മലയാള സിനിമാചരിത്രത്തില്‍ സിനിമയുടെ വളര്‍ച്ചയ്ക്കൊപ്പം സഞ്ചരിച്ചവര്‍ അപൂര്‍വമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ സിനിമയുടെ വര്‍ണലോകത്ത് മിന്നിമറഞ്ഞവരാണ് ബഹുഭൂരിപക്ഷം. അവരില്‍നിന്നും വ്യത്യസ്തമായി സിനിമയോടൊപ്പം സഞ്ചരിച്ചവരെ കാലം പ്രതിഭകളായി മുദ്രകുത്തി. അഭിനയരംഗത്തും സംവിധാനരംഗത്തും ഗാനാലാപന രംഗത്തും ഇത്തരം പ്രതിഭകളേറെയുണ്ട്. എന്നാല്‍ സിനിമയെ നിലനിര്‍ത്തുന്ന നിര്‍മാണരംഗത്ത് പിടിച്ചുനിന്ന പ്രതിഭകള്‍ വിരളമാണ്. 33 വര്‍ഷങ്ങള്‍, പ്രേക്ഷക മനസില്‍ പതിഞ്ഞ 31 ചിത്രങ്ങള്‍. സിനിമാ നിര്‍മാതാക്കളുടെ ഇടയില്‍ ജി.സുരേഷ്കുമാര്‍ ഒരു വിസ്മയമാണ്. വാണിജ്യസിനിമയുടെ മത്സരക്കമ്പോളത്തിനിടയില്‍ പലതവണ കാലിടറിയെങ്കിലും സിനിമയെന്ന വികാരം സുരേഷ്കുമാറിനെ മുന്നോട്ടുനയിച്ചു. ഒരു നിര്‍മാതാവിന് സിനിമയെന്നത് പണമുണ്ടാക്കാനുള്ള വഴി മാത്രമല്ലെന്ന കാഴ്ചപ്പാട് തന്നെയാണ് സുരേഷ്കുമാറിനെ ഇന്നും മലയാളസിനിമാ ഇന്‍ഡസ്ട്രിയില്‍ നിലനിര്‍ത്തുന്നത്. മഹാസമുദ്രം എന്ന ചിത്രത്തിന്റെ പരാജയത്തില്‍ നിന്നും പച്ചമരത്തണലില്‍, നീലത്താമര, രതിനിര്‍വ്വേദം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍. റീമേക്കുകളും പുതുമുഖങ്ങളുമായി സുരേഷ്കുമാര്‍ നടത്തിയ മറ്റൊരു പരീക്ഷണമായ ചട്ടക്കാരിയും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. സുരേഷ്കുമാറുമായി,
ചട്ടക്കാരിയുടെ പ്രതികരണങ്ങള്‍
ചട്ടക്കാരിയുടെ പാട്ടുകള്‍ ഹിറ്റാണ്. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ചില പടങ്ങള്‍ ഹിറ്റാകും. ചിലത് മോശമാവും. സ്വാഭാവികമാണത്.
സിനിമയ്ക്കു നേരിടേണ്ടി വന്ന നിരോധനം ബാധിച്ചോ
ജൂണ്‍ 8നാണ് ചട്ടക്കാരിയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. സാംസ്കാരിക പ്രവര്‍ത്തന ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എന്ന നിലയില്‍ ചലച്ചിത്ര ടിവി സാംസ്കാരിക പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി തീയേറ്ററുകളില്‍നിന്ന് ടിക്കറ്റൊന്നിന് മൂന്നുരൂപ നിരക്കില്‍ പിരിക്കാന്‍ തിരുമാനിച്ചിരുന്നു. കലാകാരന്മാരെ എല്ലാവര്ക്കും ഇഷ്ടമാണ്. കഷ്ടപ്പെടുന്ന കലാകാരന്മാരെ സഹായിക്കുന്നതിന് ഒരു പ്രേക്ഷകനും എതിര്‍പ്പുണ്ടാവില്ല. ഒരു സമൂഹത്തിന്റെ നന്മയ്ക്കായാണ് ഇത്തരമൊരു തീരുമാനം വന്നത്. കാരുണ്യ ലോട്ടറിയെടുക്കുന്നതുപോലൊരു കാര്യമാണിത്. ഇതിന്റെ പേര് പറഞ്ഞാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് എന്റെ സിനിമയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച കാര്യമായിരുന്നു ക്ഷേമനിധി. അന്ന് ഞാന്‍ ബോര്‍ഡില്‍ മെമ്പറായിരുന്നു. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ചുമതലയിലേക്ക് വന്നു. ഞാന്‍ മാറിയാല്‍ വേറൊരാള് വരും. വേറെയൊരാള്‍ വന്നാലും ഇതു നടപ്പാക്കും. നിരോധനം വേണമെന്നുണ്ടായിരുന്നെങ്കില് അവര്‍ എനിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെ നടത്തണമായിരുന്നു. എന്നോട് വ്യക്തിപരമായ എതിര്‍പ്പ് എന്തിനെന്നറിയില്ല. എന്തായാലും എന്റെ സിനിമയെ ഒതുക്കണമെന്ന കാര്യത്തില്‍ അവര്‍ വിജയിച്ചു. റിലീസ് ചെയ്യാന്‍ മൂന്ന്മാസം താമസിച്ചു. ഓണത്തിനുപോലും തീയേറ്റര്‍ കിട്ടിയില്ല. പ്രചരണത്തിന്റെ ചൂട് മാറിയശേഷം സിനിമ റിലീസ് ചെയ്യപ്പെട്ടതുകൊണ്ടാവും ചട്ടക്കാരി വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയുമൊക്കെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടല്ലോ
ഏതെങ്കിലും അച്ചടക്കനടപടിയുടെ പുറത്താണ് അതൊക്കെ ചെയ്തിട്ടുള്ളത്. ഒരു സംഘടനയുടെ അച്ചടക്കത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ടാവാം. ഇതും ചട്ടക്കാരിയെ നിരോധിച്ചതുമായി താരതമ്യം ചെയ്യാനാവില്ല.
33 വര്‍ഷങ്ങള്‍, 31 സിനിമകള്‍. തുടക്കം
79ല്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ് ഞാനും മോഹന്‍ലാലും അശോക് കുമാറും ചേര്‍ന്ന് തിരനോട്ടം ഒരുക്കുന്നത്. അതിനുശേഷം കരയില്‍തൊടാതെ അലൈകള്‍ എന്ന തമിഴ് പടം ചെയ്യാന്‍ തീരുമാനിച്ചു. അക്കാലത്താണ് മോഹന്‍ലാല്‍ നവോദയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പ്രിയനായിരുന്നു കരയില്‍ തൊടാതെ അലൈകളുടെ തിരക്കഥ. രവീന്ദ്രന് സംഗീതവും. പക്ഷേ സിനിമ പകുതി വഴിയില്‍ നിന്നുപോയി. 81 ആയപ്പോഴേക്കും മോഹന്‍ലാല്‍ ഒരു നടനായി അറിയപ്പെട്ടുതുടങ്ങിയിരുന്നു. 81 ല്‍ നസീറിനെ വച്ച് തേനും വയമ്പും എന്ന ചിത്രമെടുത്തു. അന്ന് കൃഷ്ണസ്വാമി റെഡ്യാരുടെ അനിയന് തിരുവെങ്കിടം റെഡ്യാരായിരുന്നു ഞങ്ങളുടെ ഗോഡ്ഫാദര്. പ്രിയന്റെ തിരക്കഥയില്‍ അശോക് കുമാര്‍ സംവിധാനം നിര്‍വഹിച്ച കൂലി എന്ന ചിത്രം പുറത്തിറങ്ങിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 83 ല്‍ മോഹന്‍ലാല്‍, ശങ്കര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയെടുത്ത പൂച്ചക്കൊരു മൂക്കുത്തിയാണ് എല്ലാവര്ക്കും ബ്രേക്ക് തന്ന ചിത്രം.
നിര്‍മാണരംഗത്ത് ഇത്രയുംകാലം പിടിച്ചുനില്‍ക്കാനായത്.
സിനിമാ നിര്‍മാണം കാശുണ്ടാക്കാന്‍ മാത്രമായിരുന്നില്ല. സിനിമ എന്നും ഒരു വികാരമായിരുന്നു. പലപ്രാവശ്യം ഒരു പരുവമായിട്ടുണ്ട്. ദൈവാധീനവും ഗുരുത്വവുമൊക്കെയാവാം ഇന്നും നിലനില്‍ക്കാനാവുന്നത്. ടി.ഇ.വാസുദേവന്‍, കെ.പി.കൊട്ടാരക്കര, അരോമ മണി തുടങ്ങിയ പ്രഗത്ഭരുടെ പിന്നിലായി എത്താന്‍ പറ്റുക എന്നത് വലിയ നേട്ടം തന്നെയാണ്. നസീറിന്റെയൊക്കെ കാലഘട്ടത്തില്‍ ആര്‍ട്ടിസ്റ്റുകളും നിര്‍മാതാക്കളും സംവിധായകരും തമ്മില്‍ സുദൃഢമായ ഒരു ബന്ധമുണ്ടായിരുന്നു. നസീറിന്റെ ചുറ്റും ഒത്തിരി നിര്‍മാതാക്കളുണ്ടായിരുന്നു. ഏതു ആള്‍ക്കാര്‍ക്കും കടന്നുചെല്ലാനാവുമായിരുന്നു. ഒരു നിര്‍മാതാവിന്റെ സിനിമ പരാജയപ്പെട്ടാല്‍ നസീറിനെപ്പോലുള്ള കലാകാരന്മാര് ആ നിര്‍മാതാവിന് ഉടന്‍ വീണ്ടുമൊരു ഡേറ്റ് കൊടുത്ത് സഹായിക്കുമായിരുന്നു.
ഇതിനെ മറ്റ് നിര്‍മാതാക്കളും പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ന് ഇന്‍ഡസ്ട്രിയില്‍ ഓരോ നടനുചുറ്റും അവരുടേതായ ചില നിര്‍മാതാക്കളും സംവിധായകരുമാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പൃഥിരാജിനും ഒക്കെ അവരുടേതായ നിര്‍മാണകമ്പനികളുണ്ട്. അവരുടേതായ സംഘങ്ങളുണ്ട്. വെളിയില്‍ നില്ക്കുന്ന എല്ലാ നിര്‍മാതാക്കള്‍ക്കും ഇവരുടെ അടുത്തെത്താനാവില്ല. ഒരു നിര്‍മാതാവ് എന്ന നിലയില്‍ എനിക്കു പറ്റുന്നവരുമായേ സിനിമ ചെയ്യൂ എന്ന തീരുമാനമാണുള്ളത്. ഞാന്‍ നിര്‍മിക്കുന്ന സിനിമ പരാജയപ്പെട്ടാല്‍ അതിന് ഉത്തരവാദി ഞാന്‍ തന്നെയാണ്. ഒരു അഭിനേതാവ് നിര്‍ദ്ദേശിക്കുന്ന പരിചയമില്ലാത്ത ആള്‍ക്കാരുമായി സിനിമയെടുത്താല്‍ എണ്‍പത് ശതമാനവും അത് നന്നാവില്ല.
മഹാസമുദ്രത്തിനുശേഷം സൂപ്പര്‍താരങ്ങളെ ഒഴിവാക്കുന്നു, എല്ലാതലത്തിലും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുന്നു.
സൂപ്പര്‍ താരങ്ങളെ ഒഴിവാക്കുന്നതല്ല. സൂപ്പര്‍താരങ്ങളെ വച്ച് സിനിമ ചെയ്യില്ല എന്ന് പറഞ്ഞിട്ടുമില്ല. എട്ടും പത്തും കോടി മുടക്കി ചിത്രമെടുക്കാന്‍ ഞാനില്ല. കുറഞ്ഞചെലവില്‍ നല്ല ചിത്രങ്ങള്‍ ഒരുക്കുകയാണ് ആഗ്രഹം. എന്റെ ബജറ്റിലൊതുങ്ങുകയാണെങ്കില്‍, എനിക്ക് താങ്ങാവുന്ന പ്രതിഫലമാണെങ്കില്‍ ഇനിയും സൂപ്പര്‍താരങ്ങള്‍ എന്റെ ചിത്രങ്ങളിലുണ്ടാവും. പുതുമുഖങ്ങളെ കൊണ്ടുവരുന്നത് പുതിയ ആള്‍ക്കാര്‍ക്ക് സിനിമയില്‍ കടന്നുവരാന്‍ വഴിയൊരുക്കണമെന്ന ഉദ്ദേശത്തോടെതന്നെയാണ്. പുതുമുഖങ്ങള്‍ വരട്ടെ. അവരെ കഴിവതും സപ്പോര്‍ട്ട് ചെയ്യേണ്ടതുതന്നെയല്ലേ.
റീമേക്കുകളുടെ പുറകെ
റീമേക്ക് പുതിയ പ്രതിഭാസമല്ല. ലോക സിനിമയില്‍ എല്ലായിടത്തും നടക്കുന്നതാണിത്. ബില്ലയും ഡോണുമെല്ലാം റീമേക്കുകളല്ലേ. പച്ചമരത്തണലില്‍വരെ പുതിയ കഥകള്‍ തന്നെയായിരുന്നു. നീലത്താമരയിലും രതിനിര്‍വേദത്തിലും ചട്ടക്കാരിയിലും പ്രവര്‍ത്തിച്ചവരേറെയും പുതുമുഖങ്ങളായിരുന്നു. കുറഞ്ഞ ചെലവില്‍ പുതുമുഖങ്ങളെ വച്ച് പടം ചെയ്യുമ്പോള്‍ ശക്തമായ പ്രമേയം വേണം. അതുകൊണ്ടാണ് സമൂഹത്തില്‍ നടന്ന സംഭവങ്ങളെ ആധാരമാക്കിയുള്ള പ്രമേയങ്ങള്‍ തിരഞ്ഞെടുത്തത്. കച്ചവട ഉദ്ദേശ്യം തന്നെയാണിത്. റീമേക്കുകളുടെ പുറകെ കൂടാനൊന്നും പോകുന്നില്ല. ടി.കെ.രാജീവ്കുമാറുമൊത്തുള്ള അടുത്ത ചിത്രത്തില്‍ പുതിയ കഥയാണ്.
അഭിനേതാക്കള്‍ സിനിമയെ നിയന്ത്രിക്കുമ്പോള്‍ നിര്‍മാതാവിന്റെ സ്ഥാനം.
പണ്ട് നിര്‍മാതാക്കളാണ് സിനിമയെ നിയന്ത്രിച്ചിരുന്നത്. മലയാളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടുക്കും ഇന്ന് അഭിനേതാവിന്റെ കയ്യിലാണ് സിനിമ. നിര്‍മാതാവിന് വേണമെങ്കില്‍ വന്നാല്‍ മതി. നിര്‍മാതാക്കള്‍ കുറഞ്ഞചെലവില്‍ ബജറ്റ് പറയുമ്പോള്‍ പല അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കും പുച്ഛമാണ്. കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിക്കുന്ന അവസ്ഥയാണ് പലര്‍ക്കും. ഇന്ന് പല സംവിധായകരും സിനിമാ നിര്‍മാണരംഗത്തേക്കുവരുന്നുണ്ട്. ലാല്‍ജോസും അമല്‍ നീരദും കമലുമൊക്കെ നിര്‍മാതാക്കളായി. സംവിധായകന് ക്യാമറക്കുപിന്നില്‍ നില്ക്കുമ്പോള് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ടിവരില്ലായിരുന്നു. നിര്‍മാതാക്കളുടെ പരിമിതികള്‍ സംവിധായകര്‍ക്ക് മനസിലാക്കാന്‍ പുതിയ ട്രെന്‍ഡ് സഹായിക്കും.
സൂപ്പര്‍താരങ്ങളുടെ പ്രതിഫലം പ്രതിസന്ധിയുണ്ടാക്കുന്നുണ്ടോ
മലയാള ഇന്‍ഡസ്ട്രിക്ക് താങ്ങാന്‍ പറ്റുന്ന പ്രതിഫലമല്ല പലരും വാങ്ങുന്നത്. കൊടുക്കാന്‍ തയ്യാറായവരുള്ളതുകൊണ്ട് അവര്‍ വാങ്ങിക്കുന്നു. അതിനവരെ കുറ്റം പറയാനാവില്ല. പുത്തന്‍പണക്കാരുടെ തള്ളിക്കയറ്റം ഈ മേഖലയിലുണ്ട്. പലര്‍ക്കും പല താല്‍പര്യങ്ങളുമുണ്ടാവാം. ചിലര്‍ ചതിക്കുഴിയില്‍പ്പെട്ടുവരുന്നു.
സിനിമകള്‍ പരാജയപ്പെടുമ്പോഴും പുതിയ സിനിമകളുടെ എണ്ണം വര്‍ദ്ധിക്കുന്നു.
സിനിമകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഭയങ്കരമായ നഷ്ടം സംഭവിക്കുന്നുണ്ട്. സിനിമ ഡിജിറ്റലിലേക്ക് മാറിയതോടെ പ്രിന്റുപോലും എടുക്കാതെ റിലീസ് ചെയ്യാനാവും. ഈ സാധ്യതകള്‍ സിനിമയിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സാറ്റലൈറ്റ് റേറ്റിലൂടെയും മറ്റും നഷ്ടം നികത്താമെന്നു കരുതി പലരും സിനിമയെടുക്കുന്നുണ്ട്. ചെലവ്കുറച്ച് സിനിമയെടുത്താല്‍ നഷ്ടം കുറയ്ക്കാനാവും. രണ്ടേകാല്‍ മണിക്കൂര്‍ വേണ്ട ബിഗ്ബജറ്റ് സിനിമ ഷൂട്ട് ചെയ്ത ശേഷം മൂന്നുമണിക്കൂറില്‍നിന്നും രണ്ടേകാലായി വെട്ടിക്കുറയ്ക്കുമ്പോള്‍ കോടികളാണ് നഷ്ടപ്പെടുന്നത്. ബിഗ്ബജറ്റ് സിനിമയെടുക്കുമ്പോള്‍ സിനിമ വിജയിച്ചാല്‍ ലാഭവും പരാജയപ്പെട്ടാല്‍ വന്‍ നഷ്ടവുമാകും. തമിഴ്നാട്ടിലും ഇതൊക്കെതന്നെയാണ് അവസ്ഥ. 30-40 കോടി മുടക്കുന്ന ചിത്രങ്ങളും പരാജയപ്പെടുന്നു. പക്ഷേ തമിഴ് സിനിമയ്ക്ക് ഒരു ആഗോള മാര്‍ക്കറ്റുണ്ട്. സൂര്യയുടെയും വിജയ്യുടെയും ചിത്രങ്ങള്‍ക്ക് മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഡിസ്ട്രിബ്യൂഷന്‍ റേറ്റ് കേരളത്തില്‍ കിട്ടുന്നുണ്ട്. മലയാളചിത്രങ്ങള്‍ ഓടിയാല്‍ മാത്രം മിഡില്‍ ഈസ്റ്റില്‍ വാങ്ങും.
ന്യൂജനറേഷന് സിനിമകള്‍
ധാരാളം പുതുതലമുറ സിനിമകള്‍ വരുന്നുണ്ട്. പക്ഷേ നമ്മുടേതായുള്ളവ കുറവാണ്. കൊറിയന്‍, ഇറ്റാലിയന്‍, ഫ്രഞ്ച് സിനിമകളിലെ പ്രമേയം അനുകരിച്ചാണ് പലരും സിനിമയെടുക്കുന്നത്. മലയാള മണ്ണിന്റെ മണമുള്ള സിനിമകള്‍ കുറവാണ്. സമൂഹത്തില്‍ നടക്കുന്ന വിഷയങ്ങള്‍ കഥകളായി വരണം. ഒരു ഡിജിറ്റല്‍ ക്യാമറയുമായി ചാടിക്കയറി സിനിമയെടുക്കാനിറങ്ങിയിട്ട് കാര്യമില്ല. സിനിമയെന്തെന്ന് പഠിച്ചിട്ട് ഈ രംഗത്തേക്കു വരണം.
സാംസ്കാരിക പ്രവര്‍ത്തന ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എന്ന നിലയില്‍
ക്ഷേമനിധി ബോര്‍ഡില്‍ 8000 ത്തില്പരം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് ഒരു ലക്ഷത്തോളം വരെയാകും. അവശ കലാകാരന്മാര്ക്ക് പെ ന്ഷന്, മക്കള്‍ക്ക് വിവാഹസഹായം, സ്കോളര്‍ഷിപ്പ്, ഹെ ല്‍ത്ത് പോളിസി ഇതൊക്കെ ലക്ഷ്യമിട്ടാണ് മൂന്നുരൂപ സി നിമാ ടിക്കറ്റില്‍നിന്നും ഈടാക്കാന്‍ തീരുമാനിച്ചത്. സ്ഥിരവരുമാനമില്ലാത്ത കലാകാരന്മാര് ക്ക് ഒരു സ്ഥിരവരുമാനമാര്‍ഗമുണ്ടാക്കുകയാണ് അടുത്തലക്ഷ്യം. കലാകാരന്മാര്ക്ക് ഒക്ടോബര്‍ മു തല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് കൂടുതലും പരിപാടികളുണ്ടാവുക. അല്ലാത്ത സമയം ഓ ഫ് സീസണായിരിക്കും. ഇക്കാലയളവില്‍ ടൂറിസം വകുപ്പുമായി ചേര്‍ന്ന് ഇവര്‍ക്ക് വേദികളൊരുക്കുക എന്നതാണ് ലക്ഷ്യം. കലാകാരന് ഒരു മിനി മം തൊഴിലുറപ്പുപദ്ധതിയെന്നു പറയാം.അന്യമായിക്കൊണ്ടിരുന്ന നാടന്‍ കലാരൂപങ്ങളെ കൂടുതല്‍ വേദിയിലെത്തിക്കാനും ഇതിലൂടെ കഴിയും.
മേനക വീണ്ടും അഭിനയരംഗത്തേക്ക്
87ലാണ് മേനകയുമായുള്ള വിവാഹം. കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നതിനാല്‍ അഭിനയം നിര്‍ത്തുകയായിരുന്നു. മൂത്തമകള്‍ രേവതി ഇപ്പോള്‍ അമേരിക്കയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ഗ്രാഫിക് ആനിമേഷന്‍ കോഴ്സിന് പഠിക്കുന്നു. ഇളയ മകള്‍ കീര്‍ത്തി ചൈന്നെയില്‍ ഫാഷന്‍ ഡിസൈനിംഗിന് പഠിക്കുന്നു. വീട്ടില്‍ നൃ ത്തവും ചിത്രരചനയുമൊക്കെയായി ഇ രിക്കുമ്പോഴാണ് മേനകയെത്തേടി ചില അവസരങ്ങള്‍ എത്തിയത്. ബോറടിച്ചിരിക്കേണ്ട എന്നുകരുതി വീണ്ടും അഭിനയരംഗത്തേ ക്കുവന്നു. സമയമുള്ളപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ചെയ്യും എന്നതേയുള്ളൂ.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: