തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടത് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫിലിപ്പീന്‍സ് ചിത്രം ‘സ്റ്റാ. നിന’യും ജൂറി ചെയര്‍മാനും വിഖ്യാത ആസ്ട്രേലിയന്‍ ചലച്ചിത്രകാരനുമായ പോള്‍ കോക്സിന്റെ ‘മാന്‍ ഓഫ് ഫ്ലവേഴ്സും’. ഇന്നലെ തീയറ്ററുകളിലെല്ലാം വലിയ തിരക്കണാനുഭവപ്പെട്ടത്. ‘സ്റ്റാ. നിന’യുടെ പ്രദര്‍ശനത്തില്‍ അല്പം ആശയക്കുഴപ്പമുണ്ടായെങ്കിലും സിനിമ പ്രേക്ഷകര്‍ക്കെല്ലാം വളരെയധികം ഇഷ്ടപ്പെട്ടു. മണ്ണിനടിയില്‍ നിന്നു കുഴിച്ചെടുത്ത പെണ്‍കുട്ടിയുടെ ശരീരത്തിന് ദിവ്യത്വം ഉണ്ടെന്ന് സ്ഥാപിക്കപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
മണ്ണ് നുള്ളിയിട്ടാല്‍ താഴെ വീഴാത്തത്ര ജനമായിരുന്നു വൈകീട്ട് ശ്രീയില്‍ പ്രദര്‍ശിപ്പിച്ച ജൂറിചെയര്‍മാന്‍ സംവിധാനം ചെയ്ത മാന്‍ ഓഫ് ഫ്ലവേഴ്സിന്. കാനിലും ചിക്കാഗോയിലും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രം അദ്ദേഹത്തിന്റെ തന്നെ ഇന്നസെന്‍സിനും മുമ്പ് 1983 ല്‍ പുറത്തിറങ്ങിയതാണ്. രതിയും ദുരന്തവും ഒത്തു ചേര്‍ന്ന വിചിത്രമായ കഥയാണ് മാന്‍ ഓഫ് പ്ലവേഴ്സില് പോള്‍കോക്സ് പറയുന്നത്. ചാള്‍സ് ബ്രമര്‍ എന്നയാള്‍ വിചിത്രമായ ചില സ്വഭാവത്തില്‍ ജീവിക്കുകയാണ്.
പെയിന്റുങ്ങുകളും പൂക്കളും പോസ്റ്റ് കാര്‍ഡുകളുമൊക്കെ ശേഖരിക്കുകയാണ് അദ്ദേഹം. മോഡലായ ലിസയെ എല്ലാദിവസങ്ങളിലും പണം നല്കി വീട്ടില്‍ വിളിച്ചു വരുത്തി പ്രണയഗാനത്തിനൊപ്പം നൃത്തം ചവിട്ടിക്കുന്നു. അവളോട് അയാള്‍ക്ക് പ്രണയമാകുകയും അത് സൂചിപ്പിച്ച് മരിച്ചുപോയ തന്റെ മാതാവിന് കത്തെഴുതുകയും ചെയ്യുന്നു.
മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മെക്സിക്കന്‍ ചലച്ചിത്രം ‘നോസ് വേമസ് പപ്പാ’യും നല്ല ദൃശ്യാനുഭവം സമ്മാനിച്ചെന്നാണ് പ്രേക്ഷകാഭിപ്രായം.
സിംസിക്കി സമന്റെ പ്രസന്റ് ടെന്‍സ്, ഋതുപര്‍ണ്ണഘോഷിന്റെ ഏറ്റവും പുതിയ ബംഗാളി ചിത്രം ചിത്രാംഗദ, മേളയുടെ മുഖ്യ ആകര്‍ഷണ വിഭാഗമായേക്കാവുന്ന അഡോളസണ്‍സിലെ വിഭാഗത്തില്‍ ദി ഫ്രഞ്ച് കിസ്സേഴ്സ് തുടങ്ങിയവയും ഇന്നലത്തെ കാഴ്ചയിലെ അനുഭവങ്ങളായിരുന്നു.
യുദ്ധം തകര്‍ത്ത മധ്യയൂറോപ്യന്‍ ഭൂപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്ത ലോകങ്ങളില്‍ ജീവിക്കുന്ന രണ്ട് പേരുടെ പ്രണയം പ്രമേയമാക്കിയ വോജ്സിസേ സ്റ്റാര്‍സ്കോവിസ്തയുടെ പേളിഷ് ചിത്രം റോസ്, മുന്‍ കാമുകരുടെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള പുനസമാഗമത്തിന്റെ കഥ പറയുന്ന ജൂറി ചെയര്മാന് പോള്‍ കോക്സിന്റെ ഇന്നസെന്‍സ് എന്നിവയും ഇന്നലത്തെ സിനിമകളില്‍ പ്രേക്ഷകശ്രദ്ധ നേടി.
>> ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: