മലയാള സിനിമയില്‍ ഇന്ന് നായികാ ക്ഷാമം തീരെയില്ലെന്നുതന്നെ പറയാം. പക്ഷേ, പലര്‍ക്കും താല്ക്കാലികത്തിളക്കം മാത്രം. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളായ നായികാ സങ്കല്‍പ്പം ഇക്കാലത്ത് അസാധാരണമാകുന്നു.അതിനൊരപവാദമാവുകയാണ് മലയാളത്തിലെ പുതിയതാരമായ ഹണി റോസ്. ‘ട്രിവാന്‍ഡ്രം ലോഡ്ജി’ലെ ധ്വനി നമ്പ്യാരെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ഇപ്പോള്‍ ‘ഹോട്ടല്‍ കാലിഫോര്‍ണിയ’യിലും ഹണിറോസ് തിളങ്ങുകയാണ്. 2005ല്‍ വിനയന് സംവിധാനം ചെയ്ത ‘ബോയ്ഫ്രണ്ടി’ലൂടെ അരങ്ങേറ്റം കുറിച്ച ഹണി ഇന്ന് തമിഴ്, തെലുങ്ക് സിനിമകളിലെയും സാന്നിധ്യമാണ്.
ഹോട്ടല്‍ കാലിഫോര്‍ണിയയെക്കുറിച്ച്…..
നല്ല റിസള്‍ട്ടാണ് സിനിമ നല്‍കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന, ചിരിപ്പിക്കുന്ന ചിത്രമാണിത്. അനൂപ്മേനോന്, ജയസൂര്യ ടീമിനൊപ്പമുള്ള രണ്ടാമത്തെ ചിത്രം. ‘ട്രിവാന്‍ഡ്രം ലോഡ്ജി’ന്റെ വേളയിലാണ് ‘ഹോട്ടല്‍ കാലിഫോര്‍ണിയ’യെക്കുറിച്ച് സംസാരിക്കുന്നത്. എന്റെ കഥാപാത്രമായ ‘സ്വപ്ന’ മുഴുനീള കഥാപാത്രമൊന്നുമല്ല. സാഹചര്യങ്ങളുടെ സമര്ദ്ദത്തിലകപ്പെട്ട് ജീവിക്കേണ്ടിവരുന്ന ഒരു അഭിനേത്രി. ഇത്തരം കഥാപാത്രങ്ങള്‍ ഒരു പക്ഷേ ജീവിതത്തിലുമുണ്ടാവാം. ടീം വര്‍ക്കിന്റെ വിജയമാണ് ‘ഹോട്ടല്‍ കാലിഫോര്‍ണിയ’.
സിനിമയിലേക്കുള്ള യാത്ര….
കുട്ടിക്കാലത്ത് മറ്റുള്ളവര്‍ ഡോക്ടറാകണം, എഞ്ചിനീയറാവണം എന്നൊക്കെ പറയുമായിരുന്നു. അവരില്‍ നിന്നൊക്കെ വ്യത്യസ്തമായി ഉയര്‍ന്ന ഒരു പ്രൊഫഷന് പറയണമെന്ന ചിന്ത മനസില്‍ കടന്നുവന്നിരുന്നു. ഒരു അഭിനേത്രിക്ക് കിട്ടുന്ന ശ്രദ്ധ മനസില്‍ കടന്നുകൂടിയതോടെ കൂട്ടുകാരൊടൊക്കെ അഭിനേത്രിയാവും എന്ന് പറഞ്ഞുതുടങ്ങി. മൂലമറ്റം സേക്രട്ട്ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം. എല്‍കെജി, യുകെജി ക്ലാസുകളില്‍ ഗ്രൂപ്പ് ഡാന്‍സില്‍ പങ്കെടുത്തതല്ലാതെ മറ്റൊരു വേദിയിലും കേറിയിട്ടില്ലാത്ത നാണം കുണുങ്ങിയുടെ ആഗ്രഹം കൂട്ടുകാര്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു.
സിനിമാമോഹത്തോട് അച്ഛന് വര്‍ഗീസിന് അത്ര താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മ റോസിക്ക് വലിയ താല്പ്പര്യമായിരുന്നു. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ കാഞ്ഞാറില്‍ സംവിധായകന് വിനയന് ഷൂട്ടിംഗിനായി എത്തിയതാണ് വഴിത്തിരിവായത്. അച്ഛനും അമ്മയ്ക്കുമൊപ്പം അവിടെയെത്തി വിനയന്‍സാറിനെ കണ്ട് അഭിനയമോഹം പറഞ്ഞു. കുറച്ചുകൂടി കഴിയട്ടേ എന്നായിരുന്നു മറുപടി. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ആഗ്രഹം സഫലമായി. വിനയന്‍സാര്‍ സംവിധാനം ചെയ്ത ‘ബോയ്ഫ്രണ്ടി’ലൂടെ തുടക്കം. ആദ്യസിനിമ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും വിചാരിച്ചപോലെ നല്ല അവസരങ്ങള്‍ വന്നില്ല. തെരഞ്ഞെടുത്ത ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല. 2007ല്‍ തമിഴില്‍ സി. ബാലമുരുകന് സംവിധാനം ചെയ്ത ‘മുതല്‍ കനവ്’ എന്ന ചിത്രത്തിലൂടെയും തെലുങ്കില്‍ മുത്തിയാല സുബ്ബയ്യ സംവിധാനം ചെയ്ത ‘ആലയം’ എന്ന ചിത്രത്തിലൂടെയും തുടക്കംകുറിച്ചു. സൗണ്ട് ഓഫ് ബൂട്ട്, ഉപ്പുകണ്ടം ബ്രദേഴ്സ് എന്നീ മലയാള ചിത്രങ്ങള്‍ക്ക്ശേഷമാണ് ട്രിവാന്‍ഡ്രം ലോഡ്ജിലേക്കെത്തുന്നത്.
ധ്വനി നമ്പ്യാരായി മാറിയത്?
വി.കെ.പ്രകാശിന്റെ കൈവശം എന്റെ കുറച്ച് ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു പരസ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ധ്വനിയാവാന് പ്രതേ്യക തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. ആര്‍ട്ടിസ്റ്റ് മുരളിയുടെ കീഴില്‍ മൂന്നുദിവസത്തെ ശില്‍പ്പശാലയുണ്ടായിരുന്നു. അത് ഗുണം ചെയ്തു.
അഭിനേത്രിയെന്നനിലയില്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്
വെറുതെ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ താല്‍പ്പര്യമില്ല. കുറേ സിനിമ ചെയ്താല്‍ പണം കിട്ടുമായിരിക്കും. പക്ഷേ അധികകാലം നില്‍ക്കാനാവില്ല. നല്ല കഥയാണെന്ന് തോന്നിയ ചിത്രങ്ങളും നല്ല ടീമിന്റെ ചിത്രങ്ങളുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. നിര്‍ഭാഗ്യം കൊണ്ടാവാം പലതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
വഴിവിട്ടുജീവിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാനില്ലെന്ന കാവ്യാ മാധവന്റെ അഭിപ്രായം
അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. നമുക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമ. പ്രാരാബ്ധം കൊണ്ടും ജീവിതസാഹചര്യങ്ങള്‍കൊണ്ടും വഴിതെറ്റിപോകുന്നവര് സമൂഹത്തിലുണ്ട്. അവരെ അവതരിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍, പറയുന്ന കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുമ്പോള്‍ വലിയ പ്രശ്നങ്ങളാണ്. മലയാളിയുടെ കപട സദാചാരബോധമാണിത്. ട്രിവാന്‍ഡ്രം ലോഡ്ജിലെ നായിക ധ്വനി സത്ഗുണസമ്പന്നയായ നായികയല്ല, ഒരു പച്ചയായ സ്ത്രീയാണ്. ഹോട്ടല്‍ കാലിഫോര്‍ണിയയിലെ സ്വപ്നയും സാഹചര്യങ്ങളില്‍ വഴിമാറിപോകുന്ന പെണ്‍കുട്ടിയാണ്. ഇവരെ അവതരിപ്പിച്ചുവെന്നുവെച്ച് എന്റെ ഇമേജിന് ഒരു കോട്ടവുമുണ്ടാകില്ല.
സ്വന്തം ശബ്ദം തിയേറ്ററില്‍ കേട്ടപ്പോള്‍
ഹോട്ടല്‍ കാലിഫോര്‍ണിയയിലാണ് ആദ്യം ഡബ്ബ് ചെയ്തത്. എന്റെ ശബ്ദം കുറച്ച് പരുക്കനാണ്. ചെറിയ ആശങ്കയുണ്ടായിരുന്നു. ഇപ്പോഴത് മാറി.
ഇഷ്ടപ്പെട്ട പേര്
ഹണിറോസ് തന്നെയാണ്. കുട്ടിക്കാലം മുതല്‍ നിരവധി പേരുകളുണ്ടായിരുന്നു. ആദ്യം പൊന്നു എന്നാണ് വിളിച്ചിരുന്നത്. അച്ഛന് പാറുക്കുട്ടിയെന്നും അമ്മ ഷീലയെന്നും മുത്തച്ഛന് സോണിയയെന്നും വിളിച്ചിരുന്നു. ഷാരോണ്‍ എന്ന പേരുമുണ്ടായിരുന്നു. പിന്നീടാണ് ഹണിറോസ് എന്ന പേരിട്ടത്. ട്രിവാന്‍ഡ്രം ലോഡ്ജ് കഴിഞ്ഞപ്പോള്‍ പലരും ധ്വനിയെന്ന് വിളിച്ചുതുടങ്ങി.
ഭാവി പദ്ധതികള്‍
ദീപേഷ്. ടിയുടെ ‘പിതാവിനും പുത്രനും’ രാജ്മേനോന്റെ അനൂപ്മേനോന് നായകനായ ‘ബഡ്ഡി’, വി.കെ.പിയുടെ ജയസൂര്യ നായകനായ ‘താങ്ക്യു’, അന്‍വര്‍ റഷീദ് -അമല്‍ നീരദ് ടീമിന്റെ ‘അഞ്ചു സുന്ദരികള്‍’. മമ്മൂട്ടി ചിത്രമായ ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ’്, തമിഴില്‍ ധനുഷിന്റെ കസിന് വരുണ്‍ നായകനായ ‘മല്ലിക്കെട്ട്’.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: