ആയുര്‍വേദശാസ്ത്രപ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണ് രോഗങ്ങള്‍ ഉണ്ടാവുന്നത്. ഈ മൂന്ന് ദോഷങ്ങള്‍ക്കും, പ്രത്യേകിച്ച് വാതദോഷം കൊണ്ടുണ്ടാകുന്ന ‘ഗ്യാസി’ന്റെ ശല്യത്തിനും പവനമുക്താസനങ്ങള് വളരെ പ്രയോജനപ്പെട്ടതാണ്. സ്ത്രീകള്‍ക്ക് പ്രസവത്തിന് ശേഷം വയറു ചുരുങ്ങാന്‍ ഇത് നല്ലൊരു അഭ്യാസമാണ്. പ്രസവം കഴിഞ്ഞ് മൂന്നു മാസമായാല്‍ ഈ ആസനങ്ങള്‍ അഭ്യസിക്കാവുന്നതാണ്.
അര്‍ദ്ധപവന മുക്താസനം ചെയ്യേണ്ട വിധം:-
1. കാലുകള്‍ നീട്ടി മലര്‍ന്നു കിടക്കുക. കൈകള്‍ അതാതു വശങ്ങളില് നീട്ടി കമഴ്ത്തി വയ്ക്കുക. കാലുകള്‍ ചേര്‍ത്ത് വയ്ക്കണം.
2. ശ്വാസം എടുത്ത് വിട്ടുകൊണ്ട് ഒരു കാല് നേരെ മുകളിലേക്ക് പൊക്കി മുട്ടുമടക്കുക. ഇനി, കൈകള്‍ കോര്‍ത്ത് കാല്‍മുട്ടിന് താഴെ പിടിച്ച്, നെഞ്ചിനടുത്തേയ്ക്ക് കാല്‍മുട്ടും തുടയും പരമാവധി അടുപ്പിക്കുക. അപ്പോള്‍ നീട്ടിവച്ചിരിക്കുന്ന കാലിന്റെ മുട്ടോ പാദമോ തറയില്‍ നിന്ന് പൊങ്ങാന്‍ പാടില്ല.
3. ഈ നിലയില്‍ മൂന്നു സെക്കന്‍ഡ് മുട്ടിനെ വലിച്ച് പിടിച്ചു കൊണ്ടിരിക്കുക.
4. വീണ്ടും ദീര്‍ഘമായി ശ്വാസം എടുക്കുക. ശ്വാസം വിടാന്‍ തുടങ്ങുന്നതോടൊപ്പം തല നിലത്തു നിന്നും ഉയര്‍ത്തി മുട്ടിനോടടുപ്പിച്ച് മൂക്ക് മുട്ടില്‍ തൊടുവിക്കാന്‍ ശ്രമിക്കുക. മുട്ട് വലിച്ചുപിടിച്ചിരിക്കുന്ന കൈകള്‍ അയച്ചുകൊടുക്കരുത്.
5. മുട്ടും മൂക്കും പരമാവധി അടുത്തുകഴിഞ്ഞാല്‍ ശ്വാസം എടുത്തുകൊണ്ട് കൈയും തലയും അതാതിന്റെ സ്ഥാനങ്ങളില്‍ കൊണ്ടുപോയി വയ്ക്കുക.
6. മറ്റേക്കാലു കൊണ്ടും ഇതുപോലെ ചെയ്യുക.
ഓരോ കാലും മാറി മാറി അഞ്ചു പ്രാവശ്യം വീതം ചെയ്യുക. ഇതിലെ ഓരോ നിലയും മനസിരുത്തി സാവധാനമാണ് ചെയ്യേണ്ടത്. ഒന്നു രണ്ടു മാസത്തെ പരിശീലനത്തിനു ശേഷം ഒറ്റശ്വാസത്തില്‍ തന്നെ ഇതെല്ലാം ചെയ്യാവുന്നതാണ്.
പൂര്‍ണ്ണപവന മുക്താസനം:-
അര്‍ദ്ധപവന മുക്താസനത്തില്‍ ഓരോ കാല് മാറിയാണ് ഉപയോഗിച്ചതെങ്കില്‍ പൂര്‍ണ്ണ മുക്താസനത്തില്‍ രണ്ടുകാലും ഒപ്പം പൊക്കി മടക്കുക എന്ന വ്യത്യാസം മാത്രമേയുള്ളൂ.
ചെയ്യേണ്ട വിധം:-
1. മലര്‍ന്നു കിടക്കുക, കൈകള്‍ അതാതു വശങ്ങളില് നീട്ടി കമഴ്ത്തി വയ്ക്കുക.
2. സാധാരണ പോലെ തന്നെ ശ്വാസം എടുത്തു വിട്ടുകൊണ്ട് രണ്ടുകാലും മുട്ടുവളയ്ക്കാതെ ഒപ്പം മുകളിലേയ്ക്കെടുത്ത് മുട്ടുകള്‍ മടക്കുക. കൈകള്‍ കോര്‍ത്ത് പിടിച്ച് കാല്‍മുട്ടുകള്‍ വട്ടം പിടിക്കുക.
3. കോര്‍ത്തുപിടിച്ച കൈകള്‍ കൊണ്ട് കാല്‍മുട്ടുകളെ വട്ടം പിടിച്ച്, മുട്ടും തുടയും നെഞ്ചിനോടടുപ്പിക്കുക. അപ്പോള്‍ പൃഷ്ഠഭാഗം നിലത്തുനിന്നും ഉയരാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളണം.
4. കാല്‍മുട്ടുകള്‍ പരമാവധി നെഞ്ചിനോട് അടുത്തുകഴിഞ്ഞാല്‍ ദീര്‍ഘമായി ശ്വാസം എടുത്ത് അല്പം നേരം നിവര്‍ത്തിയ ശേഷം ശ്വാസം വിടുന്നതോടൊപ്പം നെഞ്ചും തലയും തോളും പൊക്കിക്കൊണ്ടുവന്ന് കാല്‍മുട്ടുകളുടെ നടുവില്‍ മൂക്ക് എത്തിക്കുവാന്‍ നോക്കുക. ഈ ശ്രമത്തില്‍ അരക്കെട്ട് നിലത്ത് നിന്നും പൊങ്ങാനിടവരരുത്.
5. ശ്വാസം മുഴുവന്‍ വിട്ടുതീര്ന്ന അവസ്ഥയില്‍ മൂന്നു സെക്കന്‍ഡ് നിന്നിട്ട് ശ്വാസം സാവധാനം എടുക്കുക. തലയും കൈകാലുകളും അതാതുസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോയി വയ്ക്കുക. അഞ്ച് പ്രാവശ്യം ഇത് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: