നെടുമങ്ങാടുള്ള വീട്ടില്‍ നിന്നും വട്ടപ്പാറ ലൂര്‍ദ്ദ്മൗണ്ട് സ്കൂളിലേക്കുള്ള യാത്രയില്‍ അവന്റെ സ്വപ്നങ്ങളില്‍ എപ്പോഴും നിറഞ്ഞുനിന്നിരുന്നത് അഭിനയമോഹമായിരുന്നു. ഇഷ്ടനടനായ ജയറാമിനെ അനുകരിച്ച് മിമിക്രിയും കാട്ടി നടന്നപ്പോള്‍ അവനെ കൂട്ടുകാര്‍ കളിയാക്കി. സിനിമാവാരികയില്‍ നിന്നും ലഭിക്കുന്ന സംവിധായകരുടെ വിലാസത്തിലേക്ക് ഒരവസരത്തിനുവേണ്ടി കുത്തിയിരുന്ന് അവന് കത്തുകളയച്ചു. ഡിഗ്രി പൂര്‍ത്തിയാക്കിയിട്ട് നീ ഏതുമേഖലയില്‍ വേണമെങ്കിലും പൊയ്ക്കോ എന്നതായിരുന്നു വീട്ടിലെ നിലപാട്.
എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ അവസരത്തില്‍ സംവിധായകന് പപ്പന് പയറ്റുവിളയുടെ ടെലിഫിലിമിലേക്ക് താരത്തെ വേണമെന്ന് അറിയിപ്പ് കണ്ടു. അവിടെയെത്തി തന്റെ പ്രിയപ്പെട്ട താരമായ ജയറാമിനെ അനുകരിച്ചു കാണിച്ചു. അങ്ങനെ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ‘ഉപ്പുകൊറ്റന്’ എന്ന ടെലിഫിലിമില്‍ അഭിനേതാവായി. അതോടെ ജീവിതം വഴിമാറി. കുട്ടിക്കാലം മുതല്‍ അഭിനയമോഹവുമായി നടന്ന പയ്യന് അതോടെ സിനിമയിലെ ഹീറോയെക്കാള്‍ സിനിമയ്ക്കു പിന്നിലെ ഹീറോയായ സംവിധായകനോട് ആരാധന തോന്നിതുടങ്ങി. പപ്പന് പയറ്റുവിളയുടെ ആക്ഷനും കട്ടും തലയ്ക്ക് പിടിച്ച അവന് അടുത്ത വര്‍ക്കില്‍ എന്നെക്കൂടെ അസിസ്റ്റന്റായി കൂടാമോ എന്നു ചോദിച്ചു. ‘ഉപ്പുകൊറ്റന്റെ’ എഡിറ്റിംഗ് മുതല്‍ കൂടികൊള്ളാന്‍ അദ്ദേഹം പറയുകയും ചെയ്തു. സംവിധാനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചുതുടങ്ങിയകാലത്തുതന്നെ സംവിധാനരംഗത്ത് ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ച ലാല്‍ അവന്റെ ഇഷ്ടസംവിധായകനുമായി.
വര്‍ഷങ്ങള്‍ക്കിപ്പുറം. ആ പയ്യന് മലയാളസിനിമയുടെ ശ്രദ്ധിക്കപ്പെടുന്ന സംവിധായകാനായി മാറിക്കഴിഞ്ഞു. ഈ അടുത്തകാലത്ത് മലയാള സിനിമയുടെ ചരിത്രത്തില്‍ മൂന്നുദിവസംകൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ലോകപ്രശസ്തമായ യു.ടി.വി മാര്‍ക്കറ്റിംഗ് ഏറ്റെടുത്ത ചിത്രം, ഇന്ന് മലയാളക്കര കീഴടക്കുകയാണ്. നാല് ഭാഷകളില്‍ റീമേക്ക് ചെയ്യുന്ന ചിത്രം പുതിയ ചരിത്രമെഴുതുമ്പോള്‍ താന്‍ ഒരുകാലത്ത് മനസില്‍ ആരാധിച്ചു നടന്ന അഭിനേതാവിനെയും സംവിധായകനെയും തന്റെ സിനിമകളില്‍ അഭിനയിപ്പിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ യുവസംവിധായകന്. ചുരുങ്ങിയകാലംകൊണ്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ സജി സുരേന്ദ്രന് ‘ഹസ്ബന്റ് ഇന്‍ ഗോവ’യിലൂടെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. സജി സുരേന്ദ്രന്റെ വിശേഷങ്ങളിലേക്ക്.
‘ഹസ്ബന്റ്സ് ഇന്‍ ഗോവ’യുടെ വിജയം
പ്രതീക്ഷിക്കാത്തതും വിശ്വസിക്കാനാവാത്തതുമായ കളക്ഷനാണ് സിനിമ നേടുന്നത്. ആദ്യ മൂന്നു ദിവസംകൊണ്ട് 1.78 കോടി രൂപയാണ് സിനിമ നേടിയത്. സിഎന്‍എന്‍- ഐബിഎന്‍ വരെയയുള്ള ചാനലുകള്‍ ഇത് പരാമര്‍ശിച്ചു. 75 തീയേറ്ററുകളിലായിരുന്ന റിലീസ്. പിന്നീട് സെന്ററുകള്‍ കൂട്ടേണ്ടിവന്നു. ബാംഗ്ലൂരില്‍ 20 സെന്ററിലും ചെന്നൈയില്‍ 12 സെന്ററിലും ഓടുന്നുണ്ട്. യുകെ, യുഎസ്, ന്യൂസിലാന്റ്, മിഡില്‍ ഈസ്റ്റ്, യുഎഇ എന്നിവിടങ്ങളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. യു.ടി.വി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധങ്ങളും തരികിടകളും രസകരമായി അവതരിപ്പിച്ച ‘ഹാപ്പിഹസ്ബന്റസ്’നു കിട്ടിയ സ്വീകരണം മനസ്സിലുണ്ടായിരുന്നു. ആ സിനിമയുടെ രണ്ടാംഭാഗമല്ലെങ്കിലും ആ തലത്തിലുള്ള സിനിമതന്നെയാണിത്. ‘ഹാപ്പിഹസ്ബന്റസ്’ുമായി പ്രേക്ഷകര്‍ ഈ സിനിമയെ അളന്നുനോക്കുമെന്ന് ഉറപ്പായിരുന്നു. ലാല്‍, ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫലി ടീമിന്റെ കോമ്പിനേഷനുകളില്‍ പ്രതീക്ഷിച്ചതിലും അധികം ഹാസ്യമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ട്. ടെന്‍ഷന്‍ ഒഴിവാക്കാനായി തീയേറ്ററിലെത്തുന്നവര്‍ക്ക് മനസുതുറന്ന് ചിരിക്കാന്‍ കഴിയുന്ന ഒരു സിനിമയൊരുക്കാനായി. യു.ടി.വിയുടെ മാര്‍ക്കറ്റിംഗും ഗുണം ചെയ്തു. ഓണക്കാലത്ത് 50 തീയേറ്ററുകള്‍ മാത്രമേ കിട്ടൂ എന്നതിനാല്‍ റിലീസിംഗ് മാറ്റിവെയ്ക്കുകയായിരുന്നു. ഓണം കഴിഞ്ഞുള്ള ഒരു മന്ദത ബാധിക്കുമോ എന്ന് ഭയന്നിരുന്നുവെങ്കിലും സിനിമ തുടക്കത്തിലേ ശ്രദ്ധിക്കപ്പെട്ടു.
ആഗ്രഹിച്ചതുപോലെ ‘ഹാപ്പി ഹസ്ബന്റ്സ്’ല്‍ ജയറാം, ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’യിലൂടെ ലാലും.
വര്‍ഷങ്ങള്‍ക്കുമുമ്പ് മനസില്‍ ആഗ്രഹിച്ചത് സഫലമായി. ‘ഹാപ്പിഹസ്ബന്റസ്’ലും ‘ഫോര്‍ ഫ്രണ്ട്സ്’ലും ജയറാമേട്ടനെ അഭിനയിപ്പിക്കാനായി. ഒരുകാലത്ത് ജയറാമേട്ടനെ അനുകരിച്ചു നടന്ന എന്റെ സിനിമകളിലേക്ക് അദ്ദേഹം വന്നത് ഭാഗ്യമെന്നു കരുതുന്നു. പഠനകാലത്തേ എന്നെ ഏറെ സ്വാധീനിച്ച സംവിധായകനാണ് ലാല്‍. പരാജയമറിയാത്ത സിനിമകളുടെ സംവിധായകന്. ‘റാംജിറാവ് സ്പീക്കിംഗ്’, ‘മാന്നാര്‍ മത്തായി’, ‘ഇന്‍ ഹരിഹര്‍നഗര്‍’ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകള്‍ നിരവധി തവണ കണ്ടിട്ടുണ്ട്. ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’യിലെ സണ്ണി എബ്രഹാമിനെ അവതരിപ്പിക്കാന്‍ ഇന്ന് മലയാള സിനിമയില്‍ രണ്ട് നടന്മാര്‍ക്കേ കഴിയൂ. ഒരാള്‍ മോഹന്‍ലാലും മറ്റേയാള്‍ ലാലും. മോഹന്‍ലാലേട്ടന്റെ അടുത്തെത്താന്‍ പ്രയാസമാണ്. അതുകൊണ്ട് സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ലാലേട്ടന് മനസിലെത്തിയിരുന്നു. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വളരെ ത്രില്‍ഡ് ആയി “നമ്മള് ഇത് ചെയ്യുന്നു, മനോഹരമായ സിനിമയുണ്ടാക്കാം” എന്ന് പറയുകയും ചെയ്തു. ലാലേട്ടന്റെ സംഭാവനകളാണ് സിനിമയുടെ ഹൈലൈറ്റ്സ്. ലാലേട്ടന്റെ ഡേറ്റ് കിട്ടാതെവന്നിരുന്നെങ്കില്‍ ഈ സിനിമയെക്കുറിച്ച് ആലോചിക്കാന്‍ വയ്യാത്ത അവസ്ഥയുണ്ടായേനെ.
മനസില്‍ സൂക്ഷിക്കുന്ന ആഗ്രഹങ്ങള്‍
എന്നും ആരാധിച്ചിരുന്ന, മലയാളത്തിലെ മികച്ച പ്രതിഭകളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കഥാപാത്രങ്ങളാക്കിയുള്ള സിനിമകള്‍. ദിലീപിനെയും വല്ലാതെ ഇഷ്ടമാണ്. ഇതൊരു സ്വപ്നമാണ്. എപ്പോള്‍ വേണമെങ്കിലും യാഥാര്‍ത്ഥ്യമാകാവുന്ന സ്വപ്നം. മമ്മൂട്ടിയോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. പുളുവന്‍മത്തായി എന്ന കഥാപാത്രമാണ്. സിനിമ ചെയ്യാമെന്ന് മമ്മൂക്ക സമ്മതിച്ചിട്ടുണ്ട്. പക്ഷേ നീണ്ടുപോകുകയാണ്. മോഹന്‍ലാലിനോടും ഒരു കഥപറഞ്ഞു. പക്ഷേ കഥയില്‍ കുറച്ച് മാറ്റങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ യാഥാര്‍ത്ഥ്യമായിട്ടില്ല.
‘ഹസ്ബന്റ്സ് ഇന്‍ ഗോവ’ മനസിലേക്കെത്തുന്നത്
ഞാനും തിരക്കഥാകൃത്ത് കൃഷ്ണേട്ടനും (കൃഷ്ണ പൂജപ്പുര)കൂടി ലാലേട്ടനെ (മോഹന്‍ലാല്‍) കണ്ട് കഥപറയാന്‍ ദുബായിലേക്ക് പോയവേളയിലാണ് ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’യുടെ സ്പാര്‍ക്ക് വീഴുന്നത്. ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ കൃഷണേട്ടനോട് “നമ്മള് രണ്ടുപേരും ഇപ്പോള്‍ സിനിമാകഥ പറയാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങുന്നത്. ഭാര്യമാരോട് മറ്റേന്തെങ്കിലും കള്ളം പറഞ്ഞ് ദുബായില്‍ വന്ന് കുറച്ചു ദിവസം അടിച്ചുപൊളിക്കുകയും അതവിടെയുള്ളവരാരെങ്കിലും ഫോട്ടോ എടുത്ത് ഫേസ്ബുക്കിലോ മറ്റോ ഇട്ട് ഭാര്യമാര്‍ അറിയുകയും ചെയ്താലുള്ള അവസ്ഥയെന്തായിരിക്കും” എന്നു ചോദിച്ചു. ഇതിലൊരു സിനിമയ്ക്ക് സാധ്യതയുണ്ടോ എന്നും ചോദിച്ചു. “ഉറപ്പല്ലേ” എന്നായിരുന്നു കൃഷ്ണേട്ടന്റെ മറുപടി. ദുബായില്‍നിന്നും തിരിച്ചുവരുമ്പോഴേക്കും തിരക്കഥ തയ്യാറായിരുന്നു.
ഗോവയിലെ രസകരമായ അനുഭവങ്ങള്‍
ഒരുപാടുണ്ട്. ആറുമണിയോടെ ഷൂട്ടിംഗ് തീരും. പിന്നെ എല്ലാവരും ഫ്രീയാണ്. ബീച്ചിന്റെ സൗന്ദര്യവും സീ ഫുഡിന്റെ സ്വാദും എല്ലാവരും ശരിക്കാസ്വാദിച്ചു. ചിലര്‍ പാത്തും പതുങ്ങിയും അടിച്ചുപൊളിക്കാന്‍ പോയിട്ടുണ്ട.് ബൈക്ക് റൈഡില്‍ താല്പര്യമുള്ള ആസിഫലിയും ജയസൂര്യയും ബൈക്ക് എടുത്തുകൊണ്ടുപോയതും ഹെല്‍മറ്റില്ലാത്തതിനാല്‍ ഗോവന്‍ പോലീസ് പിടിച്ചതും ആ ഫോട്ടോ ജയസൂര്യ മൊബെയില്‍ ഫോണില്‍ പകര്‍ത്തി മറ്റുളളവരെ കാണിച്ചതുമെല്ലാം രസകരമായിരുന്നു. ഞങ്ങളെ പറ്റിച്ച് റീമാ കല്ലിംഗല്‍ ഗോവയില്‍ അടിച്ചുപൊളിക്കാനെത്തിയിരുന്നു. പറഞ്ഞ ദിവസത്തിനു മുമ്പേ റീമയും സുഹൃത്ത് ശ്വേതയും ഫാമിലിയും ഗോവയിലുണ്ടായിരുന്നു. ഒരു ദിവസം ക്യാമറാമാന് ക്രെയിനില്‍നിന്ന് ഫ്രെയിംസെറ്റ് ചെയ്തപ്പോള്‍ ബീച്ചില്‍ പരിചയമുള്ള ഒരു മുഖം. ഞങ്ങളെ വിളിച്ചുകാണിച്ചു. ഞങ്ങളെയെല്ലാവരെയും ഒരുമിച്ച് കണ്ടതോടെ റീമയുടെ മുഖത്ത് ചമ്മല്.
‘ഹാപ്പിഹസ്ബന്റ്സ്’ല്‍ കോമഡി രംഗങ്ങളില്‍ ഇന്ദ്രജിത്ത് തകര്‍ത്തഭിനയിച്ചിരുന്നു. ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’യില്‍ അത്രയും പ്രയോജനപ്പെടുത്തിയിട്ടില്ല?
പക്വതയുള്ള ഒരു കുടുംബകോടതി വക്കീലാണ് ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’യില്‍ ഇന്ദ്രജിത്തിന്റെ കഥാപാത്രം. ഓരോ കഥാപാത്രത്തിനും ഒരു മീറ്ററുണ്ട്. അതില്‍നിന്നും തെന്നിമാറിയാല്‍ കഥാപാത്രം അരോചകമാവും. ‘ഹാപ്പി ഹസ്ബന്റ്സ്’ല്‍ മറ്റുള്ളവരെ കുഴപ്പത്തില്‍ ചാടിക്കുന്ന കഥാപാത്രമാണ് ഇന്ദ്രജിത്തിന്റേത്. അത്പോലെ ഇളകിചെയ്യാന്‍ പറ്റുന്ന കഥാപാത്രമല്ല ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’യിലേത്. ഇവിടെ ലാലേട്ടന്റെയും ജയസൂര്യയുടെയും കഥാപാത്രങ്ങള്‍ക്ക് ആവശ്യമായ നര്‍മ്മം അവതരിപ്പിക്കാനാവും. അതവര് ഭംഗിയായി ചെയ്തു.
ഭാര്യഭര്‍തൃബന്ധങ്ങളാണ് സിനിമകളിലെ പ്രമേയങ്ങളിലധികവും. സ്വന്തം ജീവിതാനുഭവങ്ങള്‍ സിനിമയിലുണ്ടോ?
‘ഇവര്‍ വിവാഹിതരായാല്‍’ കണ്ടശേഷം ഭാര്യ സംഗീത എന്നോട് പറഞ്ഞ ഡയലോഗിതാണ്. “വീട്ടില്‍ നടക്കുന്നതൊക്കെ കൂട്ടിച്ചേര്‍ത്താണല്ലോ സിനിമ ചെയ്യുന്നത്” എന്ന്. അവള്‍ക്ക് കുക്കിംഗില്‍ വലിയ താല്പര്യമാണ്. ഞാന്‍ അടുക്കളയുടെ വഴിയേപോലും പോവാറില്ലായിരുന്നു. കുക്കിംഗ് അറിഞ്ഞുകൂടെങ്കിലും ഒന്ന് ഇവിടെവന്ന് ഇരിക്കുകയെങ്കിലും ചെയ്യാമല്ലോ എന്ന് പലപ്രാവശ്യം അവള് ചോദിച്ചിട്ടുണ്ട്. ഇത് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 21 വയസില്‍ കല്യാണം കഴിച്ച രണ്ട് സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. ഇവര്‍ വിവാഹിതരായാല്‍ കണ്ടിട്ട് അവര്‍ ചോദിച്ചത് നീ ഞങ്ങളെ ഉദ്ദേശിച്ചല്ലേ സിനിമ ചെയ്തത് എന്നാണ്. നമ്മുടെ വീട്ടിലോ, അയല്പക്കത്തെ വീട്ടിലോ, സുഹൃത്തുക്കളുടെ വീട്ടിലോ നടക്കുന്ന കാര്യങ്ങള്‍ ഭാര്യഭര്‍തൃബന്ധം പ്രമേയമാക്കിയുള്ള സിനിമകളില്‍ സ്വാഭാവികമായും ഉണ്ടാവും. എവിടെയെങ്കിലുമൊക്കെ നമ്മുടെ ജീവിതത്തോട് സാദൃശ്യമുണ്ടാകും. അതുകൊണ്ട് ഇത്തരം കഥകള്‍ ആനുകാലികം തന്നെയാവും.
ഒരേ തരത്തിലുള്ള സിനിമകള്‍. ടൈപ്പ് ചെയ്യപ്പെടില്ലേ?
ഒരേതരത്തില്‍ തന്നെ സിനിമയെടുത്താല്‍ പ്രശ്നമാകും. ടെലിവിഷന്‍ രംഗത്ത് ഞാന്‍ പ്രണയകഥകള്‍ മാത്രമാണ് ചെയ്തിരുന്നത്. സിനിമയില്‍ വന്നപ്പോള്‍ എങ്ങനെ ഹ്യൂമര്‍ ചെയ്യുന്നുവെന്നത് എന്നെയും അതിശയിപ്പിച്ചിട്ടുണ്ട്. ആദ്യ സിനിമയായ ‘ഇവര്‍ വിവാഹിതരായാല്‍’ഒരു റിയലിസ്റ്റിക് കഥയായിരുന്നു. ‘ഹാപ്പി ഹസ്ബന്റ്സ്’ നര്‍മ്മത്തിനുവേണ്ടി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയാണ്. ‘ഫോര്‍ ഫ്രണ്ട്സ്’ല്‍ മരണം ഉറപ്പായവരുടെ സൗഹൃദവും അവര്‍ അവസാനദിനങ്ങളില്‍ ജീവിതം ആസ്വദിക്കാനെടുക്കുന്ന തീരുമാനങ്ങളുമാണ്. ആ സിനിമയിലൊരു നന്മയുണ്ട്. ഇന്നും എന്റെ പ്രിയപ്പെട്ട സിനിമയേതെന്ന് ചോദിച്ചാല്‍ ‘ഫോര്‍ ഫ്രണ്ട്സ’് തന്നെയാണ്. ആര്‍സിസിയിലെ ആര്‍ക്കൈവ്സില്‍ ഇന്നും കമലാഹാസന് പറയുന്ന വാക്കുകള്‍ അടങ്ങിയ സിഡി സൂക്ഷിച്ചിട്ടുണ്ട്. ‘ഫോര്‍ ഫ്രണ്ട്സ്’ ആയിരുന്നു എന്റെ ആദ്യ സിനിമയെങ്കില്‍ ഒരു പക്ഷേ അന്ന് ആ സിനിമ 100 ദിവസം ഓടിയേനെ. കാരണം ഒരു മുന്‍ധാരണകളുമില്ലാതെയാവും പ്രേക്ഷകര്‍ എത്തുക. അതിലെ നന്മയെ തിരിച്ചറിഞ്ഞേനെ. ‘കുഞ്ഞളിയന്’ മറ്റൊരു ഫോര്‍മാറ്റില്‍ ചെയ്ത സിനിമയാണ്. എന്നാല്‍ ‘ഹാപ്പി ഹസ്ബന്റ്സ്’ ഉം ഹസ്ബന്റ്സ് ഇന്‍ ഗോവ’യും ഒരേ അഭിരുചിയുള്ള സിനിമകളാണ്. അടുത്ത ചിത്രം ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ ജയസൂര്യ, ആസിഫ് അലി എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രം. പത്രത്തില്‍ വന്ന ഒരു ഫോട്ടോയില്‍പ്പെട്ടുപോയ പരസ്പര പരിചയമില്ലാത്തവര്‍ പരിചയപ്പെടേണ്ടിവരുന്ന സാഹചര്യങ്ങളാണ് പ്രമേയമാകുന്നത്. ഇത് ജനുവരി 1ന് തുടങ്ങും. അനൂപ് മേനോന്റെ തിരക്കഥയില്‍ ജയസൂര്യ കേന്ദ്രകഥാപാത്രമായി ‘സ്വീറ്റ് ഹാര്‍ട്ട്’ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.
എല്ലാ സിനിമകളിലും ഒരേ ടീം?
സിനിമ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിലനില്‍ക്കുന്ന കൂട്ടായ്മയാണത്. ഞാന്‍, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, ക്യാമറാമാന് അനില്‍ നായര്‍, എഡിറ്റര്‍ മനോജ്, ആര്‍ട്ട് ഡയറക്ടര്‍ സുജിത്ത്, കൊറിയോഗ്രാഫ് പ്രസന്നന്, നടന് ജയസൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ എട്ടുപേര്‍ ആദ്യം മുതല്‍ ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’വരെയുള്ള ചിത്രങ്ങളിലുണ്ട്. ഇവരെകൂടാതെ അണിയറയിലുള്ള ഒരുപാട്പേര് വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നവരാണ്. അഭിനേതാവായാലും സാങ്കേതികവിദഗ്ധരായാലും അനുയോജ്യരാണെങ്കില്‍ നമുക്ക് ഒരു ആത്മ വിശ്വാസമുണ്ടാവും. നമ്മളുമായി ഒത്തുപോവാന്‍ കഴിയാത്തവര്‍ വന്നാല്‍ അത് സിനിമയെ തന്നെ ബാധിക്കും.
യു. ടി.വിയെപ്പോലൊരു കമ്പനി സിനിമ ഏറ്റെടുത്തത് സഹായിച്ചില്ലേ?
ഒരു സിനിമയെ സംബന്ധിച്ച് മാര്‍ക്കറ്റിംഗ് പ്രധാനഘടകമാണ്. തീയേറ്ററില്‍ ആദ്യം പ്രേക്ഷകരെ കൊണ്ടുവരണം. അത് കൊണ്ട് എല്ലാമായി എന്നല്ല. നല്ല സിനിമയാണെങ്കില്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ പിന്നീട് വിജയിച്ചുകൊള്ളും. ഒരു സുപ്രഭാതത്തില്‍ അപ്രതീക്ഷിതമായാണ് യു. ടി.വിയുടെ കേരളത്തിലെ പ്രൊഡക്ഷന്‍ ഹെഡ് ബിനു സേവ്യര്‍ വിളിക്കുന്നത്. കേരളത്തില്‍ അവര്‍ പ്രവര്‍ത്തനമാരംഭിക്കുകയാണെന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത സംവിധായകരുടെ പട്ടികയില്‍ താങ്കളുണ്ടെന്നും സംസാരിക്കാന്‍ പറ്റുമോ എന്നും ചോദിച്ചു. തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ പ്രൊഡക്ഷന്‍ ഹെഡ് ധനജ്ഞയന്‍സാറുമായി സംസാരിച്ചു. ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’യുടെ കഥ രൂപപ്പെട്ടുവരുന്ന സമയമായിരുന്നു അത്. എല്ലാ ആര്‍ട്ടിസ്റ്റുകളും ഒത്തുവരേണ്ടതിനാല്‍ കുറച്ച് താമസിച്ചു. വലിയ കമ്പനിയായതിനാല്‍ ടെന്‍ഷനുമുണ്ടായിരുന്നു. ഇന്ത്യയിലും പുറത്തും അവര്‍ പ്രിവ്യൂ നടത്തും. ഗുണനിലവാരമുള്ള സിനിമയാണെന്ന് തെളിയിക്കണം. ഇല്ലെങ്കില്‍ ചീത്തപേരുണ്ടാവും. അവര്‍ പ്രതീക്ഷിച്ചതില്‍ നിന്നും ഇരട്ടിലാഭം ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’യില്‍ നിന്നും ലഭിച്ചു. രണ്ട് ചിത്രങ്ങള്‍ കൂടി യു.ടി.വിക്കു വേണ്ടി ചെയ്യാന്‍ ധാരണയായിട്ടുണ്ട്.
സംവിധാനരംഗത്തെ തുടക്കം
സംവിധായകന് വിജി തമ്പിയുടെ അടുത്തെത്തിയതാണ് വഴിത്തിരിവായത്. ആറുകൊല്ലം സിനിമാ സീരിയല്‍ രംഗത്തെ അടുത്തറിയാനായി. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഡിസംബര്‍ മിസ്റ്റ് ആയിരുന്നു ആദ്യ ടെലിഫിലിം. ആലിപ്പഴമായിരുന്നു ആദ്യ മെഗാസീരിയല്‍. തുടര്‍ന്ന് മേഘം, മന്ദാരം, മാനസം, മാധവം, അമ്മയ്ക്കായി എന്നിങ്ങനെ ആറ് മെഗാസീരിയല്‍. അതെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചു.
സീരിയല്‍ രംഗം ഉപേക്ഷിച്ചോ?
തറവാട് എന്നു വിശ്വസിക്കുന്നത്. ടെലിവിഷന്‍ രംഗം തന്നെയാണ്. ഇപ്പോള്‍ സിനിമകള്‍ ഉള്ളതുകൊണ്ട് ചെയ്യുന്നുവെന്ന് മാത്രം. ഒരു സിനിമ ചെയ്തുനോക്കാം എന്നു കരുതിയാണ് ഞങ്ങളുടെ ടീം തുടങ്ങിയത്. സിനിമയില്ലെങ്കില്‍ തിരിച്ചുപോകും.
അഭിനയമോഹം
പപ്പന് പയറ്റുവിളയുടെ ‘ഉപ്പുകൊറ്റന്’ കഴിഞ്ഞപ്പോള്‍ തന്നെ അഭിനയം പറ്റിയ പണിയല്ല എന്ന് തിരിച്ചറിഞ്ഞു. അഭിനയമോഹം സംവിധാനമോഹത്തിലേക്ക് വഴിമാറിയത് അവിടെവച്ചാണ്. പിന്നീട് നമ്മള് തമ്മില്‍ പോലുള്ള സിനിമകളില്‍ ചെറിയ വേഷത്തില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ അഭിനയമോഹം അല്പംപോലും മനസിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: