അക്ഷരങ്ങളുടെ ലോകം മനസിലേക്കെത്തുന്നതിനുമുമ്പുതന്നെ തീയേറ്ററിലെ കാബിന് റൂമിനകത്തിരുന്നു കണ്ട സിനിമകള്‍ ആ സിനിമാക്കഥകള്‍ മനസില്‍ കൊണ്ടുനടന്ന് കൂട്ടുകാര്‍ക്കായി പങ്കു വച്ചപ്പോള്‍ അവന്റെയുള്ളില്‍ സിനിമയോടുള്ള അഭിനിവേശത്തോടൊപ്പം പുതിയ കഥകളുടെ ലോകവും സൃഷ്ടിക്കപ്പെടുകയായിരുന്നു. മനസില്‍ തളിരിട്ട കഥകള്‍ കടലാസുകളിലേക്ക് പകര്‍ത്തിയെഴുതിയപ്പോള്‍ കാലം അവനെ എഴുത്തുകാരനാക്കി. അഭ്രപാളികള്‍ക്കു പിന്നിലെ ലോകത്തെക്കുറിച്ചറിയാനുള്ള യാത്രക്കിടയില്‍ അഭ്രപാളിയില്‍ മിന്നിത്തിളങ്ങാനുള്ള നിയോഗവുമുണ്ടായി. നീണ്ട യാത്രക്കുശേഷം സംവിധായകന്റെ മേലങ്കിയണിഞ്ഞപ്പോള്‍ തേടിയെത്തിയത് അംഗീകാരങ്ങളുടെ പെരുമഴ. ആദ്യസിനിമയില്‍ത്തന്നെ നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ മിന്നിത്തിളങ്ങിയ മധുപാല്‍ ഒരിടവേളക്കുശേഷം വീണ്ടും ചര്‍ച്ചയാവുകയാണ്. മധുപാലിന്റെ ഫേസ്ബുക്ക് എന്ന നോവലും രണ്ടാമത്തെ ചിത്രമായ ഒഴിമുറിയും ഒരേസമയം ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.
ജൂഡ് അട്ടിപ്പേറ്റി, ഭരത്ഗോപി, രാജീവ് അഞ്ചല്‍ എന്നിവരുടെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച മധുപാല്‍ കാശ്മീരം എന്ന ചിത്രത്തില്‍ യാദൃശ്ചികമായി പകരക്കാരനായി വെള്ളിത്തിരയിലെത്തിയതോടെ അഭിനയപ്രതിഭയുമായി വിവിധ ഭാഷകളിലായി 90 ഓളം ചിത്രങ്ങള്‍. ഈ ജീവിതം ജീവിച്ചുതീര്‍ക്കുന്നത്, ഹ്രീബുവിലൊരു പ്രേമലേഖനം, കടല്‍ ഒരു നദിയുടെ കഥയാണ്, പ്രണയനികളുടെ ഉദ്യാനവും കുമ്പസാരക്കൂട്ടും ജൈനിമേട്ടിലെ പശുക്കള്‍, മധുപാലിന്റെ കഥകള്‍, ഫേസ്ബുക്ക് തുടങ്ങി ഏഴ് പുസ്തകങ്ങള്‍. 2008ല്‍ തലപ്പാവ് എന്ന ചിത്രത്തില്‍ നക്സല്‍ വര്‍ഗീസിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും. മധുപാല്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ദേവൂട്ടി 2011 ലെ മികച്ച ടെലിസീരിയലിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. നാലുവര്‍ഷങ്ങള്‍ക്കുശേഷം തന്റെ രണ്ടാമത്തെ ചലച്ചിത്രമായ ഒഴിമുറിയിലൂടെ പഴയ തെക്കന്‍ തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്ക് കടന്നുചെന്ന് പ്രേക്ഷകന് കാഴ്ചയുടെ പുതിയ അനുഭവമൊരുക്കുകയാണ് മധുപാല്‍. ചിത്രം കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകനും ഒരു നിമിഷമെങ്കിലും തന്റെ ജീവിതത്തെയും കുടുംബത്തെയും കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല എന്നതുതന്നെയാണ് ഒഴിമുറിയുടെ വിജയം. മധുപാലിന്റെയും ഒഴിമുറിയുടെയും വിശേഷങ്ങളിലേക്ക്.
ഒഴിമുറിയിലേക്കത്തിയത്
തലപ്പാവിനുശേഷം ഒന്നുരണ്ട് പ്രമേയങ്ങള്‍ ആലോചിച്ച സമയത്താണ് ജയമോഹന്റെ ‘ഉറവിടങ്ങള്‍’ എന്ന പുസ്തകം കൈയില്‍ കിട്ടുന്നത്. തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യണമെന്നത് മനസില്‍ ഏറെനാളായി കൊണ്ടുനടന്ന ആഗ്രഹമായിരുന്നു. ജയമോഹന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥകൂടിയാണിത്. മകനും അച്ഛനും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആ കഥയില്‍നിന്ന് മനുഷ്യബന്ധങ്ങള്‍ മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു സിനിമയൊരുക്കാമെന്ന് ജയമോഹനും ഉറപ്പുനല്‍കി. വിഭജനശേഷം തമിഴ്നാട്ടിലേക്ക് മാറ്റപ്പെട്ട മലയാളിയുടെ ജീവിതം പ്രേക്ഷകര്‍ക്ക് പുതുമയുള്ള ഒരു കാഴ്ചയാവുമെന്ന വിശ്വാസമുണ്ടായിരുന്നു.
ഒഴിമുറിക്കു വേണ്ട തയ്യാറെടുപ്പുകള്‍
മനുഷ്യബന്ധങ്ങള്‍ പരിപൂര്‍ണമായും ഉള്‍കൊള്ളേണ്ട നിരവധി സീനുകള്‍ ഉള്ളതുകൊണ്ട് ധാരാളം തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നു. പഴയ തെക്കന്‍ തിരുവിതാംകൂര്‍, അവിടത്തെ സംസാരരീതി ഇവയെക്കുറിച്ച് ധാരണയുണ്ടാക്കി. വൈകാരിക ബന്ധങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്രേക്ഷകന്റെ മനസില്‍ ഇത് ജീവിതത്തിലെവിടെയോ ഉണ്ടായിട്ടുള്ളതല്ലേ എന്ന് തിരിച്ചറിയാന്‍ പറ്റുന്ന തരത്തില്‍ ശ്രദ്ധിച്ചാണ് ചെയ്തത്. ഓരോ വിഷ്വലിലും ആ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. മൂന്നുവര്‍ഷമാണ് ഒഴിമുറിക്കു വേണ്ടി പ്രവര്‍ത്തിച്ചത്. അതിന്റെ പ്രതിഫലനം സിനിമയിലുണ്ടായിട്ടുണ്ട്.
വീണ്ടും ലാല്‍
താണുപിള്ള എന്ന കഥാപാത്രമാവാന്‍ എന്തുകൊണ്ടും ലാല്‍ തന്നെയാണ് യോഗ്യനെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. തലപ്പാവില്‍ ലാലിന്റെ കഴിവ് കണ്ടതാണല്ലോ.അതില്‍ കൂടുതല്‍ ചെയ്യാനാവും എന്ന വിശ്വാസമുണ്ടായിരുന്നു. രണ്ടുപേരും തമ്മിലുള്ള സ്നേഹവും അടുപ്പവും തരുന്ന സ്വതന്ത്രം വളരെ വലുതാണ്. ആ സ്വാതന്ത്ര്യം ഞാന്‍ തലപ്പാവില്‍ അനുഭവിച്ചതുമാണ്.
ഒഴിമുറി നല്കുന്ന സന്ദേശം
കുളച്ചല്‍, കന്യാകുമാരി ഭാഗങ്ങളില്‍ വിവാഹമോചനത്തിനുപയോഗിച്ചിരുന്ന വാക്കാണ് ഒഴിമുറി. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിന് പരസ്പരവിശ്വാസവും സ്നേഹവും ബഹുമാനവും ആവശ്യമാണ്. അധിപനും അടിമയുമാണ് ഭര്‍ത്താവും ഭാര്യയുമെന്ന കാഴ്ചപ്പാട് ബന്ധങ്ങള്‍ തകര്‍ക്കും. ഭൂമിയില്‍ വലിപ്പചെറുപ്പമില്ലാതെ എല്ലാ വസ്തുക്കള്‍ക്കും ജീവജാലങ്ങള്‍ക്കും നിലനില്‍പ്പുണ്ട്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പരസ്പര ബഹുമാനമില്ലാതെ ഒന്നിനും സുഗമമായി മുന്നോട്ടുപോകാനാവില്ല. കുടുംബം എന്ന വ്യവസ്ഥിതിയുടെ അടിസ്ഥാനം പരസ്പര ബഹുമാനമാണ്. പരസ്പര ബഹുമാനമില്ലാത്ത ജീവിതം ഭാവിതലമുറയെക്കൂടി ബാധിക്കും എന്നതാണ് ചിത്രത്തിലൂടെ വ്യക്തമാക്കുന്നത്.
എഴുത്തും സിനിമയും
അച്ഛന് മാധവമേനോന് പാലക്കാട് പാറയില്‍ കല്യാണി എന്ന തീയേറ്റര്‍ നടത്തിയിരുന്നു. അക്ഷരം പഠിച്ചുതുടങ്ങുന്നതിനുമുമ്പുതന്നെ ഞാന്‍ തീയേറ്ററിലെ ക്യാബിന് റൂമിനകത്തിരുന്ന് എല്ലാ സിനിമകളും കാണുമായിരുന്നു. കണ്ടസിനിമകളുടെ കഥകള്‍ ദൃശ്യങ്ങളായി മനസ്സിലുണ്ടാകും. ഈ കഥകള്‍ കൂട്ടുകാരോട് പറയുക ഒരു ശീലമായിരുന്നു. കഥ പറച്ചില് പതിവായതോടെ പറയാന്‍ മനസില്‍ പുതിയ കഥകള്‍ പറയാന്‍ തോന്നിത്തുടങ്ങി. അക്കാലത്ത് പല നോവലുകളും സിനിമയാക്കിയിരുന്നു. സിനിമ തീയേറ്ററിലെത്തും മുമ്പ് നോവലുകള്‍ തേടിപ്പിടിച്ച് വായിച്ചുതീര്‍ത്തിരിക്കും. ഈ കഥ പലരോടും പറഞ്ഞശേഷമായിരിക്കും സിനിമ കാണാന്‍ പോകുക. ഇത്തരത്തില്‍ പുസ്തകങ്ങള്‍ വായനയുടെ ലോകത്തെത്തിച്ചു. വായിച്ചുകിട്ടുന്ന അറിവുകള്‍ മറ്റൊരാളോട് പറയുന്ന ശീലം എഴുത്തും വായനയും വളര്‍ത്തി. നമുക്ക് മുന്നിലെ ഓരോ അനുഭവത്തിനുപിന്നിലും പറയപ്പെടാതെ പോവുന്ന കാഴ്ചകളുണ്ടാവില്ലേ എന്ന് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ആ അന്വേഷണം ഒരു എഴുത്തുകാരനെന്ന നിലയിലേക്ക് ഗുണം ചെയ്തു.
സംവിധാന മോഹം
തീയേറ്ററില്‍ ക്യാബിന് റൂമിനകത്തിരുന്നു സിനിമകാണുമ്പോള്‍ സബ് ടൈറ്റിലുകളില്‍ ഏറ്റവുമധികം കൈയടി കിട്ടിയത് സംവിധായകനായിരുന്നുവെന്നത് കുട്ടിക്കാലത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു സിനിമയുടെ പിന്നിലെ ഹീറോ സംവിധായകനാണെന്ന തിരിച്ചറിവാണ് സംവിധാനത്തിലേക്കെത്തിച്ചത്. ജൂഡ് അട്ടിപ്പേറ്റിയുടെ കൂടെ സഹസംവിധായകനായി ആരംഭിച്ചു. ജൂഡ് അട്ടിപ്പേറ്റിയാണ് ഭരത്ഗോപിയെ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ യമനത്തില്‍ ആര്‍ട്ട് ഡയറക്ടറായിരുന്നു രാജീവ് അഞ്ചല്‍. അങ്ങനെ രാജീവ് അഞ്ചലിന്റെ അടുത്തെത്തി.
അഭിനയത്തിലേക്ക്
രാജീവ് അഞ്ചലിന്റെ കാശ്മീരത്തില്‍ സഹസംവിധായകനായിരുന്നു. നെഗേറ്റെവ് റോള്‍ ചെയ്യാന്‍ നിശ്ചയിച്ച ആള്‍ക്ക് അതു പറ്റുന്നില്ലെന്ന് കണ്ടപ്പോള്‍ എനിക്ക് നറുക്കുവീണു. അത് വഴിത്തിരിവായി. തുടര്‍ന്ന് ആദ്യവര്‍ഷങ്ങളില്‍ 18 പടം വരെ ചെയ്യേണ്ടിവന്നിട്ടുണ്ട്. പക്ഷേ പല ചിത്രങ്ങളിലും നെഗേറ്റെവ് റോളുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒരു മടുപ്പുണ്ടായി. ഇതേത്തുടര്‍ന്നാണ് 2000ത്തില്‍ ആകാശത്തിലെ പറവകള്‍ എന്ന ടെലിവിഷന്‍ സീരിയല്‍ സംവിധാനം ചെയ്തത്. ഇതിനിടയിലും അഭിനയിക്കാനുള്ള അവസരങ്ങള്‍ തേടിയെത്തിയിരുന്നു. പിന്നീട് സംവിധാനത്തിലും എഴുത്തിലും വീണ്ടും ശ്രദ്ധചെലുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് 2008ല്‍ തലപ്പാവിലേക്കെത്തിയത്.
അഭിനയ ജീവിതത്തില്‍ അര്‍ഹിക്കുന്ന അവസരങ്ങളും അംഗീകാരങ്ങളും
എന്റെ കഴിവ് ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നോര്‍ത്ത് സങ്കടപ്പെടേണ്ട ആവശ്യമില്ല. നല്ല വേഷം കിട്ടിയിട്ടില്ല എന്നാലോചിച്ച് വിഷമിക്കാറില്ല. ചെയ്യുന്ന പ്രവര്‍ത്തി സ്വീകരിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. കാശ്മീരം, വാര്‍ദ്ധക്യപുരാണം, സൂസന്ന, അഗ്നിസാക്ഷി, രാവണപ്രഭു തുടങ്ങി എത്രയോ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കണ്ടശേഷം വിളിക്കുന്നവരുണ്ട്. അവരുടെയുള്ളില്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ നിലനില്‍ക്കുന്നുവെന്നത് തന്നെയല്ലേ അംഗീകാരം.
എഴുത്ത്, സംവിധാനം, അഭിനയം സംതൃപ്തി തരുന്നത്.
ഇഷ്ടമില്ലാത്ത ഒരു പണിയും ചെയ്യില്ല. ചെയ്യുന്ന ഏത് പ്രവൃത്തിയും സ്വീകരിക്കപ്പെടുന്നതാണ് സംതൃപ്തി തരുന്നത്.
ഫേസ്ബുക്ക് എന്ന നോവല്‍
ഇന്നുവരെ ഒരു ഭാഷയിലും ഇത്തരമൊരു ക്രാഫ്റ്റ് ഉപയോഗിച്ചുള്ള നോവല്‍ ഇറങ്ങിയിട്ടുണ്ടാവില്ല. 2009 – ല്‍ കേരളത്തില്‍ ഫേസ്ബുക്ക് സജീവമാകുന്ന സമയത്ത് ഞാനും അക്കൗണ്ട് തുടങ്ങിയിരുന്നു. കണ്ടിട്ടില്ലാത്ത, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആളുകള്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചതില്‍ നിന്നാണ്. ഒരു നോവലിനുള്ള സാധ്യത കണ്ടത്. ഓരോ തവണയും അധ്യായം പ്രസിദ്ധീകരിക്കുന്നതിനൊപ്പം ബ്ലോഗിലും അപ്ലോഡ് ചെയ്തിരുന്നു. പിന്നീടും പൊതുജനങ്ങളുടെ ഇടപെടലുകള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയ നോവല്‍ ഇപ്പോഴും അപൂര്‍ണമാണ്. ഇനിയും നോവല്‍ റീ റൈറ്റ് ചെയ്യാനാകും സംവിധായകനായ നവീന്‍ ലോപ്പസിന്റെ രണ്ട് സിനിമകള്‍ക്കിടയിലുള്ള ഇടവേളയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് നോവലില്‍ പ്രമേയമാകുന്നത്. യാദൃശ്ചികമായി തലപ്പാവിനുശേഷം തുടങ്ങിയ നോവല്‍ ഒഴിമുറിക്ക് തൊട്ടുമുമ്പാണ് പുറത്തിറങ്ങിയത്.
കുടുംബം
ഭാര്യ രേഖ. മൂത്ത മകള്‍ മാധവി ഡിഗ്രിക്കു പഠിക്കുന്നു. ഇളയ മകള്‍ മീനാക്ഷി എട്ടാം ക്ലാസിലും. അമ്മ രുഗ്മിണിയമ്മയും ഒപ്പമുണ്ട്.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: