എം. ഗോവിന്ദനെ സ്മരിച്ചുകൊണ്ട് വേണം- നാം, നമ്മുടെ സിനിമ – എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വിഷയത്തെപ്പറ്റി സംസാരിച്ചു തുടങ്ങുവാന്‍ എന്നെനിക്കു തോന്നുന്നു.
കാരണം എഴുത്തുകാരുടെ അഞ്ചാമത് അഖിലേന്ത്യാ സമ്മേളനം 1965 ഡിസംബറിലും 1966 ജനുവരിയിലുമായി ആലുവയില്‍ വച്ച് നടക്കുമ്പോള്‍ അതുമായി ബന്ധപ്പെടുത്തി ഒരു അന്തര്‍ദേശീയ ചലച്ചിത്രോത്സവം നടത്തിക്കൂടേ എന്ന് എന്നോട് അന്വേഷണത്തിന്റെ സ്വരത്തില്‍ ആവശ്യപ്പെട്ടത് ആ ക്രാന്തദര്‍ശി ആയിരുന്നു. സാഹിത്യരചനക്ക് നാട്ടില്‍ ലഭ്യമായിരുന്ന മതിപ്പും സ്വീകാര്യതയും ഉപയോഗപ്പെടുത്തി, എങ്ങനെ കൂട്ടുചേര്‍ന്ന് സിനിമയെന്ന കലാരൂപത്തിന് കേരളത്തില്‍ അന്തസുള്ള ഒരു ഇടം നേടിയെടുക്കാമെന്ന് മോഹിച്ചും ചിന്തിച്ചും കഴിയുന്ന തരുണത്തിലാണ് എം.ഗോവിന്ദന്റെ അന്വേഷണം. ഉടനേ ഞാനത് ഉത്സാഹപൂര്‍വം ഏറ്റുപിടിച്ചതോര്ക്കുന്നു. കേരളത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനം തുടങ്ങിക്കൊണ്ട് ചിത്രലേഖ ആരംഭിച്ചിട്ട് കഷ്ടിച്ച് ആറുമാസമേ ആയിരുന്നുള്ളൂ. എങ്കിലും അതിന്റെ സ്ഥാപനം സംബന്ധിച്ച് അതിനകം നടത്തിക്കഴിഞ്ഞിരുന്ന അന്വേഷണങ്ങളും ഏര്‍പ്പെട്ടിരുന്ന തന്ത്ര-ബന്ധങ്ങളുമെല്ലാം ഉപയോഗിച്ച് ഒരു ചലച്ചിത്രോത്സവം സംഘടിപ്പിക്കാമെന്ന് ഞാനേല്ക്കുകയായിരുന്നു.
അന്നാണ് ഔപചാരികമായെങ്കിലും ആദ്യമായി അക്ഷരത്തോടൊപ്പം ചിത്രത്തിനും ചലച്ചിത്രത്തിനും സംഗീതത്തിനും നൃത്തത്തിനും നാടകത്തിനുമെല്ലാം ഒരേ വേദി ഒരുക്കുക എന്ന സമീപനം പ്രായോഗികമായത് എന്ന് ഓര്‍ക്കുന്നു.
വ്യത്യസ്തമായ ജീവിതാനുഭവങ്ങള്‍ സാഹിത്യരചനകളില്‍നിന്ന് കടം കൊണ്ട് ആവിഷ്ക്കരിക്കുവാനുള്ള അപൂര്വശ്രമങ്ങള് വല്ലപ്പോഴും ഒരപവാദം കണക്കെ നടന്നുകൊണ്ടിരിക്കുമ്പോള്‍, സാര്‍വദേശീയ തലത്തിലുള്ള ഉത്തമ സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചലച്ചിത്രോത്സവം കേരളത്തിന്റെ അങ്ങോളമിങ്ങോളം അരങ്ങേറിയത് പുത്തന്‍ ഒരനുഭൂതിയാണ് പകര്‍ന്നത്. കേരളത്തിലെ ഒമ്പത് ജില്ലാ തലസ്ഥാനങ്ങളിലും നാഗര്‍കോവിലിലുമായി ഒരേ കാലം പത്തിടത്ത് ഒരാഴ്ചയിലായി നടന്ന കേരളത്തിലെ ആദ്യത്തെ ചലച്ചിത്രോത്സവത്തില്‍ ലോകസിനിമയിലെ അതികായരുടെ ഇരുപത്തിയൊന്ന് ചിത്രങ്ങളാണ് ചുരുളഴിഞ്ഞിറങ്ങിയത്. ലിന്‍സേ ആന്‍ഡേഴ്സണും ഗ്രിഗറി ചുഖ്രായിയും മിഖയ്ല് കളട്ടോസോവും റേയും ഘട്ടക്കുമൊക്കെ ഉല്പതിഷ്ണുക്കളായ മലയാളി പ്രേക്ഷകര്‍ക്കു മുന്നില്‍ തങ്ങളുടെ അസാധാരണമായ അനുഭവപ്രപഞ്ചങ്ങള്‍ തുറന്നുവച്ച് നമ്മെ അതിശയിപ്പിച്ചു. കാഴ്ചക്കാരില്‍ ചിലര്‍ പില്ക്കാലത്ത് സിനിമാ നിര്‍മ്മാണത്തിലേക്കും നിരൂപണത്തിലേക്കും സാങ്കേതികവിദ്യയിലേക്കും വഴി തേടി വന്നുവെന്നത് മറന്നുകൂടാത്തതാണ്. ഇന്നിപ്പോള്‍ ഇതെല്ലാം പറയാന്‍ കാരണം. ആരുടെയും പ്രേരണയോ ശുപാര്‍ശയോ ഇല്ലാതെ തന്നെ മലയാളസിനിമയെപ്പറ്റിയുള്ള ഇത്തരമൊരു കൂടിയിരുന്നു പറച്ചില് ഈ വിശ്വ മലയാള മഹോത്സവത്തിന്റെ ഭാഗമാക്കണമെന്ന് പെരുമ്പടത്തിന്റെ നേതൃത്വത്തിലുള്ള സാഹിത്യ അക്കാദമി തീരുമാനിച്ചുവെന്നതിന്റെ പശ്ചാത്തലത്തിലാണ്. നമ്മുടെ സാഹിത്യരംഗം വാതായനങ്ങള്‍ അടച്ച് തഴുതിട്ട, കാറ്റും വെളിച്ചവും ഏല്‍ക്കാത്ത ഒരു ഗുഹാഗൃഹമല്ല എന്നുതന്നെയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്.
അഞ്ചാം ദേശീയ സാഹിത്യസമ്മേളനം നടന്നിട്ട് ഇപ്പോള്‍ ഏതാണ്ട് അര നൂറ്റാണ്ടോളമാവുന്നു. ഈ കാലയളവില്‍ നമ്മുടെ ഭാഷയില്‍ ഇതുപോലെ ഒത്തിരുന്ന് അഭിമാനപൂര്‍വം വിചാരവിചിന്തനങ്ങള് ചെയ്യാവുന്ന ഏതാനും സിനിമകള്‍ രചിക്കപ്പെട്ടു എന്നതു തന്നെയാണ് അക്കാദമിയുടെ തീരുമാനത്തിനു പിന്നിലുള്ള കാരണം. നമുക്കവകാശപ്പെട്ട സ്ഥാനാവകാശങ്ങള് നമ്മെ തേടിവന്നു എന്നു തന്നെ പറയാം.
ലോകനിലവാരം എന്ന സങ്കല്പം അവിടെ നില്ക്കട്ടെ. ഇന്ത്യയുടെ സിനിമാഭൂപടത്തില്‍ അഭിമാനകരമായ ഒരു ഇടം മലയാളം നേടിയിട്ടുണ്ടെന്ന വാസ്തവം നിഷേധിക്കപ്പെടാനാവുന്നതല്ല. കാര്യാട്ടും പി.എന്‍.മേനോനും അരവിന്ദനും ജോണ്‍ എബ്രഹാമും ഈ തിരയിളക്കത്തിന് കാരണക്കാരാണ്. എം.പി.സുകുമാരന്‍ നായരും വിപിന്‍ വിജയും ഒക്കെ ആ വഴി തുടര്‍ന്നുവന്ന പിന്മുറക്കാരും. പുത്തന്‍ ഭാവുകങ്ങളുടെ ഉടമകളുമാണ്. ഇപ്പറഞ്ഞവരുടെയും ചുരുക്കം മറ്റു ചിലരുടെയും അയയാത്ത, അഴിയാത്ത ആത്മവിശ്വാസവും അര്‍പ്പണബോധവുമാണ് സത്തയുള്ള ഒരു സിനിമാസ്വരൂപത്തെ ഇന്നോളം വഴി നടത്തി കൊണ്ടുവന്നത്.
കൂട്ടത്തില്‍ പതിവായി പറയുന്ന ചില പേരുകളൊന്നും ഞാനിവിടെ പരാമര്‍ശിച്ചില്ലല്ലോ എന്ന് ഒട്ടു ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. എന്തുകൊണ്ട് പത്മരാജനില്ല, ഭരതനില്ല എന്നൊക്കെ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. ഒഴികഴിവുകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും അവര്‍ പ്രായേണ വിധേയരായിരുന്നു എന്നത് മറക്കുന്നതുകൊണ്ടാണ് ഇത്തരം സംശയങ്ങള്‍ ഉയരുക.
ഇതുവരെ പറഞ്ഞത് മലയാളിത്തമുള്ള മലയാള സിനിമയുടെ കാര്യമാണ്. എന്നാല്‍ ഇവ മലയാള സിനിമയെന്ന ലേബലില്‍ പുറത്തുവന്ന സിനിമാഭാസങ്ങള്ക്കിടയിലെ അപവാദങ്ങള്‍ മാത്രമാണ്. നഗരത്തില്‍ ഇപ്പോള്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമ കാണാന്‍ ചെറുപ്പക്കാര്‍ തടിച്ചു കൂടുന്നതിനുള്ള കാരണം പുരുഷന്മാര് പോലും പറയാന്‍ അറയ്ക്കുന്ന തെറിവാക്കുകള്‍ക്ക് സ്ത്രീകഥാപാത്രങ്ങള്‍ തുടരെ വിളിച്ചു പറയുന്നതു കേട്ട് ഹരം കൊള്ളാനാണത്രേ. കൈയടിച്ചും കൂക്കിവിളിച്ചും ഇത്തരം സിനിമകള്‍ മലയാളത്തിലെ പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പതിവു മാറിയുള്ള ഭേദപ്പെട്ട ശ്രമങ്ങളോട് എന്നും മാറ്റമില്ലാതെ ചിറ്റമ്മ നയം പാലിക്കുന്ന ഒരു സിനിമാ വ്യവസായമാണ് നാം ഊട്ടിപ്പുലര്ത്തിക്കൊണ്ട് പോന്നിട്ടുള്ളത്. ചിറ്റമ്മ മനസ്ഥിതിയെന്ന പ്രയോഗം തന്നെ ഇന്നത്തെ അവസ്ഥയ്ക്ക് ചേരുന്നതല്ല. ഒരു തരത്തിലുമുള്ള അമ്മയാകാന്‍ ഈ വ്യവസ്ഥക്കിപ്പോള് താല്പര്യമില്ല. വരുമാനം കുറഞ്ഞാല്‍ തങ്ങളുടെ തീയേറ്ററുകളില്‍ തമിഴോ ഹിന്ദിയോ മാത്രം പ്രദര്‍ശിപ്പിക്കാനാണ് ഉടമകള്‍ ഒരുമ്പെടുന്നത്. ലാഭവീതം നിര്‍വചിക്കുന്ന മലയാള സ്നേഹമേ അവര്‍ക്ക് നമ്മുടെ സിനിമയ്ക്ക് നല്കാനുള്ളൂ. അതില്‍ കവിഞ്ഞ മമത ബിസിനസ് താല്പര്യങ്ങള്ക്ക് ചേര്‍ന്നതല്ലെന്ന് അവരറിയുന്നു.
ഈ അവസ്ഥയില്‍ തമിഴ്-ഹിന്ദി പടങ്ങള്‍ നോക്കി അതുപോലെ ഒരുക്കുന്ന മലയാള സിനിമയ്ക്കു മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് ചുരുക്കം. അത്തരം സിനിമകള്‍ക്കു മാത്രമേ നിര്‍മാതാവിനെയും വിതരണക്കാരനെയും തീയേറ്ററുകാരെയും എന്തിന് പ്രേക്ഷകനെപ്പോലും ലഭിക്കൂ എന്നായിട്ടുണ്ട് ഇന്ന്. പിന്നെന്താണ് വഴി? വ്യവസ്ഥിതിയുമായി രമ്യത്തിലാവുക. വാശിയും വീറും വിട്ട് അടിയറവ് പറയുക.
ഇത്തരം വിധേയത്വത്തിന് പലതുണ്ട് ഗുണങ്ങള്‍. വിലകൂടിയ താരങ്ങളും, കിടുക്കന്‍ മെയ്മുറകളും തകര്‍പ്പന്‍ വാചകമടിയും തിളപ്പന്‍ കുഴഞ്ഞാട്ടങ്ങളും, ഇക്കിളിപ്പാട്ടുകളും,പുളിച്ച തെറിയും ചൊറിച്ചുമല്ലും എല്ലാം പാകത്തിനും പരുവത്തിനും ചേര്‍ത്തുള്ള മഹാ മെഗാ കൃതിയാണ് തയ്യാറാക്കാന്‍ ഒരുങ്ങത് എന്ന വാര്‍ത്ത പരന്നാല്‍ മതി, തീയേറ്ററുകള്‍ ആവശ്യപ്പെടുന്ന തുക മുന്‍കൂറായി നല്‍കും. ചാനലുകള്‍ കോടികള്‍ കൊണ്ടുക്കൊടുക്കും. പടം വിജയിപ്പിക്കാന്‍ സിനിമാ പ്രസിദ്ധീകരണങ്ങള്‍ കളര്‍ പേജുകളില്‍ ചിത്രങ്ങളും വാര്‍ത്താവിശേഷങ്ങളും എഴുതി നിറയ്ക്കും. എല്ലാം എളുപ്പത്തിലും വേഗത്തിലും നടക്കും. നിങ്ങളുടെ ലക്ഷ്യം നല്ലതല്ലാതായിരുന്നാല് മാത്രം മതി. നിങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ വ്യവസായത്തിന്റെ താല്പ്പര്യമാകുന്നു.
കഥയ്ക്കും കഥാപാത്രങ്ങള്‍ക്കുമൊന്നും അബദ്ധവശാല്‍പോലും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ എന്നു മാത്രമല്ല ജീവിച്ചിരിക്കാന്‍ സാദ്ധ്യതയുള്ളവരുമായിപ്പോലും ഒരു ബന്ധവും പാടില്ല.
അങ്ങനെയാണ് മലയാള സിനിമയില്‍ നല്ലവനായ റൗഡി സ്ഥിരതാമസമായത്. ഇത്തരമൊരു കഥാപാത്രം ഒരു വിരോധാഭാസമാണെന്ന് നമുക്കേവര്‍ക്കുമറിയാം. അടി ഇടി കസര്‍ത്ത് ഒക്കെ നടത്തി വിജയിക്കുന്നതിന് ഒരു റൗഡി കൂടിയേ കഴിയൂ. അയാള്‍ വെറും റൗഡിയായാല്‍ പോരാ. അഴകിയ പ്രണയനായകനും ആവണം. അതിന് അയാള്‍ നന്മ ശേഷിച്ചിട്ടുള്ള ഒരു നല്ലവനായ റൗഡിയായേ പറ്റൂ. ഇനി അടുത്തു വരാനിരിക്കുന്ന കഥാപാത്രങ്ങള്‍ റൗഡിച്ചികളായിക്കൂടെന്നില്ല. ജാഗ്രതൈ.
മറിച്ചൊരു ചിന്തയുമായാണ്, സിനിമ കണ്ടും പഠിച്ചും ഉപാസിച്ചും അന്വേഷിച്ചും നിങ്ങള്‍ വരുന്നതെങ്കില്‍ ഹാ, കഷ്ടം! നിങ്ങളുടെ ഗതി ദയനീയം തന്നെ. നിങ്ങളെ ഒന്നൊഴിയാതെ ഏവരും കൈ വിടും. നിര്‍മാണത്തിന് മുതല്‍ മുടക്കാന്‍ ആളെ കിട്ടില്ല. വിതരണക്കാരന് വിളിച്ചാലും വരില്ല. പ്രദര്‍ശന ശാലക്കാര്‍ക്ക് നിങ്ങളെ കാണുകപോലും വേണ്ട. രണ്ട് ഡസനോളം വരുന്ന മലയാളം ചാനലുകളില്‍ ഒന്നുപോലും നിങ്ങളുടെ സിനിമ അല്പം ഭേദമാണെന്നു സംശയമുണ്ടായാല്‍ അതില്‍ തൊടുകയും തീണ്ടുകയുമില്ല. അവര്‍ വളര്‍ത്തിയെടുത്തും പ്രേക്ഷകാസ്വാദന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും അനുവദിക്കപ്പെടുന്നതല്ല. കട്ടായം.
ഇവിടെ രസകരമായ ഒരു സംഗതി നാം ശ്രദ്ധിക്കാതെ പോകുന്നു. പടമെടുക്കാന്‍ തയ്യാറെടുപ്പും നിഷ്ടയുമായൊക്കെ വരുന്ന നിങ്ങളൊഴിച്ച് ഈ വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്ന മേറ്റ്ല്ലാവര്‍ക്കും തന്നെ നിങ്ങള്‍ നിര്മിച്ചിറക്കുവാന് ബദ്ധപ്പെടുന്ന സിനിമ ഒരു പൂര്‍ണ പരാജയമായിരിക്കുമെന്ന് കൃത്യമായി അറിയാം. എന്തതിശയം സിനിമാക്കാരുടെ ഒരു ദിവ്യദൃഷ്ടി!
ഇതൊക്കെയായിട്ടും ആത്മഹത്യാപരമായ ആവേശവും ഒടുങ്ങാത്ത ആത്മവിശ്വാസവുമായി സിനിമ നിര്‍മിക്കാനിറങ്ങി മുങ്ങി നിവര്‍ന്ന ചുരുക്കം ചിലരുടെ സംഭാവനകളാണ് മലയാള സിനിമയ്ക്ക് എന്നും അഭിമാനം പകരുന്നത് എന്നത് ബന്ധപ്പെട്ടവരെങ്കിലും മറന്നുകൂടാ. വിശ്വമലയാള മഹാസമ്മേളനത്തിന്റെ തിരുമുറ്റത്തു നിന്ന് പേരുപറയാന്‍ പോലും കൊള്ളാത്ത പൊട്ട സിനിമകളാണ് മലയാളികള്‍ ഇന്ന് കൊണ്ടാടിക്കൊണ്ടിരിക്കുന്നത്. തുറന്നു പറഞ്ഞ് തിരുവുള്ളക്കേടുണ്ടാക്കിയതിന് മഹാജനം മാപ്പാക്കണം. എം.ഗോവിന്ദനെ ഒരിക്കല്‍ കൂടി ഉദ്ധരിക്കാതെ ഈ പ്രഭാഷണം അവസാനിപ്പിച്ചുകൂടാ എന്ന് തോന്നുന്നു. അദ്ദേഹം അംഗമായിരുന്ന മദ്രാസിലെ ഫിലിം സെന്‍സര്‍ ബോര്‍ഡ് ഒരു മലയാള പടത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന്, പടം ഒരിക്കല്‍ക്കൂടി കണ്ട് ശാപമോക്ഷം നല്‍കണമെന്ന അപേക്ഷയുമായി നാട്ടിലെ ഒരു പ്രധാന രസായന നിര്‍മാതാവായ പ്രൊഡ്യൂസര്‍, ഗോവിന്ദനെ കാണാന്‍ ചെന്നു. അദ്ദേഹം സാധാരണയുള്ള സംഭാഷണശൈലിയില്‍ ഒട്ടൊന്ന് മയപ്പെടുത്തി പറഞ്ഞു. നിങ്ങളുടെ രസായനത്തിലെ പ്രധാന ചേരുവ ചേനയാണെന്നറിയാം. അതുകൊണ്ട് രസായനം കഴിക്കുന്ന സാധുക്കള്‍ക്ക് അപകടമൊന്നും സംഭവിക്കുകയില്ല. എന്നാല്‍ നിങ്ങളുടെ സിനിമ അതു കാണുന്ന ജനത്തിന് കാര്യമായ ദോഷം ചെയ്യും.
ഇന്നിങ്ങനെ ഉള്ളത് തുറന്നടിച്ചു പറയാന്‍ ഒരു ഗോവിന്ദന് നമുക്കില്ലല്ലോ.
>> അടൂര്‍ ഗോപാലകൃഷ്ണന് (തിരുവനന്തപുരത്തു നടന്ന വിശ്വ മലയാള മഹോത്സവ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നാം, നമ്മുടെ സിനിമ’ എന്ന സെമിനാറില്‍ സംസാരിച്ചത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: