍വിയുടെ താരാട്ടുപാട്ടും ശ്രദ്ധേയം. മുംബൈ നഗരത്തില്‍ നടക്കുന്ന ആത്മഹത്യകള്‍ക്ക് പിന്നിലെ കഥകള്‍ക്കപ്പുറം നമ്മളെങ്ങനെ നമ്മളായെന്ന അന്വേഷണമാണ് ഈ ചിത്രമെന്ന സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ വിവരണം സിനിമയ്ക്കൊരു നാടകീയത നല്കുന്നു. എങ്കിലും ചിത്രത്തിന്റെ ആദ്യപകുതി പൂര്‍ണ്ണമായും പ്രേക്ഷകന്റെ കയ്യിലാണ്.
രണ്ടാം പകുതിയില്‍ ബിജുമേനോനുമൊത്തുള്ള ശ്വേതയുടെ ആശുപത്രി രംഗങ്ങള്‍ക്ക് വികാരതീക്ഷ്ണത പക്ഷേ ചോര്‍ന്നിട്ടില്ല. സഫലമായ സ്ത്രീത്വം എന്നതിനപ്പുറം ഒരിക്കലും അസ്തമിക്കാത്ത പ്രണയത്തിന്റെ സാഫല്യം കൂടിയാണ് മീരക്ക് തന്റെ മാതൃത്വം. നിലവിലെ ചലച്ചിത്രഭാഷ പൊളിച്ചെഴുതുന്ന ചിത്രമെന്ന സംവിധായകന് ബ്ലെസിയുടെ അവകാശവാദം കളിമണ്ണ് എന്ന ചിത്രത്തിന് എത്രമാത്രം ചേരുമെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. പ്രസവരംഗം ചിത്രീകരിച്ച് അത് സിനിമയിലൂടെ കാണിക്കുമെന്ന് പ്രേക്ഷകരെ വിശ്വസിപ്പിച്ചത് പക്ഷേ ബ്ലെസി എന്ന സംവിധായകന് യോജിക്കുന്നില്ല. തെരുവിലെ മരുന്നു കച്ചവടക്കാരന് മാജിക്ക് കാണിച്ച് ആളെക്കൂട്ടുന്നതുപോലെ ഒന്നായിപ്പോയി അത്.
മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി ‘പേറെടുത്ത’ സംവിധായകനായി പേരെടുക്കാന്‍ ബ്ലെസിക്ക് കഴിഞ്ഞു. പക്ഷേ ഒരേസമയം മുംബൈയിലെ കാബറേ നര്‍ത്തകിമാരുടെ ജീവിതം, സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം, അവയവദാനം തുടങ്ങിയ ആനുകാലിക പ്രശ്നങ്ങള്‍ ഒരൊറ്റ സിനിമയിലൂടെ ഉന്നയിക്കാനുള്ള ശ്രമത്തിനിടയില്‍ സ്വന്തം കഥാപാത്രങ്ങള്‍ കൈ വിട്ടുപോകുന്നത് ബ്ലെസി അറിഞ്ഞതേയില്ല. അത്തരത്തിലൊരു നിസ്സഹായനായ സംവിധായകന്റെ ചിത്രമാണ് സിനിമ കണ്ടിറങ്ങുമ്പോള്‍ കടന്നുചിന്തിക്കുന്ന ആസ്വാദകന്റെ മനസ്സിലുയരുന്നത്. പല വിഷയങ്ങള്‍ ഉപഘടകങ്ങളാകുന്ന കളിമണ്ണ് തീര്‍ത്തും മോശവുമാകുന്നില്ല.
എങ്കിലും വിവാദങ്ങളും വാഗ്ദാനങ്ങളും ഉയര്‍ത്തിയ ഗ്രാഫില്‍ കളിമണ്ണ് എത്തിയില്ല എന്ന് പൊതുവെ വിലയിരുത്താം. പശിമയുള്ള കളിമണ്ണാണ് നല്ല ശില്‍പ്പത്തിന് യോജിച്ചത് . ബ്ലെസി ഈ ചിത്രത്തിനു ഉപയോഗിച്ച കളിമണ്ണിന് പശിമ പോരാഞ്ഞതിനാല്‍ ശില്‍പ്പത്തിനും ന്യൂനതകളേറെ. ശില്‍പ്പമുണ്ടായി പക്ഷേ ബ്ലെസി ഉദ്ദേശിച്ചതുപോലെ ഉറപ്പുള്ള ചലച്ചിത്ര ശില്പ്പമുണ്ടായില്ല. മാത്രമല്ല തന്റെ സൃഷ്ടിയുടെ ഉദ്ദേശ്യം ഇതാണ് ഇതാണ് എന്ന് ഒരു സിനിമാസംവിധായകന് ആവര്‍ത്തിച്ചു പറയേണ്ടി വരുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരാജയവും.
രതി .എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: