മലയാള സിനിമയില്‍ വൈവിധ്യങ്ങളായ വേഷങ്ങളിലൂടെ കടന്നു പോയ നടനാണ് ജോസ്പ്രകാശ്. വെള്ളിത്തിരയിലെ വില്ലന്‍ ഭാവങ്ങള്‍ക്ക് രൂപഭംഗി നല്കിയ കലാകാരന്. ഇന്ന് മിമിക്രിക്കാര് ജോസ്പ്രകാശിന്റെ സിനിമയിലെ സംഭാഷണങ്ങള്‍ അനുകരിച്ച് നമ്മെ ചിരിപ്പിക്കുമെങ്കിലും എഴുപതുകളിലും എണ്‍പതുകളിലും ജോസ്പ്രകാശിന്റെ ശബ്ദവും സംഭാഷണത്തിന്റെതാളവും വെള്ളിത്തിരയില്‍ കേട്ടാല്‍ സിനിമാപ്രേമികള്‍ ഭയക്കുമായിരുന്നു. സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് ജോസ്പ്രകാശ് തന്റെ അഭിനയത്തിലൂടെ കാട്ടിത്തന്നു. നാനൂറോളം സിനിമകളില്‍ വില്ലനായും സഹനടനായും സ്വഭാവനടനായുമൊക്കെ തിളങ്ങിയെങ്കിലും അംഗീകാരങ്ങള്‍ ഈ നടനെ തേടിയെത്തുന്നതില്‍ വിമുഖത കാട്ടി. എണ്‍പത്തിയേഴാം വയസ്സില്‍ രോഗശയ്യയില്‍ കിടക്കുമ്പോഴാണ് ജോസ്പ്രകാശിന് ജെ.സി.ഡാനിയേല്‍ പുരസ്കാരം ലഭിക്കുന്നത്. വൈകി വന്ന അംഗീകാരം. ആ പുരസ്കാരം ഏറ്റുവാങ്ങാന്‍ അദ്ദേഹം കാത്തു നിന്നില്ല. അനിവാര്യമായ മരണത്തിനു കീഴടങ്ങി ആ മഹാനടനും യാത്രയായി.
കൂളിങ് ഗ്ലാസും, വാക്കിങ് സ്റ്റിക്കും പുകച്ചുരുളുയരുന്ന പൈപ്പും കോട്ടും സ്യൂട്ടും ധരിച്ച് വെള്ളിത്തിരയില്‍ നിരവധി തവണ സ്റ്റെയര്‍ കേസ് കയറിയിറങ്ങി താരമാകുകയായിരുന്നു ജോസ്പ്രകാശ് എന്ന കോട്ടയംകാരന്. നായികയെ ബലാത്സംഗം ചെയ്യുകയും നായകന്റെ ഇടിവാങ്ങുകയും ചെയ്യുന്ന വില്ലന്‍ കഥാപാത്രത്തിനപ്പുറം പത്മരാജന്റെ പെരുവഴിയമ്പലത്തിലും ഐ.വി.ശശിയുടെ ഈറ്റയിലും പി.എന്‍.മേനോന്റെ ഓളവും തീരത്തിലും താനൊരു നല്ല നടനാണെന്നും ജോസ്പ്രകാശ് അനുഭവിപ്പിച്ചു. പട്ടാളത്തില്‍ നിന്ന് നാടകത്തിലും പിന്നീട് സിനിമയുടെ പിന്നണിപ്പാട്ടിലുമാണ് അദ്ദേഹമെത്തിയത്. നല്ല പട്ടാളക്കാരനും നല്ല നടനും നല്ല പാട്ടുകാരനുമായി അദ്ദേഹം.
സ്വാതന്ത്ര്യത്തിനു മുമ്പ് കൊല്‍ക്കത്തയില്‍ ഹിന്ദു-മുസ്ലീം കലാപം പടര്‍ന്നു പിടിക്കവെ കലാപം കെടുത്താന്‍ ഗാന്ധിജി കൊല്‍ക്കത്തയിലെത്തി. പരസ്പര വിദ്വേഷത്തിന്റെ മുറിവുണക്കാന്‍ പ്രാര്‍ഥനയും ഉപവാസവും നടത്താനായിരുന്നു മഹാത്മജിയുടെ തീരുമാനം. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഗാന്ധിജിയുടെ സുരക്ഷാ ചുമതല പട്ടാളക്കാര്‍ക്കായിരുന്നു. കൊല്‍ക്കത്തിയിലെ ഒരു വീട്ടില്‍ ഗാന്ധിജി അന്തിയുറങ്ങുമ്പോള് ജോസ്പ്രകാശിന്റെ നേതൃത്വത്തിലുള്ള പട്ടാളക്കാര്‍ വീടിനു പുറത്ത് യൂണിഫോം അണിഞ്ഞ് അദ്ദേഹത്തിനു കാവല്‍ നിന്നു. കലാപവും യുദ്ധവുമൊക്കെ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്താണ് കോട്ടയത്ത് മുന്‍സിഫ് കോടതി ഉദ്യോഗസ്ഥനായ കെ.ജെ.ജോസഫിന്റെയും ഏലിയാമ്മയുടെയും മകന് ജോസഫ് പട്ടാളത്തിലെത്തുന്നത്. ഫോര്‍ത്ത് ഫോമില്‍ പഠിക്കുന്ന കാലത്ത് നാടുവിട്ട് പട്ടാളത്തിലെത്തുകയായിരുന്നു.
പാതിരാത്രി വീട്ടില്‍ നിന്ന് മുങ്ങി കിലോമീറ്ററുകള്‍ നടന്ന് സിനിമയും നാടകവും കാണാന്‍ പോകുന്ന പതിവ് ജോസഫിനുണ്ടായിരുന്നു. എന്നാല്‍ പിതാവിന് അതൊന്നും ഇഷ്ടമായിരുന്നില്ല. അക്കാലത്ത് സ്കൂളില്‍ പാട്ടുപാടിയതിന് കിട്ടിയ സമ്മാനവുമായി വീട്ടിലെത്തിയ ജോസഫിനെ പിതാവ് പൊതിരെ തല്ലുകയും ചെയ്തു. അച്ഛന്റെ എതിര്‍പ്പ് ശക്തമായപ്പോഴാണ് നാടുവിടാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷുകാരുടെ കീഴില്‍ റോയല്‍ ഇന്ത്യന്‍ ആര്‍മി സര്‍വ്വീസ് കോറില്‍ ചേര്‍ന്നു. ഫിറോസ്പൂരിലെ മണിപ്പൂരി ക്യാമ്പിലായിരുന്നു ആദ്യനിയമനം. 1949ല്‍ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് നാട്ടിലെത്തി. കോട്ടയത്ത് കുടുംബക്കാര് നടത്തിയിരുന്ന തേയിലക്കച്ചവടം ഏറ്റെടുത്തു. എറണാകുളത്തു ചെറിയ രീതിയില്‍ തുണി കച്ചവടം നടത്തി. കുറച്ചു കാലം എറണാകുളത്ത് ഫിലിം റെപ്രസെന്റേറ്റീവായും ജോസ്പ്രകാശ് ജോലി ചെയ്തു. തമിഴ്സിനിമകളുടെ പെട്ടിയും തലയിലേറ്റി തുച്ഛമായ വരുമാനത്തില്‍ ജീവിച്ചപ്പോഴും സിനിമാകൊട്ടകകളിലെ വെള്ളിവെളിച്ചം അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു.
ഇക്കാലത്തും നാടകാഭിനയം ആവേശമായി അദ്ദേഹം മനസ്സില്‍ കൊണ്ടു നടന്നു. 1954ല്‍ മണര്‍ക്കാട് കുഞ്ഞിന്റെ പാലാഐക്യകേരള നടന കലാസമിതിയുമായി ചേര്‍ന്ന് സഹകരിച്ചു. അതിനു മുമ്പേ കെപിഎസി ജോസഫിനെ ക്ഷണിച്ചതായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം പോകേണ്ടെന്ന ബന്ധുക്കളുടെ അഭിപ്രായത്തെ മാനിച്ചാണ് കെപിഎസി ഉപേക്ഷിച്ചത്. ‘പട്ടിണിപ്പാവങ്ങ’ളായിരുന്നു ആദ്യ നാടകം. പിന്നീട് മൂന്നുനാലു നാടകങ്ങളില്‍ കൂടി അഭിനയിച്ചു. 1956ല്‍ കോട്ടയത്ത് സ്വന്തം നാടക കമ്പനിയായ നാഷണല്‍ തിയറ്റേഴ്സ് തുടങ്ങി. നാഷണല്‍ തിയറ്റേഴ്സ് കുറേ നല്ല നാടകങ്ങള്‍ അവതരിപ്പിച്ചു.
‘സാത്താന് ഉറങ്ങുന്നില്ല’, ‘പോലീസ് സ്റ്റേഷന്’, ‘ഫ്ലോറി’ എന്നീ നാടകങ്ങള്‍ ഹിറ്റായി. എല്ലാത്തിലും ജോസഫായിരുന്നു നായകന്. നാടകത്തിലെ പാട്ടുകള്‍ പാടുന്നതും അദ്ദേഹമായിരുന്നു. കോട്ടയത്തുകാരനായിരുന്ന ജോര്‍ജ്ജായിരുന്നു അന്ന് നാടകമെഴുതിയിരുന്നത്. നാഷണല്‍ തീയറ്റേഴ്സിന്റെ മാനേജര്‍ ചിട്ടിജോര്‍ജ്ജെന്നയാളുമായിരുന്നു. ജോസഫ് എറണാകുളത്തേക്ക് താമസം മാറിയപ്പോള്‍ ചിട്ടിജോര്‍ജ്ജിനെ നാടക കമ്പനി ഏല്പിച്ചു. അക്കാലത്ത് നാഷണല്‍ തീയറ്റേഴ്സിനു വേണ്ടി എന്‍.എന്‍.പിള്ള നാടകങ്ങളെഴുതിയിരുന്നു. എറണാകുളത്തെത്തിയ ശേഷം പീപ്പിള്‍സ് സ്റ്റേജ് ഓഫ് കേരള എന്ന നാടകസമിതിക്ക് രൂപം നല്കി. പീപ്പിള്‍സ് സ്റ്റേജ് ഓഫ് കേരളയാണ് പ്രശസ്തമായ ‘വേലുത്തമ്പിദളവ’ എന്ന നാടകം അവതരിപ്പിച്ചത്. കൊട്ടാരക്കര ശ്രീധരന്നായരായിരുന്നു വേലുത്തമ്പിയെ അവതരിപ്പിച്ചത്. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരും ഓച്ചിറ വേലുക്കുട്ടിയുമൊക്കെയായിരുന്നു പ്രശസ്തരായ അഭിനേതാക്കള്‍. ഇതിനിടയില്‍ തന്നെ ജോസഫ് സിനിമയിലെത്തിയിരുന്നു. തിരക്കുള്ള നടനുമായി.
സിനിമയിലെത്താന്‍ കാരണക്കാരന്‍ തിക്കുറിശ്ശിയായിരുന്നു. കോട്ടയം തിരുനക്കര മൈതാനത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം നടക്കുന്നു. പ്രസംഗിക്കുന്നത് റാംമനോഹര്‍ ലോഹ്യ. സമ്മേളനത്തിനുള്ള മൈക്ക് കൊണ്ടുവന്നത് ജോസഫിന്റെ സുഹൃത്ത്. സമ്മേളനം തുടങ്ങുന്നതിനു മുമ്പ് ഒരു പാട്ടുപാടാന്‍ ജോസഫിന് അവസരം കിട്ടി. ആ പാട്ടുകള്‍ അന്നു കോട്ടയത്തുണ്ടായിരുന്ന തിക്കുറിശ്ശി കേട്ടു. പിറ്റേന്ന് ജോസഫിനെ തേടി തിക്കുറിശ്ശി എത്തി.
തിക്കുറിശ്ശിയും സുഹൃത്തുക്കളും ചേര്‍ന്ന് മംഗളാ പിക്ചേഴ്സിന്റെ ബാനറില്‍ ‘ശരിയോ തെറ്റോ’ എന്നൊരു സിനിമ പിടിക്കുന്നുണ്ടെന്നും അതില്‍ പാട്ടുപാടണമെന്നും ആവശ്യപ്പെട്ടു. ജോസഫ് ഞെട്ടി. വെറുതേ മൂളാമെന്നല്ലാതെ ശാസ്ത്രീയമായി പാടാനറിയില്ലെന്ന് പറഞ്ഞു. തിക്കുറിശ്ശി വിട്ടില്ല. ജോസഫിനെയും കൂട്ടി സംഗീതസംവിധായകന് ദക്ഷിണാമൂര്‍ത്തിയുടെ അടുത്തെത്തി. സ്വാമിയുടെ മുന്നില്‍ പാടി. കൊള്ളാമെന്ന് അദ്ദേഹവും പറഞ്ഞു. അങ്ങനെ 1952ല്‍ ജോസഫ്, പി.ലീലയോടൊപ്പം പാട്ടുപാടി. മദ്രാസിലെ രേവതി സ്റ്റുഡിയോയിലായിരുന്നു റിക്കോര്‍ഡിംഗ്. “താരമേ താണുവരൂ ദൂരവേ സഖീ പോകയോ….”. ആ ചിത്രത്തില്‍ ജോസഫിന്റെ അഞ്ചുപാട്ടുകളുണ്ടായിരുന്നു. പാട്ടുകാരന്റെ പേര് പറയേണ്ട ഘട്ടമെത്തിയപ്പോള്‍ തിക്കുറിശ്ശിയാണ് ജോസഫിനെ ജോസ്പ്രകാശാക്കിയത്.
‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിനു ശേഷം വിശപ്പിന്റെ വിളി, പ്രേമലേഖ, അല്‍ഫോണ്‍സ, വേലക്കാരന്, ദേവസുന്ദരി എന്നീ ചിത്രങ്ങളില്‍ ജോസ്പ്രകാശ് പാടി. ഈ ചിത്രങ്ങളിലെല്ലാം ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. അഭിനേതാവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് മെരിലാന്റിന്റെ ‘സ്നാപക യോഹന്നാ’നില് അഭിനയിച്ചപ്പോഴാണ്. സ്നാപക യോഹന്നാന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. ആ ചിത്രത്തിനു ശേഷം ജോസ്പ്രകാശ് മെരിലാന്റിലെ സ്ഥിരം അഭിനേതാവുമായി.
ജോസ്പ്രകാശിനെ സിനിമയില്‍ നായകനാക്കുന്നതും തിക്കുറിശ്ശിയാണ്. തിക്കുറിശ്ശിയുടെ ‘അച്ഛന്റെ ഭാര്യ’ എന്ന ചിത്രത്തിലെ നായകവേഷം ജോസ്പ്രകാശ് ചെയ്തു. ശശികുമാറിന്റെ ചിത്രത്തിലാണ് വില്ലന്‍ വേഷത്തിലാദ്യമെത്തിയത്. ‘ലൗ ഇന്‍ കേരളാ’ എന്ന ചിത്രത്തിലെ വില്ലനെ ഇന്നും ആരും മറക്കില്ല. തലമൊട്ടയടിച്ച് മുഖത്തും തലയിലും സില്‍വര്‍ പെയിന്റടിച്ച് സില്‍വര്‍ ഹെഡ് എന്ന കഥാപാത്രത്തെയാണ് ജോസ്പ്രകാശ് അവതരിപ്പിച്ചത്. മലയാള സിനിമയിലെ പ്രതിനായക സങ്കല്‍പ്പത്തിന്റെ പുതിയ മുഖമായിരുന്നു സില്‍വര്‍ ഹെഡ്. പിന്നീട് ജോസ്പ്രകാശിന്റെ കാലമായിരുന്നു. വൈദ്യുതി വിളക്കുകള്‍ കൊണ്ട് അലങ്കരിച്ച ഗുഹാമുറിയില്‍ തിളങ്ങുന്ന വേഷം ധരിച്ച് കടിച്ചു പിടിച്ച പൈപ്പില്‍ നിന്ന് പുകയും വലിച്ച് നില്ക്കുന്ന വില്ലന്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി. അഞ്ഞൂറോളം സിനിമകള്‍. ഏറ്റവും ഒടുവില്‍ 2010 ല്‍ അനുജന് പ്രേംപ്രകാശിന്റെ മക്കളായ ബോബിയും സഞ്ജയും തിരക്കഥയെഴുതിയ ട്രാഫിക്കില്‍ ഡോക്ടറുടെ വേഷമിട്ടു. ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ ചെയര്മാന് സൈമണ്‍ ഡിസൂസയുടെ വേഷമാണ് ട്രാഫിക്കില്‍ അവതരിപ്പിച്ചത്. ഒറ്റ സീനില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ജോസ്പ്രകാശിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
“നിങ്ങള്‍ ഒരു നോ പറഞ്ഞാല്‍ ഇന്ന് ഒന്നും സംഭവിക്കില്ല. എല്ലാ ദിവസത്തെയും പോലെ ഈ ദിവസവും കടന്നു പോകും. പക്ഷേ, നിങ്ങളുടെ ഒരു യേസ് ചരിത്രമാകും. ലോകം എന്നും ഓര്‍ക്കാന്‍ കഴിയുന്ന ചരിത്രം…” ജോസഫ് പ്രകാശിന്റെ ഈ ഡയലോഗായിരുന്നു ട്രാഫിക് എന്ന സിനിമയുടെ ഗതിമാറ്റം. ആരും മറക്കാത്ത വാക്കുകള്‍…..
സീരിയല്‍ രംഗത്തും നിര്‍മാതാവായും ജോസ്പ്രകാശ് തിളങ്ങി. പ്രകാശ് മൂവി ടോണ്‍ എന്ന ബാനറിലായിരുന്നു നിര്‍മാണം. കുറച്ചുനല്ല ചിത്രങ്ങള്‍ പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ നിര്‍മിക്കാനായി. 2003ല്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ സീരിയലിന്റെ റെക്കോര്‍ഡിങ്ങിനായി പോയപ്പോഴാണ് കാല്‍തെറ്റി വീണത്. തുടയെല്ല് പൊട്ടിയതോടെ ഒരു കാല് മുറിച്ചു മാറ്റി. കാലം വരുത്തിവച്ച കഷ്ടപ്പാടുകള്‍ നിരവധിയാണ്. കാഴ്ച്ച ഏതാണ്ട് പൂര്‍ണമായും നഷ്ടമായി. ഇയര്‍ഫോണിലൂടെ കേള്‍ക്കുന്ന റേഡിയോ സംഗീതമായിരുന്നു അവസാനകാലത്ത് ഏക കൂട്ട്.
മലയാളത്തിലെ ആദ്യ സിനിമാ നിര്‍മാതാവിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് രോഗക്കിടക്കയിലേക്ക് ജോസ്പ്രകാശിനെ തേടിയെത്തിയത്. വൈകിയെങ്കിലും ഈ പുരസ്കാരം ഇത്തവണ അര്‍ഹതപ്പെട്ടയാള്‍ക്കു തന്നെ നല്‍കിയെങ്കിലും അതു സ്വീകരിക്കാന്‍ ഇനി നമുക്കൊപ്പം ജോസ്പ്രകാശില്ല. ആ വേദന മനസ്സില്‍ നീറ്റലാകുന്നു……
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: