കേന്ദ്ര സര്‍ക്കാര്‍, എന്തിന് നമ്മുടെ സര്‍ക്കാര്‍ പോലും പത്മരാജന് എന്ന സംവിധായകനെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. മനോഹരമായ എത്ര സിനിമകള്‍. ആസ്വാദകരും നിരൂപകരും ഒന്നുപോലെ മികച്ചതെന്ന് അഭിപ്രായപ്പെട്ട സിനിമകള്‍. സ്ക്രീനിലെ വിസ്മയങ്ങളായിരുന്നു ഓരോ പത്മരാജന് സിനിമയും. എന്നാല്‍ സംവിധായകനെന്ന നിലയില്‍ ഒരിക്കല്‍ പോലും പത്മരാജന് അംഗീകരിക്കപ്പെട്ടില്ല. 1979ലും 86ലും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയഅംഗീകാരം യഥാക്രമം പത്മരാജന്റെ പെരുവഴിയമ്പലത്തിനും തിങ്കളാഴ്ച നല്ല ദിവസത്തിനുമായിരുന്നു. 79മുതല്‍ ഇങ്ങോട്ട് പത്മരാജന് സംസ്ഥാനതലത്തില്‍ ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അതൊക്കെ കഥയ്ക്കും തിരക്കഥയ്ക്കും സിനിമയ്ക്കുമുള്ള പുരസ്കാരമായിരുന്നു. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്വാന്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, കള്ളന് പവിത്രന്, നവംബറിന്റെ നഷ്ടം, കൂടെവിടെ, പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റുപോലെ, നൊമ്പരത്തിപ്പൂവ്, അപരന്, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം, സീസണ്, ഇന്നലെ, ഞാന്‍ ഗന്ധര്വന്… പത്മരാജന്റെ കയൊപ്പ് പതിഞ്ഞ പതിനെട്ടു സിനിമകള്‍. തിരശീലയിലെ കാവ്യങ്ങളായിരുന്നു ഓരോന്നും. ഈ സിനിമകളിലൊന്നില്പ്പോലും പത്മരാജനെന്ന സംവിധായകന്റെ മികവ് സംസ്ഥാന, ദേശീയ അവാര്‍ഡ് ജൂറികളുടെ കണ്ണില്‍പ്പെട്ടില്ല. ഓരോ കാലത്തിലും മികച്ച സംവിധായകനെന്ന പുരസ്കാരം അദ്ദേഹത്തില്‍നിന്നും തെന്നിമാറി. മനഃപ്പൂര്‍വമോ അല്ലാതെയോ. പത്മരാജനെന്ന സംവിധായകന്റെ മികവ് ജൂറികള്‍ അംഗീകരിച്ചില്ലെന്നു കരുതി അദ്ദേഹം മികച്ച സംവിധായകനല്ലാതായി മാറുമോ? ആ സിനിമകളോരൊന്നും പ്രേക്ഷകസമൂഹം നെഞ്ചില്‍ത്തൊട്ടാണ് സ്വീകരിച്ചത്. പത്മരാജന് എന്ന ഒറ്റപ്പേരുകാരന്‍ മതി അവാര്‍ഡുകളുടെ നീതിരാഹിത്യവും നെറികേടും എന്തെന്ന് തിരിച്ചറിയാന്‍. എത്രയെത്രെ കലാകാരന്മാര്, അര്‍ഹതപ്പെട്ട പുരസ്കാരങ്ങളുടെ മതിലിനിപ്പുറം നില്ക്കുമ്പോള് യോഗ്യതയില്ലാത്തവര്‍ മതില്‍കടന്ന് അവാര്‍ഡുകള്‍ കൊത്തിക്കൊണ്ടുപോകുന്നു.
2011ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവും വിവാദങ്ങളില്നിന്നൊഴിയുന്നില്ല. പതിവുപോലെ ഇത്തവണയും അവാര്‍ഡിനെച്ചൊല്ലി വിവാദങ്ങളുയര്‍ന്നു. പ്രതീക്ഷിക്കുന്നത് ലഭിക്കാതെവരുമ്പോള്‍ നിരാശയും പൊട്ടിത്തെറിയും പ്രതികരണങ്ങളും ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ അങ്ങനെ മാത്രം കണ്ടാല്‍ മതിയോ ഈ അവാര്‍ഡിനെ. കേരളത്തിലെ ഒട്ടുമിക്ക ചാനലുകളും ചില മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും വര്‍ഷാവര്‍ഷം കൊട്ടിഘോഷിച്ച് അവാര്‍ഡുകള്‍ നല്‍കാറുണ്ട്. താരങ്ങളുടെ മൂല്യം അനുസരിച്ച് അവാര്ഡ്നൈറ്റുകളിലൂടെ പരസ്യവരുമാനം ഉള്‍പ്പടെ വര്‍ധിപ്പിക്കാനുള്ള വേഷംകെട്ട് മാത്രമാണ് ഇത്തരം അവാര്‍ഡ്നൈറ്റുകള്‍ കൊണ്ടു ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ആ അവാര്‍ഡുകള്‍ വിവാദങ്ങളാകുന്നില്ല, വാര്‍ത്തകളാകുന്നില്ല. എന്നാല്‍ അതുപോലെയല്ല സംസ്ഥാന സിനിമാ അവാര്‍ഡ്. സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം അവാര്‍ഡ്. അതിനൊരു അംഗീകാരമുണ്ട്. കുറഞ്ഞ തുകയാണെങ്കിലും അതിനൊരു പെരുമയുണ്ട്. എന്നാല്‍ ഈ അവാര്‍ഡ് അര്‍ഹതയ്ക്കുള്ള അംഗീകാരമോ, അതോ വീതം വയ്പ്പോ? കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ചോദ്യം അന്തരീക്ഷത്തിലുയരുന്നുണ്ട്. എന്നാല്‍ അതെല്ലാം ഒന്നോ രണ്ടോ ദിവസത്തെ വിഴുപ്പലക്കലുകള്ക്കുശേഷം ഒന്നുംസംഭവിക്കാതെ അവസാനിക്കുകയാണ് പതിവ്. ഇത്തവണയും അങ്ങനെതന്നെ സംഭവിച്ചേക്കാം.
രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് ഇത്തവണത്തെ മികച്ച ചിത്രം. പ്രണയം എന്ന ചിത്രത്തിലൂടെ ബ്ലെസി മികച്ച സംവിധായകനായി. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിന് ദിലീപ് മികച്ച നടനും, സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ അഭിനയത്തിന് ശ്വേത മേനോന് മികച്ച നടിയുമായി. ദിലീപിന് ഇതാദ്യമായാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ശ്വേതയ്ക്ക് രണ്ടാംതവണയും. ഏറെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. മികച്ച ചിത്രം, നടന്, നടി തുടങ്ങിയ പ്രധാന അവാര്‍ഡുകളിലെല്ലാം തര്‍ക്കമുണ്ടായി. ജൂറി അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ ജൂറി അധ്യക്ഷന്‍ ഭാഗ്യരാജിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് പുരസ്കാരനിര്‍ണയത്തില്‍ സമവായമുണ്ടായത്. അവാര്‍ഡ് നിര്‍ണയത്തില്‍ ആരോഗ്യകരമായ കടുത്ത ചര്‍ച്ചകളുണ്ടായെന്ന് അധ്യക്ഷന്‍ കെ.ഭാഗ്യരാജ് വാര്‍ത്താസമ്മേളനത്തില്‍ സമ്മതിക്കുകയും ചെയ്തു. സിനിമയുടെ കലാപരമായ മികവിനൊപ്പം കൊമേഴ്സ്യല്‍ ആസ്പെക്റ്റ്സ് കൂടി പരിഗണിച്ചുകൊണ്ടുള്ള അവാര്‍ഡ് നിര്‍ണയമായിരുന്നു ഇത്തവണത്തേത്. കൊമേഴ്സ്യല്‍, ഓഫ്ബീറ്റ്, നവതരംഗ സിനിമകള്‍ക്കു നിര്‍ണയത്തില്‍ കാര്യമായ പരിഗണന കിട്ടി.
അവാര്‍ഡില്‍ എന്തൊക്കെയോ ചില ഉള്ളുകളികളുണ്ടായിട്ടുണ്ടെന്ന് വ്യക്തം. ചില താരങ്ങളുടെ പ്രതികരണങ്ങള്‍ തന്നെ പരിശോധിച്ചാല്‍ അവാര്‍ഡിന്റെ നീതിരാഹിത്യം വ്യക്തമാകും. മികച്ച നടനുള്ള പുരസ്കാരം അറിഞ്ഞപ്പോള്‍ ദിലീപിന്റെ പ്രതികരണം കേട്ടാല്‍ ഒരുകാര്യം വ്യക്തമാകും. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയത്തിന് അവാര്‍ഡ് ലഭിക്കുമെന്ന് തന്റെ സ്വപ്നത്തിന്റെ അങ്ങേയറ്റത്തുപോലും ദിലീപ് കരുതിക്കാണില്ല. പ്രതീക്ഷിക്കാതിരുന്നതുകൊണ്ടു അവാര്‍ഡ് ലഭിച്ചതിനെ വിമര്‍ശിക്കേണ്ടതില്ല. എന്നാല്‍ ഉയര്‍ത്തപ്പെടുന്ന മറ്റൊരു ചോദ്യമുണ്ട്. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ ദിലീപിന്റെ പ്രകടനം മോഹന്‍ലാല്‍, നെടുമുടി വേണു, തിലകന്, ജയസൂര്യ എന്നിവരെ മറികടക്കുന്നതായിരുന്നോ? ഉത്തരം പറയേണ്ടത് ജൂറി തന്നെ. ദിലീപ് മികച്ച നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ചില വേഷങ്ങള്‍ ദിലീപിനല്ലാതെ മറ്റാര്‍ക്കും നന്നായി അഭിനയിക്കാനുമാവില്ല. ഏഴരക്കൂട്ടം, കുഞ്ഞിക്കൂനന്, ചാന്തുപൊട്ട്… തുടങ്ങി ഉദാഹരണങ്ങള്‍ നിരവധി. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയതുകൊണ്ട്, ആ പേരില്‍ മാറ്റിനിര്ത്തപ്പെടേണ്ടയാളുമല്ല ദിലീപ്. അത്തരമൊരു വ്യക്തിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുമ്പോള്‍ എതിരഭിപ്രായം ഒരിക്കലും ഉണ്ടാകരുതാത്തതാണ്. എന്നാലിവിടെ അതുണ്ടായി. ഒരു ജൂറി അംഗം തന്നെ പുരസ്കാരത്തിന് അര്‍ഹന്‍ മോഹന്‍ലാലാണെന്ന് അഭിപ്രായപ്പെട്ടു. ജൂറി ചെയര്‍മാന്റെ നിര്ബന്ധമാണത്രെ ദീലീപിന് അവാര്‍ഡ് നേടിക്കൊടുത്തത്. രണ്ടു കാലഘട്ടങ്ങളിലെ പ്രായഭേദത്തിനനുസരിച്ച് ചലനങ്ങളിലും പ്രകടനത്തിലും സ്വാഭാവിക മിഴിവ് നല്കി അവതരിപ്പിക്കാന്‍ ദിലീപിനായെന്നായിരുന്നു അവാര്‍ഡ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഒപ്പം സിനിമയ്ക്കുള്ളിലെ നടന് എന്ന വേഷത്തിന് വേറിട്ട സമീപനം സ്വീകരിക്കുകയും ചെയ്തുവെന്നും ജൂറി അഭിപ്രായപ്പെട്ടു. ഒപ്പം ‘ഓര്മ മാത്രം’ എന്ന സിനിമയിലെ ദിലീപിന്റെ അഭിനയവും ജൂറിയെ സ്വാധീനിച്ചു. വീല്‍ചെയറില്‍ ഇരിക്കുന്ന പ്രണയത്തിലെ മോഹന്‍ലാലിന്റെ മാത്യുസ് എന്ന കഥാപാത്രത്തിന് പെര്‍ഫോമന്‍സിന്റെ സാധ്യതകള്‍ കുറഞ്ഞുപോയെന്നാണ് ഒരു ജൂറി അംഗം അഭിപ്രായപ്പെട്ടത്. മോഹന്ലാലിനേക്കാള് അഭിനയസാധ്യത അനുപം ഖേറിന്റെ കഥാപാത്രത്തിനായിരുന്നുവത്രെ. പ്രായക്കുറവിന്റെ പേരിലായിരുന്നു അകം, ചാപ്പാക്കുരിശ് എന്നീ ചിത്രങ്ങളിലെ അഭിനയമികവിലൂടെ ഫഹദിന് ഒന്നാം സ്ഥാനം നഷ്ടമായത്. അഭിനയത്തിന്റെ സൂക്ഷ്മതലങ്ങള്‍ എന്താണെന്നൊക്കെ അറിയുന്ന ആള്‍ക്കാര്‍തന്നെയാണ് ജൂറിയംഗങ്ങളെങ്കിലും എവിടെയോ ഒരു വീതംവയ്പ്പുപ്പോലെ അവാര്‍ഡുകള്‍ തീരുമാനിച്ചതായി തോന്നിപ്പോകുന്നുവെന്ന അഭിപ്രായം പറഞ്ഞത് പ്രണയത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ബ്ലസി. മികച്ച നടിക്കുള്ള പുരസ്കാരത്തിന് അവസാനം വരെ പറഞ്ഞുകേട്ടത് കാവ്യാമാധവന്റെ പേര്. അവാര്‍ഡ് തനിക്കായിരിക്കുമെന്ന കാര്യം വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും നേരത്തെ അറിഞ്ഞിരുന്നുവെന്നു കാവ്യ ഒരു ചാനല്‍ ചര്‍ച്ചയില്‍ തുറന്നുപറയുകയും ചെയ്തു. കാവ്യയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഉറങ്ങിക്കിടന്നയാളെ ഉണര്‍ത്തിയശേഷം ചോറില്ല, ഉറങ്ങിക്കോ എന്നു പറയുന്ന അവസ്ഥ. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കും വെള്ളരിപ്രാവിന്റെ ചങ്ങാതിയുമാണ് കാവ്യയുടേതായി ജൂറിയുടെ മുന്നിലുണ്ടായിരുന്നത്. കഥാപാത്രസൃഷ്ടിയിലെ അവ്യക്തതയും മേക്കപ്പിലെ പോരായ്മയും കാവ്യയുടെ അവാര്‍ഡ് മോഹത്തിന് തിരിച്ചടിയായി. അവാര്‍ഡ് ലഭിക്കേണ്ട എല്ലാ ഗുണങ്ങളും അതായത് സ്വന്തമായി ഡബ്ബ് ചെയ്തതുള്‍പ്പടെ തന്റെ കഥാപാത്രങ്ങള്ക്കുണ്ടായിട്ടും പരിഗണിക്കാതിരുന്നതിലാണ് കാവ്യയ്ക്ക് സങ്കടം. അതെന്തായാലും മികച്ച നടിയായി തെരഞ്ഞെടുത്തത് ശ്വേതാമോനോനെ. സോള്‍ട്ട് എന്‍ പെപ്പറിലെ അഭിനയത്തിന് ആ പുരസ്കാരം ഒട്ടും നീതികേടല്ലെന്ന് പറയേണ്ടിവരും. അത്രത്തോളം സ്വാഭാവികമായിട്ടായിരുന്നു ശ്വേത സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ മായയെന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റിന് മിതത്വത്തോടെയും മികവോടെയും ആവിഷ്കരിച്ചത്. പ്രണയം ഉള്‍പ്പടെ വ്യത്യസ്തമായ വികാരങ്ങളെ മനോഹരമായി പ്രകടിപ്പിക്കാന്‍ ശ്വേതയ്ക്കായി. ഈ ചിത്രത്തിനാണ് അവാര്‍ഡ് നല്‍കിയതെങ്കിലും രതിനിര്‍വേദത്തിലെ രതിചേച്ചി എന്ന കഥാപാത്രവും ശ്വേതയുടെ പുരസ്കാരലഭ്യതയില് സ്വാധീനിച്ചു. പ്രധാനപ്പെട്ട പുരസ്കാരങ്ങളിലെല്ലാം തര്‍ക്കമുണ്ടായെന്ന് ജൂറി ചെയര്മാന് കെ.ഭാഗ്യരാജ് തുറന്നുപറഞ്ഞു. ഓരോ പുരസ്കാരത്തെയും തലനാരിഴകീറി പരിശോധിച്ചാല്‍ വട്ടായിപ്പോകുമെന്നുള്ളതുകൊണ്ടുതന്നെ അത്തരമൊരു പരിശോധനാരീതിക്ക് തുനിയുന്നില്ല.
ഇത്തവണ ലഭിച്ച അവാര്‍ഡുകളെല്ലാം അര്‍ഹതപ്പെട്ടവരുടെ കയ്യിലേക്കാണോ എത്തിയത്?. കൊമേഴ്സ്യല്‍, ന്യൂജനറേഷന്, ഓഫ് ബീറ്റ് ഗണത്തില്‍പ്പെട്ട സിനിമകളെയെല്ലാം പരിഗണിച്ചെങ്കിലും അവാര്‍ഡില്‍ എന്തൊക്കെയോ തിരിമറികളുണ്ടായില്ലേ? കീഴാളന്റെ ജീവിതം ചര്‍ച്ച ചെയ്ത മാധവ് രാംദാസിന്റെ മേല്‍വിലാസം എന്തുകൊണ്ട് പൂര്‍ണമായും തഴയപ്പെട്ടു? പ്രേക്ഷകപ്രീതിക്കൊപ്പം നിരൂപകപ്രശംസയും നേടിയെടുത്ത വി.കെ. പ്രകാശിന്റെ ബ്യൂട്ടിഫുള്‍ നല്ല സിനിമയല്ലേ? മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യന്‍ റുപ്പിക്ക് എന്തുകൊണ്ടു മറ്റു പ്രധാന അവാര്‍ഡുകളൊന്നും നേടാനായില്ല? മികച്ച ചിത്രത്തിന്റെ സംവിധായകനല്ലേ മികച്ച സംവിധായകന്? മികച്ച സംവിധായകനായ ബ്ലെസിയുടെ പ്രണയത്തിന് എന്തുകൊണ്ട് മറ്റ് പ്രധാന അവാര്‍ഡുകളൊന്നും ലഭിച്ചില്ല? ഹാസ്യനടനുള്ള പുരസ്കാരം ജഗതിക്ക്, അതുതന്നെയല്ലേ ഈ അവാര്‍ഡിലെ ഏറ്റവും വലിയ മണ്ടത്തരം, മികച്ച നടന്, സഹനടന്‍ അതല്ലെങ്കില്‍ രണ്ടാമത്തെ നടന് എന്ന കാറ്റഗറിയല്ലാതെ നടന്റെ അഭിനയം അളക്കാന്‍ മറ്റൊരു കാറ്റഗറി വേണോ? നവരസങ്ങളിലെ ഒരു രസം മാത്രമാണ് ഹാസ്യം. സിനിമയില്‍ ഹാസ്യം മാത്രമല്ല, സംഘട്ടനമുണ്ട്, കണ്ണീരുണ്ട്, അങ്ങനെ പലവികാരങ്ങളുണ്ട്. ഈ വികാരങ്ങള്‍ക്കെല്ലാം അവാര്‍ഡ് കൊടുക്കേണ്ടിവരില്ലേ, മികച്ച ക്രൗര്യനടന്, ബീഭത്സനടന്, ശൃംഗാരനടന്, ഭയാനകനടന്, ശോകനടന്, വിസ്മയനടന്‍, അത്ഭുതനടന് എന്നൊക്കെപ്പേരില്‍ അവാര്‍ഡ് കൊടുക്കേണ്ടിവരില്ലേ. ഏറ്റവും ലളിതമായ മറ്റൊരു ചോദ്യം കൂടി. ഹാസ്യനടനുണ്ടെങ്കില് പിന്നെന്തുകൊണ്ട് ഹാസ്യനടിയായിക്കൂടാ…. ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ജൂറി ഉത്തരം പറയേണ്ടിവരും.
മികച്ച ചിത്രവും സംവിധായകനും രണ്ടാകുന്നതിലെ അസ്വാഭാവികത മുമ്പും ഉണ്ടായിട്ടുണ്ട്. രഞ്ജിത്തിന്റെ കാര്യമെടുത്താല്‍, 2009ല്‍ പാലേരിമാണിക്യമായിരുന്നു മികച്ച ചിത്രം. എന്നാല്‍ അന്നും സംവിധായകപുരസ്കാരം രഞ്ജിത്തില്‍ നിന്നും വിട്ടുനിന്നു. കയൊപ്പ്, തിരക്കഥ, പ്രാഞ്ചിയേട്ടന് തുടങ്ങിയ സിനിമകളും രഞ്ജിത്തിന് മികച്ച സംവിധായകന്റെ അവാര്‍ഡ് നേടിക്കൊടുത്തില്ല. എന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ കാര്യത്തില്‍ വിധേയന്, ഒരുപെണ്ണും രണ്ടാണും, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം എന്നിവ മികച്ച ചിത്രങ്ങളായപ്പോള്‍ എലിപ്പത്തായം ഒഴിച്ചുള്ളവയ്ക്കെല്ലാം അടൂര്‍ മികച്ച സംവിധായകനുമായി. അതുപോലെ അരവിന്ദന്റെ ഉത്തരായനം,എസ്തപ്പാന്, ചിംദബരം, ഒരിടത്ത്, വാസ്തുഹാര എന്നിവ മികച്ച ചിത്രങ്ങളായ സമയത്ത് അദ്ദേഹം തന്നെയായിരുന്നു മികച്ച സംവിധായകനും. എന്നാല്‍ കെ.ആര്. മോഹനന്, എം.പി.സുകുമാരന്‍ നായര്‍, കെ.ജി.ജോര്‍ജ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഒന്നിലധികം തവണ മികച്ച ചിത്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അവരൊന്നും ആ ഘട്ടങ്ങളില്‍ മികച്ച സംവിധായകരായില്ല. അതുകൊണ്ടൊന്നും അവരൊന്നും മികച്ച സംവിധായകരാകുന്നില്ലേ. ഇതിനെല്ലാം ഒരുത്തരം മാത്രം. സിനിമപോലെ നാടകം പോലെ വേറൊരു കലാപരിപാടിയായി മാത്രം കണ്ടാല്‍ മതി വര്‍ഷാവര്‍ഷമുള്ള ഈ അവാര്‍ഡ് പ്രഖ്യാപനത്തെയും.
ഇതിനിടെ 2011ലെ പുരസ്കാരങ്ങള്‍ കോടതി കയറുകയുമാണ്. തന്റെ ഡോക്യുമെന്ററി പുരസ്കാരത്തിന് നല്‍കിയെങ്കിലും അതു പരിഗണിച്ചില്ലെന്നു കാട്ടി നടന് സലീംകുമാറാണ് കോടതിയെ സമീപിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ബ്ലസിയുടെ ചിത്രം പ്രണയം ഒരു ആസ്ത്രേലിയന്‍ സിനിമയുടെ ‘കോപ്പി’യാണെന്നും സലീംകുമാര്‍ ആരോപിക്കുന്നുണ്ട്.
സംസ്ഥാന അവാര്‍ഡ് എന്നതു ഒരു സ്ഥിരംപരിപാടിയെന്നു കണ്ടാല്‍ ഇതിന്റെയൊന്നും ആവശ്യമില്ല. വെറും ഏഴുപേര്‍ അടങ്ങുന്ന ഒരു ജൂറിയുടെ തീരുമാനമാണിത്. മറ്റൊരു ഏഴുപേരായിരുന്നെങ്കില്‍ ഈ അവാര്‍ഡുകളില്‍ മാറ്റം വരാം. ഒരു വര്‍ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ജൂറി കാണുക അത്ര പ്രായോഗികമല്ല. ചലച്ചിത്ര അക്കാഡമിയില്‍ സമര്‍പ്പിക്കുന്ന ചിത്രങ്ങളാണ് ജൂറി കാണുന്നത്. അതുകൊണ്ടുതന്നെ ഈ അവാര്‍ഡുകള്‍ക്ക് 2011ലെ കേരളത്തിലെ ഏറ്റവും മികച്ചത് എന്ന പട്ടം ചാര്‍ത്തിക്കൊടുക്കണോ എന്ന സംശയവും ഉയരുന്നുണ്ട്. അവാര്‍ഡിന്റെ ഒരംഗീകാരവുമില്ലാതെ പ്രേക്ഷകമനസില്‍ തലപ്പൊക്കത്തില്‍ നില്ക്കുന്ന എത്രപേരുണ്ട്. പത്മരാജന് ലഭിക്കാത്ത സംവിധായകപ്പട്ടം മറ്റാര്‍ക്ക് ലഭിച്ചിട്ടെന്ത് കാര്യം.
റെയ്സല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: