ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്ഫോമായ ആന്‍ഡ്രോയിഡിന് വേണ്ടി വികസിപ്പിച്ച അപ്ലിക്കേഷനുകള്‍, മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം ചിന്തിച്ചു നോക്കൂ. അസംഭാവ്യം. ഗൂഗിളും മൈക്രസോഫ്ടും തമ്മിലുള്ള മത്സരത്തെക്കുറിച്ച് അറിയാവുന്നവര്‍ ആദ്യം കരുതുന്നത് ഇങ്ങനെയാകാം. എന്നാല്‍, ഡിജിറ്റല്‍ ലോകത്ത് എന്തും സംഭവിക്കാം എന്നോര്‍ക്കുക. വേണമെങ്കില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകല്‍ വിന്‍ഡോസ് പിസിയിലും പ്രവര്‍ത്തിക്കും!
ഓപ്പറേറ്റിങ് സിസ്റ്റം ഏതെന്നുള്ള വേവലാതി ഇല്ലാതെ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന സങ്കേതം വികസിപ്പിക്കുകയാണ് ‘ബ്ലൂസ്റ്റാക്ക്സ്’ (BlueStacks) എന്ന കമ്പനി. കമ്പനി വികസിപ്പിക്കുന്ന സോഫ്ട്വേറാണ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ (ഒഎസ്) ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത്. ഓപ്പറേങ് സിസ്റ്റമല്ല, ആപ്ലിക്കേഷനുകളാണ് പ്രധാനമെന്ന അവസ്ഥയാണ് വരാന്‍ പോകുന്നതെന്ന് ബ്ലൂസ്റ്റാക്ക്സ് മേധാവി റോഷന് ശര്‍മ പറയുന്നു.
ഒരു പ്രത്യേക ഒഎസിനായി രൂപപ്പെടുത്തിയ ആപ്ലിക്കേഷനുകള്‍ സോഫ്ട്വേര്‍‘ഇമുലേറ്ററുകളു’ (emulators) ടെ സഹായത്തോടെ വ്യത്യസ്തമായ ഒഎസില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാറുണ്ട്. പക്ഷേ, ഇമുലേറ്ററുകളുടെ പ്രവര്‍ത്തനത്തിന് സമയം ഏറെയെടുക്കും. കോഡുകള്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റിയെടുക്കാനുള്ള കാലതാമസമാണിത്. സാധാരണ പരിസ്ഥിതിയില്‍ ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതിലും പത്ത് മുതല്‍ നൂറ് മടങ്ങ് വരെ സമയം വേണം അങ്ങനെ ആപ്ലിക്കേഷനുകള്‍ കൂടുമാറി പ്രവര്‍ത്തിപ്പിക്കാന്‍.
അതേസമയം, ബ്ലൂസ്റ്റാക്ക്സിന്റെ സോഫ്ട്വേര്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വേറുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ആപ്ലിക്കേഷനുകള്‍ കൂടുതല്‍ സുഗമമായി പ്രവര്‍ത്തിക്കുമെന്ന് റോഷന് ശര്‍മ അറിയിക്കുന്നു.
ഐഫോണിലും ആന്ഡ്രോയിഡിലുമാണ് ഏറെ ആപ്ലിക്കേഷനുകളുള്ളത്. ആ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വലിയ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. അത്തരക്കാര്‍ക്ക് അനുഗ്രഹമാകുന്നതാണ് പുതിയ സോഫ്ട്വേര്‍ എന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: