കുട്ടികള്‍ പൂക്കളെപ്പോലെയാണ്. സുന്ദരവും നിഷ്കളങ്കവും സങ്കീര്‍ണവുമായ ജീവിതത്തില്‍ അവര്‍ സുഗന്ധം പരത്തുന്നു. നാളെയുടെ വരദാനങ്ങളായ നമ്മുടെ ഈ കുഞ്ഞുങ്ങള്‍ക്ക് എവിടെയാണ് വഴിതെറ്റുന്നത്. ആധുനികതയുടെ കാലത്ത് നിയന്ത്രണം നഷ്ടപ്പെട്ട മക്കള്‍…അശ്ലീലതയും ലഹരിയും ചതിക്കുഴി തീര്‍ക്കുന്ന ചുറ്റുപാടുകള്‍….. പരസ്പ്പര വിശ്വാസം നിറഞ്ഞതും ആഹ്ലാദകരവുമായ ഗൃഹാന്തരീക്ഷത്തിലൂടെ വ്യക്തിത്വ വികാസം നേടാന്‍ നാം സാഹചര്യം ഒരുക്കിക്കൊടുക്കണം. നല്ലതും ചീത്തയും തിരിച്ചറിഞ്ഞാലേ ജീവിതവിജയവും നേര്‍വഴിയും കണ്ടെത്താനാകൂ. ആ തിരിച്ചറിവിന് മാതാപിതാക്കളേയും കുട്ടികളേയും സമൂഹത്തേയും ഒരുപോലെ ജാഗരൂകരാക്കുന്നു ‘യുവര്‍ അറ്റെന്‍ഷന്‍ പ്ലീസ്’.
“ശ്രദ്ധയുണ്ടെങ്കിലേ സിദ്ധിയുണ്ടാകൂ” എന്ന മൊഴിയഴക് മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലൂടെ എംപിഎം സ്കൂള്‍ തമ്മനം, കൊച്ചി വീണ്ടും അരങ്ങത്ത് എത്തിക്കുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മനു വിശ്വനാഥ് അച്ഛനും അമ്മയും കാണുന്ന അശ്ലീല സിനിമകള്‍ അവരറിയാതെ ശ്രദ്ധിക്കുന്നു. മദ്യപാനിയായ അച്ഛന്റെ അശ്രദ്ധമൂലം അവനും ചെറുപ്രായത്തില്‍ തന്നെ ലഹരി വസ്തുക്കളുടെ രുചിയറിയുന്നു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന മനു, വഴിയില്‍ പരിചയപ്പെടുന്ന മുതിര്‍ന്ന കുട്ടികള്‍ അവനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ സത്യസന്ധനായ എസ്ഐ ദേവരാജിന്റെ കയ്യില്‍ അകപ്പെടുന്നതും മറ്റൊരു വഴിത്തിരിവിലേക്ക് കഥ നീങ്ങുന്നതുമാണ് ഇതിന്റെ ഇതിവൃത്തം.
2009 ല്‍ ക്വട്ടേഷന്‍ സംഘത്തില്‍ അകപ്പെടുന്ന കുട്ടികളുടെ കഥ പറയുന്ന “അകക്കണ്ണു തുറക്കാനായി’ എന്ന ഹ്രസ്വ ചിത്രവും 2010 ല്‍ പെണ്‍കുട്ടികള്‍ മൊബെയിലിന്റെ മായാവലയത്തില്‍ പെട്ട് ചൂഷണത്തിന് ഇരയാകുന്ന ‘മിസ്ഡ് കോള്‍’ എന്ന ചിത്രവും എംപിഎം സ്കൂള്‍ പുറത്തിറക്കിയിരുന്നു.
“മിസ്ഡ് കോള്‍” സ്കൂളുകളിലും കോളേജുകളിലും ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ച് ഏറെ സഹൃദയ ശ്രദ്ധ നേടി. എംപിഎം സ്കൂളും എംപിഎം ഫിലിം ക്ലബ്ബും ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എല്ലാം കുട്ടികള്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നു. മനു വിശ്വനാഥായി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് വേഷമിടുന്നു. ചിത്രത്തിന്റെ ആശയവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അധ്യാപകനായ ജയരാജ് മാടായിയാണ്. മറ്റു കഥാപാത്രങ്ങളായി രംഗത്തെത്തുന്നവരും സ്കൂളിലെ തന്നെ കുട്ടികളും അധ്യാപകരുമാണ്. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എം.ഇബ്രാഹിം മാസ്റ്ററുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അണിയറയില്‍ പിടിഎ പ്രസിഡന്റ് സക്കീര്‍ തമ്മനം, ഇ.ബി.സലീം, അധ്യാപകരായ കമറുദ്ദീന്, മുബാറക്, ഫൗസിയ എന്നിവരും സജീവ പങ്കാളികളായി. ക്യാമറ ഷിബിന്‍, എഡിറ്റിംഗ് സനൂജ്.
ജനുവരി രണ്ടാം തീയതിയാണ് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. കേരളത്തിലെ എല്ലാ സ്കൂളുകളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം. യുവര്‍ അറ്റെന്‍ഷന്‍ പ്ലീസ് പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യമുള്ള സ്കൂളുകളും സ്ഥാപനങ്ങളും എംപിഎം സ്കൂളുമായി 9847461733, 9037863249 ഈ നമ്പരുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: