‘എ വെല്‍ ട്രീറ്റഡ് സിനിമ’ (സത്യന് അന്തിക്കാട്), കുറേനാളുകള്‍ക്കുശേഷം ടൈമും സ്പെയ്സും ഭംഗിയായി ഉപയോഗിച്ചിരിക്കുന്ന സിനിമ (പ്രിയദര്ശന്), ‘ത്രില്ലിംഗ് എക്സ്പീരിയന്‍സ്’ (മമ്മൂട്ടി), സന്തോഷമുണ്ട് ഇത്തരമൊരു സിനിമ കണ്ടതില്‍, കലക്കിയെടാ കലക്കി’ (രഞ്ജിത്).
‘ഈ അടുത്തകാലത്ത്’ എന്ന സിനിമ കണ്ടിറങ്ങിയ മലയാള ചലച്ചിത്രലോകത്തെ പ്രമുഖര്‍ സിനിമയുടെ സംവിധായകനെ വിളിച്ചറിയിച്ച വാക്കുകളാണിത്. ഈ വാക്കുകള്‍ അക്ഷരംപ്രതി ശരിയെന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും സംവിധായകന്റെ മൊബെയിലിലേക്ക് വരുന്ന നൂറുകണക്കിന് അഭിനന്ദനങ്ങള്‍. മലയാള ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്ന നവാഗത സംവിധായകന് സ്വപ്നം കാണാന്‍ കഴിയാത്ത അഭിനന്ദനപ്രവാഹമാണ് അരുണ്‍കുമാര്‍ അരവിന്ദിന് ‘ഈ അടുത്തകാലത്ത്’ എന്ന ചിത്രത്തിലൂടെ ലഭിക്കുന്നത്. ‘കോക്ടെയില്‍’ എന്ന തന്റെ ആദ്യചിത്രത്തിന്റെ വിജയത്തേക്കാള്‍ ഗംഭീര വിജയമാണ് അരുണ്‍കുമാറിന്റെ ‘ഈ അടുത്തകാലത്ത്’ നേടുന്നത്.
തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിലെ പഠനത്തിനുശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിലെത്തിയപ്പോഴും അരുണ്‍കുമാര്‍ അരവിന്ദ് എന്ന ചെറുപ്പക്കാരന്റെ മനസ്സിലൊരിടത്തും സിനിമയുണ്ടായിരുന്നില്ല. അച്ഛന് അരവിന്ദാക്ഷന് നായര്‍ക്ക് മകന് എന്‍.ഡി.എ എഴുതി സൈന്യത്തില്‍ ചേരണമെന്നായിരുന്നു. എന്നാല്‍ അരുണിന്റെ സ്വപ്നം മറ്റൊന്നായിരുന്നു. എം.ജി.കോളേജിലെ ക്ലാസ്മുറിയില്‍ ഊര്‍ജതന്ത്രത്തിന്റെ ഫോര്‍മുലകള്‍ മുഴങ്ങുമ്പോഴും അരുണിന്റെ മനസ്സ് നിറയെ ക്രിക്കറ്റായിരുന്നു. ഒരു ക്രിക്കറ്റ് താരമാകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വിധിയുടെ പകര്‍ന്നാട്ടം മറ്റൊന്നായിരുന്നു.
കോളേജ് ടീമില്‍ നിന്നും ജില്ലാ ടീമിലേക്ക് സെലക്ഷന് നടക്കുന്ന സമയം. ടീ സെലക്ഷന്റെ തലേന്നുണ്ടായ ബൈക്ക് ആക്സിഡന്റ് അരുണിന്റെ ക്രിക്കറ്റ് മോഹങ്ങളെ തല്ലിക്കെടുത്തി. ബാന്‍ഡേജുമിട്ട് ആറുമാസം വീട്ടില്‍ കിടന്ന കാലയളവില്‍ ദൈവം തനിക്ക് വഴികാട്ടുകയായിരുന്നുവെന്ന് അരുണ്‍ പറയുന്നു.
വീട്ടിലെ ബോറടിയില്‍ നിന്ന് രക്ഷനേടാന്‍ ടി.വിയെ ആശ്രയിച്ചപ്പോഴാണ് അഭ്രപാളികള്‍ക്ക് പിന്നിലെ കാഴ്ചകളെക്കുറിച്ചറിയാന്‍ അരുണിന് താത്പര്യമേറിയത്. അതൊരു തുടക്കമായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും കലാലയത്തിലെത്തുമ്പോള്‍ അരുണിന്റെ മനസ്സില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നില്ല, നിറഞ്ഞു നിന്നത് സിനിമമാത്രം.
ഡിഗ്രി പൂര്‍ത്തിയാക്കി നേരെ വിഷ്വല്‍ ഇഫക്ട് കോഴ്സ് പഠിക്കാന്‍ മദ്രാസിലേക്ക്. പഠനശേഷം പെന്റാടൂര് എന്ന കമ്പനിയില്‍ കുറച്ചുകാലം. അവിടെ നിന്നും നാട്ടില്‍ മടങ്ങിയെത്തി കെ.എസ്.എഫ്.ഡി.സിയില്‍ എഡിറ്ററായി. അരുണിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് ഇവിടെ നിന്നാണ്. സംവിധായകന് ടി.കെ.രാജീവ്കുമാറുമായിട്ടുള്ള പരിചയം തുണയായി. ശേഷം, വക്കാലത്ത് നാരായണന്‍കുട്ടി എന്നീ ചിത്രങ്ങളുടെ ട്രയിലറാണ് ആദ്യം എഡിറ്റ് ചെയ്തത്.
സുരേഷ്കൃഷ്ണയുടെ ‘വസന്തമാളിക’, ടി.കെ.രാജീവ്കുമാറിന്റെ ‘ഇവര്‍’ എന്നീ ചിത്രങ്ങളുടെ എഡിറ്ററായി. അക്കാലത്ത് മലയാളത്തില്‍ നോണ്‍ലീനിയര്‍ എഡിറ്റിംഗ് സംവിധാനമറിയാവുന്നവര് വിരളമായിരുന്നു. ആ രംഗത്തെ മികവ് അരുണിന് തുണയായി. രാജീവ്കുമാറും നിര്‍മാതാവ് സുരേഷ്കുമാറും ഒരുമിച്ച് നടത്തിയിരുന്ന ഫിലിം സ്റ്റുഡിയോയിലെത്തിയ അരുണിനെ നിര്‍മാതാവ് സുരേഷ്കുമാര്‍ സംവിധായകന് പ്രിയദര്ശന് പരിചയപ്പെടുത്തി. പിന്നീടൊരിക്കലും അരുണിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
പ്രിയന്റെ മലയാള ചിത്രമായ വെട്ടം മുതല്‍ ദേശീയ അവാര്‍ഡ് നേടിയ കാഞ്ചീവരം വരെ 20-ല്‍ പരം സിനിമകള്‍. ബോളിവുഡ് ചര്‍ച്ചചെയ്ത ഗരംമസാല, ഭൂത്ബുലയ്യ, ചുപ് ചുപ് കേ, ബില്ലു ബാര്‍ബര്‍, ഭാഗംഭാഗം, മാലാമാല്‍ വീക്ക്ലി ഇവയെല്ലാം അരുണിന്റെ എഡിറ്റിംഗ് മികവിന് സാക്ഷ്യം വഹിച്ചു.
കാഞ്ചീവരത്തിന്റെ എഡിറ്റിംഗ് ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടു. ശാന്താറാം അവാര്‍ഡിനും പരിഗണിക്കപ്പെട്ടു. എഡിറ്റിംഗ് മേഖലയില്‍ ബോളിവുഡ്ഡില്‍ തിളങ്ങുമ്പോഴും സ്വന്തംനാട്ടിലെ പ്രേക്ഷകര്‍ക്കായി സിനിമയെടുക്കണമെന്ന മോഹം അരുണ്‍ കൊണ്ടുനടന്നു. 2010ല്‍ കോക്ടെയില്‍ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് തന്റെ വരവറിയിച്ച അരുണ്‍ ‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായി. അരുണിന്റെ വിശേഷങ്ങളിലേക്ക്…..
എഡിറ്റര്‍ എന്ന നിലയില്‍ നിന്നും സംവിധായകനിലേക്ക്
ഒരു നല്ല എഡിറ്റര്‍ക്ക് ഒരു സംവിധായകന്റെ മനസ്സുണ്ടാകണം. ഒരു നല്ല സംവിധായകന് നല്ല എഡിറ്ററുമായിരിക്കും. ഒരു സിനിമയിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നില്ല. എഡിറ്റിംഗിലുള്ള പരിചയസമ്പന്നതയുമായാണ് സംവിധാന രംഗത്തെത്തിയത്. ബോളിവുഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അടിസ്ഥാനപരമായി ഞാന്‍ മലയാളിയാണ്. എന്റെ സിനിമയുടെ വേരുകള്‍ മലയാളത്തിലാണ്. ഒരുകാലത്ത് മലയാള സിനിമയെ ഏറെ അംഗീകരിച്ചിരുന്നവര്‍ ഇന്ന് മലയാള സിനിമയെ ഇടിച്ചുതാഴ്ത്തി പറയുന്ന അവസ്ഥയുണ്ട്. മലയാള സിനിമയുടെ നല്ലകാലം 90ന് മുമ്പാണെന്നും ഇപ്പോള്‍ ഒന്നോ രണ്ടോ നല്ല സിനിമ വന്നാലായി എന്നും പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്. പുതിയ ചെറുപ്പക്കാര്‍ മലയാളസിനിമയുടെ നഷ്ടപ്പെട്ട മൂല്യം തിരിച്ചു കൊണ്ടുവരണം. മലയാള സിനിമയെ ഇന്ന് കളിയാക്കുന്നവരെക്കൊണ്ട് നാളെ തിരിച്ചു പറയിക്കണം. ഇതിനു വേണ്ടി എനിക്കെന്തെങ്കിലും ചെയ്യാനാവുമോ എന്ന ശ്രമത്തിലാണ്.
പ്രിയദര്‍ശനില്‍ നിന്നും പകര്‍ന്നുകിട്ടിയത്
പ്രിയദര്ശന് ഗുരുതുല്യമായ സ്ഥാനമാണുള്ളത്. സീനിനെ എങ്ങനെ അപ്രോച്ച് ചെയ്യണമെന്നത് പ്രിയദര്ശന് സാറില്‍ നിന്നും പഠിക്കേണ്ടതാണ്. ഒരു സിനിമയുടെ ഫസ്റ്റ് സ്കെല്‍ട്ടണ്‍ ഉരുത്തിരിയുന്നത് എഡിറ്റിംഗ് ടേബിളിലാണ്. എഡിറ്റര്‍ക്ക് മനസ്സില്‍ ഒരു വീക്ഷണമുണ്ടാകും. അതിനനുസരിച്ച് സീനുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ ഉണ്ടാവണം. സംവിധായകനെന്ന നിലയില്‍ തന്റെ മനസ്സില്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പ്രിയന് സാറിന് വ്യക്തമായ ധാരണയുണ്ടാവും. അത് പറയുകയും ചെയ്യും. അതിനോടനുബന്ധമായി എഡിറ്റര്‍ക്ക് ആവശ്യമായ ചോയ്സുകളും ഉണ്ടാകും. ഒരു സംവിധായകന് എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചകാര്യങ്ങള്‍ എന്റേതായ രീതിയില്‍ ഞാന്‍ പ്രാവര്‍ത്തികമാക്കുന്നുണ്ട്.
ബോളിവുഡ്ഡില്‍ തിളങ്ങിയിട്ടും മലയാളത്തില്‍ ചുരുക്കം സിനിമകള്‍. ബോളിവുഡ്ഡില്‍ പ്രവര്‍ത്തിക്കുന്ന മികവുള്ളവരെ മലയാള സിനിമ അവഗണിക്കുന്നുവെന്ന ആക്ഷേപം.
മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ആരും വിളിച്ചിട്ടില്ല. മലയാള സിനിമ ചില വിശ്വാസങ്ങളിലും ഫോര്മുലകളിലൂടെയുമാണ് പോവുന്നത്. പലരും പ്രൊഫഷണലായി ചിന്തിക്കുന്നില്ല. മാറി ചിന്തിക്കേണ്ടതുണ്ട്. റസുല്‍ പൂക്കുട്ടിയും അമല്‍ നീരദുമൊക്കെ സൂചിപ്പിച്ചത് ഇതാണ്.
‘ഈ അടുത്തകാലത്ത്’ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത്
എല്ലാ മനുഷ്യര്‍ക്കും അവരവരുടേതായ തിരക്കാണ്. ആര്‍ക്കും ഒന്നിനും സമയമില്ലാത്ത അവസ്ഥ. ഫാസ്റ്റ് ലൈഫാണ് ഏവര്‍ക്കും. ആരും റിലാക്സ്ഡ് അല്ല. നമ്മുടെ ചുറ്റുമുള്ള ചില കാഴ്ചകളാണ് പല വിഷയങ്ങളിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. ഒന്നിന്റെയും വിശദാംശങ്ങളിലേക്ക് പോയി ബോറടിപ്പിക്കാതെ നമ്മുടെ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ സിനിമയിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. സിനിമയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയ്ക്ക് പ്രത്യേക അജണ്ടയൊന്നുമില്ല.
വിളപ്പില്‍ശാല പ്രശ്നം, വാര്‍ധക്യത്തില്‍ ജീവിക്കുന്നവര്‍ക്ക് സംരക്ഷണമില്ലാത്ത അവസ്ഥ, ലൈംഗിക അരാജകത്വം, മറുനാടുകളില്‍ നിന്നെത്തുന്നവരുടെ ക്രിമിനല്‍ ബാക്ക് ഗ്രൗണ്ട്, പോലീസിന്റെ അലസമായ അന്വേഷണ രീതി, അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൗഹൃദങ്ങളിലെ മാറ്റം ഇങ്ങനെ ഒത്തിരി വിഷയങ്ങള്‍ !
നമുക്ക് ചുറ്റും നിരീക്ഷിച്ചാല്‍ കാണുന്ന വിഷയങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. വിളപ്പില്‍ശാല സമരത്തെ കളിയാക്കുന്നു എന്ന വിമര്‍ശനങ്ങള്‍ കേട്ടു. സിനിമ എല്ലാ അര്‍ഥത്തിലും വിളപ്പില്‍ശാലയ്ക്ക് അനുകൂലമാണ്. കേരളത്തിലെ എല്ലാ നഗരങ്ങളിലും വിളപ്പില്ശാലകളുണ്ട്.
കുന്നുകണക്കിന് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനിടയില്‍ ഒരു മൃതദേഹം കൊണ്ടിടുമ്പോള്‍ മികച്ച ഒരു പോലീസ് നായയ്ക്കുപോലം മണം പിടിക്കാനാവുന്നില്ല. ഇത്തരം സാഹചര്യങ്ങളുടെ ഒരു ഓര്‍മപ്പെടുത്തലാണിത്. സമരപ്പന്തലിലുള്ളവര്‍ ആഹാരം കഴിച്ചിട്ട് മാലിന്യങ്ങള്‍ സമീപത്തിടുന്നതും തുപ്പുന്നതും മൂത്രമൊഴിക്കുന്നതുമെല്ലാം മലയാളിയുടെ ശീലങ്ങള്‍ കാണിക്കുന്നുവെന്നുള്ളത് മാത്രമാണ്.
ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ വൃദ്ധരായ രക്ഷിതാക്കളെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട് പോവുന്നതും മക്കള്‍ വിദേശത്താവുമ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ക്ക് ഒറ്റയ്ക്ക് താമസിക്കേണ്ടിവരുന്നതും സര്‍വസാധാരണമായിട്ടുണ്ട്. വിദേശത്ത് ചെറുമക്കള്‍ ജനിക്കുമ്പോള്‍ അവരെ നോക്കാനായി വൃദ്ധയായ മാതാവിനെ കൊണ്ടുപോകുമ്പോള്‍ വൃദ്ധനായ പിതാവ് നാട്ടില്‍ ഒറ്റയ്ക്കാവുന്നു. ഇതിന്റെ ഒക്കെ ഒരപകടം സൂചിപ്പിക്കുന്നുണ്ട്.
കുടുംബന്ധങ്ങളിലെ താളപ്പിഴകള്‍ പുതിയ സൗഹൃദങ്ങളിലേക്ക് വഴിവയ്ക്കുന്നതിന്റെ അപകടവും ചൂണ്ടിക്കാട്ടുന്നുണ്ട്. പോലീസിന്റെ അന്വേഷണരീതി സിനിമയില്‍ ഹാസ്യത്തിനുവേണ്ടി ചേര്‍ത്തതാണ്. കേരള പോലീസ് കഴിവില്ലാത്തവരാണെന്ന തെറ്റായ ധാരണയൊന്നുമില്ല.
ഇന്ദ്രജിത്തും തനുശ്രീഘോഷും
മുരളിഗോപിയുമൊത്ത് ചിത്രത്തിലേക്ക് കാസ്റ്റിംഗിനെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ തന്നെ ‘വെട്ട് വിഷ്ണു’വിനെ അവതരിപ്പിക്കാന്‍ അനുയോജ്യമായ മുഖം ഇന്ദ്രജിത്തിന്റെതാണെന്ന് വ്യക്തമായിരുന്നു. ഇന്ദ്രജിത്ത് പഠിച്ചുവളര്‍ന്ന നഗരമാണ് തിരുവനന്തപുരം. തിരുവനന്തപുരത്തെ ഭാഷാശൈലിയാണ് സിനിമയില്‍. ഇന്ദ്രജിത്തിന് വളരെ സ്വാഭാവികമായി ഇത് കൈകാര്യം ചെയ്യാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു.
കഥാപാത്രമായ നടി മാധുരിയെ അവതരിപ്പിക്കുന്നതിന് ഒരു പുതിയ മുഖം ആവശ്യമായിരുന്നു. കഥാപാത്രം ആവശ്യപ്പെടുന്നത് പല നടിമാരുടെയും മുഖച്ഛായ തോന്നിക്കുന്ന ഒരു നടിയെയായിരുന്നു. ഇതിനുവേണ്ടിയുള്ള അന്വേഷണമാണ് ബംഗാളി നടിയായ തനുശ്രീഘോഷിലെത്തിയത്.
സിനിമയില്‍ ആര്.എസ്.എസ്.ശാഖ കാണിച്ചതിനെച്ചൊല്ലിയുള്ള ആക്ഷേപങ്ങള്‍
തിരുവനന്തപുരം നഗരത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് ഞാന്‍. ഈ നഗരത്തില്‍ സഞ്ചരിക്കുന്ന ഓരോ വ്യക്തിക്കും കാണാന്‍ കഴിയുന്ന കാഴ്ചയാണത്. ഒരു അഗ്രഹാരത്തിനടുത്തോ ക്ഷേത്രത്തിനടുത്തോ കൂടി സഞ്ചരിക്കുമ്പോള്‍ അവിടെയൊരു ശാഖയുണ്ടാവും. നഗരക്കാഴ്ചയുടെ ഒരു മുഖമാണത്. അതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് പറയുന്നതിനെ പറയുന്നവരുടെ കുഴപ്പമായേ കാണാനാവൂ. സിനിമയിലെ കഥാപാത്രമായ ‘വെട്ട് വിഷ്ണു’ ജീവിതത്തിലെ പ്രധാന തീരുമാനമെടുക്കുന്നത് തിരുസ്വരൂപത്തിന് മുന്നില്‍ നിന്നാണ്. ശാഖ കണ്ടവര്‍ എന്തുകൊണ്ട് ഇത് കാണുന്നില്ല. ഞാന്‍ കണ്ടിട്ടുള്ളതോ പരിചയപ്പെട്ടിട്ടുള്ളതോ ആയ കാര്യങ്ങളാണ് എന്റെ സിനിമയിലുള്ളത്. അതിന് പ്രത്യേക അജണ്ടയൊന്നുമില്ല. കലയെ രാഷ്ട്രീവത്കരിച്ച് കാണുന്നവരാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
അഭിനന്ദനങ്ങളെക്കുറിച്ച്,
സത്യന് അന്തിക്കാട്, പ്രിയദര്ശന്, ലിസി, രഞ്ജിത്ത്, മമ്മൂട്ടി, മണിയന്‍പിള്ള രാജു തുടങ്ങി ചലച്ചിത്രലോകത്തെ മുതിര്‍ന്നവരും അന്‍വര്‍ റഷീദ്, പൃഥ്വിരാജ്, സഞ്ജയ്, വിനീത് ശ്രീനിവാസന്, റോഷന് ആന്‍ഡ്രൂസ്, രാജേഷ്പിള്ള തുടങ്ങിയ പുതുതലമുറയിലെ പ്രതിഭകളും വിളിച്ചിരുന്നു. മറ്റേത് അവാര്‍ഡിനേക്കാളും മികച്ച അംഗീകാരമായി ഇവരുടെയൊക്കെ അഭിനന്ദനത്തെ കരുതുന്നു. ഇവരില്‍ നിന്നൊക്കെ കിട്ടുന്ന പിന്തുണ ഒരു കലാകാരന് കിട്ടുന്ന അംഗീകാരമാണ്. ഇതിനൊക്കെ ഉപരിയായി പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് ഏറ്റവും വലിയ അംഗീകാരം.
ഒരു സംവിധായകന് എന്ന നിലയില്‍
പ്രേക്ഷകരെ സന്തോഷിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന നല്ല സിനിമകള്‍ എടുക്കണം. ഒരു സിനിമ ചെയ്യുമ്പോള്‍ അത് ഏറ്റവും നല്ല സിനിമയായി ലോകത്തെ കാണിക്കാന്‍ കഴിയണം. യൂണിവേഴ്സല്‍ തീം ഉള്ള സിനിമകള്‍ ചെയ്യാനാകണം. ഭാഷയ്ക്കതീതമായി മനുഷ്യന്റെ വികാരങ്ങള്‍ ലോകത്തിന് പകര്ന്നുനല്കാന് കഴിയുന്ന തരത്തിലുള്ള സിനിമകള്‍ ഉണ്ടാവണം.
സംവിധായകനായി അറിയപ്പെടുന്നതിനേക്കാള്‍ താത്പര്യം അധികം അറിയപ്പെടാതിരിക്കുന്നതാണ്. ആളുകള്‍ തിരിച്ചറിഞ്ഞാല്‍ സ്വാതന്ത്ര്യം നഷ്ടപ്പെടും. നല്ല സിനിമകള്‍ ഉണ്ടാവണമെങ്കില്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാവണം. നല്ല കാഴ്ചകള്‍ കാണണം. അതിന് സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനാകണം. പല തരത്തിലുള്ള ആള്‍ക്കാരെ പരിചയപ്പെടാന്‍ കഴിയണം.
അടുത്ത പ്രോജക്ട്
മുരളി ഗോപിയുമൊത്ത് രജപുത്ര ഫിലിംസിനുവേണ്ടി എം.രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രം.
കുടുംബം
അച്ഛന് അരവിന്ദാക്ഷന് നായര്‍, അമ്മ പത്മകുമാരി, അനുജത്തി ആരതി നായര്‍ കമ്പനി സെക്രട്ടറിയായി പ്രാക്ടീസ് ചെയ്യുന്നു. ഭാര്യ ഐശ്വര്യ, മകള്‍ ആര്‍ഷ.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: